റെക്കോർഡ് വിലയിൽ വെളിച്ചെണ്ണ; രാജ്യാന്തര വിപണിയിലും കസറി: ഇന്നത്തെ (24/3/25) അന്തിമ വില

Mail This Article
മഴമേഘങ്ങൾ ഏലക്ക ഉൽപാദകമേഖലയ്‌ക്കു മുകളിൽ വട്ടമിട്ട് കർഷകരെ മോഹിപ്പിച്ചെങ്കിലും കനിഞ്ഞില്ല. പിന്നിട്ട മൂന്നു ദിവസമായി തോട്ടം മേഖലയിലെ വരൾച്ചയ്‌ക്ക് മഴ ആശ്വാസം പകരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ മഴ പെയ്യും മുന്നേ കാറ്റിന്റെ താളത്തിന് അവ അകന്ന് പോവുകയാണ്. വേനൽ കടുത്തതോടെ ഏലക്ക ഉൽപാദകർ വെള്ളത്തിനായി പരക്കം പായുന്നു. കുളങ്ങൾ പലതും വറ്റി വരണ്ടത് സ്ഥിതി സങ്കീർണമാക്കി. ഇതിനിടെ ടാങ്കർ ലോറിയെ ഒരു വിഭാഗം കർഷകർ ആശ്രയിക്കുന്നുണ്ടെങ്കിലും ഉയർന്ന വാടക താങ്ങാനാവാത്ത അവസ്ഥയിലാണ്. ഒരേക്കർ നനയ്‌ക്കാൻ നാലായിരം ലീറ്റർ വെള്ളം ചുരുങ്ങിയത് ആവശ്യമാണ്. ഓരോ ചെടിക്കും പത്തു ലീറ്റർ വെളളം വേണ്ടിവരും. പ്രതികൂല കാലാവസ്ഥ മൂലം ഒട്ടുമിക്ക തോട്ടങ്ങളിലും ഉൽപാദനം അഞ്ചിലൊന്നായി ചുരുങ്ങി. അതായത് 100 കിലോ വരെ കിട്ടിയിരുന്നത് 20 കിലോയിലേക്ക് ചുരുങ്ങി. കുമളിയിൽ നടന്ന ലേലത്തിന് എത്തിയ 50,635 കിലോ ചരക്ക് പൂർണമായി വിറ്റഴിഞ്ഞു. മികച്ചയിനങ്ങൾ കിലോ 2942 രൂപയിലും ശരാശരി ഇനങ്ങൾ 2629 രൂപയിലും ലേലം കൊണ്ടു.
പ്രതികൂല കാലാവസ്ഥയിൽ തേയില ഉൽപാദനം ചുരുങ്ങിയതു കണ്ട് വിദേശ രാജ്യങ്ങൾ ചരക്കു ലഭ്യത ഉറപ്പ് വരുത്താൻ സംഭരണം ശക്തമാക്കി. ഉയർന്ന താപനിലയും മഴയുടെ അഭാവവും മൂലം ഒട്ടുമിക്ക തോട്ടങ്ങളിലും കൊളുന്തുനുള്ളിൽനിന്ന് ഉൽപാദകർ വിട്ടു നിൽക്കുകയാണ്. വേനൽമഴയുടെ വരവിൽ തോട്ടം മേഖലയിൽ ചെറിയ ഉണർവ് ഉളവാക്കാമെങ്കിലും കാലവർഷം എത്തും വരെ ഉൽപാദകരംഗത്തെ മാന്ദ്യം തുടരും. കൊച്ചി തേയില ലേലത്തിൽനിന്നും ഓർത്തഡോക്‌സ് ഇനങ്ങൾ ശേഖരിക്കാൻ മധ്യപൂർവേഷ്യൻ രാജ്യങ്ങൾക്ക് ഒപ്പം സിഐഎസ് രാജ്യങ്ങളും റഷ്യയും ഇറാഖും അണിനിരന്നതോടെ ലേലത്തിൽ വീറും വാശിയും ഇരട്ടിച്ചു. ലേലത്തിൽ ഇറങ്ങുന്ന ചരക്കിൽ മുഖ്യഭാഗവും ഇടപാടുകാർ മത്സരിച്ച് വാരികൂട്ടുകയാണ്. സിടിസി ഇനം തേയിലയ്‌ക്ക് ആഭ്യന്തര ഡിമാൻഡ് ഉയർന്നു.

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വെളിച്ചെണ്ണ വില ടണ്ണിന് 2900 ഡോളറിലേക്ക് അടുത്തു. ലോക വിപണിയിൽ ഏറ്റവും ഉയർന്ന നിരക്ക് ദക്ഷിണേന്ത്യൻ വെളിച്ചെണ്ണയ്‌ക്കാണ് രേഖപ്പെടുത്തുന്നത്. കൊച്ചിയിൽ ഇന്ന് വെളിച്ചെണ്ണ വില ക്വിന്റലിന് 300 രൂപ വർധിച്ച് റെക്കോർഡായ 25,300 രൂപയിൽ വിൽപന നടന്നു, കൊപ്രയ്‌ക്കും 300 രൂപ കയറി 16,900 രൂപയായി. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കൊപ്ര വില ടണ്ണിന് 1860 ഡോളറാണ്. ശ്രീലങ്ക 1730 ഡോളറും ഇന്തോനേഷ്യ 1190 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
കുരുമുളകുവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു, സാമ്പത്തിക വർഷാന്ത്യമായതിനാൽ അന്തർസംസ്ഥാന ഇടപാടുകാരിൽനിന്നുള്ള അന്വേഷണങ്ങൾ ചുരുങ്ങിയത് ഉൽപന്ന വിലയെ ബാധിച്ചു. കാർഷിക മേഖലകളിൽ നിന്നുള്ള ചരക്കുനീക്കം കുറവാണ്, ആകെ 24 ടൺ മുളകാണ് വിൽപ്പനയ്‌ക്ക് എത്തിയത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 68,700 രൂപ.