സർവസുഗന്ധി കൃഷി ചെയ്താൽ ജീവിതവും സുഗന്ധപൂരിതമാകും, അനുഭവ പാഠവുമായി ജയന്തൻ

Mail This Article
ഒരു കർഷകൻ എങ്ങനെയാവണം എന്നു ലോകം മാതൃകയാക്കേണ്ട വ്യക്തിത്വമാണ് വയനാട് സ്വദേശി ജയന്തന്റേത്. ഒരാളെ കൃഷിയിൽ വിജയിപ്പിക്കുന്നത് അധ്വാനം മാത്രമല്ല, അവന്റെ ബുദ്ധിയും കാര്യങ്ങൾ മുൻകൂട്ടി കണ്ട് നടപ്പിലാക്കുന്നതിലൂടെക്കൂടിയാണെന്നു പറഞ്ഞു തരുന്ന ആൾ. കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം അറിവുകൾ സംഭരിക്കുകയും അതെല്ലാം തന്റെതായ രീതിയിൽ കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയിക്കുകയും അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത കർഷകരിലെരാൾ. സർവ സുഗന്ധി, ഏലം, വാനില, കുരുമുളക്, കാപ്പി, കവുങ്ങ്, ഇഞ്ചി, മഞ്ഞൾ, പാഷൻഫ്രൂട്ട്, പച്ചക്കറികൾ എന്നിവയെല്ലാം തന്റെ 6 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട് ഈ കർഷകൻ.
സർവസുഗന്ധികൃഷി
ലോകത്ത് അറിയപ്പെടുന്ന ഒരു സുഗന്ധവ്യജ്ഞനമാണ് സർവസുഗന്ധി. സർവസുഗന്ധവുമുള്ളതുകൊണ്ടാണോ സർവ സുഗന്ധിയായത്? ഇനി സുഗന്ധമില്ലെങ്കിലും കൃഷി ചെയ്താൽ ജീവിതം സുഗന്ധപൂരിതമാക്കും ഈ മരം.

തനിവിളയായി നടുമ്പോൾ തൈകൾ തമ്മിൽ 25 അടി അകലമെങ്കിലും ആവശ്യമാണ്. 80 സെ.മീ. ആഴമുള്ള കുഴികൾ എടുത്ത് അതിൽ ജൈവവളങ്ങളും മേൽമണ്ണും 75% നിറച്ച് അതിൽ 1 അടി പൊക്കമുള്ള തൈകൾ നടാം. തൈ നട്ട് 3 വർഷമാകുമ്പോൾ (10-12 അടി പൊക്കം ) മുതൽ പൂത്തു തുടങ്ങും. 5 വർഷം പ്രായത്തിൽ പൂർണ വളർച്ചയെത്തിയ മരമായി മാറുന്നതോടെ ഒരു മരത്തിൽനിന്ന് 50 കിലോ ഗ്രാമിനു മുകളിൽ പച്ചക്കായ ലഭിച്ചു തുടങ്ങും. 4 കിലോ പച്ചക്കായ ഉണങ്ങിയാൽ 1 കിലോ ഉണക്കക്കായ ലഭിക്കും (ഏകദേശം 1000 വില ). ഫെബ്രുവരി മാസം മുതൽ ആഴ്ചയിലൊരിക്കൽ കൃത്യമായി ജലസേചനം നടത്തിയാൽ ഫെബ്രുവരി അവസാനത്തോടെ ചെടി പൂത്തു തുടങ്ങും. മേയ് പകുതിയോടെ കായകൾ 80 % മൂപ്പെത്തും. ഈ സമയത്ത് കുല ഒടിച്ച് വിളവെടുക്കണം. ഇവ 3-4 ദിവസത്തെ വെയിൽ കൊള്ളിച്ച് ഉണക്കി എടുക്കണം. വർഷങ്ങളോളം നിലനിൽക്കുന്നതാണ് ഈ സുഗന്ധ മരം. പ്രത്യേകിച്ച് രോഗങ്ങളുടെയോ കീടങ്ങളുടെയോ ആക്രമണം ഉണ്ടാവാറില്ല.
ചക്ക വിപ്ലവവും, മാവ് വിപ്ലവവും കൊണ്ട് കേരളത്തിലെ ഒരു കർഷകനും രക്ഷപെടില്ല എന്ന കാര്യം വർഷങ്ങൾക്കു മുന്നേ തിരിച്ചറിഞ്ഞ ആളാണ് ജയന്തൻ. കേരളത്തിന്റെ കാലാവസ്ഥയ്ക്കു പറ്റുന്നത് സുഗന്ധ നാണ്യവിളകളാണ്. അതു തേടിയാണ് ലോകം ഇന്ത്യയിലെ ഈ കൊച്ചു കേരളത്തിൽ എത്തിയത്.
കേരളത്തിനകത്തും പുറത്തുമായി ഏറ്റവുമധികം സർവ സുഗന്ധി തൈകൾ വിൽക്കുന്നത് ജയന്തനാണ്. 20 വർഷത്തിലേറെയായി കേരളത്തിൽ വാനില കൃഷി നടത്തുന്നയാളും കൂടിയാണ് ഈ കർഷകൻ.
ജയന്തൻ: 9744943648
രഞ്ജിത്ത് ദാസ്: 8139844988
English summary: Sarva Sugandhi Allspice Cultivation