ഒരു ഗ്രാമിൽനിന്ന് 250 തൈകൾ; ശീതകാല പച്ചക്കറിയിൽ മികച്ച വിളവിന് ശ്രദ്ധിക്കേണ്ടത്
Mail This Article
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ധാരാളമായി ഉപയോഗിക്കുന്നതുമായ ശീതകാല പച്ചക്കറികളാണ് കാബേജ്, കോളിഫ്ലവര്‍ എന്നിവ. അന്യസംസ്ഥാനങ്ങളില്‍നിന്നു നമ്മുടെ നാട്ടിലെത്തുന്ന ഇത്തരം പച്ചക്കറികള്‍ നമ്മുടെ വീട്ടുമുറ്റത്തും വിഷരഹിതമായി കൃഷിചെയ്യാവുന്നതാണ്. ഉഷ്ണമേഖലാപ്രദേശങ്ങള്‍ക്കനുയോജ്യമായ ഇനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലാ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയതോടെ ശീതകാല പച്ചക്കറിക്കൃഷിക്കു നമ്മുടെ നാട്ടിലും പ്രചാരം ഏറിവരികയാണ്. കേരളത്തിലെ സമതലപ്രദേശങ്ങളില്‍ താരതമ്യേന തണുപ്പുലഭിക്കുന്ന ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇവ സമൃദ്ധമായി വളര്‍ത്തിയെടുക്കാനാകും.
കാബേജ്, കോളിഫ്ലവര്‍
ബ്രാസിക്കേസിയേ കുടുംബത്തില്‍പ്പെട്ട കാബേജിന്റെയും കോളിഫ്ലവറിന്റെയും കൃഷിരീതിയില്‍ ഏറെ സമാനതകള്‍ ഉണ്ടെങ്കിലും ഇവയുടെ ഭക്ഷ്യയോഗ്യമായ ഭാഗം വ്യത്യസ്തമാണ്. കാബേജില്‍ ചെടിയുടെ അഗ്രഭാഗത്തുള്ള ഇലകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ഗോളാകൃതിയിലുള്ള ‘ഹെഡും’ കോളിഫ്ലവറില്‍ ചെടി പൂക്കുന്നതിനു മുന്‍പ് തണ്ടിന് രൂപാന്തരം പ്രഖ്യാപിച്ചുണ്ടാകുന്ന ‘കർഡു’മാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്.
ഇനങ്ങള്‍
കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പരീക്ഷണങ്ങളില്‍നിന്നും കാബേജില്‍ NS 160, NS 43, NS 183 എന്നീ ഇനങ്ങളും കോളിഫ്ലവറില്‍ NS 60, പുസാമേഘ്ന, ബസന്ത് എന്നീ ഇനങ്ങളുമാണ് കേരളത്തില്‍ കൃഷിചെയ്യാനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇവയുടെ വിത്ത് പാകിമുളപ്പിച്ച പ്രോട്രേ തൈകള്‍ കേരള കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പ്, വിഎഫ്‌പിസികെ എന്നിവിടങ്ങളില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ലഭ്യമാണ്.
തൈകള്‍ തയാറാക്കല്‍
സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലാണ് കാബേജിന്റെയും, കോളിഫ്ലവറിന്റെയും വിത്തുകള്‍ പാകേണ്ടത്. ഒരു ഗ്രാം വിത്തില്‍നിന്ന് ഏകദേശം 200-250 തൈകള്‍ ഉൽപാദിപ്പിക്കാം. തൈകള്‍ പറിച്ചുനട്ട് കൃഷിചെയ്യുന്ന വിളയായതിനാല്‍ തൈ ഉൽപാദനത്തിനായി പ്രോട്രേകളോ തവാരണകളോ തെരഞ്ഞെടുക്കണം. പ്രോട്രേകളില്‍ രണ്ടുതരം മാധ്യമം (മണ്ണുള്ളതും മണ്ണില്ലാത്തതും) ഉപയോഗിക്കാം.
മണ്ണും കംപോസ്റ്റും കാലിവളവും തുല്യയളവില്‍ കൂട്ടിക്കലര്‍ത്തി ഇതിനായി മാധ്യമം തയാറാക്കാം. ഇങ്ങനെ തയാറാക്കുന്ന മാധ്യമത്തില്‍ വളരുന്ന തൈകള്‍ക്ക് മണ്ണില്‍നിന്ന് പകരുന്ന വാട്ടരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലായതുകൊണ്ട് മണ്ണില്ലാത്ത മാധ്യമത്തില്‍ അതായത് ചകിരിച്ചോറും മണ്ണിര കംപോസ്റ്റും 1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതമോ അല്ലെങ്കില്‍ ചകിരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മിക്കുലൈറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തിയ മിശ്രിതമോ ആണ് ഏറെ അനുയോജ്യം. ഈ മിശ്രിതം പ്രോട്രേകളില്‍ നിറച്ചശേഷം ഓരോ ട്രേയുടെ കളത്തിലും ഒരു വിത്ത് വീതം നിക്ഷേപിച്ചു മിതമായി നനയ്ക്കാവുന്നതാണ്.
തവാരണകളിലുള്ള തൈ ഉൽപാദനത്തിന് നല്ല നീര്‍വാര്‍ച്ചയുള്ള തുറസ്സായ സ്ഥലം തിരഞ്ഞെടുക്കണം. തവാരണകള്‍ ഏകദേശം ഒരടി ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും തയാറാക്കാം. മണല്‍, മണ്ണിര കംപോസ്റ്റ്, ചകിരിച്ചോര്‍ കംപോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ മണ്ണുമായി യോജിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. തവാരണകളില്‍ നന്നായി നനച്ചതിനുശേഷം സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍/അല്ലെങ്കില്‍ ഫൈറ്റോലാന്‍ (കോപ്പര്‍ ഓക്സിക്ലോറൈഡ്) എന്ന കുമിള്‍ നാശിനി 2 ഗ്രാം ഒരു ലീറ്റര്‍ എന്ന തോതില്‍ ഒഴിച്ചു കൊടുക്കണം. തൈകളില്‍ ഉണ്ടാകാവുന്ന കടചീയല്‍ രോഗത്തിനെതിരെ ഫലപ്രദമാണിത്. കുമിള്‍നാശിനി ഒഴിച്ച് 2 ദിവസത്തിനു ശേഷം വിത്തുകള്‍ പാകാവുന്നതാണ്. തയാറാക്കിയ തവാരണകളില്‍ 10 സെ.മീ. അകലത്തില്‍ വരികളായി 1 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം. മണ്ണ്, മണല്‍ എന്നിവ 1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം പാകിയ വിത്തുകളില്‍ മേല്‍ ഇട്ടുമൂടണം. 4-5 ദിവസം കൊണ്ട് തൈകള്‍ മുളച്ചു തുടങ്ങും. തൈകള്‍ രണ്ടില പ്രായമാകുമ്പോള്‍ മുതല്‍ വെള്ളത്തില്‍ അലിയുന്ന എന്‍പികെ 20:20:20 അല്ലെങ്കില്‍ 19:19:19 എന്നീ രാസവളക്കൂട്ടുകളിലൊരെണ്ണം 2 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും, നാലാമത്തെ ആഴ്ച്ച 5 ഗ്രാം വളം 1 ലീറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും ഉയര്‍ത്തി ചെടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് നല്‍കാവുന്നതാണ്. തൈകള്‍ നാലാഴ്ച പ്രായമാകുമ്പോള്‍ പറിച്ചുനടാം.
കൃഷിരീതി
നല്ലസൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള തുറസ്സായ സ്ഥലമാണ് കാബേജ്, കോളിഫ്ലവര്‍ കൃഷിക്ക് അനുയോജ്യം. വെള്ളക്കെട്ടുള്ള സ്ഥലമാണെങ്കില്‍ തടമെടുത്തും അല്ലെങ്കില്‍ ചാലുകളിലുമാണ് തൈകള്‍ പറിച്ചുനടേണ്ടത്. തൈകള്‍ നടാനായി തിരഞ്ഞെടുത്ത സ്ഥലത്തു തൈകള്‍ നടുന്നതിന് 2 ആഴ്ച മുന്‍പ് സെന്റൊന്നിന് 2-3 കിലോ എന്ന തോതില്‍ കുമ്മായമോ ഡോളമൈറ്റോ ചേര്‍ത്ത് നനച്ചുകൊടുക്കണം. മണ്ണിന്റെ അമ്ലത്വം കുറയ്ക്കുന്നതിനും കാത്സ്യത്തിന്റെ അഭാവം പരിഹരിക്കുന്നതിനും ഇതു സഹായിക്കും. തൈകള്‍ പറിച്ചു നടുന്നതിനായി നിലമൊരുക്കിയ സ്ഥലത്ത് ഒരടിവീതിയിലും, അരയടി താഴ്ചയിലും ആവശ്യമായ നീളത്തിലും രണ്ടടി അകലത്തില്‍ ചാലുകള്‍ കീറി അവയില്‍ മേല്‍മണ്ണും ഉണക്കിപ്പൊടിച്ച ചാണകപ്പൊടിയും സെന്റൊന്നിന് 100 കിലോ എന്ന തോതില്‍ ചേര്‍ത്ത്
ചാലിന്റെ മുക്കാല്‍ ഭാഗത്തോളം മൂടണം. എന്നിട്ട് ഓരോ ചാലിലും കാബേജിന്റെയും, കോളിഫ്ലവറിന്റെയും തൈകള്‍ നടുമ്പോള്‍ ചെടികള്‍ തമ്മിലും, വരികള്‍ തമ്മിലും 60 സെ.മീ. ഇടയകലം പാലിക്കണം. തൈകള്‍ നട്ടതിനു ശേഷം അവയ്ക്ക് തണല്‍ കുത്തിക്കൊടുക്കുകയും വേണം.
ഉണക്കിപ്പൊടിച്ച ചാണകം, മണ്ണിരകംപോസ്റ്റ്, ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ചാണകം, വിവിധതരം പിണ്ണാക്കുകള്‍ എന്നിവയും ജൈവവളമായി ഉപയോഗിക്കാം.
ഓരോ തവണ വളം കൊടുക്കുമ്പോഴും വേരിനു ക്ഷതം ഏല്‍ക്കാതെ മണ്ണു കയറ്റിക്കൊടുക്കണം. അധികം ആഴത്തിലല്ലാതെ ഇടയിളക്കുന്നത് കളകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. തൈകള്‍ക്ക് ആവശ്യാനുസരണം ജലസേചനം നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
കാബേജ് നട്ട് 45-50 ദിവസങ്ങള്‍ക്കു ശേഷം അവയില്‍ ഭക്ഷ്യയോഗ്യമായ ഹെഡ് രൂപപ്പെടും. ഹെഡ് രൂപീകരിച്ച് 12-15 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാവുന്നതാണ്. കേരളത്തിലെ സമതലങ്ങളില്‍ കൃഷിചെയ്യുന്ന കാബേജില്‍ 1.25 - 1.5 കിലോ വരെ തൂക്കം വരുന്ന ഹെഡുകളാണ് സാധാരണയായി ലഭിക്കാറുള്ളത്. ഹെഡുകള്‍ വിളവെടുക്കുമ്പോള്‍ രണ്ടോ, മൂന്നോ ഇലയോടുകൂടി വിളവെടുക്കാം.
കോളിഫ്ലവറില്‍ ഏറ്റവും വിപണി മൂല്യമുള്ളത് വെള്ളനിറത്തിലുള്ളവയ്ക്കാണ്. കോളിഫ്ലവറിലെ ഭക്ഷ്യയോഗ്യമായ ഭാഗം (കര്‍ഡ്) രൂപപ്പെട്ടതിനു ശേഷം ഒരു മുഷ്ടി പരുവമാകുമ്പോള്‍ (45-50 ദിവസം) ചുറ്റുമുള്ള ഇലകള്‍ കൊണ്ട് അതിനെ മറയ്ക്കുന്ന തരത്തില്‍ പൊതിഞ്ഞുകെട്ടുന്ന രീതിയാണ് ബ്ലാഞ്ചിങ് (വെണ്മറ) നല്‍കുക എന്നത്. കര്‍ഡുകള്‍ക്ക് വെയിലേറ്റ് നിറവ്യത്യാസം വരാതിരിക്കാനും വെള്ള നിറവും മണവും ആകൃതിയും നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. കാബേജും കോളിഫ്ലവറും യഥാസമയം വിളവെടുപ്പ് നടത്തിയില്ലെങ്കില്‍ ഹെഡുകളുടേയും കര്‍ഡുകളുടേയും ഗുണമേന്മ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
കീടരോഗനിയന്ത്രണം
കാബേജിലും കോളിഫ്ലവറിലും ഇലകളും കര്‍ഡുകളും തിന്നു നശിപ്പിക്കുന്ന കട്ടപ്പുഴു, ഇലതീനിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു എന്നിവയെ നിയന്ത്രിക്കാന്‍ പ്രാരംഭ ദശയില്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കാം. അല്ലെങ്കില്‍ ഡെല്‍ഫിന്‍, ഡൈപെല്‍ എന്നീ വ്യാപാരനാമങ്ങളില്‍ ലഭിക്കുന്ന ബാസിലസ് തുറിന്‍ജിയന്‍സിസ് 1 ഗ്രാം (1 മി.ലി)/ബ്യൂവേറിയ ബസിയാന 20 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ഇലയില്‍ രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ തളിക്കുകയോ മണ്ണില്‍ ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്.
മുഞ്ഞ, എഫിഡുകള്‍ എന്നീ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം ചെടിയുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു. കൂടാതെ ഇലകള്‍ മഞ്ഞളിച്ച് ചുരുണ്ടുപോകുന്നതായും കാണാം. ഇവയുടെ നിയന്ത്രണത്തിനായി വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം 2% വീര്യത്തില്‍ തളിക്കാം. അതുപോലെ മഞ്ഞക്കെണി സ്ഥാപിക്കുന്നതും ഫലപ്രദമാണ്.
കാബേജിലും കോളിഫ്ലവറിലും വളര്‍ച്ചയുടെ പലഘട്ടങ്ങളിലായി കാണപ്പെടുന്ന തൈചീയല്‍, ഇലപ്പുള്ളി, മൃദുരോമപ്പൂപ്പ്, ചൂര്‍ണ്ണപ്പൂപ്പ് എന്നീ രോഗങ്ങള്‍ക്കെതിരെ 20 ഗ്രാം സ്യൂഡോമോണസ് എന്ന മിത്രബാക്ടീരിയ ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ചയിലൊരിക്കല്‍ ഇലകളില്‍ തളിക്കുകയും ചെടിയുടെ തടത്തില്‍ ഒഴിക്കുന്നതും രോഗബാധ വരാതിരിക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവ വളങ്ങള്‍ ഉപയോഗിക്കുക.
തയാറാക്കിയത്:
പി.എസ്.വിജയശ്രീ (അസി. പ്രഫസര്‍), ജിന്‍സ നസീം (അസി. പ്രഫസര്‍), ഡോ. ആർ.ഗ്ലാഡിസ് (അസോ. പ്രഫസര്‍ & ഹെഡ്), കാര്‍ഷിക ഗവേഷണ കേന്ദ്രം, തിരുവല്ല.