ADVERTISEMENT

പുലർച്ചെ നാലു മണി മുതൽ വൈകിട്ട് എട്ട് മണി വരെ നീളുന്ന കഠിനമായ പ്രയത്നത്തിന്റെ ഫലമാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ഓരോ ലീറ്റർ പാലും. ഉയർന്ന ഉൽപാദനച്ചെലവ് മൂലം വിപണന വില ലീറ്ററിന് 56 രൂപയാണെങ്കിലും കർഷകന് കാര്യമായ പ്രയോജനമില്ല. 56 രൂപ മിൽമ വിൽക്കുന്ന വിലയാണ്. കർഷകന് ശരാശരി ലഭിക്കുന്ന വില 43 മാത്രം. തൊഴിലാളികളുടെ ഉയർന്ന കൂലി, ഉയർന്ന നികുതി നിരക്കുകൾ, തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവ്, കാലിത്തീറ്റയുടെ ഗുണനിലവാരക്കുറവും, ഉയര്‍ന്ന വിലയും, ഉയർന്ന ബാങ്ക് പലിശ തുടങ്ങിയവയെല്ലാം ഉൽപാദനച്ചെലവ് വർധിക്കാന്‍ കാരണമാകുന്നു. 

നിലവിൽ ഉൽപാദിപ്പിക്കുന്ന പാലിന്റെ നല്ലൊരു ഭാഗം കർഷകർ തന്നെ പ്രാദേശികമായി 56–60 രൂപ നിരക്കിൽ വിൽക്കുന്നുണ്ട്. ശേഷിക്കുന്ന പാലാണ് മിൽമയ്ക്കു നൽകുന്നത്. മിൽമ ശരിയായ രീതിയിൽ പാൽ സംഭരിക്കുന്നത് കൊണ്ടാണ് കർഷകർക്ക് പാൽ വിൽക്കുന്നതിന് ബുദ്ധിമുട്ട് നേരിടാത്തത്. 

വർഷങ്ങൾക്കു മുൻപ് മിൽമയ്ക്ക്, ശേഖരിക്കുന്ന അത്രയും തന്നെ വിറ്റഴിക്കാൻ കഴിയാതെ വന്നപ്പോൾ, കർഷകരിൽനിന്നും പൂർണമായി പാല്‍ ശേഖരിക്കാൻ കഴിയാതെ വരുകയും കർഷകൻ പ്രതിസന്ധിയിലാവുകയും ചെയ്തത് നാം ഓർക്കേണ്ടതുണ്ട്. മിൽമ എന്ന പ്രസ്ഥാനം നിലനിൽക്കേണ്ടത് കേരളത്തിലെ ഓരോ കർഷകന്റേയും, പശുവിനെ സ്നേഹിക്കുന്നവരുടേയും ആവശ്യമാണ്. 

എന്നാൽ, മിൽമ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ ആകർഷകമായ രീതിയിൽ, കർണാടകയിൽ നിന്നുള്ള സഹകരണസ്ഥാപനം, ‘നന്ദിനി’ എന്ന പേരിൽ കേരളത്തിൽ അവരുടെ പാലും പാലുൽപന്നങ്ങളും വിൽക്കാൻ ആരംഭിച്ചു. കേരളത്തിലെ വിലവ്യത്യാസം മുതലെടുത്ത് കൂടുതൽ വിൽപന കേന്ദ്രങ്ങൾ തുടങ്ങാൻ പോവുകയാണ്. 

സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഈ വില വ്യത്യാസം ഒരു ആകർഷക ഘടകം തന്നെയാണ്. 

നമ്മുടെ അയൽ സംസ്ഥാനങ്ങളിലെല്ലാം പാൽവില കേരളത്തെ അപേക്ഷിച്ചു വളരെ കുറവാണ്. അതിനാൽ തന്നെ ലോഡ് കണക്കിന് പാലാണ് ദിനംപ്രതി ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നത്. പരിശോധിച്ച് മായം കണ്ടെത്തിയെങ്കിലും കാര്യമായ നിയമ നടപടിയൊന്നും നമ്മുടെ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. 

Read also: പാലിൽ പോരടിച്ച് അമുലും സംസ്ഥാനക്ഷീര സംഘങ്ങളും; ലക്ഷ്യം ‘ഒരു രാജ്യം, ഒരു പാൽ’ നയമോ?- പാലിൽ വിവാദച്ചുഴി

മുൻപ് യൂറിയ കലർന്ന പാൽ  അതിർത്തി ചെക്ക് പോസ്റ്റിൽ പിടികൂടിയ വാർത്ത കേരളം കണ്ടതാണ്. വാർത്ത അവസാനിച്ചതോടു കൂടി നടപടിയും അവസാനിച്ച മട്ടാണ്. അന്ന് ‘യൂറിയ’ കലർന്ന പാൽ പിടികൂടി, വണ്ടി തമിഴ്നാട്ടിലേക്ക് തിരിച്ചയച്ച് നമ്മൾ ‘മാതൃക’ കാട്ടിയവരാണ്. യൂറിയ കലർന്ന പാൽ കൊണ്ടു വന്ന കമ്പനി യാതൊരു പരിക്കുകളുമില്ലാതെ ഇപ്പോഴും തമിഴ്നാട്ടിൽനിന്ന് പാൽ കൊണ്ടുവന്ന് കേരളത്തിൽ പാക്കറ്റുകളാക്കി വിൽക്കുന്നുണ്ട്. 

ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന പാൽ ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടികൂടുകയും പിന്നീട് പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വാദിക്കുകയും തുടർന്ന് പാൽ കമ്പനിക്കാർ, കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തതും നമ്മൾ കണ്ടതാണ്. 

ഏതായാലും കുറെ മാസങ്ങളായി ചെക്പോസ്റ്റിൽ നിന്ന് പരിശോധനയുടെ വാർത്തകൾ വരുന്നില്ല. മായം കലർന്ന പാൽ വരുന്നില്ല എന്ന് നമുക്ക് ഉറപ്പിക്കാനാകുമോ? കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പാലാണ് ഗുണനിലവാരത്തിൽ മുൻപിലെന്നാണ് ഭരണകർത്താക്കൾ പറയുന്നത്. അങ്ങനെ തറപ്പിച്ച് പറയണമെങ്കിൽ, ചെക്പോസ്റ്റിൽ കൃത്യമായ പരിശോധന നടത്തി ഗുണനിലവാരമില്ലാത്ത പാൽ കണ്ടെത്തി, നിയമ നടപടികൾ സ്വീകരിക്കണം. അല്ലാത്ത പക്ഷം ഉപഭോക്താക്കൾക്ക് ബോധ്യപ്പെടില്ല. എല്ലാ പാലും ഒരുപോലെയാണന്നേ വിചാരിക്കൂ. 

തമിഴ്നാട്ടിലെ തെങ്കാശിയിലും പരിസരപ്രദേശങ്ങളിലും നിന്ന് ശേഖരിക്കുന്ന പാൽ, തെക്കൻ കേരളത്തിലെ ഒരു പാൽ കമ്പനി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അവരുടെ ‘ബ്രാൻഡിൽ’ പാക്കറ്റുകളാക്കി വിൽക്കുന്നുണ്ട്. ഒരു ലക്ഷം ലീറ്റർ പ്രതിദിനം വിൽക്കുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്. സർക്കാർ സഹായത്തോടു കൂടി പ്രതിദിനം ഒന്നരലക്ഷം ലീറ്റർ പാൽ സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റ് തൃശൂർ ജില്ലയിൽ ഈ കമ്പനി പണികഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

ഇത്തരം സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും, അയൽ സംസ്ഥാനങ്ങളിൽ നിന്ന് യഥേഷ്ടം പാൽ ലോഡ് കണക്കിന് സ്വകാര്യ കമ്പനികൾ കേരളത്തിലേക്ക് കൊണ്ടുവരികയും ചെയ്യുമ്പോൾ, ‘നന്ദിനി’ എന്ന ബ്രാൻഡ് പാലിനു മാത്രം എന്തിന് വിമർശനം എന്നാണ് ഭൂരിഭാഗം ഉപഭോക്താക്കളും ചോദിക്കുന്നത്. മിൽമയും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പാൽ ശേഖരിക്കുന്നുണ്ടല്ലോ. അപ്പോൾ, അവിടുത്തെ ഗുണമേന്മ കുറഞ്ഞ പാലല്ലേ ഇങ്ങോട്ട് കൊണ്ടുവരുന്നത് തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഈ വിഷയം സമഗ്രമായി പഠിക്കേണ്ടതും സർക്കാർ തലത്തിൽ പരിഹാരം കാണേണ്ടതുമാണ്. 

ഉൽപാദനച്ചെലവിൽ എഴുപത് ശതമാനത്തിനു മുകളിൽ ചെലവാകുന്നത് കാലിത്തീറ്റയ്ക്കാണ്. കാലിത്തീറ്റ വില കുറയുകയും കാലിത്തീറ്റയുടെ ഗുണനിലവാരം ഉയരുകയും ചെയ്താൽ മാത്രമേ ഉൽപാദനച്ചെലവ് കുറച്ച് മറ്റു സംസ്ഥാനങ്ങളുടെ ഉൽപന്നങ്ങളുമായി മത്സരിക്കാൻ കഴിയൂ.

മാസങ്ങൾക്കു മുൻപ് കേരളത്തിലെ പ്രമുഖ കാലിത്തീറ്റ കമ്പനിയുടെ കാലിത്തീറ്റ നൽകി പശുക്കൾ ചാവുകയും, വ്യാപകമായി കന്നുകാലികൾക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തത് വാർത്തയായിരുന്നു. എന്നാൽ, നാളിതു വരെ കാലിത്തീറ്റയുടെ സാമ്പിൾ പരിശോധിച്ച് അതിന്റെ റിസൾട്ട് പുറത്ത് വന്നിട്ടില്ല. കുറഞ്ഞപക്ഷം ഈ മേഖലയിലെ വെറ്ററിനറി ഡോക്ടര്‍മാർക്കെങ്കിലും ഈ റിസൾട്ട് നൽകണം. എങ്കിൽ മാത്രല്ലേ വരും നാളുകളിൽ സമാന സംഭവങ്ങളുണ്ടായാൽ കാരണമറിഞ്ഞ് ചികിത്സിക്കാൻ കഴിയൂ. ഉൽപാദനക്ഷമത കൂട്ടുകയും, ഉൽപാദനച്ചെലവ് കുറയുകയും, ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്ത് മാത്രമേ നമുക്ക് മാർക്കറ്റിൽ മത്സരിക്കാൻ കഴിയൂ. അല്ലാത്തപക്ഷം, ഇറച്ചിക്കോഴി പോലെ പച്ചക്കറിപോലെ അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും പോലെ പാലും ഇതരസംസ്ഥാനത്തു നിന്ന് വരും. നമ്മുടെ നെൽകൃഷിയുടെ സ്ഥിതി ക്ഷീരമേഖലയ്ക്കും ഉണ്ടാകാതിരിക്കാൻ, തുടക്കത്തിൽ തന്നെ വേണ്ട കരുതൽ നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കണം.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Nandini, Milma and Kerala Dairy Farming Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com