ഓലപ്പുരയിലും കൂൺ കൃഷി; ചെലവ് കുറഞ്ഞ ഷെഡ്ഡും മികച്ച വിളവും വരുമാനവും; യുവകർഷകന്റെ വേറിട്ട കൃഷി

Mail This Article
വലിയ മുതൽമുടക്കില്ലാത്ത കൃഷിയെന്ന രീതിയിലാണ് കൂൺകൃഷി പ്രചാരത്തിലായത്. വീട്ടമ്മമാർക്കും കുട്ടികൾക്കുമെല്ലാം അനായാസം കൈകാര്യം ചെയ്യാവുന്ന ചെറിയ കൃഷി. വാണിജ്യാടിസ്ഥാനത്തിലുള്ള കൂൺകൃഷിയിൽ വലിയ ഷെഡ്ഡുകളും താപനിയന്ത്രണ സംവിധാനങ്ങളും ഈർപ്പവുമെല്ലാം പ്രധാന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ കൂൺകൃഷിയിൽ വ്യത്യസ്തനാണ് എറണാകുളം പുക്കാട്ടുപടിയിലെ റോയൽ മഷ്റൂം ഉടമ പാറേക്കാട്ടിൽ പി.എ.തൻസീർ അലി. കൂൺകൃഷി ആരംഭിച്ചിട്ട് എട്ടു വർഷമായ തൻസീർ തന്റെ കൂൺ ഷെഡ്ഡിന്റെ പ്രത്യേകതകൾകൊണ്ടാണ് വ്യത്യസ്തനാകുന്നത്. ഓല മെടഞ്ഞു നിർമിച്ചതാണ് തൻസീറിന്റെ റോയൽ മഷ്റൂം ഫാം. വശങ്ങളിലും മുകളിലും ഓലയും ഗ്രീൻ നെറ്റുമെല്ലാം വിരിച്ച് തയാറാക്കിയ ഷെഡ്ഡിൽ എപ്പോഴും കൂൺകൃഷിക്ക് ആവശ്യമായ താപനിലയും ഈർപ്പവും ഉറപ്പാക്കാൻ കഴിയുന്നു.
ഓലപ്പുര
12 അടി ഉയരമുള്ളതും 10 അടി ഉയരമുള്ളതുമായ രണ്ടു ഷെഡ്ഡുകളാണ് തൻസീറിനുള്ളത്. രണ്ടിന്റെയും മേൽക്കൂര ഓലതന്നെ. അതിനു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിച്ചിട്ടുണ്ട്. വശങ്ങളിൽ ഗ്രീൻ നെറ്റ് കെട്ടിയിരിക്കുന്നതിനൊപ്പം ഓലയും നിരത്തിയിരിക്കുന്നു. കൊടിയ വേനൽക്കാലത്തു പോലും ഇതിൽ കാര്യമായ ഉൽപാദനക്കുറവ് ഉണ്ടാകുന്നില്ലെന്ന് തൻസീർ പറയുന്നു.
എട്ടു വർഷം മുൻപ് ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ കൂൺഷെഡ് നിർമിക്കാം എന്നു ചിന്തിച്ചപ്പോഴാണ് ഈ രീതിയിലുള്ള ഷെഡ്ഡിന്റെ ആശയം വന്നത്. വലിയ മുതൽമുടക്കില്ലാതെ ചെയ്യാനായിരുന്നു ശ്രമം. കൂൺകൃഷിയിൽ വലിയ മുതൽമുടക്ക് നടത്തുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണെന്ന് തൻസീർ. ചൂട് കുറയ്ക്കുന്നതിനായി ഫോഗർ മാത്രമാണ് ഷെഡ്ഡിൽ ഒരുക്കിയിട്ടുള്ളത്. സാധാരണ കാലാവസ്ഥയിൽ 2 നേരം ഫോഗർ പ്രവർത്തിപ്പിക്കും. ഒപ്പം വശങ്ങളിലെ ഓലയും നനച്ചു കൊടുക്കും. ചൂടു കൂടുതലുള്ള വേനൽക്കാലത്ത് ഇത് മൂന്നും നാലും തവണ ആകുമെന്നു മാത്രം. തറ പൂർണമായും മണ്ണാണ്. അതുകൊണ്ടുതന്നെ എപ്പോഴും തണുത്ത അന്തരീക്ഷം ഷെഡ്ഡിനുള്ളിൽ ലഭിക്കുന്നുണ്ട്.

വൃത്തിക്ക് പ്രാധാന്യം
ഓലകൊണ്ടു നിർമിച്ച ഷെഡ്ഡ് ആണെങ്കിലും വൃത്തിക്കും അണുനശീകരണത്തിനും ഇവിടെ വലിയ പ്രധാന്യം നൽകുന്നു തൻസീർ. രണ്ടു ഷെഡ്ഡുണ്ടെങ്കിലും എപ്പോഴും ഒരെണ്ണത്തിൽ മാത്രമാണ് ഉൽപാദനമുണ്ടാകൂ. ഒരു ഷെഡ്ഡിലെ ഉൽപാദനം അവസാനിക്കുന്ന മുറയ്ക്ക് അടുത്ത ഷെഡ്ഡിൽ പുതിയ ബെഡ്ഡുകൾ നിരത്തി ഉൽപാദനം തുടങ്ങിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഏല്ലാ ദിവസവും 30 കിലോയോളം ശരാശരി ഉൽപാദനം ഇവിടെയുണ്ട്.
ഒരു ഷെഡ്ഡിലെ വിളവെടുപ്പ് പൂർത്തിയാകുമ്പോൾ ബെഡുകൾ മാറ്റി ഷെഡ്ഡിന് പുകകൊള്ളിക്കുകയാണ് ആദ്യം ചെയ്യുക. അതിനുശേഷം ബ്ലീച്ചിങ് പൗഡർ വെള്ളത്തിൽ ലയിപ്പിച്ച് ഷെഡ്ഡ് മുഴുവൻ സ്പ്രേ ചെയ്യും. ഓലയിൽ പൂപ്പൽ പിടിക്കാതിരിക്കാനായി കുമിൾനാശിനിയായ കാർബെന്റാസിയവും ഉപയോഗിക്കുന്നുണ്ട്. തറയിൽ ബ്ലീച്ചിങ് പൗഡറും ബാവിസ്റ്റിനും കുമ്മായവും വിതറും. രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇവിടെ പുതിയ ബെഡ്ഡുകൾ നിരത്തിത്തുടങ്ങൂ. ഉൽപാദനമെടുക്കുന്ന ഷെഡ്ഡിൽ ആഴ്ചയിൽ ഒന്നു വീതം നിലത്ത് ബ്ലീച്ചിങ് പൗഡർ വിതറാറുണ്ട്.

ബെഡ് നിർമാണം
റബറിന്റെ അറക്കപ്പൊടി ഉപയോഗിച്ചാണ് തൻസീർ കൂൺബെഡ് ഒരുക്കുന്നത്. വലിയ ടാങ്കിൽ 750 ലീറ്റർ വെള്ളം എടുത്തശേഷം 100 ലീറ്റർ വെള്ളത്തിന് 30 ഗ്രാം ബ്ലീച്ചിങ് പൗഡർ, 7.5 ഗ്രാം ബാവിസ്റ്റിൻ എന്ന രീതിയിൽ ചേർത്ത് ലയിപ്പിക്കുന്നു. ഇതിലേക്ക് 300 കിലോയോളം (ഏകദേശം 5 ചാക്ക്) അറക്കപ്പൊടി ഇട്ട് 24 മണിക്കൂർ വയ്ക്കും. അതിനു ശേഷം വെള്ളം വാർന്നുപോകാൻ അനുവദിക്കും. ഏകദേശം 50–60 ശതമാനത്തോളം ഈർപ്പം അറക്കപ്പൊടിയിൽ നിലനിർത്തിയാണ് ബെഡ്ഡ് തയാറാക്കുന്നത്.

ചിപ്പിക്കൂണിലെ എച്ച്‌യു എന്ന ഇനമാണ് തൻസീർ പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. വിത്ത് സ്വന്തമായി ഉൽപാദിപ്പിക്കുന്നതുകൊണ്ടുതന്നെ നിലവാരം ഉറപ്പാക്കാൻ കഴിയുന്നു. തുടക്കകാലത്ത് പുറത്തുനിന്ന് വിത്ത് വാങ്ങുകയായിരുന്നു പതിവ്. എന്നാൽ, ഉൽപാദനം ഉയർത്തിയപ്പോൾ ആവശ്യത്തിന് വിത്ത് ലഭിക്കാതെ വന്നത് വിത്തുൽപാദനത്തിലേക്കു കൂടി കൈവയ്ക്കാൻ കാരണമായി. തൃശൂർ കെവികെയിൽനിന്ന് വിത്തുൽപാദനത്തിനുള്ള പരിശീലനം നേടി. ഇപ്പോൾ നാലര വർഷമായി സ്വന്തമായി തയാറാക്കുന്ന വിത്ത് ഉപയോഗിച്ചാണ് തൻസീറിന്റെ കൂൺകൃഷി. മണിച്ചോളമാണ് സ്പോൺ തയാറാക്കാൻ ഉപയോഗിക്കുന്നത്. ആവശ്യക്കാർക്ക് വിത്ത് കുറിയർ അയച്ചു കൊടുക്കാറുമുണ്ട്. ഒരു പാക്കറ്റിന് 50 രൂപയാണ് വില. കൂൺബെഡും തയാറാക്കി കൊടുക്കുന്നുണ്ട് ഈ കർഷകൻ. എന്നാൽ, കൂൺ ബെഡ് ആവശ്യമുള്ളവർ നേരിട്ട് എത്തി വാങ്ങണമെന്നു മാത്രം. കാരണം, സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ബെഡ്ഡിൽ വളരുന്ന മൈസീലിയം നശിക്കാനിടയാകും.
വിൽപന
രാവിലെ വിളവെടുക്കുന്ന കൂൺ 180 ഗ്രാം ട്രേ പാക്കറ്റിലാക്കി സ്വന്തം സംരംഭത്തിന്റെ സ്റ്റിക്കറും പതിപ്പിച്ചാണ് വിൽപനയ്ക്കായി തയാറാക്കുന്നത്. 80 രൂപയാണ് ഈ പാക്കറ്റിന്റെ എംആർപി. കൂൺ പാക്കറ്റുകൾ ഒരു കോളജ് വിദ്യാർഥിയുടെ സഹായത്തോടെയാണ് സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ എത്തിക്കുക. കൂൺ പാക്കറ്റുകൾ വിതരണം ചെയ്യുന്നതും പണം വാങ്ങുന്നതും ഈ വിതരണക്കാരന്റെ ചുമതലയാണ്. കോളജിലേക്ക് പോകുന്ന വഴി കൂൺ പാക്കറ്റുകൾ കടകളിലെത്തിക്കുകയും വൈകുന്നേരം പണം വാങ്ങുകയുമാണ് രീതി. ഒരു പാക്കറ്റിന് 10 രൂപയും വാഹനത്തിന്റെ ഇന്ധനച്ചെലവും തൻസീർ നൽകും. 100 പാക്കറ്റിനു മുകളിൽ വരെ വിതരണം ചെയ്യുന്ന ദിവസങ്ങളുണ്ട്. കൂൺ വിൽക്കുന്ന പച്ചക്കറി കടകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും നിശ്ചിത മാർജിൻ നൽകാറുണ്ടെന്നും തൻസീർ. ഇതു കൂടാതെ നേരിട്ടെത്തുന്ന ആവശ്യക്കാർക്കും വിൽപനയുണ്ട്. അതുപോലെ ഫിറ്റ്നസ് സെന്ററിൽ പോകുമ്പോൾ അവിടെ വരുന്നവരും കൂൺ ആവശ്യപ്പെടാറുണ്ടെന്ന് തൻസീർ. മാംസത്തിനു പകരമായി പലരും കൂൺ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആവശ്യക്കാർ കൂടുതലാണ്.

കടകളിൽ എത്തിക്കുന്ന പാക്കറ്റുകളിൽ 2 ദിവസത്തെ കാലാവധി രേഖപ്പെടുത്തിയാണ് വിതരണം ചെയ്യുന്നതെന്ന് തൻസീർ. വിറ്റു പോകാത്തത് തിരിച്ചെടുക്കും. എന്നാൽ, വിറ്റുപോകാതെ തിരികെ കൊണ്ടുവരേണ്ടി വരാറില്ലെന്നും തൻസീർ പറയുന്നു. ഭാര്യ രഹനയും മറ്റ് കുടുംബാംഗങ്ങളും തൻസീറിന്റെ ഈ സംരംഭത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.
ഫോൺ: 97463 67338