അന്ന് തൊഴിലുറപ്പു പദ്ധതി സഹായിച്ചു; ആരോടും പറയാത്ത ‘സക്സസ് സ്റ്റോറി’: കാട്ടാനയെ തടഞ്ഞ മഴക്കുഴിവിദ്യ

Mail This Article
ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയുള്ള ഒന്നാം യുപിഎ സർക്കാർ നടപ്പാക്കിയവയിൽ ഏറ്റവും ജനകീയ പദ്ധതിയായിരുന്നു തൊഴിലുറപ്പു പദ്ധതി. അതിന്റെ മാർഗനിർദേശരേഖ അന്നു സംസ്ഥാനത്തു മന്ത്രിയായിരുന്ന എനിക്കും ലഭിച്ചു. ആദ്യവായനയിൽ ഞാൻ ശ്രദ്ധിച്ചത് ഏതെല്ലാം പ്രവൃത്തികൾക്ക് ഈ പദ്ധതിയിൽ ഇടമുണ്ടെന്നാണ്. കാട്ടാനയെ തടയാനുള്ള കിടങ്ങു കുഴിക്കാൻ വകുപ്പുണ്ടോ എന്നാണ് ഞാൻ പരതിയത്. അങ്ങനെയൊന്ന് അതിലില്ല. നിരാശയോടെ വീണ്ടും വായിച്ചപ്പോൾ അതാ കിടക്കുന്നു റെയിൻ വാട്ടർ ഹാർവെസ്റ്റിങ് (മഴവെള്ള സംഭരണം). എന്തുകൊണ്ട് മഴവെള്ള സംഭരണികളെ ആനക്കിടങ്ങുകൾ ആക്കിക്കൂടാ എന്നൊരു ആശയം തോന്നി. പിറ്റേന്നുതന്നെ ഞാൻ വയനാട്ടിലേക്കു പുറപ്പെട്ടു. കലക്ടറോട് എന്റെ ചോദ്യമിതായിരുന്നു: ആനക്കിടങ്ങ് കുഴിക്കാൻ പണമില്ലാതെ വലയുന്ന നമുക്ക് എന്തുകൊണ്ട് തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി അതു ചെയ്തുകൂടാ? ആനക്കിടങ്ങ് കുഴിക്കാനുള്ള വകുപ്പ് മാർഗരേഖയിലെവിടെയും ഇല്ലല്ലോ എന്നായിരുന്നു മറുപടി. എങ്കിൽ ആനക്കിടങ്ങുകളെ മഴവെള്ള സംഭരണിയെന്നു വ്യാഖ്യാനിച്ചുകൂടേ എന്ന എന്റെ ചോദ്യത്തിൽ കഴമ്പുണ്ടെന്ന് ആ യുവഉദ്യോഗസ്ഥനും സമ്മതിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം തൊട്ടടുത്ത ആഴ്ചതന്നെ വിളിച്ചുകൂട്ടി. അതിൽ വനംമന്ത്രിയും കലക്ടറും പറഞ്ഞത് വേണ്ടത്ര നീളത്തിലും വീതിയിലും ആഴത്തിലും മഴക്കുഴികൾ കുഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്. ആ സംഭരണികൾ കാട്ടാനകളെ തടയുമെങ്കിൽ അത് എല്ലാവർക്കും ഗുണകരമാകും എന്നും പറയാൻ മറന്നില്ല.
പിന്നീട് വളരെവേഗം കാര്യങ്ങൾ മുന്നോട്ടുപോയി. നൂറിലേറെ കിലോമീറ്റർ ദൂരത്തിൽ വയനാട്ടിലെ വനാതിർത്തികളിൽ മഴവെള്ള സംഭരണികൾ കുഴിക്കപ്പെട്ടു. അവയ്ക്കെല്ലാം ആനകൾക്കു മറികടക്കാൻ കഴിയാത്തത്ര ആഴവും വീതിയും ഉണ്ടായിരുന്നു. കുറെക്കാലത്തേക്ക് ആ പ്രദേശങ്ങളിൽ കാട്ടാനശല്യമുണ്ടായില്ല.
തൊഴിലുറപ്പു പദ്ധതിയുടെ ഒന്നാം വർഷം പൂർത്തിയാക്കിയപ്പോൾ നടത്തിയ അവലോകനത്തിൽ ഏറ്റവും അധികം പ്രവൃത്തിദിനങ്ങൾ സൃഷ്ടിച്ച സംസ്ഥാനം കേരളമാണെന്നു കേന്ദ്രസർക്കാർ കണ്ടെത്തി. കാട്ടാനകളെ തടയാനും കൂടി ഉതകുംവിധം വലുപ്പമുള്ള മഴവെള്ള സംഭരണികൾ കുഴിച്ചതാണ് അതിനു കാരണമെന്നു കേന്ദ്രം രേഖപ്പെടുത്തി. ചില യോഗങ്ങളിൽ അതിന്റെ പേരിൽ കേരളത്തെ പ്രശംസിച്ചു. കാട്ടാനകൾ വീണ്ടും വന്നാലോ എന്ന ഭയംകൊണ്ടാകാം ഈ ‘സക്സസ് സ്റ്റോറി’യെപ്പറ്റി ഞാൻ ആരോടും ഏറെ പറഞ്ഞില്ല. ഇപ്പോൾ കാട്ടാനകൾ മനുഷ്യരുടെ കൃഷിക്കും ജീവനും ഭീഷണി ഉയർത്തുമ്പോൾ ഈ പഴയ അനുഭവം പങ്കുവയ്ക്കണമെന്ന് മനസ്സു പറയുന്നു.
ബന്ധപ്പെട്ട സർക്കാർ ഓഫിസുകളിലെ ഫയലുകളിൽ ഇതിന്റെ വിശദാംശങ്ങൾ തീർച്ചയായും ഉണ്ടാകും. പുതിയ വെല്ലുവിളികളെ നേരിടാൻ അവ എത്രമാത്രം പ്രയോജനപ്പെടുമെന്നു ചിന്തിക്കാൻ സമയമായി. തൊഴിലുറപ്പ് പദ്ധതി ആവശ്യാനുസരണം കേന്ദ്ര ഫണ്ട് ലഭിക്കുന്ന പദ്ധതി ആയതിനാൽ അന്നു വിഭവപരിമിതി പ്രശ്നമായില്ല. ഇന്ന് കേന്ദ്ര സർക്കാർ അതിനു മുൻപിൽ വിലങ്ങുതടി സൃഷ്ടിക്കില്ലെന്ന് ഉറപ്പില്ല. എങ്കിലും കേരളം ആ വഴിക്കുള്ള സാധ്യതകൾ പരമാവധി ആരാഞ്ഞേ തീരൂ.