ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഭാഗം 1: ഡിജിറ്റൽ ഭൂസർവേ: അറിയേണ്ടതെല്ലാം

ഭാഗം 2: ഡിജിറ്റൽ സർവേ നടപടികൾ ഇങ്ങനെ; ഭൂവുടമകൾ അറിയേണ്ടതും ചെയ്യേണ്ടതും

ഭാഗം 3

ഡിജിറ്റൽ സർവേയുടെ അന്തിമഫലമാണ് ‘എന്റെ ഭൂമി’ സംയോജിത പോര്‍ട്ടല്‍ (entebhoomi.kerala.gov.in). ഡിജിറ്റല്‍ സര്‍വേ നടന്ന വില്ലേജുകളിൽ, റവന്യു, റജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ ഭൂമിസംബന്ധമായ സേവനങ്ങൾ സംയോജിപ്പിക്കുന്ന ഏകജാലക സംവിധാനമാണിത്. ആധികാരികവും കൃത്യവുമായ ഭൂരേഖ സേവനങ്ങൾ (മാപ്പുകളും എഴുതപ്പെട്ട വിവരങ്ങളും) ഭൂവുടമകൾക്ക് ലഭ്യമാക്കുന്നതിനും, ഭൂമി ഇടപാടുകളിൽ ഭൂമിയുടെ സ്കെച്ച് (sketch) കൂടി ഉള്‍പ്പെടുത്തിയുള്ള പോക്കു വരവ് നടത്തുന്നതിനും ഉപകരിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപന. ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട വിവരശേഖരണം മുതലുള്ള എല്ലാ നടപടിക്രമങ്ങളും മറ്റു സേവനങ്ങളും ഡിജിറ്റൽ രൂപത്തിൽ ഇവിടെ ലഭ്യമാകും. 

നിലവിൽ ഒരു വ്യക്തി ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി റജിസ്ട്രേഷൻ, റവന്യു, സർവേ വകുപ്പുകളിൽ വ്യത്യസ്ത അപേക്ഷകൾ നൽകേണ്ടതുണ്ട്. ഒരു കൈമാറ്റത്തിന് ഒന്നിലധികം ഓഫിസുകളിൽ അപേക്ഷ നൽകേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ധാരാളം സമയവും പരിശ്രമവും വേണ്ടിവരും. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് 3 വകുപ്പുകളുടെയും എല്ലാ ഭൂസേവനങ്ങളും കൂട്ടിച്ചേർത്ത് ‘എന്റെ ഭൂമി’ സംയോജിത പോർട്ടൽ വികസിപ്പിച്ചിട്ടുള്ളത്. 

ഡിജിറ്റൽ സർവേ ചെയ്ത വില്ലേജുകളിൽ മാത്രമാവും ‘എന്റെ ഭൂമി’ പോർട്ടലിന്റെ സേവനങ്ങൾ പൂർണമായി ലഭിക്കുക. കാസർകോട് ജില്ലയിലെ ഉജ്ജാർ ഉൾവാർ വില്ലേജിൽ 22-10-2024ൽ തുടക്കം കുറിച്ച ഈ പോർട്ടൽ സേവനം ഡിജിറ്റൽ സർവേ പൂർത്തിയായ 217 വില്ലേജുകളിലും 3 മാസത്തിനകം ലഭ്യമാകും. 

ഈ പോര്‍ട്ടലില്‍ ലഭിക്കുന്ന സേവനങ്ങൾ (ഡിജിറ്റൽ സർവേ വില്ലേജുകളിൽ) വിശദമായി പരിശോധിക്കാം. നിലവിൽ റവന്യു വകുപ്പിലെ ReLIS, റജിസ്ട്രേഷൻ വകുപ്പിലെ PEARL, സർവേ വകുപ്പിലെ e-Maps എന്നീ സംവിധാനങ്ങളിലൂടെ നൽകിയിരുന്ന സേവനങ്ങൾ ഇനി ‘എന്റെ ഭൂമി’യിൽ കിട്ടും.  

പ്രധാനമായി മൂന്നു പരിഷ്കാരങ്ങളാണ് ഇതുവഴി നടപ്പാവുക. ഒന്ന്, നിശ്ചിതമാതൃക (ടെംപ്ലേറ്റ്) അടിസ്ഥാനമാക്കിയുള്ള  റജിസ്‌ട്രേഷൻ -  ഏതൊരു പൗരനും എളുപ്പത്തിൽ  പൂരിപ്പിക്കാവുന്ന തരം നിശ്ചിത മാതൃക (ടെംപ്ലേറ്റ്) അടിസ്ഥാനമാക്കിയുള്ള  റജിസ്ട്രേഷനാണിത്. മുൻകാല രീതിയിൽ ഭൂമിയുടെ റജിസ്‌ട്രേഷൻ ദൈർഘ്യമേറിയതും സങ്കീർണവുമായ പ്രക്രിയയാണ്. ഡീഡ് ഡോക്യുമെന്റ് തയാറാക്കല്‍ (ആധാരമെഴുത്ത്) സാധാരണക്കാർക്കു വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ഇനി ആര്‍ക്കും എളുപ്പം പൂരിപ്പിക്കാവുന്ന തരത്തില്‍ നിശ്ചിത മാതൃകകൾ (ടെംപ്ലേറ്റുകൾ)‘എന്റെ ഭൂമി’യിൽ ലഭ്യമാകും. പ്രമാണങ്ങൾ വളരെ ലളിതമായി റജിസ്റ്റർ ചെയ്യാൻ ഇത് ഇടപാടുകാരെ സഹായിക്കും. 

ഉപയോക്താക്കൾ ഉചിതമായ ഫോം തിരഞ്ഞെടുക്കുകയേ വേണ്ടൂ. സർവേ നമ്പർ നൽകുമ്പോൾ ഡിജിറ്റല്‍ സര്‍വേയില്‍ ഉള്‍പ്പെട്ട വിശദാംശങ്ങള്‍ (ഉടമയുടെ പേരു വിവരങ്ങള്‍, ഭൂമിയുടെ വിസ്തീര്‍ണം തുടങ്ങിയവ) ഇതിൽ താനേ (auto fill)പ്രത്യക്ഷപ്പെടും. ബാക്കി വിശദാംശങ്ങൾ പൂരിപ്പിച്ച് റജിസ്ട്രേഷനായി സമർപ്പിക്കാൻ തീരെ പ്രയാസമില്ല. 

രണ്ടാമത്, പ്രീ മ്യൂട്ടേഷൻ സ്കെച്ച്. ഭൂമിയുടെ അളവുകൾ, ആകൃതി തുടങ്ങിയവ രേഖപ്പെടുത്തി ഉദ്യോസസ്ഥർ തയാറാക്കുന്ന ആധികാരിക മാപ്പാണിത്. ഭൂമികൈമാറ്റത്തിന് ഇത് അനിവാര്യമാണ്. ഭൂമിസംബന്ധമായി വരുന്ന അപേക്ഷകളിൽ അധികവും വിസ്തീർണം സംബന്ധിച്ച വ്യത്യാസം പരിഹരിക്കണെമന്ന് ആവശ്യപ്പെട്ടാണ്. ശാസ്ത്രീയമായി സർവേ ചെയ്യാതെ ഭൂമി റജിസ്റ്റർ ചെയ്യുന്നതിനാലാണ് ഇത്തരം തർക്കങ്ങളുണ്ടാകുന്നത്. ഇതിനു ശാശ്വത പരിഹാരമാണ് പ്രീ മ്യൂട്ടേഷൻ സ്കെച്ച്. കൈമാറ്റത്തിനു മുൻപുള്ള സ്ഥിതി വ്യക്തമാക്കുന്ന പ്രസ്തുത മാപ്പ് സഹിതമാണ് പോർട്ടലിൽ  ഭൂമി റജിസ്ട്രേഷൻ നടക്കുന്നത്. സ്ഥലം വില്‍ക്കുന്നതിനു നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഡിജിറ്റല്‍ പ്രി-മ്യൂട്ടേഷൻ സ്കെച്ച് തയാറാക്കുന്നതിനുള്ള അപേക്ഷ പോർട്ടലിൽ സമര്‍പ്പിക്കാം. ഭൂറജിസ്ട്രേഷൻ സമയത്ത് ആധികാരിക ഡിജിറ്റല്‍ മാപ്പ് സഹിതം നടപടി പൂര്‍ത്തിയാക്കാം.

മൂന്നാമത്, ഓട്ടോ മ്യൂട്ടേഷൻ – താനേ നടക്കുന്ന പോക്കുവരവെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഭൂമിയുടെ ഉടമസ്ഥാവകാശം മാറുന്നതനുസരിച്ച്, ഏറ്റവും പുതിയ ഭൂഉടമയുടെ പേരിൽ നികുതി (കരം) പിരിക്കുന്നതിനു വില്ലേജ് രേഖകളിൽ ആവശ്യമായ മാറ്റം വരുത്തുന്ന പ്രവർത്തനമാണ് പോക്കുവരവ്. പുതിയ സംവിധാനപ്രകാരം ഓട്ടോ മ്യൂട്ടേഷൻ  നടക്കുമ്പോൾ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ഉടൻ പോർട്ടലിൽ സ്വമേധയാ തന്നെ പോക്കുവരവു നടന്ന് തണ്ടപ്പേർ അനുവദിക്കപ്പെടുന്നു. പ്രത്യേകം അപേക്ഷ കൂടാതെ തന്നെ ഈ നടപടി പൂർത്തിയാകും. തന്മൂലം അപേക്ഷകന് റജിസ്ട്രേഷൻ ഡീഡ്, റവന്യു റെക്കോർഡ്, ഡിജിറ്റൽ ലാൻഡ് പാഴ്സൽ മാപ്പ് എന്നിവ പോർട്ടലിൽനിന്ന് അപ്പോൾത്തന്നെ ലഭ്യമാകും. തുടർന്ന് പ്രസ്തുത ഭൂമിയുടെ കരം അടയ്ക്കാം. 

ente-bhoomi-2

എന്റെ ഭൂമി പോർട്ടലിലെ മറ്റു സേവനങ്ങൾ 

  • തണ്ടപ്പേർ സർട്ടിഫിക്കറ്റ്: ഒരു വ്യക്തിക്ക് ഒരു ഭൂമിയിൽ ഉടമസ്ഥാവകാശമുണ്ടെന്ന് തെളിയിക്കുന്ന രേഖയാണ് തണ്ടപ്പേർ സർട്ടിഫിക്കറ്റ്. ഭൂമി വിൽക്കുക, വാങ്ങുക അല്ലെങ്കിൽ പണയം വയ്ക്കുക തുടങ്ങിയ ഇട പാടുകൾക്ക് ഇത് അനിവാര്യം. 
  • ബാധ്യതാ സര്‍ട്ടിഫിക്കറ്റ്: ഒരു ഭൂമിയിൽ ഏതെങ്കിലും തരത്തിലുള്ള കടം, പണയം അല്ലെങ്കിൽ നിയമപരമായ തർക്കം ഉണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങൾ നൽകുന്ന രേഖ. ഭൂമി വാങ്ങുന്നതിനു മുൻപ് ഈ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. 
  • ഭൂമിയുടെ ന്യായവില: ഭൂമിക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള വിപണിവിലയെ സൂചിപ്പിക്കുന്ന നിശ്ചിത തുകയാണിത്. സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് തുടങ്ങിയവ കണക്കാക്കുന്നതിന് ന്യായവില ഉപയോഗിക്കുന്നു. 
  • ഭൂപരിപാലനം: ഭൂരേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിനും, രേഖകൾ കൂട്ടിച്ചേർക്കലിനും ഒഴിവാക്കലിനുമുള്ള ഓൺലൈൻ സംവിധാനം.
  • ഭൂനികുതി അടയ്ക്കുന്നതിനുള്ള സൗകര്യം: ഭൂമിയുടെ നികുതി വളരെ ലളിതമായി പോർട്ടൽ മുഖേന അടയ്ക്കാം.
  • ലൊക്കേഷൻ സ്കെച്ച്:  ഒരു ഭൂമിയുടെ സ്ഥാനം കൃത്യമായി കാണിക്കുന്ന ഒരു ചെറിയ ഭൂപടം - ബാങ്ക് വായ്പ പോലുള്ള ആവശ്യങ്ങൾക്ക് ഈ മാപ്പ് അനിവാര്യമാണ്. 
  • മുൻ സർവേ റെക്കോർഡുകളുടെ വിതരണം: മുൻ സർവേ റെക്കോർഡുകൾ ആവശ്യമുള്ളവർക്ക് നിശ്ചിത തുക അടച്ച് പോർട്ടൽ മുഖേനെ ഇവ ലഭ്യമാക്കാം.
  • ഡിജിറ്റൽ സർവേ മാപ്പ്: ഡിജിറ്റൽ സർവേ പ്രകാരം തയാറാക്കിയ മാപ്പുകൾ.

എന്റെ ഭൂമി: ഒരു ദേശീയ മാതൃക

നിലവിലുള്ള പേപ്പർ മാപ്പുകൾ ഡിജിറ്റൈസ് ചെയ്തു സൃഷ്ടിച്ച ഡിജിറ്റൽ ഭൂപടങ്ങളെ ആശ്രയിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി, ഫീൽഡ് ടു ഫീൽഡ് ഡിജിറ്റൽ ലാൻഡ് സർവേ സമീപനത്തിനാണ് ഡിജിറ്റൽ സർവേയും എന്റെ ഭൂമി പോർട്ടലും വഴി കേരളം തുടക്കമിട്ടിരിക്കുന്നത്.  

കടലാസ് അധിഷ്‌ഠിത പ്രക്രിയകൾ ഒഴിവാക്കി ഭൂവിവരങ്ങളും മാപ്പുകളും പൂർണമായും സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ശേഖരിക്കുകയും  നടപടിക്രമങ്ങൾ സ്ഥലത്തുതന്നെ പൂർത്തീകരിക്കുകയും, സർവെ റെക്കോർഡുകൾ ഭൂവുടമകൾക്ക് പരിശോധനയ്‌ക്കായി ഉടനടി ലഭ്യമാക്കുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളിൽ പൊതുവേ പഴയ സർവേ രേഖകളുടെ ഡിജിറ്റൈസേഷനാണ് നടക്കുന്നത്. എന്നാൽ, ഇവിടെ  ഡിജിറ്റൽ സർവേ പദ്ധതിയിലൂടെ, എല്ലാ അതിർത്തികളും നേരിട്ടളന്ന് പുതിയ രേഖകൾ തയാറാക്കുകയാണ്. ഇതുവഴി, വിശ്വാസ്യതയും സുതാര്യതയുമുള്ള സർവേ റെക്കോർഡുകൾ ഉറപ്പാക്കുന്നു. ഈ സമീപനം ദീർഘകാലാടിസ്ഥാനത്തിൽ ഏറെ പ്രയോജനകരമാവും. ഭൂവിവരങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതോടെ, തർക്കങ്ങൾ കുറയും. തന്മൂലം ഭൂരേഖാപരിപാലനത്തിൽ ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാവുകയാണ്. 

വിവിധ സംസ്ഥാനങ്ങള്‍ കേരളത്തിന്റെ ഡിജിറ്റല്‍ റീ സര്‍വേ പദ്ധതി മാതൃകയാക്കാന്‍ താല്‍പര്യം പ്രകടിപ്പിട്ടുണ്ട്. ഭൂരേഖകളുടെ നിരന്തരവും കൃത്യവുമായ ഡിജിറ്റൽ പുതുക്കലിനു വിധേയമാകുന്ന ‘എന്റെ ഭൂമി ’ (Integrated Land Information Management System - ILlMS) ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമാണ്.  

അവസാനിച്ചു

English Summary:

Ente Bhoomi simplifies Kerala land services. This integrated portal streamlines land transactions, offering digital access to land records, maps, and mutation services.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com