ആളു വേണ്ട, ശ്രദ്ധ വേണ്ട; മട്ടുപ്പാവിലുണ്ട് താനേ വളരുന്ന കൃഷിയിടം
Mail This Article
നഗരകർഷകരുടെ ഏറ്റവും വലിയ പരിമിതിയാണ് സമയം. ജോലിയും കൃഷിയും ഒന്നിച്ചുകൊണ്ടു പോകാൻ പലർക്കും പ്രയാസമുണ്ടാവും. 2 മാസത്തിലേറെ നന്നായി പരിചരിച്ച വിളകൾ 2 ദിവസത്തെ അസാന്നിധ്യം മൂലം നശിക്കുന്നതു കാണുമ്പോൾ ആർക്കാണ് സങ്കടമില്ലാതിരിക്കുക? അടുക്കളത്തോട്ടങ്ങളിലെ നനയും മറ്റും ഓട്ടമേഷൻ സംവിധാനത്തിലാക്കിയാൽ ഈ പ്രശ്നത്തിനു പരിഹാരമാകുമെന്നു കാണിച്ചുതരികയാണ് കൊല്ലം ഓയുർ സ്വദേശി പ്ലാവിളയിൽ പീസ് കോട്ടേജിൽ എം.രാജൻകുട്ടി. മകൻ ആൽവിൻ രാജും കൂട്ടുകാരായ സുബിൻ സി. സുധാകർ, ഷാനു മനോഹർ എന്നിവരും ചേർന്നു രൂപപ്പെടുത്തിയ ഈ സംവിധാനത്തിൽ വിളകൾക്ക് വെള്ളവും വളവും മുടങ്ങാതെ കിട്ടുന്നു. ഓർഗായൂർ എന്ന പേരിൽ ഈ സുഹൃത്തുക്കൾ തുടക്കം കുറിച്ച അഗ്രി സ്റ്റാർട്ടപ്പ് നാട്ടിൽ മാത്രമല്ല, ദുബായിൽപോലും കൃഷിക്കാവശ്യമായ സാങ്കേതികവിദ്യകൾ സന്നിവേശിപ്പിച്ചു നല്‍കുകയാണിപ്പോൾ. സുബിനാണ് കമ്പനി സിഇഒ.
തിരിനനയും അക്വാപോണിക്സും ഓട്ടമേഷനിലൂടെ ഏകോപിപ്പിക്കുകയാണ് ഇവർ ചെയത്. വീടിനു പിന്നിലെ മത്സ്യക്കുളത്തിൽനിന്നാണ് രാജൻകുട്ടിയുടെ മട്ടുപ്പാവിലെ പച്ചക്കറികൾക്ക് വെള്ളവും പോഷകങ്ങളും കിട്ടുന്നത്. ടാങ്കിലെ നൂറോളം മത്സ്യവിസർജ്യങ്ങളിൽനിന്നുളള അമോണിയ പമ്പ് ചെയ്ത് ടെറസിലെ പ്രത്യേക ഇറിഗേഷൻ ടാങ്കിലെത്തിക്കുന്നു. ടാങ്കിൽനിന്നു ഫിൽറ്ററിലൂടെ കടന്ന് തിരിനനയ്ക്കായി പ്രത്യേകം രൂപകൽപന ചെയ്ത പാത്രങ്ങളിൽ ഈ വെള്ളം നിറയുന്നു. പോഷകസമൃദ്ധമായ ഈ ജലം തിരികളിലൂടെ വേരുമണ്ഡലത്തിലെത്തി ചെടികൾക്കു ലഭ്യമാകു ന്നു. ടാങ്കിൽനിന്നുള്ള ജലത്തിന്റെ മറ്റൊരു ഭാഗം നിശ്ചിത അകലത്തിൽ ദ്വാരങ്ങളിട്ട പിവിസി പൈപ്പുകളിലൂടെ ഒഴുകിനീങ്ങി തിരികെ മത്സ്യടാങ്കിലെത്തുന്നു. ദ്വാരങ്ങളിൽ ഉറപ്പിച്ച ചെടികളുടെ വേരുകൾ ഈ പോഷകലായനിയിൽനിന്നു പോഷകങ്ങൾ ആഗിരണം ചെയ്യുന്നു. കൃത്യമായ ഇടവേളകളിൽ മത്സ്യടാങ്കിലെ ജലം പമ്പ് ചെയ്യപ്പെടുന്നുണ്ടെന്നും ടാങ്കിൽനിന്നു ചെടിച്ചുവടുവരെ തടസ്സമില്ലാതെ എത്തുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനാണ് ഇതിൽ സെൻസറുകൾ കൂടുതലായി ഉപയോഗിക്കുന്നത്. ടാങ്കിലെ ജലനിരപ്പ് നിശ്ചിത പരിധിയിൽ നിലനിർത്താൻ ഇതുവഴി സാധിക്കും.
മട്ടുപ്പാവിൽ കയറാതെയും ചെടികളുടെ ചുവട്ടിൽ എത്താതെയും വിളകൾക്കാവശ്യമായ വെള്ളവും വളവും ഉറപ്പാക്കാമെന്നായാൽ കൂടുതൽ മട്ടുപ്പാവുകൾ പച്ചക്കറിക്കൃഷിക്കു സജ്ജമാവും.
ഓട്ടമേഷനു പുറമേ വിവിധ രീതിയിലുള്ള കൃഷിത്തോട്ടങ്ങൾ സെറ്റ് ചെയ്തു നൽകാനും ഓർഗായൂർ തയാര്‍. സ്വയം നിയന്ത്രിത ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, എയ്റോ പോണിക്സ്, ഐഒടി ആപ്ലിക്കേഷനുകൾ, സ്വയംനിയന്ത്രിത സംവിധാനങ്ങൾ, പഴം– പച്ചക്കറിത്തോട്ടങ്ങൾ, തിരിനന, തുള്ളിനന, പോർട്ടബിൾ റെയിൻ ഷെൽറ്റർ, കൂൺകൃഷി തുടങ്ങിയ മേഖലകളിലൊക്കെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ഓർഗായൂർ സഹായിക്കും. ഓർഗായൂർ മൊബൈൽ ആപ്പിലൂടെ തങ്ങളുടെ സേവനങ്ങൾ എല്ലായിടത്തും ലഭ്യമാണെന്ന് കമ്പനിയുടെ അഗ്രി കൺസല്‍റ്റന്റ് എസ്.ആർ.ഗോകുൽ കൃഷ്ണൻ അറിയിച്ചു.
ഫോൺ: 9645837414