ADVERTISEMENT

ഫലപ്രദമായ രീതിയിൽ ടെറസ്സിനെ ഫലവൃക്ഷോദ്യാനമാക്കി മാറ്റിയിരിക്കുകയാണ് ഒഡീഷ സ്വദേശിനിയായ ജയന്തി സാഹൂ. 17 ഇനം ഫലവൃക്ഷങ്ങളാണ് 350 ച.അടിയുള്ള ടെറസ്സിൽ വച്ചു പിടിപ്പിച്ചിരിക്കുന്നത്. കൂടാതെ വീട്ടിലെ ബാൽക്കണി ഉൾപ്പെടെ പലയിടങ്ങളിലായി പച്ചക്കറികൾ, ജലസസ്യങ്ങൾ, പൂച്ചെടികൾ ഉൾപ്പെടെ ഒട്ടേറെ ചെടികൾ വളരുന്നു. ചെറുപ്പം മുതലേ ഇഷ്ടമുണ്ടായിരുന്ന പൂന്തോട്ട നിർമാണത്തെ വിവാഹശേഷവും കൂടെ കൂട്ടിയതാണ് ജയന്തി. 

വാങ്ങുന്ന പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കുന്നതിനാലും ആകർഷണീയത കൂട്ടാൻ രാസവസ്തുക്കളും മെഴുകും ഉപയോഗിക്കുന്നതിനാലുമാണ് ഈ അൻപത്താറുകാരി സ്വന്തമായി ഒരു പഴത്തോട്ടം തന്നെ വച്ചു പിടിപ്പിച്ചത്. കടയിൽ നിന്നു വാങ്ങുന്ന പഴങ്ങളേക്കാൾ മധുരം കൂടുതലാണ് വീട്ടിൽ ജൈവകൃഷിയിലൂടെ ഉണ്ടാകുന്ന പഴങ്ങൾക്കെന്നാണ്  ഈ ബിഎസ്‌സി ബിരുദദാരിയുടെ സാക്ഷ്യം.   

ഒരു എക്സിബിഷനിൽവച്ചാണ് ഗ്രാഫ്റ്റ് ചെയ്ത ഫലവൃക്ഷങ്ങളെ കണ്ടത്. മാവ്, ഓറഞ്ച്, ചിക്കൂ മുതലായവ ഫലവൃക്ഷങ്ങൾ 5-8 അടിയിൽ വളരുന്നതു കണ്ടപ്പോൾ തോന്നിയ അത്ഭുതം  വീട്ടിൽ തന്നെ ഇവയെ വളർത്തുന്നതിന് കാരണമായി. 

jayanti-sahoo-2

17 തരം  ഫലവൃക്ഷങ്ങളാണ്  ഇവിടെ വളർത്തുന്നത്- പേര, മാതളം, സ്റ്റാർ ഫ്രൂട്ട്, മൾബെറി, ആപ്പിൾ, മാങ്ങ, ചിക്കൂ എന്നിവ അവയിൽ ചിലത് മാത്രം. ഇതിനു പുറമെ പച്ചക്കറികളും പൂക്കളുമുണ്ട്. 

ടെറസിൽ ഫലവൃക്ഷങ്ങൾ വളർത്താൻ താൽപര്യപ്പെടുന്നവർക്ക് ജയന്തിയുടെ ഉപകാരപ്രദമായ ചില നുറുങ്ങുകൾ;    

ടെറസിന് അനുയോജ്യമായ രീതിയിൽ ജലസേചന സംവിധാനം രൂപപ്പെടുത്തുക.  

ചെടികൾ നടാൻ വലിയ ചെടിച്ചട്ടികൾക്കു പകരം വില കുറഞ്ഞ മീൻപെട്ടികളാണ് ജയന്തി ഉപയോഗിക്കുന്നത്. 20 വർഷം മുൻപ് വാങ്ങിയതുവരെ ഇതിലുണ്ട്. 

ഫലവൃക്ഷങ്ങളുടെ വിത്തുകൾ പാകി ചെടി വളരാൻ 5-7 വർഷമെടുക്കും. അതിനാൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ ഒരു വർഷത്തിൽ ഫലം തരും. ചെറിയ ചെടിച്ചട്ടികൾ, പാത്രങ്ങൾ എന്നിവയിൽ ആദ്യം തൈകൾ വളർത്തിയ ശേഷം പിന്നീട് വലിയ ചട്ടികളിലേക്കു മാറ്റി നടുന്നതായിരിക്കും നല്ലത്. 

ചെടികൾക്ക് വളരാനുള്ള മണ്ണൊരുക്കുന്നതിന് പ്രാധാന്യമുണ്ട്. 30% മണ്ണ്, 30% ചാണകം,30% ചകിരിച്ചോറ്, 5% വേപ്പിൻ പിണാക്ക്, 5% എല്ലു പൊടി എന്നിവ ചേർത്തിളക്കിയതാണ് നടീൽ മിശ്രിതം. ഈ മിശ്രിതം ചട്ടിയിൽ നിറയ്ക്കുന്നതിന് മുൻപ് ചട്ടിക്കടിയിൽ 4-5 ഇഞ്ച് കനത്തിൽ ഉണങ്ങിയ ഇലകൾ വിരിക്കണം. ഇത് പിന്നീട് കംപോസ്റ്റായി മാറും. 

ഫാമുകളിൽ വളരുന്ന ഫലവൃക്ഷങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ഒരുപരിധിവരെ മണ്ണിൽനിന്നു തന്നെ ലഭിക്കും. എന്നാൽ, ചെറിയ ചട്ടികളിലും മറ്റും വളർത്തുന്നവയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കില്ല. അതിനാൽ ദ്രവരൂപത്തിൽ പോഷകങ്ങൾ കൊടുക്കണം. 1 കിലോ കടുകിൻപിണ്ണാക്ക് (mustard cake), 250 ഗ്രാം വേപ്പിൻ പിണാക്ക് എന്നിവ 5 ലീറ്റർ വെള്ളത്തിൽ കലക്കുക. ഈ മിശ്രിതം 5 ദിവസം തണലിൽ വയ്ക്കുക. ഒരു ലീറ്റർ മിശ്രിതം 10 ലീറ്റർ വെള്ളത്തിൽ കലക്കി 15 ദിവസത്തിലൊരിക്കൽ തളിക്കുക, ചെടികൾ പൂക്കാനും ഫലങ്ങൾ ഉണ്ടാവാനും ഈ മിശ്രിതം ഗുണകരമാണ്. 

കീടനിയന്ത്രണത്തിനു വേപ്പെണ്ണ തളിച്ചു കൊടുക്കാം. കീടങ്ങൾ മുട്ടയിടുന്ന ഇലകൾ നുള്ളിക്കളയാം.  

സമയാസമയങ്ങളിൽ ചെടികളുടെ കമ്പുകോതൽ (പ്രൂണിങ്) നടത്തണം. ഇത് ചെയ്തില്ലെങ്കിൽ താരതമേന്യ ചെറിയ പഴങ്ങളായിരിക്കും ലഭിക്കുക. ചെടികളുടെ വലുപ്പം ക്രമീകരിക്കാനും പഴങ്ങളുടെ ഗുണങ്ങൾ മെച്ചപ്പെടുത്താനും ഇതു സഹായിക്കും. 

ചെടി നട്ട് 3-4 വർഷങ്ങൾക്കു ശേഷം ഏകദേശം 3-4 ഇഞ്ച് കനത്തിൽ ചട്ടിയിലെ മണ്ണ് മാറ്റണം. പകരം ചാണകം, എല്ലുപൊടി, വേപ്പിൻ പിണാക്ക് എന്നിവ നിറയ്ക്കുക. ഇതിനു മുകളിൽ നേരിയ തോതിൽ മണ്ണു വിരിച്ച് വെള്ളമൊഴിച്ച് കൊടുക്കാം. കുറേ കാലത്തേക്ക് പഴങ്ങളുടെ വലുപ്പം കൂട്ടാൻ ഈ പ്രക്രിയ  സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com