പൂക്കളല്ല, ഇവിടെ മുറ്റം നിറയെ കാബേജ്; പാഴ്ച്ചാക്ക് പാഴാക്കാതെ കൃഷി

Mail This Article
പതിറ്റാണ്ടുകളായി കാർഷിക മേഖലയെ താലോലിക്കുന്ന പണിക്കൻകുടി കല്ലമ്പിള്ളിൽ രാമകൃഷ്ണൻ–സിന്ധു ദമ്പതികളുടെ വീട്ടുമുറ്റം കാബേജ് കൃഷിയിലൂടെ സമ്പന്നമാണ്. 250ൽപ്പരം കാബേജാണ് വിളവെടുപ്പിന് പാകമായി വീട്ടു മുറ്റത്തുള്ളത്. വീട്ടിലേക്കുള്ള റോഡിന്റെ ഇരു സൈഡിലും മുറ്റത്തും പൂച്ചെടികൾക്കു പകരമാണ് കാബേജ് കൃഷി. ഗ്രോബാഗിന് പകരം ചാക്കിലാണ് കൃഷി എന്നതും സവിശേഷതയാണ്. 3 മുതൽ 5 വരെ കിലോ തൂക്കം കാബേജിനു ഉണ്ടാകുമത്രേ. കിലോയ്ക്ക് ശരാശരി 50 രൂപ വില ലഭിക്കുമെന്ന് ഇവർ പറയുന്നു.
ചാണകം ഉൾപ്പെടുന്ന ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷി ആയതിനാൽ ആവശ്യക്കാർ ഏറെയാണ്. ഒന്നര പതിറ്റാണ്ടു മുൻപ് കന്നുകാലി വളർത്തൽ ആരംഭിച്ച ദമ്പതികളുടെ ഡെയറി ഫാമിൽ 15 പശുക്കൾ വരെ ഉണ്ടായിരുന്നു. പിന്നീട് കൃഷിയിടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ പശുക്കളുടെ എണ്ണം കുറച്ചു. ഏലം, ജാതി, കുരുമുളക്, കൊക്കോ തുടങ്ങി സമ്മിശ്ര കൃഷികൾ കൊണ്ട് സമൃദ്ധമാണ് കൃഷിയിടം. ഇപ്പോൾ 5 പശുക്കളാണ് ഡെയറി ഫാമിലുള്ളത്. ചാണകവും മറ്റും ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. ഇതിനിടെയാണ് പച്ചക്കറി കൃഷിയിലും ദമ്പതികൾ നേട്ടം കൊയ്യുന്നത്.