വന്യമൃഗങ്ങളും ബഹുമാനിക്കുന്ന ക്വാർട്ടേഴ്സ് പച്ചക്കറിത്തോട്ടം

Mail This Article
തോട്ടം മേഖലയിലെ തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുന്ന ആനയും പന്നിയും കാട്ടുപോത്തും ടൗണിനു സമീപമുള്ള പച്ചക്കറിത്തോട്ടം കണ്ടാൽ കയറില്ല. കാരണം, ഇത് തങ്ങളെ കാക്കുന്ന റേഞ്ചറുടെ പച്ചക്കറിത്തോട്ടമാണെന്നതാണ് കാരണം. മൂന്നാർ റേഞ്ചർ എസ്.ബിജുവാണ് തന്റെ ക്വാർട്ടേഴ്സിനോട് ചേർന്നുള്ള ചുരുങ്ങിയ സ്ഥലത്ത് മികച്ച രീതിയിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്.
കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള മൂന്നാർ റേഞ്ചിലെ ജോലിക്കിടയിലെ മാനസിക സമ്മർദം കുറയ്ക്കാൻ രാവിലെയുള്ള പച്ചക്കറി കൃഷി ഏറെ ഗുണകരമാണെന്ന് റേഞ്ചർ പറഞ്ഞു. കാബേജ്, കാരറ്റ്, ബീൻസ്, ബ്രോക്കോളി, വഴുതന, മത്തൻ, 5 തരം ചീരകൾ, പച്ചമുളക്, കാപ്സിക്കം, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയാണ് ബിജുവിന്റെ തോട്ടത്തിലുള്ളത്. ചാണകവും ജൈവ കീടനാശിനികളും ഉപയോഗിച്ച് തികച്ചും ജൈവ രീതിയിലാണ് പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നത്.
പന്തളം സ്വദേശിയായ ബിജു ജോലി ചെയ്തിട്ടുള്ള എല്ലാ സ്ഥലങ്ങളിലും താമസസ്ഥലത്ത് സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ ഉൽപാദിപ്പിച്ചാണ് ഉപയോഗിക്കുന്നത്. മൂന്നാറിൽ വന്നപ്പോഴും കൃഷി തുടരുകയാണ്. ജോലിയിലെ പിരിമുറുക്കം കുറച്ച്, സ്വന്തമായി അധ്വാനിച്ച് ജൈവ രീതിയിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി വലുതാണെന്ന് ബിജു പറഞ്ഞു. ഭാര്യയും മകളും നാട്ടിലായതിനാൽ ക്വാർട്ടേഴ്സിൽ തനിച്ചാണ് ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികളിൽ ആവശ്യത്തിനെടുത്ത ശേഷം ബാക്കി മറ്റുള്ളവർക്ക് കൊടുക്കുന്നതാണ് രീതി.