പ്രഫസറെ പ്രലോഭിപ്പിച്ചത് തൂവാനത്തുമ്പികളോ ആ വൈകുന്നേരമോ ?
വിന്റേജ് ബുക്സ്
വില 399
Mail This Article
ഉന്നത സ്ഥാനത്തുനിന്ന് പ്രഫ. ഡേവിഡ് ലൂറി അപഹസിക്കപ്പെട്ട വ്യക്തിയായി മാറുന്നത് 20 വര്‍ഷം മുന്‍പ്. ലഭ്യമായ രേഖകള്‍ അങ്ങനെയൊരു സ്ഥിതിവിവരക്കണക്കാണ് നല്‍കുന്നതെങ്കിലും പ്രഫസര്‍ അതിനുമുന്‍പും അപമാനം ഏറ്റുവാങ്ങിയിട്ടുണ്ട്. മറുത്തൊരു വാക്കുപോലും പറയാതെ. ആക്ഷേപങ്ങളെയും പൊട്ടിത്തെറികളെയും അയാള്‍ നേരിട്ടത് മൗനത്തിലൂടെ. നിഷേധങ്ങളെയും തിരസ്കാരങ്ങളെയും ഏറ്റുവാങ്ങിയത് സഹനത്തിലൂടെ. എന്നാല്‍, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ സാങ്കേതിക സര്‍വകലാശാലയില്‍ കവിത പഠിപ്പിക്കുന്ന പ്രഫസറായി ജോലി ചെയ്യുന്നതിനിടെ, ഒരു വിദ്യാര്‍ഥിനിയുമായി ബന്ധപ്പെട്ട ലൈംഗിക അപവാദത്തിലൂടെ ജോലിയില്‍ നിന്നും പദവിയില്‍ നിന്നും നീക്കപ്പെട്ട പ്രഫസര്‍ ഭൂരിപക്ഷത്തിന്റെയും കണ്ണില്‍ സഹതാപം അര്‍ഹിക്കാത്ത മനുഷ്യനാണ്. മനുഷ്യന്‍ എന്ന വിശേഷണത്തിനു പോലും അര്‍ഹനല്ലാത്ത വ്യക്തി.
1999-ലാണ് പ്രഫസറുടെ ജീവിതം ജെ.എം.കുറ്റ്സി പറയുന്നത്. ഡിസ്ഗ്രേസ് എന്ന നോവലിലൂടെ. 1983-ല്‍ ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് മൈക്കല്‍ കെ എന്ന നോവലിലൂടെ ബുക്കര്‍ പുരസ്കാരം നേടിയ കുറ്റ്സിക്ക് രണ്ടാമത്തെ ബുക്കര്‍ നേടിക്കൊടുത്ത കൃതി. നൊബേല്‍ പുരസ്കാരത്തിലേക്കുള്ള ദൂരം ഗണ്യമായി കുറച്ച നോവല്‍. രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷവും ഡിസ്ഗ്രേസിന് ലോകസാഹിത്യത്തിലുള്ളത് അപൂര്‍വവും അനന്യവുമായ സ്ഥാനം. എണ്ണമറ്റ വ്യാഖ്യാനങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും അസംഖ്യം ചിന്തകളിലൂടെയും പ്രകോപനം സൃഷ്ടിക്കുന്ന അസാധാരണ നോവല്‍.
52-ാം വയസ്സിലാണ് പ്രഫസര്‍ ലൂറി ലൈംഗിക അപവാദത്തില്‍ ഉള്‍പ്പെടുന്നത്. ലൈംഗികത അദ്ദേഹത്തിന് അപരിചിതമല്ല. പ്രലോഭനങ്ങള്‍ അദ്ദേഹത്തെ ഒഴിഞ്ഞുമാറിക്കടന്നുപോകേണ്ടതാണ്. രണ്ടു തവണ വിവാഹം കഴിച്ചു. രണ്ടു വിവാഹ മോചനങ്ങളും. ആദ്യത്തെ ഭാര്യയിലുള്ള മകള്‍ സ്വന്തം ജീവിതവഴിയില്‍ ഒറ്റയ്ക്കു മുന്നേറുന്നു. പഠനവും ഗവേഷണവും അധ്യാപനവുമായി സജീവമാകേണ്ട 52-ാം വയസ്സില്‍ ലൂറി സാഹസികത തേടി പോകുന്നുണ്ട് വേശ്യാഗൃഹങ്ങളില്‍. ഓരോ സന്ദര്‍ശനത്തിലും ഓരോരുത്തര്‍ എന്നതല്ല എന്നദ്ദേഹത്തിന്റെ രീതി. ആദ്യസന്ദര്‍ശനത്തില്‍ തന്നെ ഇഷ്ടപ്പെട്ട യുവതിയെ അടുത്ത അവസരത്തിലും ആവശ്യപ്പെടുന്നതാണ് രീതി. ആ യുവതിയെ ലഭിക്കാതാകുമ്പോള്‍ അവളുടെ വിലാസം തേടിപ്പിടിച്ച് വീട്ടില്‍ വരെ ചെല്ലുന്നുമുണ്ട്. അപ്പോള്‍ അയാളെ കാത്തിരുന്നതും അപമാനം. തന്നെ പിന്തുടര്‍ന്ന് വേട്ടയാടരുതെന്ന് യുവതി അഭ്യര്‍ഥിക്കുമ്പോള്‍ പ്രഫസര്‍ ലൂറിയുടെ മനസ്സില്‍ നിറയുന്നത് അസൂയ; തന്റെ കിടക്ക ഒന്നിലധികം തവണ പങ്കിട്ട യുവതിയുടെ അജ്ഞാതനായ ഭര്‍ത്താവിനോട്.
ചില ദിവസങ്ങള്‍ അങ്ങനെയാണ്. പ്രഫസര്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നു തോന്നുന്ന ദിവസങ്ങള്‍. അത്തരമൊരു വെള്ളിയാഴ്ച വൈകുന്നേരമാണ് മെലാനി ഐസക്സ് എന്ന വിദ്യാര്‍ഥിനിയെ പ്രഫസര്‍ കാണുന്നത്. കാല്‍പനിക കവിത പഠിപ്പിക്കുന്ന പഫസറുടെ സ്വന്തം ക്ലാസ്സിലെ വിദ്യാര്‍ഥിനി. അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പാതവക്കുകളിലൂടെ കല്ലില്‍ തട്ടിയൊഴുകുന്ന വെള്ളത്തിന്റെ ശബ്ദമായിരുന്നു പശ്ചാത്തലം. ലൂറിക്ക് ഇഷ്ടമാണ് മഴക്കാലം; വൈകുന്നേരവും. പെട്ടെന്നുണ്ടായ പ്രലോഭനത്തിന് വശംവദനായി ലൂറി മെലാനിയെ വീട്ടിലേക്ക് ക്ഷണിക്കുന്നു. ഒരു ഡ്രിങ്ക് പങ്കുവയ്ക്കാന്‍. രാത്രി 7.30 ന് മുന്‍പ് തിരിച്ചെത്തണമെന്ന വ്യവസ്ഥയില്‍ മെലാനി ക്ഷണം സ്വീകരിക്കുന്നു. അതായിരുന്നു ആ (അ)വിശുദ്ധ ബന്ധത്തിന്റെ തുടക്കം.
ലൈംഗിക അപവാദം അന്വേഷിച്ച കമ്മിറ്റി ഒട്ടേറത്തവണ പ്രഫസറോട് ഔദാര്യത്തോടെ പെരുമാറി. തെറ്റ് സമ്മതിച്ച്, പരസ്യമായി പശ്ചാത്തപിച്ച് സര്‍വകലാശയില്‍ തന്നെ തുടരാമെന്ന സൂചനയും നല്‍കി. എന്നാല്‍ ലൂറി തിരഞ്ഞെടുത്തത് മറ്റൊരു വഴി. മെലാനിയുടെ കാമുകന്റെ ഭീഷണിക്കു വഴങ്ങിയിട്ടല്ലായിരുന്നു അത്. മെലാനിയുടെ പിതാവിന്റെ ഹൃദയം പിളര്‍ന്ന വിഷാദത്തിനു മുന്നില്‍ തകര്‍ന്നുപോയിട്ടുമല്ല. അപമാനം സ്പര്‍ശിക്കാതിരുന്ന മനസാക്ഷി ആയിരുന്നിരിക്കണം ലൂറിയെ നയിച്ചത്. ആനുകൂല്യങ്ങള്‍ ഉപേക്ഷിച്ച്, യുണിവേഴ്സിറ്റി വിട്ട്, അകലേക്ക് പോകാന്‍. അങ്ങകലെ മകള്‍ ഒറ്റയ്ക്കു താമസിക്കുന്ന കൃഷി ഭൂമിയില്‍ അഭയം തേടാന്‍. അവിടെ തന്നെ കാത്തിരുന്ന അപമാനങ്ങള്‍ക്ക് കഴുത്ത് നീട്ടിക്കൊടുക്കാന്‍.
ആദ്യവായനയില്‍ തന്നെ ഏതൊരു വായനക്കാരനും വേഗം വഴങ്ങുമെങ്കിലും കുറ്റിസിയുടെ എഴുത്ത് സൃഷ്ടിക്കുന്ന പ്രകോപനങ്ങളില്‍ അത്ര പെട്ടെന്നൊന്നും രക്ഷപ്പെടാന്‍ കഴിയില്ല. ചതുപ്പിലേക്ക് വലിച്ചു താഴ്ത്തുന്നതുപോലെ, രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ആഴമുള്ള കുഴിയിലേക്കു വീഴ്ത്തുന്നതാണ് ഡിസ്ഗ്രേസിന്റെ പ്രമേയവും പരിചരണവും. ബന്ധങ്ങളുടെ വിശുദ്ധിയെ ഇത്ര തീവ്രമായ വിചാരണയ്ക്ക് വിധേയമാക്കുന്ന അധികം നോവലുകളില്ല. പുരുഷന്റെ ഏറ്റവും വലിയ ശത്രുവും മിത്രവുമായ ആസക്തിയുടെ ആഘാതത്തെയും ആഹ്ലാദത്തെയും വിശകലനം ചെയ്യാന്‍ കാണിച്ച ധൈര്യമാണ് കൂറ്റ്സിയെ ശ്രദ്ധേയനാക്കുന്നത്. പാപത്തിന്റെയും പശ്ചാത്താപത്തിന്റെയും പാപ വിമോചനത്തിന്റെയും വഴികളിലൂടെയാണ് ഡിസ്ഗ്രേസ് പുരോഗമിക്കുന്നത്. ജീവിതത്തിന്റെ അനന്തവൈചിത്രങ്ങളെ മുഖാമുഖം കാണിച്ച്.
ന്യായവിധിയും വിചാരണയും അങ്ങകലെയല്ല, ജീവിതത്തില്‍ തന്നെയാണെന്ന് ഓര്‍മിപ്പിക്കുന്നുണ്ടോ ഡിസ്ഗ്രേസ് എന്ന ചോദ്യത്തെ തന്നെ ചിലഘട്ടങ്ങളില്‍ അപ്രസക്തമാക്കുന്നുണ്ട് കുറ്റ്സി. വേഗം വഴങ്ങുന്നതെന്നു തോന്നിക്കുന്ന നോവല്‍ വളരെ വേഗം അപ്രാപ്യമാകുന്നു. ജീവിതം എന്ന പ്രഹേളികയുടെ ആഴവും പരപ്പും അനുനിമിഷം കൂട്ടുന്നു.
ഡിസ്ഗ്രേസിന്റെ പ്രശസ്തമായ മുഖചിത്രത്തില്‍ ഒരു നായയുണ്ട്. വിജന ഭൂമിയില്‍ വിദൂരതയിലേക്കു നോക്കിനില്‍ക്കുന്ന എല്ലും തോലുമായ, പുറം തിരിഞ്ഞുനില്‍ക്കുന്ന നായ. അങ്ങകലെ പച്ചപ്പുണ്ട്. അടുത്തുള്ളതു പുല്‍ക്കൊടികള്‍ മാത്രം. ആര്‍ക്കും വേണ്ടാത്ത നായകളെ ദയാവധത്തിന് വിധേയമാക്കുന്ന ക്ലിനിക്കില്‍ സഹായിയായി നില്‍ക്കുന്ന (മുന്‍ പ്രഫസര്‍) ലൂറിയുമായി സൗഹൃദത്തിലാകാന്‍ ശ്രമിക്കുന്ന ഒരു നായയുണ്ട് നോവലില്‍. അയാള്‍ അതിനെയെങ്കിലും മരണത്തില്‍ നിന്ന് ഒഴിവാക്കുമെന്നായിരുന്നു ക്ലിനിക്കിന്റെ ചുമതലക്കാരിയുടെ പോലും വിചാരം. എന്നാല്‍ വിറയ്ക്കാത്ത കൈകളില്‍ ലൂറി നായയെ കോരിയെടുക്കുന്നു. വാലാട്ടി, ചെവിയാട്ടി, നായ ലൂറിയുടെ മുഖത്തും കണ്ണുകളിലും സ്നേഹത്തോടെ സ്പര്‍ശിക്കുമ്പോള്‍ അയാള്‍ അത് ആസ്വദിക്കന്നുണ്ടോ. വരൂ എന്നു വിളിക്കുമ്പോള്‍ ഏതു മുഖമായിരിക്കും ലൂറിയുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകുക.
വേശ്യാഗൃഹത്തില്‍ കണ്ടു മറക്കാത്ത സൊരയ.
ദശകങ്ങള്‍ തന്നൊടൊത്ത് ജീവിതം പങ്കിട്ട ഭാര്യമാര്‍.
ഒരു നിമിഷത്തിന്റെ തീവ്ര വികാരത്തിന് അടിപ്പെട്ട് അപമാനത്തിന്റെ വഴികള്‍ പരിചയപ്പെടുത്തിയ വിദ്യാര്‍ഥിനി മെലാനി.
അജ്ഞാതരായ അക്രമികളാല്‍ ഗര്‍ഭിണിയായിട്ടും അതുപേക്ഷിക്കാതെ കുട്ടിയെ വളര്‍ത്താന്‍ തീരുമാനിക്കുന്ന മകള്‍ ലൂസി.
വെറ്ററിനറി ക്ലിനിക്കില്‍ മരിച്ച നായകളുടെ വിലാപം മുഴങ്ങുന്ന മുറിയുടെ നിലത്ത് വിവസ്ത്രയായി അദ്ദേഹത്തെ കാത്തുകിടന്ന മധ്യവയസ്ക....
കുറ്റവും ശിക്ഷയും എന്ന ദ്വന്ദങ്ങള്‍ ഓരോ നിമിഷവും മാറി മാറി പ്രതിഫലിക്കുന്ന ആഴമേറിയ കടലാണ് ഡിസ്ഗ്രേസ്. ബന്ധങ്ങളുടെ സാമീപ്യവും സാമീപ്യത്തിന്റെ സമൃദ്ധമായ ആഹ്ലാദവും വിഷാദവും അല തല്ലുന്ന ഓളങ്ങള്‍. കാത്തിരിപ്പിന്റെ നിസ്സഹായതയും ജീവിതമെന്ന ദുരന്തനാടകത്തിന്റെ അസംബന്ധ കല്‍പനകളും അലയടിച്ചുയരുന്ന കടല്‍. ചില നോട്ടങ്ങളില്‍ കാണുന്ന മുഖങ്ങളെ പരിചയമുണ്ട്. കണ്ടു ഞെട്ടുന്നതിനൊപ്പം കാണാത്ത മുഖങ്ങളുടെ ആശ്വാസമുണ്ട്. കൈക്കുടന്നയില്‍ കോരിയെടുത്താലോ തെളിഞ്ഞ കണ്ണുനീര്‍ മാത്രം. കൈകള്‍ ശൂന്യമായാലും ബാക്കിനില്‍ക്കുന്നതു ശൂന്യതയല്ല, ആ നനവു തന്നെ. ചിരിച്ചും കരഞ്ഞും നിറഞ്ഞ കണ്ണിന്റെ ശുദ്ധസാന്ത്വനം. അതോ ശാപത്തിന്റെ നരകാഗ്നിയുടെ പേടിപ്പിക്കുന്ന തെളിച്ചമോ... ?
English Summary: Disgrace Novel by John Maxwell Coetzee