സ്നേഹിക്കുന്ന സ്ത്രീയോട് പറയാനുള്ളത് ഇതു മാത്രം...

RLFPA Editions
വില 300
Mail This Article
വാക്ക് വാക്കുകളോടു ചേരുമ്പോള്‍ നക്ഷത്രമാണു ജനിക്കുന്നതെങ്കില്‍ മുറിവുകള്‍ വാക്കുകളോടു സംസാരിക്കുമ്പോള്‍ ജനിക്കുന്നതു കവിത. മുറിവുകളുടെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ കഴിയും വാക്കുകള്‍ക്ക്. മുറിവുകളെ ഉണക്കാതെ ഉണര്‍ത്താനും. മുറിവുകള്‍ക്കു കവിത വാക്കുകളുടെ ചിറക് നല്‍കുന്നു; ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ആത്മാവിന്റെ സ്വന്തം ഭാഷ. ഉള്ളിന്റെ ഉള്ളിനെ തൊടുത്ത ശ്വാസം. ഉടലിന്റെയും ഉയിരിന്റെയും അടയാളം. ആത്മാവിന്റെ പുസ്തകത്തില്‍ വെളിച്ചം കാണാതെ സൂക്ഷിച്ച മയില്‍പ്പീലി ആദ്യമായി ആകാശം കാണുന്നപോലെ മുറിവുകളുടെ ആഴത്തില്‍ പ്രതിഫലിച്ച വാക്കുകളില്‍ നിന്നു വിരിയുന്ന വജ്രശോഭ. മീരാ നായരുടെ എന്‍ ബോഡിയിലെ കവിതകള്‍ക്കുമുണ്ട് വാക്കുകളുടെ കരുത്ത്. വരികളിലെ ആഴം. നാം പിന്നിടുന്ന നിമിഷങ്ങള്‍ അവശേഷിപ്പിക്കുന്ന ഏറ്റവും അര്‍ഥവത്തായ വികാര-വിചാരങ്ങള്‍. കവിതയിലൂടെ പ്രകടിപ്പിക്കാവുന്ന ജീവിതാവബോധത്തിന്റെ ഉന്‍മാദം. ജീവിതമെന്ന ബോധവും ബോധമില്ലായ്മയും. സര്‍വോപരി ഹൃദയൈക്യം.
ഇംഗ്ലിഷ് കവയത്രി മീരാ നായരുടെ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ പുറത്തിറങ്ങുന്ന മൂന്നാമത്തെ കാവ്യസമാഹാരമാണ് എന്‍ബോഡി. ഓരോ സമാഹാരവും കവിയുടെ ക്രമാനുഗതമായ വളര്‍ച്ചയുടെയും കവിതയിലെ ഉയര്‍ച്ചയുടെയും തെളിവുകള്‍ കൂടിയാണ്. അതിശയിപ്പിക്കുകയും അഹ്ലാദിപ്പിക്കുകയും ചെയ്യുന്ന കാവ്യാനുഭവം.
ലോക കവിതാ ദിനത്തില്‍ എഴുതിയ കവിതയിലാണ് എന്‍ബോഡി അവസാനിക്കുന്നത്.
വാക്കുകള്‍ ചോര ചൊരിയാന്‍
എത്ര തവണയാണു നാം
മുറിവുകള്‍
തേടിപ്പോയത് ?
വാക്കുകള്‍ ജനിക്കാന്‍
എത്ര തവണയാണു നാം
മുറിവുകളുടെ ആഴത്തിലേക്കു ചെന്ന്
അവ ഉണങ്ങാതെ അവശേഷിക്കുന്നുണ്ടെന്ന്
ഉറപ്പാക്കിയത് ?
കവിത ഏകാന്തമായ യുദ്ധഭൂമിയാണ്.
ഇന്നൊരു ദിനം നമുക്ക് ഒരുമിച്ചിരിക്കാം
നിഴലുകള്‍ക്കു സംസാരിക്കാന്‍
ഇരുട്ടില്‍ വിളക്കുകള്‍ കൊളുത്താം.
ഇന്നൊരു ദിനമെങ്കിലും പേന വലിച്ചെറിഞ്ഞ്
നമുക്ക് റോസാ പുഷ്പങ്ങള്‍ കൈമാറാം
മുറിവുകള്‍ ഉണങ്ങട്ടെ; വാക്കുകള്‍ വിശ്രമിക്കട്ടെ.
യാത്ര പറയുന്ന ഡിപാര്‍ച്ചര്‍ ലോഞ്ചിലാണ് കാവ്യ സമാഹാരത്തിന്റെ തുടക്കം. ബാഗേജ് തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന കൗണ്ടറിലെ സ്ത്രീ. ബാഗില്‍ വാക്കുകള്‍ മാത്രമാണെന്ന ന്യായം വിലപ്പോകുന്നില്ല. അഗാധവും അപരിഷ്കൃതവും ഇരുണ്ടതുമായ വാക്കുകള്‍. ഭാരമേറിയതെന്ന വിശേഷണത്തോടെ മെറ്റാലിക് ബെല്‍റ്റിലൂടെ ബാഗേജിന്റെ ഏകാന്തയാത്ര. ലേബലില്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന മുന്നറിയിപ്പും.
അവന്റെ അവഗണനയാല്‍ ഭാരമേറിയ വാക്കുകള്‍ !
കമല എന്ന കവിതയില്‍ ബാഹ്യമായ പരാമര്‍ശങ്ങളില്ലാതെതന്നെ അക്ഷരങ്ങളില്‍ സ്വന്തം ജീവന്റെ ചൂട് പകര്‍ന്ന എഴുത്തുകാരിയോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന കവയത്രിയെ കാണാം.
ഞാന്‍ ജനിക്കുന്നതിനു മുന്‍പേ
എന്റെ വായില്‍നിന്നു വാക്കുകള്‍ മോഷ്ടിച്ചു സ്വന്തമാക്കിയ നീ.
നിന്റെ താളുകള്‍ മറിക്കുമ്പോള്‍
നമ്മെ തെറ്റായി വായിച്ചവരെ നോക്കി
നാം ഒരുമിച്ചു ചിരിക്കുന്നു.
കവിതയുടെ താമര (കമല) നിറശോഭയോടെ വിരിയുകയാണ്. കവിതയിലൂടെ തെറ്റിധരിക്കപ്പെട്ട സ്ത്രീകളുടെ പൊട്ടിച്ചിരിയുടെ താളത്തില്‍. കവിതയെഴുതുന്ന ഓരോ സ്ത്രീയുടെയും ഭാഗ്യവും നിര്‍ഭാഗ്യവും കൂടിയാണത്.
കവിതയില്‍ മീര ഒറ്റപ്പെടുന്നുണ്ട്; സാമൂഹികമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുമുണ്ട്. കോവളം എന്ന കവിതയില്‍ സ്വന്തം നാട്ടിലൂടെ വിനോദസഞ്ചാരികളായി നടക്കേണ്ടിവരുന്ന സ്വദേശിക്കാഴ്ചകളുടെ വൈരുധ്യമുണ്ട്.
കത്തുവയില്‍ ( ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെടുകയും വീട്ടുകാരെപ്പോലും കാണിക്കാതെ ചിതയില്‍ എരിഞ്ഞൊടുങ്ങുകയും ചെയ്ത യുവതിയുടെ ഗ്രാമം)
നമുക്ക് പെണ്‍കുട്ടികള്‍ ജനിച്ചില്ലല്ലോ
എന്നോര്‍ത്ത് ആശ്വസിക്കുന്ന ആണ്‍കുട്ടികളുടെ അമ്മയെ കാണാം.
ഫെമിനിസത്തിന്റെ വ്യവസ്ഥാപിത ആദര്‍ശങ്ങളില്‍ നിന്നു മാറിനടന്നു സ്ത്രീയുടെ വ്യക്തിത്വം കണ്ടെത്തുന്ന എന്‍ബോഡിയിലെ കവിതകള്‍ സ്ത്രീയുടെ, സ്തീക്കു മാത്രം കഴിയുന്ന പരസ്പര പൂരകമായ സ്നേഹപ്രകടനങ്ങളാണ്. പുരുഷന്റെ കരുത്തും ദൗര്‍ബല്യവും ഉള്‍ക്കൊണ്ട്, എല്ലാ കപടനാട്യങ്ങളും മനസ്സിലാക്കി സ്വീകരിക്കുകയും സ്നേഹിക്കുകയും എന്നാല്‍ വാക്കുകളിലൂടെ അവനെ പൂരിപ്പിക്കുകയും ചെയ്യുന്ന സ്ത്രീ എന്ന സവിശേഷ വ്യക്തിത്വത്തിന്റെ സ്വാഭാവികത. ഒപ്പം ഒറ്റയ്ക്കു നില്‍ക്കുന്ന കരുത്തിന്റെ സൗന്ദര്യവും.
സ്നേഹിക്കുന്ന സ്ത്രീയോട് പറയാനുള്ളത് ഇതു മാത്രം:
ഒരു ചെടി നടൂ.
മല കയറൂ.
സൂര്യോദയം കാണൂ.
നൃത്തച്ചുവടുകള്‍ വച്ചു പ്രശസ്തയാകൂ.
കവിത എഴുതൂ.
വായിക്കൂ.
ഇതാ നിനക്കെന്റെ വിലപ്പെട്ട ആലിംഗനം
നിന്റെ മുറിവുണങ്ങട്ടെ !
സ്ത്രീയുടെ സ്നേഹം ഭീകരമാണ്; ദാരുണവും. അതൊരു ക്ഷണമാണ്; മുന്നറിയിപ്പും.
എന്റെ സ്നേഹത്തിന്റെ തീവ്രതയില്‍
വിജനമായ രാത്രിയിലെ
യാത്രക്കാരൊഴിഞ്ഞ പാതയില്‍
സ്റ്റിയറിങ് വീലില്‍നിന്നു കൈ പിന്‍വലിച്ച്
പാര്‍ക് ചെയ്ത ലോറിയിലേക്കു
നീ കാര്‍ ഓടിച്ചുകയറ്റുന്നു !
എന്റെ സ്നേഹം ഭീകരമാണ്...
എന്‍ ബോഡിയിലെ ഓരോ കവിതയിലുമുണ്ട് മികവിന്റെ മുദ്ര. വ്യക്തി നേരിടുന്ന പ്രശ്നങ്ങളായാലും സാമൂഹിക പ്രതിസന്ധികളായാലും ആര്‍ജവത്തോടെ മീര കവിതയിലൂടെ നേരിടുന്നു. കവിതയുടെ രസതന്ത്രം മനസ്സിലാക്കിയ, യഥാര്‍ഥ കവിക്കു മാത്രം കഴിയുന്ന അനായാസതയോടെ. സത്യസന്ധതയോടെ. പ്രതിബന്ധതയോടെ. ഒറ്റവായനയ്ക്കുള്ളതല്ല ഈ കവിതകള്‍. ഒരായുസ്സിനുമുള്ളതല്ല. എപ്പോള്‍ വേണമെങ്കിലും തിരിച്ചുചെല്ലാന്‍ പ്രലോഭിപ്പിക്കുന്ന ജന്‍മനാടിന്റെ സാന്ത്വനം പോലെ, ഏത്രയും പ്രിയപ്പെട്ട ഓര്‍മകള്‍ പോലെ, ഓരോ ജീവിതത്തോടും ചേര്‍ന്നുനില്‍ക്കുന്ന ജീവന്റെ ജീവന്‍.
English Summary: En Body book written by Meera Nair