വീണ്ടും ചില മീശ വിശേഷങ്ങള്‍
ഡിസി ബുക്സ്
വില 130 രൂപ
Mail This Article
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിനെ എഴുത്തുകാരനാക്കുന്നത് അദ്ദേഹത്തെപ്പോലെ പ്രതിഭാശാലിയായ മറ്റൊരു എഴുത്തുകാരനാണ്; കാഫ്ക. നേരിട്ടല്ല; കഥയിലൂടെ. ഒരൊറ്റ കഥയിലൂടെ. മെറ്റമോര്‍ഫസിസ് അഥവാ വിപരിണാമം എന്ന പ്രശസ്തമായ നീണ്ടകഥ. വിദ്യാര്‍ഥിയായിരിക്കെ ഒരു രാത്രിയാണ് മാര്‍ക്വിസ്, ഗ്രിഗര്‍ സാംസയ്ക്കു സംഭവിച്ച അദ്ഭുതകരവും വിചിത്രവുമായ വിപരിണാമത്തിന്റെ കഥ വായിച്ചുതുടങ്ങുന്നത്. കഥ വായിച്ചുതീര്‍ന്നപ്പോള്‍ തന്നില്‍ തനിക്കറിയാത്ത എന്തോ സംഭവിച്ചുവെന്ന് മക്കൊണ്ടയെ ലോകസാഹിത്യത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച മാര്‍ക്വിസ് പിന്നീട് എഴുതിയിട്ടുണ്ട്. എഴുത്തിന്റെ ശക്തിയും അക്ഷരങ്ങളുടെ കരുത്തും ഭാവനയുടെ മാഹാത്മ്യവും അദ്ദേഹത്തെ ആ കഥ ബോധ്യപ്പെടുത്തി. പിന്നീട് എഴുതാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. അങ്ങനെ, കഥ പറയാന്‍ മാത്രം ജീവിച്ചിരുന്നൊരാള്‍ (ലിവിങ് ടു ടെല്‍ ദ് ടെയില്‍) എന്നു സ്വയം വിശേഷിപ്പിച്ച മാര്‍ക്വിസ് എന്ന എഴുത്തുകാരന്‍ ജനിക്കുന്നു. ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലൂടെ നൊബേല്‍ സമ്മാനം നേടുകയും അതിനുശേഷം വീണ്ടുമൊരനശ്വര കൃതി (കോളറക്കാലത്തെ പ്രണയം) എഴുതി ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്ത വിപരിണാമം.
മാര്‍ക്വിസിനെപ്പോലെ മറ്റു പല എഴുത്തുകാരും തങ്ങളെ പ്രചോദിപ്പിച്ച, പ്രേരിപ്പിച്ച സാന്നിധ്യങ്ങളെക്കുറിച്ച് വാചാലരായിട്ടുണ്ട്. എന്നാല്‍ പ്രചോദനം മുന്‍ഗാമികളില്‍ നിന്നായിരുന്നു. പല എഴുത്തുകാരും തങ്ങളുടെ സമകാലികരെക്കുറിച്ച് ബോധപൂര്‍വമായ മൗനം പാലിക്കുകയോ അജ്ഞത നടിക്കുകയോ പോലും ചെയ്യാറുണ്ട്. പ്രഫഷനല്‍ ജെലസി, സീക്രട്ട് എന്നൊക്കെ സൗകര്യപൂര്‍വം പേരു വിളിക്കാവുന്ന മറവി. പുതുതലമുറയില്‍ ഈ പ്രവണതയ്ക്ക് കുറേയൊക്കെ മാറ്റം വരുന്നുണ്ടെങ്കിലും ഒരേ കാലഘട്ടത്തില്‍ ഒരേ സാഹിത്യ വിഭാഗത്തില്‍ എഴുതുന്നവരില്‍, ഒരാള്‍ മറ്റൊരാളെക്കുറിച്ച് എഴുതുന്നത് അപൂര്‍വത തന്നെയാണ്. മീശ മാഹാത്മ്യം എന്ന പുസ്തകത്തിന്റെ സവിശേഷതയും അതുതന്നെയാണ്. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പേരെടുത്ത രാജീവ് ശിവശങ്കര്‍ അദ്ദേഹത്തിന്റെ തലമുറയിലെ നോവലിസ്റ്റും ചെറുകഥാകൃത്തുമായ എസ്. ഹരീഷിന്റെ നോവലിനെക്കുറിച്ച് എഴുതുന്ന അപൂര്‍വത. മീശ നോവലിന്റെ പുതുവഴികളിലൂടെ നടത്തുന്ന സഞ്ചാരം.
ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്ക്കാരത്തുകയുള്ള അവാര്‍ഡും കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരവും നേടിയ നോവലാണു മീശ. ആസ്വാദകര്‍ക്കും വിമര്‍ശകര്‍ക്കും തള്ളിക്കളയാനോ അവഗണിക്കാനോ വിസ്മരിക്കാനോ കഴിയാത്ത സാന്നിധ്യം. ഒരു പടി കൂടി കടന്ന്, മലയാള നോവലിന്റെ ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച മൂന്നു നോവലുകളില്‍ ഒന്നെന്നുകൂടി വായനക്കാരനെന്ന നിലയില്‍ രാജീവ് ശിവശങ്കര്‍ മീശയെ കാണുന്നു. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എന്‍.എസ് മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്നിവയാണു രാജീവിനെ ആകര്‍ഷിച്ച മറ്റു രണ്ടു നോവലുകള്‍. മീശ വഴിത്തിരിവാണെന്നു പറയുന്ന അദ്ദേഹം തന്റെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം വ്യക്തമാക്കുന്ന പുസ്തകമാണ് മീശ മാഹാത്മ്യം. മീശയ്ക്കുവേണ്ടിയുള്ള ശക്തമായ വാദമുഖങ്ങള്‍. എഴുത്തുകാരന്റെയും വായനക്കാരന്റെയും കണ്ണിലൂടെ വായിക്കുകയാണു മീശ. നോവല്‍ വായിച്ചവരെപ്പോലും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ കാമ്പും കഴമ്പുമുള്ള എഴുത്ത്. ഒരു എഴുത്തുകാരന്റെ മൗലികമായ നിരീക്ഷണങ്ങളും സൃഷ്ടിയിലെ അപൂര്‍വ ആനന്ദങ്ങളും കൗതുകങ്ങളും കണ്ടെത്തലുകളും അനാവരണം ചെയ്യാന്‍ സഹപ്രവര്‍ത്തകനായ മറ്റൊരു എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമം. മൂന്നു ഭാഗങ്ങളില്‍ 17 അധ്യായങ്ങളിലൂടെ, മീശ എങ്ങനെ മലയാളത്തിലെ എണ്ണപ്പെടുന്ന നോവലായി മാറിയെന്നു പുസ്തകം വിശദീകരിക്കുന്നു; മീശ എന്തുകൊണ്ട് മാഹാത്മ്യം അവകാശപ്പെടുന്നുവെന്നും.
നിരൂപകന്റെ സൂക്ഷ്മദൃഷ്ടി കാണാതെപോകുന്ന ചില കാര്യങ്ങളുണ്ട്. അല്ലെങ്കില്‍ സൗകര്യപൂര്‍വം അവഗണിക്കുന്നവ. സമകാലികനായ മറ്റൊരു എഴുത്തുകാരനു മാത്രം കാണാനും അനുഭവിക്കാനും കഴിയുന്നതും എന്നാല്‍ തുറന്നുപറയുന്നതു പതിവില്ലാത്തതുമായ വസ്തുതകള്‍. നോവലില്‍ നിന്ന് സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ട് നമ്മുടെ കാലഘട്ടത്തിലെ ഒരു എഴുത്തുകാരന്‍ 75 വര്‍ഷം മുന്‍പുള്ള കാലത്തെയും പ്രകൃതിയെയും ജീവിതത്തെയും ഭാഷയെയും സംസ്കാരത്തെയും ഏറ്റവും പുതിയ ഭാഷയില്‍ പുനഃസൃഷ്ടിക്കുന്നതിന്റെ സൃഷ്ടിരഹസ്യങ്ങളുടെ മാന്ത്രിക വാതിലുകള്‍ തുറക്കാന്‍ ഈ പുസ്തകത്തിനു കഴിയുന്നുണ്ട്. അന്ധമായ ആരാധനയില്ല. അതിപ്രശംസയുടെ മാറാലയില്ല. എന്നാല്‍ ഇഷ്ടം ഒരിക്കലും മറച്ചുവയ്ക്കാതെ മീശ മാഹാത്മ്യം വെളിവാകുന്നു.
തന്നിലെ നിരൂപകനെക്കാള്‍ വായനക്കാരനാണ് മീശ മാഹാത്മ്യം എഴുതിയതെന്നു പറയുന്ന രാജീവ് ഒട്ടേറെത്തലങ്ങളില്‍ നോവല്‍ വിലയിരുത്തുന്നുണ്ട്. ഭാഷ, സംസ്കാരം, കഥാപാത്ര ചിത്രീകരണം, ഭാവന, ചരിത്രം എന്നിങ്ങനെ വേറിട്ടുതന്നെ ഓരോ വിഭാഗത്തിലേക്കും അദ്ദേഹം കടന്നുചെല്ലുന്നു. ശ്രദ്ധേയമായ സവിശേഷതകള്‍ തെളിഞ്ഞ ഭാഷയില്‍ എടുത്തുകാട്ടുന്നു. മലയാളത്തില്‍ തീര്‍ച്ചയായും ഇതൊരു പുതുവഴിയാണ്. നാളെ ഈ മാതൃകയില്‍ ഇനിയും പുസ്തകങ്ങള്‍ ജനിച്ചാല്‍ ഭാഷയ്ക്കും സംസ്കാരത്തിനും പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടാകും.
മീശയുടെ വായന പൂര്‍ണമാകാന്‍ ഇനി പലര്‍ക്കും മീശമാഹാത്മ്യം കൂടി വേണ്ടിവരും. അത്തരമൊരു അനിവാര്യത സൃഷ്ടിക്കാന്‍ രാജീവിനു കഴിയുന്നുണ്ട്. സമൃദ്ധമായ വായനയ്ക്ക് കുട്ടനാടന്‍ പാടം ഒരുക്കിയിട്ട എസ്. ഹരീഷിന് നന്ദി പറയുന്ന രാജീവിനോടും നന്ദി പറയേണ്ടിവരും മലയാള സാഹിത്യ വായനക്കാരും വിദ്യാര്‍ഥികളും ഗവേഷകരും.
English Summary : Book Review - Meesha Mahathyamam by Rajeev Sivasankar