വള്ളിപ്പടർപ്പുകൾക്കിടയിൽ ഒളിച്ച ഘോരസർപ്പങ്ങൾ, ഭീതിജനകമായ ആ രാത്രി സംഭവിച്ചത്!
Mail This Article
വള്ളിപ്പടർപ്പുകൾക്കിടയിൽ ഘോര സർപ്പങ്ങളൊളിച്ചു. തീപ്പന്തങ്ങൾ രാവിനെ പകലിനു തുല്യമാക്കി. ആയിരമായിരം നിലവിളക്കുകള്‍ ജ്വലിക്കുന്നു. യന്ത്രമധ്യത്തിൽ ഏകപാദമൂന്നി നിലയുറപ്പിച്ചിരിക്കുകയാണ് ഭദ്രൻ. ചുണ്ടുകൾ മന്ത്രമുദ്രം. കാവിനുള്ളിലെ വായുപ്രവാഹത്തിൽ വിളക്കുകൾ കെടുമോയെന്ന് ശിഷ്യൻമാർ ഭയന്നു. പക്ഷേ ആഞ്ഞടിച്ച കാറ്റിനും വിളക്കണക്കാനുള്ള കഴിവുണ്ടായില്ല. രക്തവും നേദ്യവും തന്നു തൃപ്തിപ്പെടുത്തുന്ന ഭക്തന്റെ ആജ്ഞയനുസരിക്കാൻ തയാറായി മൂർത്തികളെല്ലാം കാത്തുനിൽക്കുകയാണ്. കാവിനുള്ളിൽ നിന്നും കൂമനും കഴുകും മാർജാരവുമായി പുറത്തിറങ്ങി സന്നിഹിതരായി.
തീക്കണ്ണുകളുമായി നിൽക്കുന്ന അവരെ ഇത്തവണ ശിഷ്യൻമാര്‍ ഭയന്നില്ല, കാരണം അവരുടെ ശ്രദ്ധയത്രയും കാവിനുള്ളില്‍ നെടുങ്കം നിലനിന്നിരുന്ന പാലച്ചുവട്ടിലേക്കായിരുന്നു. നിരവധി മൂർത്തികളെ ബന്ധിച്ച പാലയിൽ ആഴത്തിൽ അടിച്ചിറക്കിയ കൊളുത്തിൽ ഒരു രൂപം തൂങ്ങിയാടുന്നുണ്ടായിരുന്നു. മഹേന്ദ്രന്റെ ബീഭത്സ രൂപം. നേരീയ ഞരക്കം പോലുമില്ലാതെ ആ രൂപം അവിടെ നിശ്ചലനായി കിടന്നു.
അമ്മാവന്റെ സമീപത്ത് മാന്ത്രിക വടിയുമേന്തി രാമനാഥന്‍ നിന്നിരുന്നു. പാലയിലാഴ്ന്നിറക്കിയ ആ കൊളുത്തിത്തിലല്ല ആ ബന്ധനമെന്ന് രാമനാഥന് അറിയാമായിരുന്നു, മഹേന്ദ്രനെ ബലമായി പിടിച്ചു നിർത്തിയിരിക്കുന്ന പക്ഷി മുഖമുള്ള ബഗളാമുഖി ദേവിയെയും ചിന്ന മസ്തായെയും നഗ്നനേത്രങ്ങളാൽ അയാൾ കണ്ടു.
അയാൾ തന്റെ പുറത്തിരുവശത്തുമുള്ള മുറിവിൽ സ്പർശിച്ചു. ഇന്നലത്തെ കൃത്യസമയത്ത് ഭദ്രൻ ഇറങ്ങി വന്നതുകൊണ്ടാണ് താൻ രക്ഷപ്പെട്ടത്. പുറത്ത് അള്ളിപ്പിടിച്ചു കഴുത്തിലേക്കു കോമ്പല്ലിറക്കാനാഞ്ഞപ്പോൾ മാന്ത്രിക ദണ്ഡുപയോഗിച്ച് ഭദ്രൻ പ്രഹരിച്ചതിനാൽ പിന്മാറുകയായിരുന്നു. വൈകിട്ടോടെ മന്ത്രദീക്ഷ തന്നു മൂലമന്ത്രമുപദേശിച്ചു.
ബഗളാമുഖിയും ചിന്നമസ്തയും തനിക്കു പ്രത്യക്ഷമായത് ഇന്നലെ പതിനായിരത്തൊമന്നു വട്ടമുരക്കഴിച്ച മന്ത്രസിദ്ധിയാലാണെന്നു അയാൾക്ക് മനസ്സിലായി. കാവിനുള്ളിൽ ചൂളമടിക്കുന്ന കാറ്റിലേക്കു അയാളുടെ ശ്രദ്ധപോയി. അടുത്തനിമിഷം അയാൾ പെരുവിരൽ നിലത്തൂന്നിയുയർന്നു.
....സ്ത്രീം ക്രീം ക്രീം ക്രീം ഫട് സ്വാഹാ..അത്യുന്നത കാളീ ധൂമാവതി മന്ത്രം തന്നെ രാമനാഥന്റെ ചുണ്ടിൽ നിന്നുയർന്നു. ഒരു നിമിഷം കാവൊന്നാകെ സ്തംഭിച്ചതുപോലെയായി. ഇലവീണാൽ കേൾക്കുന്ന നിശബ്ദത. കാലുകൾ താഴെ ചവിട്ടി രാമനാഥൻ ചുറ്റും നോക്കി. അതുവരെ അൽപ്പം പുച്ഛത്തോടെ നോക്കിയിരുന്നു ഭദ്രന്റെ ശിഷ്യഗണങ്ങളുടെ നയനങ്ങളിൽ ആരാധന.
.........
പുള്ളോൻ അകലെ പൊട്ടുപോലെ നടന്നു നീങ്ങുന്നത് രാഹുലൻ കണ്ടു. വരാഹ മൂർത്തി വടക്കും, നരസിംഹ മൂർത്തി തെക്കും, ഗരുഡൻ പശ്ചിമ ദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള ത അഞ്ജനേയ രൂപം മനസ്സിൽ സങ്കല്‍പ്പിച്ചതും രാഹുലന്റെ മുന്നിൽ ആ കൊടുമുടി തലതാഴ്ത്തി തന്റെ ഉള്ളറ തുറന്നു കൊടുത്തു. രാഹുലൻ നരിച്ചീറുകൾ പറക്കുന്ന ആ ഗുഹാമുഖത്തേക്കു കടന്നു. ഗുഹയ്ക്കുള്ളിൽ ആദിത്യനാഥന്റെ ജീര്‍ണ്ണമാകാത്ത ശരീരം.
പൗർണ്ണമി ഉദിക്കാൻ ഇനി നാഴികകളേ ഉളളൂ. തൊപ്പമലയുടെ നിഴൽ ആര്യൻ കാവിനുനേരേ വരുമ്പോൾ ഏതോ ദ്വാരത്തിലൂടെ ആദിത്യനാഥന്റെ തലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന സഹസ്രാര ചക്രത്തിൽ പ്രകാശം പരക്കും അതേ സമയം ആര്യൻ കാവിലെ അദ്ദേഹത്തിന്റെ മന്ത്രമൂർത്തിയും പ്രത്യഭിവാദനം നല്‍കും. ആ മൂര്‍ത്തിയെ ആ സമയം തൃപ്തിപ്പെടുത്തിയാൽ. ആദിത്യനാഥനെ നോക്കി നിൽക്കുമ്പോള്‍ ഗുരുവായ ജൈനേശ്വര നാഥനെ ഓർമ വന്നു.
ജാലനന്ദ പിരിന്തയുടെ മന്ത്രങ്ങളുതിരുന്ന മൊണാസ്ട്രിയിലെ ആ മൂലയിലെ വെളുത്ത സർപ്പ പ്രതിമയിലേക്കു കൈചൂണ്ടി ജൈനേശ്വര നാഥൻ പറഞ്ഞു. ഗുരു ആദിത്യനാഥ് ഇവിടെ പ്രാർഥിച്ചാണ് മന്ത്രസിദ്ധി നേടിയത്. അവിടെ നിന്നും വര്‍ഷങ്ങൾക്കുശേഷം തൊപ്പിമലയിലേക്കു ബുദ്ധവിഹാര സ്ഥാപനത്തിനായി എത്തി.
ദുർമന്ത്രവാദികളെ അടക്കിയശേഷം തൊപ്പമലയിൽ അയാൾ യോഗനിദ്യയിലാണ്ടു, വർഷങ്ങൾക്കിപ്പുറം ആ പരമ്പരയിൽ നിന്നൊരു രാഹുലൻ എത്തിയിരിക്കുന്നു, വിധി നിയോഗമാകാം അത്. അദിത്യനാഥന്റെ മന്ത്ര മൂർത്തി ഷുനാൻ എന്ന ആ ദേവത മൈലുകള്‍ക്കപ്പുറം കേരളത്തിലെ ഒരു ഗ്രാമത്തിൽ ആദിത്യനാഥന്റെ ശിഷ്യ പരമ്പരയെ കാത്തിരിക്കുന്നു. ആ ദേവതയെ മോചിപ്പിച്ചു തിരിച്ചെത്തിക്കണം.
ഏതോ ശബ്ദം രാഹുലനെ ചിന്തയിൽ നിന്നുണർത്തി. തനിക്കപരിചിതമായ ഒരു ദേവതാ സാന്നിധ്യം കാവിലുണ്ടെന്നു മഹേന്ദ്രനെങ്ങനയാണറിഞ്ഞത്. ആ സാന്നിധ്യം കൈക്കലാക്കാനൊരുങ്ങിയപ്പോഴാണ് അയാൾ ജീവച്ഛവമായി കോളിമലയുടെ ഗർത്തത്തിലേക്കു വീണത്. ഭദ്രൻ അയാളെ മറ്റൊരു മൂർത്തിയായി പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ആ മൂർത്തിയുടെ സഹായത്തോടെ ആര്യൻ കാവിലെ രഹസ്യമറിയാനാണ് മഹേന്ദ്രന്റെ ശ്രമം. പക്ഷേ ദുർമന്ത്രവാദം ചെയ്യുന്ന ഭദ്രനു ഷുനാനെ കയ്യടക്കാനായാൽ പിന്നെ തനിക്കൊന്നും ചെയ്യാവില്ല.
രാഹുലൻ പരിക്ഷീണനായി തിരിച്ചെത്തിയിരിക്കുന്നു. ഏവരും ഉദ്യോഗത്തോടെ നോക്കി നിന്നു. ചിന്താമഗ്നനാണ് രാഹുലൻ. ശങ്കരനുണ്ണിക്ക് രാഹുലൻ എന്തു തേടിയാണ് പോയതെന്നുപോലും വ്യക്തതയില്ലെങ്കിലും എന്തോ ഒന്നു സംഭവിച്ചതായി മനസ്സിലാക്കാനായി, രാഹുലൻ ചാരുകസേരയിലിരുന്നു. ആര്യൻ കാവിലേക്കു കണ്ണോടിച്ചു. ഏക്കറോളം വിസ്തൃതിയുള്ള കാവ്.
ഇവിടെ ഏതു രൂപത്തിൽ എന്തായി ആയിരിക്കും ആ ശക്തി കുടികൊണ്ടിരിക്കുക. എങ്ങനെ തിരിച്ചറിയും. ഒരു ഓട്ടുകിണ്ടി വീണുടയുന്നതു കേട്ടു ഞെട്ടി അകത്തായിലേക്കു നോക്കിയശേഷം പിന്നെയും ചിന്തയിലാണ്ട രാഹുലൻ പെട്ടെന്നൊന്നു ഞടുങ്ങി. എവിടെയോ രണ്ടു വെള്ളാരം കണ്ണുകളുമായി തന്റെ നോട്ടമൊന്നിടഞ്ഞുവോ. സർപ്പ നയനങ്ങൾ?
English Summary: Aryankavu Horror Novel By Jalapalan Thiruvarppu