ഞങ്ങൾക്കങ്ങ് അമേരിക്കയിലുമുണ്ടെടാ പിടി! : ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ അശ്വിൻ രാജ് പറയുന്നു
Mail This Article
എഴുത്തിലേക്ക് വെറുതെ ഒരു ആവേശത്തിന് ഇറങ്ങിയ ആളല്ല അശ്വിൻ. വ്യക്തമായി എഴുത്ത് എന്ന പ്രഫഷനെക്കുറിച്ച് പഠിച്ചിട്ടും മനസ്സിലാക്കിയിട്ടും തന്നെയാണ് അദ്ദേഹം തന്റെ ആദ്യത്തെ പുസ്തകമായ ‘മൈ ഗേൾഫ്രണ്ടസ് ജേണൽ’ പുറത്തിറക്കിയത്. ആമസോൺ കിൻഡിലിൽ ആയിരുന്നു പുസ്തകം ആദ്യമായി പുറത്തിറക്കുന്നത്. പിന്നീട് മാസങ്ങൾക്കു ശേഷം അമേരിക്ക ഉൾപ്പെടെയുള്ള എട്ടു രാജ്യങ്ങളിൽ ആമസോണിന്റെ കീഴിൽ തന്നെ അത് പുസ്തകമായി പുറത്തിറങ്ങി. പിന്നെയും മാസങ്ങൾക്കിപ്പുറമാണ് ബുക്സ്‌തകം പബ്ലിഷേഴ്സ് വഴി അശ്വിൻ തന്റെ പുസ്തകം ഇന്ത്യയിൽ പുറത്തിറക്കുന്നത്. അപ്പോഴേക്കും ആമസോണിൽ നിരവധി തവണ ബെസ്റ്റ് സെല്ലിങ് എഴുത്തുകാരൻ എന്ന വിശേഷണം അദ്ദേഹം നേടിയിരുന്നു.
ആദ്യത്തെ ബുക്ക് ‘‘ദ ജേർണൽ ഓഫ് മൈ ഗേൾ ഫ്രണ്ട്’’ ഒരു ഡയറിയെഴുത്ത് രീതിയിലുള്ള പുസ്തകമാണ്. പതിനെട്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ഡയറിയെഴുതിയാൽ എങ്ങനെയുണ്ടാകും? അവളുടെ അനുഭവങ്ങളുടെ പരിധിയും വ്യാപ്തിയും ഒക്കെ ആ ഡയറിയെഴുത്തിൽ വ്യക്തമായുണ്ടാകും. അതെ രീതിയിൽ തന്നെയാണ് പുസ്തകവും.’’ ആദ്യത്തെ പുസ്തകത്തെക്കുറിച്ച് അശ്വിൻ പറയുന്നു.
ജോലി ഇനിയില്ല
നാഷണൽ സർവീസ് സ്‌കീമിന്റെ ഫീൽഡ് ഓഫീസറായിരുന്നു. കഴിഞ്ഞ ലോക്ക് ഡൗണിലാണ് ആദ്യത്തെ പുസ്തകം പുറത്തിറങ്ങിയത്. അന്ന് എന്തോ ഭാഗ്യം കൊണ്ട് ജോലിയ്ക്ക് പോകണ്ടാത്ത സമയമാണ്. പുസ്തകം ഇറങ്ങിക്കഴിഞ്ഞു പിന്നെ എഴുത്തിന്റെ ലഹരിയറിഞ്ഞു. ഒരിക്കൽ നാം അതിലേക്ക് എത്തിപ്പെട്ടാൽ അത് വേണ്ടെന്നു വയ്ക്കുക എളുപ്പമുള്ള കാര്യമല്ല. എഴുത്ത് തന്നെയാണ് ജീവിതം എന്ന് പതുക്കെ തിരിച്ചറിയുകയായിരുന്നു. സമാന മനസ്കരായ കുറച്ചു എഴുത്തുകാരുടെ കൂടെ ചേർന്ന് ബുക്സ്‌തകം എന്ന ലിറ്റററി കൺസൾട്ടൻസി അങ്ങനെയാണ് തുടങ്ങുന്നത്. മലയാളത്തിലും ഇംഗ്ലിഷിലുമായി പല എഴുത്തുകാരുടെയും കുറച്ചു പുസ്തകങ്ങൾ ഈ ഒരു വർഷത്തിൽ പുറത്തിറക്കി. ഇന്ത്യയിൽ തന്നെയുള്ള പല വായനക്കാരുമായി സംവദിക്കാനും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനും കഴിഞ്ഞു. അതോടെ ഒരു തീരുമാനം എടുത്തിരിക്കുകയാണ്, ഇനി എഴുത്ത് തന്നെയാണ് മുഴുവൻ സമയ ജോലി. എൻ എസ് എസിൽ തിരിച്ച് ഇടയ്ക്ക് ജോലിക്ക് കയറിയിരുന്നു. ജോലിയോടുള്ള ഇഷ്ടക്കേടല്ല, മറിച്ച് എഴുത്തിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് ഇനി എഴുത്ത് മാത്രം മതിയെന്ന് തീരുമാനിക്കാൻ കാരണം.
കിൻഡിൽ പബ്ലിഷിങ് എളുപ്പമാണ്.
ഞാൻ ഒരു പുതിയ ആളാണ്, ഇവിടെ കേരളത്തിൽ ഒരു ഇംഗ്ലിഷ് പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കേണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് ആമസോണിന്റെ പബ്ലിഷിങ് സൗകര്യത്തിലേക്കെത്തുന്നത്. ഇംഗ്ലിഷ് പുസ്തകം ആയതുകൊണ്ട് തീർച്ചയായതും ലോകമെങ്ങും വായനക്കാർ ഉണ്ടായിരിക്കണമല്ലോ. അപ്പോൾ അതേക്കുറിച്ച് വ്യക്തമായി പഠിക്കാൻ തുടങ്ങി. എങ്ങനെ കിൻഡിലിൽ നമ്മൾ എഴുതിയത് പുസ്തകത്തിന്റെ ഫോർമാറ്റിൽ അപ്ലോഡ് ചെയ്യാം, എങ്ങനെയാണ് അതിന്റെ മാർക്കറ്റിങ് തന്ത്രങ്ങൾ, എന്തൊക്കെ സാധ്യതകൾ അതിനുണ്ട് എന്നൊക്കെ നന്നായി അന്വേഷിച്ചു. ഒരുപാട് അവസരങ്ങൾ നൽകുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ഇത്, പലർക്കും അതിനെക്കുറിച്ച് വ്യക്തമായി അറിയാത്തതു കൊണ്ടാണ് അത് ഉപയോഗിക്കാൻ മടിക്കുന്നത്.
1 നമുക്ക് തന്നെ പുസ്തകം പി ഡി എഫ് ഫോർമാറ്റിൽ അപ്ലോഡ് ചെയ്യാൻ സാധിക്കും, അതിനായി നമ്മുടെ പേരിൽ ഒരു ആമസോൺ അക്കൗണ്ട് ഉണ്ടായാൽ മതി
2 കൃത്യമാണ് ആമസോണിന്റെ റോയൽറ്റി ഇടപാടുകൾ. നമ്മുടെ അക്കൗണ്ട് സിങ്ക് ചെയ്യുന്നുണ്ട് അതിൽ അതുകൊണ്ട് എല്ലാ മാസവും എത്രയാണോ റോയൽറ്റി അത് അക്കൗണ്ടിൽ എത്തും.
3 മുപ്പത് ശതമാനം മുതൽ എഴുപത് ശതമാനം വരെ റോയൽറ്റി നമുക്ക് അവിടെ നിന്ന് ലഭിക്കും. പുസ്തകത്തിന്റെ വില അനുസരിച്ചാണ് അത് ലഭ്യമാവുക. മറ്റേത് പബ്ലിഷറാണ് ഇത്ര വലിയൊരു റോയൽറ്റി എഴുത്തുകാരന് നൽകുക?
4 വായിച്ചവർക്ക് അവരുടെ നിരൂപണങ്ങൾ അവിടെ തന്നെ ഇടാനുള്ള അവസരമുണ്ട്, മാത്രമല്ല പുസ്തകത്തിന് റേറ്റിങ്ങും നൽകാം.
ലൈസ് ഓഫ് ട്രൂത്ത്
മൂന്ന് പുസ്തകങ്ങളുടെ ഒരു സീരീസ് ആണ് ലൈസ് ഓഫ് ട്രൂത്ത്. അതിലെ മൂന്ന് പുസ്തകങ്ങളും ഇപ്പോൾ പുറത്തിറങ്ങിക്കഴിഞ്ഞു. മൈ ഗേൾഫ്രൻഡ്‌സ് ജേണൽ, മൈ ബോയ് ഫ്രൻഡ്‌സ് കൺഫെഷൻ, മൈ ഡാഡ്‌സ് ഫ്യൂണറൽ എന്നിവയാണ് മൂന്ന് പുസ്തകങ്ങൾ. റിയലിസ്റ്റിക് ഫിക്ഷനുകളാണ്. എന്നാൽ ആദ്യത്തെ രണ്ടു പുസ്തകങ്ങളിലും അടുത്ത ഒന്നിലേക്ക് സഞ്ചരിക്കാനുള്ള വഴികളുണ്ട്. കാത്തിരിക്കാനുള്ള കാരണങ്ങളും. അവസാനത്തെ പുസ്തകത്തിൽ നിന്ന് വീണ്ടും ആദ്യത്തെ പുസ്തകത്തിലേയ്ക്കുമുള്ള ഒരു വഴി തുറന്നു കിടപ്പുണ്ട്. ഓരോ പുസ്തകവും ഓരോ വളർച്ചയുടെ ഭാഗം പോലെയാണ്. ആദ്യത്തെ പുസ്തകം ഒരു പെൺകുട്ടിയുടെ അൺപ്രഫഷണൽ ആയ ഡയറി എഴുത്തുകളാണെങ്കിൽ അടുത്ത രണ്ടിലും അവളുടെ ജീവിതത്തിലെ മറ്റൊരു വശവും മാനസികവും ആത്മീയവുമായ വളർച്ചയാണ്. മറ്റുള്ളവർ എഴുതുന്നതിൽ നിന്നും വ്യത്യസ്തമായി ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് റിയലിസ്റ്റിക് ഫിക്ഷൻ എന്ന ജോണർ തെരഞ്ഞെടുത്തത്. അത് മൂന്ന് സീരീസുകളിലായി കഴിഞ്ഞു. ആമസോൺ തന്നെയാണ് അതും പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ ബുക്സ്‌തകം അത് ഉടനെ പേപ്പർ ബാക്ക് ആയി എത്തിക്കും. അടുത്ത പുസ്തകം പുതിയൊരു ജോണറിലാണ്. ടൈം ട്രാവൽ, മിസ്റ്ററി ഒക്കെ നിറഞ്ഞ മറ്റൊരു പുസ്തകം. അതിന്റെ ജോലികൾ നടക്കുന്നു.
വരൂ അമേരിക്കയിൽ പുസ്തകം പ്രസിദ്ധീകരിക്കൂ
ബുക്സ്‌തകം എന്ന ഞങ്ങളുടെ കൺസൾട്ടൻസിക്ക് അമേരിക്കൻ ബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. ആമസോൺ വഴി തന്നെയാണ് അതും പ്രവർത്തിക്കുന്നത്. എന്നാൽ ഇന്ത്യയെ അപേക്ഷിച്ച് യു എസിൽ ആമസോൺ കുറച്ചു കൂടി സൗകര്യങ്ങൾ നൽകുന്നുണ്ട്. എന്റെ ആദ്യ പുസ്തകം മൈ ഗേൾഫ്രൻഡ്‌സ് ജേണലിന്റെ ഓഡിയോ ബുക്ക് അവിടെ നിന്നാണ് ചെയ്യുന്നത്. ഇന്ത്യയിൽ അങ്ങനെയൊരു സൗകര്യം തൽക്കാലം നല്കപ്പെടുന്നില്ല. മാത്രമല്ല കിൻഡിൽ വെല്ല എന്നൊരു സാധ്യതയും അവിടെയുണ്ട്. അത് വഴി നമ്മുടെ ഫിക്ഷൻ ചാപ്റ്ററുകളാക്കി പ്രസിദ്ധീകരിക്കാം. ആദ്യത്തെ നാല് ചാപ്റ്ററുകൾ ഒന്നിച്ചാണ് നൽകേണ്ടത് അത് പ്രസിദ്ധീകൃതമാണെന്നു കണ്ടാൽ അപ്രൂവൽ ലഭിക്കും. ഇത്തരത്തിൽ ചാപ്റ്ററുകളായി പ്രസിദ്ധീകരിക്കാം. എത്ര പേര് വായിക്കുന്നുണ്ടോ അതനുസരിച്ചുള്ള റോയൽറ്റിയും നമുക്ക് ലഭിക്കും. മാത്രമല്ല വായനക്കാരുടെ നിർദ്ദേശമനുസരിച്ച് ഓരോ അധ്യായങ്ങളും ഉടച്ചു വാർക്കാനും അത് സഹായകരമാണ്. ബുക്സ്തകത്തിന്റെ ഈ സൗകര്യം ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത് ഒരുപക്ഷേ ഞാനായിരിക്കും.
‘അയാം ഇമോഷൻലെസ്സ്’ എന്നാണു പുസ്തകത്തിന്റെ പേര്. വികാരങ്ങളൊന്നും പ്രകടിപ്പിക്കാനാവാത്ത ഒരു മനുഷ്യന്റെ കഥയാണ് അത്. അത് വായിക്കാനുള്ള അവസരവും അമേരിക്കയിലുള്ളവർക്ക് മാത്രമാണ്. അതൊരു തുടക്കമായതിനാൽ താൽക്കാലികമാവാനാണ് സാധ്യത. എല്ലായിടത്തേയ്ക്കും ഈ സൗകര്യം ആമസോൺ നീട്ടിയേക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും നിലവിൽ ബുക്സ്‌തകം ഈ സൗകര്യം എല്ലാ എഴുത്തുകാർക്ക് മുന്നിലേയ്ക്കുമായി തുറന്നു വയ്ക്കുകയാണ്. ഇത്തരത്തിൽ ഓഡിയോ പുസ്തകമോ കിൻഡിൽ വെല്ലയിൽ പ്രസിദ്ധീകരിക്കണമെങ്കിലോ ബുക്സ്‌തകം സൗകര്യമൊരുക്കുന്നതാണ്. സത്യത്തിൽ നമ്മൾ എന്ന എഴുത്തുകാരനും, കേരളത്തിന്റെ ഒരു അറ്റത്തിരുന്ന് എഴുതിയ പുസ്തകവും മറ്റൊരു രാജ്യത്ത് ആളുകൾ വായിക്കുക എന്നതിൽ പരമൊരു സന്തോഷമില്ല. അത് ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.
എന്റെ ആ പ്രിയപ്പെട്ട വായനക്കാരൻ
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാകരുത് ഒരാൾ എഴുതുന്നത്. ഞാൻ എന്തുകൊണ്ടാണ് റിയലിസ്റ്റിക് ഫിക്ഷൻ എടുത്തത് എന്ന് വച്ചാൽ ജീവിതത്തിൽ ഞാൻ എഴുതിയ വഴിയിലൂടെ സഞ്ചരിച്ച ഒരാളെങ്കിലും ഉണ്ടാകും. ആ ഒരാൾക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. ആ ഒരാൾക്ക് വേണ്ടിയാണെങ്കിലും എഴുതുക എന്നേയുള്ളൂ. എല്ലാവരെയും സംതൃപ്തിപ്പെടുത്തിക്കൊണ്ട് നമുക്ക് എഴുതാനാകില്ല. പിന്നെ ഒരു പ്രവാചകനും സ്വന്തം നാട്ടിൽ അംഗീകാരം ലഭിക്കില്ല എന്ന പോലെ ഒരു എഴുത്തുകാരനും സ്വന്തം ഭാഷയിൽ ചിലപ്പോൾ സ്വീകാര്യത കിട്ടിയില്ലെന്നു വരും. അത് ശ്രദ്ധിക്കേണ്ടതില്ല.
ഞാൻ പണ്ട് മുതലേ കഥ പറയാൻ ഇഷ്ടമുള്ള ഒരാളാണ്. മറ്റുള്ളവർ നമ്മളെ അംഗീകരിക്കുമ്പോൾ അത് എഴുതാനുള്ള അല്ലെങ്കിൽ കഥ കൂടുതൽ പറയാനുള്ള ഒരു പ്രചോദനമായി തോന്നാറുണ്ട്. മറ്റുള്ളവർ നാല് വശത്ത് നിന്നും നമ്മളെ കോർണർ ചെയ്താലും നമ്മുടേതായ ഓഡിയൻസ് നമ്മുടെ ഒപ്പമുള്ളതാണ് യഥാർത്ഥ പ്രചോദനം. അത്തരത്തിലുള്ള എന്റെ ആ വായനക്കാരനെ ഈ മൂന്ന് പുസ്തകങ്ങളിൽ നിന്ന് ഞാൻ നേടിയെടുത്തു എന്നതാണ് സന്തോഷം. ആ ഒരാൾക്ക് വേണ്ടിയാണെങ്കിലും എഴുതാൻ കഴിയും. ഒരുപാട് പേര് പുസ്തകങ്ങൾ വായിക്കുകയും അഭിപ്രായങ്ങൾ നിത്യേന അറിയിക്കുകയും ചെയ്യുന്നുണ്ട്. ഞാനെന്ന എഴുത്തുകാരനെ ഒന്ന് എഡിറ്റ് ചെയ്യാൻ ഇത്തരം നിരൂപണങ്ങൾ സഹായിക്കുന്നുമുണ്ട്. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിലാണ്. അത്തരമൊരു വാക്കിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെന്നെ നടക്കേണ്ട വഴിയിലൂടെ തന്നെ കൊണ്ട് പോകും എന്ന വിശ്വാസവുമുണ്ട്. മാത്രവുമല്ല ഒരുപാട്പേർ എങ്ങനെയാണ് പുസ്‌തകം പബ്ലിഷ് ചെയ്യുന്നത്, എഴുതാനുള്ള ടിപ്സ് തുടങ്ങി ഒരുപാട് കാര്യങ്ങൾ ആവശ്യപ്പെട്ടു വിളിക്കാറുണ്ട്, എല്ലാവർക്കും എന്നെക്കൊണ്ട് പറ്റുന്നത് പോലെ സഹായങ്ങളും നിർദ്ദേശങ്ങളും നൽകാറുണ്ട്.
English Summary: Talk with writer Aswin Raj