ഭർത്താവിന്റെ പീഡനം, സമൂഹത്തിന്റെ ക്രൂരത; ഉള്ളു നീറ്റുന്ന‘ ചെക്ക്ബുക്കി’ന് അവാർഡ്
![chequebook-written-by-vasdev-mohi-01 chequebook-written-by-vasdev-mohi-01](https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2020/1/18/chequebook-written-by-vasdev-mohi-01.jpg?w=1120&h=583)
Mail This Article
പ്രശസ്തമായ സരസ്വതി സമ്മാന്‍ ഇത്തവണ സിന്ധി ഭാഷയില്‍ കഥകളും കവിതകളും എഴുതുന്ന വസുദേവ് മോഹിക്ക്. കെകെ ബിര്‍ല ഫൗണ്ടേഷന് നല്കുന്ന 15 ലക്ഷവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരത്തിനാണ് മോഹി അര്‍ഹനായിരിക്കുന്നത്. 25 ല്‍ അധികം കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുള്ള മോഹിയുടെ ‘ചെക്ക്ബുക്ക്’ എന്ന കഥാ സമാഹാരമാണ് പുരസ്കാരത്തിനര്‍ഹമായത്.
അവിഭക്ത ഭാരതത്തിലെ മിര്‍പുര്‍ ഖാസില്‍ 1944 ല്‍ ജനിച്ച മോഹി ഭാഷാഭേദമില്ലാതെ ഇന്ത്യയില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്. സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യരുടെ കഥയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രമേയം. ‘ചെക്ക് ബുക്കും’ പലവിധ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്ന ഒരു വീട്ടുജോലിക്കാരിയുടെ കഥകളാണു പറയുന്നത്. ഭര്‍ത്താവില്‍നിന്നു പീഡനം സഹിക്കേണ്ടിവന്നതിനുപിന്നാലെ സമൂഹത്തില്‍നിന്നും ക്രൂരത ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു സ്ത്രീയുടെ ദുരന്തമാണ് അദ്ദേഹം ആവിഷകരിച്ചത്.
‘ചെക്ക് ബുക്കി’ലെ ഓരോ കഥയും ജീവിതവുമായി വളരെ അടുത്തു ബന്ധമുള്ളതും യഥാര്‍ഥ ജീവിതത്തിന്റെ പ്രതിഫലനങ്ങളുമാണ്. ജീവിതത്തോടും ആരുമില്ലാത്തവരുടെ പ്രശ്നങ്ങളോടും പുലര്‍ത്തിയ സത്യസന്ധതയുടെ പേരിലാണ് മോഹിക്ക് പുരസ്കാരം നല്‍കുന്നതെന്നാണ് അവാര്‍ഡ് നിര്‍ണയ സമിതിയും അഭിപ്രായപ്പെട്ടത്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകളാണു മോഹി പറഞ്ഞത്. വികസന ത്തിന്റെയും പുരോഗതിയുടെയും മറവില്‍ അധികമാരും അറിയാതെപോയ ജീവിതദുരന്തങ്ങള്‍.
സിന്ധി ഭാഷയിലാണ് മോഹി എഴുതുന്നത്. കഥകള്‍ക്കും ലേഖനങ്ങള്‍ക്കും ഉപന്യാസങ്ങള്‍ക്കും പുറമെ മറ്റു ഭാഷയില്‍നിന്നുള്ള പ്രശസ്ത കൃതികള്‍ മോഹി സിന്ധി ഭാഷയിലേക്കു മൊഴിമാറ്റിയിട്ടുമുണ്ട്. സാഹിത്യ അക്കാദമി പുരസ്കാരം നേടിയതിനുപുറമെ സിന്ധി അക്കാദമിയുടെ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
ചെക്ക് ബുക്കിലെ കഥകള്‍ പലതും സംഭാഷണങ്ങളുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. എഴുത്തുകാരന് മാറിനിന്നുകൊണ്ടു കഥാപാത്രങ്ങള്‍ തന്നെയാണു കഥകള്‍ പറയുന്നത്. ശൈലിയുടെ പ്രത്യേകതയും പുതുമയും മോഹിയെ പുരസ്കാരത്തിനര്ഹനാക്കുന്നതില് പ്രധാനപങ്കുവഹിച്ചുവെന്നും പുരസ്കാര സമിതി ചൂണ്ടിക്കാട്ടി.
ഗുജറാത്തി സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം കുറച്ചുനാള്‍ മോഹി എല്‍ഐസി ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് ദുബായ് ഇന്ത്യന്‍ ഹൈ സ്കൂളില്‍ ഇംഗ്ലിഷ് അധ്യാപകനായി. ദുബായ് ഇന്ത്യന്‍ സ്കൂളില്‍നിന്ന് വകുപ്പുതലവനായാണ് അദ്ദേഹം ജോലിയില്‍നിന്നു വിരമിച്ചതും.
English Summary: Vasdev Mohi to be conferred with 29th Saraswati Samman