കൊറോണ വൈറസ് മുൻപേ പ്രവചിക്കപ്പെട്ടതോ?; 39 വർഷം മുമ്പെഴുതിയ പുസ്തകത്തിൽ പരാമർശമെന്ന് വെളിപ്പെടുത്തൽ...
Mail This Article
ചൈനയ്ക്കു പുറമെ ലോകരാജ്യങ്ങള്‍ക്കു തന്നെ ഭീഷണിയായിരിക്കുന്ന കൊറോണ വൈറസ് യാദൃച്ഛിക സംഭവമല്ലെന്നും മുന്‍പേ പ്രവചിക്കപ്പെട്ടതാണെന്നുമുള്ള കണ്ടെത്തല്‍ കോളിളക്കം സൃഷ്ടിക്കുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തെക്കുറിച്ചും മാരകമായ രോഗത്തെക്കുറിച്ചും 39 വര്‍ഷം മുമ്പു തന്നെ ഒരു പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സാഹിത്യലോകത്ത് ചര്‍ച്ചയായിരിക്കുന്നത്.
1981 ല്‍ സസ്പെന്‍സ് ത്രില്ലറുകളുടെ രചയിതാവ് അമേരിക്കക്കാരനായ ഡീന്‍ കൂന്ത്സ് തന്റെ പുസ്തകത്തില്‍ കൊറോണയ്ക്കു സമാനമായ വൈറസിനെക്കുറിച്ച് അസാധാരണമായ ദീര്‍ഘദൃഷ്ടിയോടെയാണ് പ്രവചിച്ചത്. ‘ദ് ഐസ് ഓഫ് ഡാര്‍ക്നെസ്സ്’ എന്നാണ് പുസ്തകത്തിന്റെ പേര്. എണ്‍പതുകളില്‍ ലോകം ആകാംക്ഷയോടെയും ഉത്കണ്ഠയോടെയും വായിച്ചു തീര്‍ത്ത പുസ്തകമാണ് ഇരുട്ടിന്റെ കണ്ണുകള്‍. അന്നൊന്നും ആരും ശ്രദ്ധിക്കാതിരുന്ന ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയതും ലോകമാകെ ചര്‍ച്ച ചെയ്യുന്നതും.
ആയിരങ്ങളുടെ ജീവനെടുക്കുന്ന ഒരു ജൈവായുധത്തെക്കുറിച്ച് പുസ്തകത്തില്‍ ഡീന്‍ പറയുന്നുണ്ട്. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു ലാബിലാണ് വൈറസ് പിറവിയെടുത്തതെന്നും ഡീന്‍ എഴുതുന്നു. ഇപ്പോഴത്തെ കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നല്ല പടരുന്നെതെന്നും ചൈനയില്‍ ഒരു ലാബില്‍ നിന്നാണ് പിറവിയെടുത്തതെന്നുമുള്ള അഭ്യൂഹം പ്രചരിക്കുന്നതിനിടെ ത്തന്നെയാണ് ഡീനിന്റെ പുസ്തകവും ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ കൊറോണ വൈറസിന്റെ പിറവിക്കു പിന്നില്‍ ജൈവായുധമാണെന്ന വാദം വിദഗ്ധര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഒരു ക്യാംപിനു പോയി കാണാതായ മകനെ അന്വേഷിക്കുന്ന അമ്മയുടെ ജീവിതമാണ് ഇരുട്ടിന്റെ കണ്ണുകള്‍ എന്ന നോവല്‍ പറയുന്നത്. മരണത്തിന്റെ ഒരു അടയാളവും കണ്ടെത്താത്തതിനാല്‍ മകന് മരിച്ചിട്ടില്ലെ ന്നുതന്നെയാണ് അമ്മ വിശ്വസിക്കുന്നത്. ഒടുവില്‍ ഒരു ലാബില്‍ മകനെ അമ്മ കണ്ടെത്തുന്നത്തിടത്താണ് നോവല്‍ അവസാനിക്കുന്നത്. അപ്പോഴക്കും മകനെ മാരക വൈറസ് ബാധിച്ചിരുന്നു.
പുസ്തകത്തിലെ ചില വാചകങ്ങള്‍ ഇപ്പോഴത്തെ രോഗവ്യാപനവുമായി ബന്ധപ്പെടുത്തി വായിക്കുമ്പോള്‍ പലരെയും അതിശയിപ്പിക്കുന്നുമുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന പല വാര്‍ത്തകളുമായും അസാധാരണ സാദൃശ്യമാണ് ഇരുട്ടിന്റെ കണ്ണുകളിലെ വാചകങ്ങള്ക്കുമുള്ളത്. മനുഷ്യരെ മാത്രം ബാധിക്കുന്ന വൈറസിനെക്കുറിച്ചാണ് ഡീന്‍ എഴുതിയത്.
ചൈനീസ് ശാസ്ത്രജ്ഞരാണ് ഈ വൈറസ് കണ്ടുപിടിച്ചതും പ്രചരിപ്പിച്ചതും. ജൈവായുധമായി ഇത് ഉപയോഗിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതു വിജയിച്ചാല്‍ ലോകം തന്നെ അവസാനിപ്പി ക്കാനുമാകും. വൈറസ് ബാധിച്ചാല്‍ രോഗികളുടെ തലച്ചോറിനെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗത്തിനു മറുമരുന്ന് കണ്ടെത്താനുള്ള ശാസ്ത്രജ്ഞരുടെ ശ്രമം പരാജയപ്പെടുന്നുവെങ്കിലും നോവലിനെ നായകന് രോഗത്തെ അതിജീവിച്ച് അമ്മയുടെ അടത്ത് മടങ്ങിയെത്തുകയാണ്.
രോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കു പുറമെ നഗരത്തിലെ ഒരു ലാബിനെക്കുറിച്ചും നോവലില്‍ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ വുഹാന്‍ നഗരത്തില്‍നിന്ന് 32 കിലോമീറ്റര്‍ മാത്രം അകലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പിന്നീട് സ്ഥാപിതമായി. മാരക രോഗങ്ങളെക്കുറിച്ച് അതീവ രഹസ്യമായ പഠനങ്ങള്‍ നടത്തുന്ന ലാബാണിത്.
വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ ആയിരക്കണക്കിനുപേര്‍ പുസ്തകത്തെക്കുറിച്ചും യാദൃച്ഛികതകളെ ക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തെങ്കിലും ഇരുട്ടിന്റെ കണ്ണുകളുടെ രചയിതാവ് ഡീന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുസ്തകത്തിലെ വിശദാംശങ്ങള്‍ പ്രയോജനകരമായേക്കുമെന്നുപോലും കരുതുന്നവരുണ്ട്.
ഒരു പക്ഷേ എല്ലാം എഴുത്തുകാരന്റെ ഭാവന മാത്രമായിരിക്കാം. അതോ, ദീര്‍ഘ ദൃഷ്ടിയുടെ ഉത്തമദൃഷ്ടാന്തമോ ? അതോ, ലോകം ഇനിയും അറിയാനിരിക്കുന്ന ഒരു ഗൂഡാലോചനയുടെ ചുരുളഴിയുകയാണോ ?
English Summary: Wuhan-400 bioweapon in Dean Koontz thriller and Coronavirus