ADVERTISEMENT

23-ാം വയസ്സില്‍ ഒരു സുഹൃത്താണ് സോഫി ഹാര്‍ഡ്കാസിലിനെ  ലൈംഗിക പീഡനത്തിന് വിധേയയാ ക്കിയത്. അതേക്കുറിച്ച് പിന്നീട് സോഫി മറ്റൊരു സുഹൃത്തിനോട് പറഞ്ഞു. അപ്പോള്‍, അവര്‍ക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ.

‘‘നീ എന്തുകൊണ്ട് അലറിവിളിച്ചില്ല’’ ? 

ആ ചോദ്യം സോഫിയുടെ മനസ്സില്‍ അലയടിച്ചുകൊണ്ടിരുന്നു. കുറേയേറെ നാള്‍ മനസമാധാനം ഇല്ലാതാക്കുകയും ചെയ്തു. അതേ, എന്തുകൊണ്ട് അലറിവിളിച്ചില്ല ? 

സോഫി ഹാര്‍ഡ്കാസില്‍ ഓസ്ട്രേലിയക്കാരിയാണ്, കലാകാരി. നോവലിസ്റ്റ്. സര്‍ഫിങ് കായികതാരം. ലൈംഗിക പീഡനം ഉണ്ടായി മൂന്നു വര്‍ഷത്തിനുശേഷം അവര്‍ സ്വന്തം അനുഭവം വാക്കുകളിലാക്കി. ഒരു നോവല്‍. പേര് ബിലോ ഡെക്ക്. ഒരു സ്ത്രീയുടെ നിലവിളിയെക്കുറിച്ചാണ് ആ നോവല്‍. നിശ്ശബ്ദമാക്കപ്പെട്ട, പുറത്തുവരാതിരുന്ന നിലവിളിയെക്കുറിച്ച്. 

ഒലിവിയയാണ് നോവലിലെ നായിക. സുന്ദരിയും ആരോഗ്യവതിയുമെങ്കിലും ഏകാന്തതയെ ഇഷ്ടപ്പെടുന്ന യൂണിവേഴ്സിറ്റി ബിരുദധാരിയായ ഒലിവിയ. പ്രായം ഇരുപതുകളില്‍. കടലായിലുന്നു ഒലിവിയയുടെ ഏറ്റവും വലിയ ഇഷ്ടം. മോഹം, ആവേശം. രണ്ടു മുതിര്‍ന്ന സുഹൃത്തുക്കള്‍ക്കൊപ്പം ഒലിവിയ ഒരു കടല്‍യാത്രയ്ക്ക് പോകുന്നു. മാഗി. മാക്. അതാണു സുഹൃത്തുക്കളുടെ പേരുകള്‍. അതിനിടെ, ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡി ലേക്ക് ഒരു ചരക്കുകപ്പല്‍ കൊണ്ടുപോകാന്‍  ഒലിവിയ നിയോഗിക്കപ്പെടുന്നു. 

sexual violence
പ്രതീകാത്മക ചിത്രം

പുരുഷന്‍മാത്രമുള്ള സംഘത്തിലെ ഏക വനിതയായിരുന്നു അന്ന് ഒലിവിയ. ആ യാത്രയ്ക്കിടെ കപ്പലിന്റെ ഡക്കില്‍വച്ച് ഒലിവിയ മാനഭംഗത്തിനു വിധേയയായി. അതേക്കുറിച്ച് ഒലിവിയ പിന്നീട് ഒരു സഹപ്രവര്‍ത്ത കയോട് പറഞ്ഞു. അപ്പോഴവര്‍ ചോദിച്ചു- ‘‘നിനക്കത് ഇഷ്ടമല്ലായിരുന്നെങ്കില്‍ നീ എന്താണ് ഉറക്കെ നിലവിളിക്കാതിരുന്നത്’’. അലറിവിളിക്കാതിരുന്നത് ?

‘കടല്‍ സ്ത്രീകള്‍ക്ക് പറ്റിയ ഇടമല്ലെന്നാണ് പൊതുവെ കരുതപ്പെടാറ്’–  ഇപ്പോള്‍ ബ്രിട്ടനില്‍ അറിയപ്പെടുന്ന നോവലിസ്റ്റായ ഹാര്‍ഡ്കാസില്‍ പറയുന്നു. ഓക്സഫഡ് സര്‍വകലാശാലയിലാണ് ഇപ്പോള്‍ അവര്‍ സ്കോളര്‍ ആയി ജോലി ചെയ്യുന്നത്. വിഷയം ഇംഗ്ലിഷ് സാഹിത്യം തന്നെ. 

‘ബിലോ ഡെക്ക്’ എന്ന നോവലില്‍ നായികയായ ഒലിവിയ ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നു എന്നു മാത്രമല്ല, അവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് ഒലിവിയയ്ക്ക് ആര്‍ത്തവം നേരത്തെ വന്നപ്പോള്‍, കൂടെയുള്ള പുരുഷന്‍മാര്‍ അവളെ ഒരു പട്ടിയെപ്പോലെ കപ്പലിനു പിന്നില്‍ കെട്ടിയിട്ടു വലിക്കുകയും ചെയ്തു. 

2015 ലാണ് സോഫി ഹാര്‍ഡ്കാസില്‍ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ‘റണ്ണിങ് ലൈക്ക് ചൈന’. ബൈപോളാര്‍ രോഗം മൂലം കഷ്ടപ്പെടുന്ന യുവതിയുടെ കഥയായിരുന്നു അത്. രണ്ടാമത്തെ നോവല്‍ ഒരു വര്‍ഷത്തിനുശേഷം പുറത്തുവന്നു. ‘ബ്രീത്തിങ് അണ്ടര്‍ വാട്ടര്‍’. ഓസ്ട്രേലിയയിലെ ഒരു സര്‍ഫിങ് കായികതാരത്തിന്റെ അനുഭവങ്ങളായിരുന്നു ആ നോവല്‍. 

Below Deck
ബിലോ ഡെക്ക്

മൂന്നാമത്തെ നോവലായ ‘ബിലോ ഡെക്ക്’ എന്നാല്‍ സോഫിയുടെ യഥാര്‍ഥ അനുഭവങ്ങള്‍ തന്നെയായി രുന്നു. സമ്മതം എന്നതും നോവലിലെ പ്രധാനപ്പെട്ട ഒരു പ്രമേയമാണ്. നോവലില്‍, ഒലിവിയ തന്നെ കീഴടക്കാനെത്തിയ പുരുഷനെ തള്ളിമാറ്റുന്നുണ്ട്. പാന്റ്സ് വീണ്ടും ധരിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുമുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ഹാര്‍ഡ്കാസില്‍ എന്നതുപോലെ. 

16-ാം വയസ്സിലായിരുന്നു സോഫിയുടെ ആദ്യത്തെ ലൈംഗികാനുഭവം. അതേക്കുറിച്ചും നോവല്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അന്ന് , ചില അനുഭവങ്ങള്‍ക്ക് അവര്‍ സമ്മതം കൊടുത്തിരുന്നു. അതവര്‍ ആസ്വദിക്കുകയും ചെയ്തു. പക്ഷേ, യഥാര്‍ഥ ലൈംഗികാനുഭവത്തിലേക്കെത്തിയപ്പോള്‍ വേണ്ടെന്നു പറഞ്ഞെങ്കിലും തന്റെ വാക്കുകള്‍ സുഹൃത്ത് ചെവിക്കൊണ്ടില്ല എന്നാണ് ഒലിവിയയുടെ പരാതി. എന്നാല്‍ ആ അനുഭവത്തി നുശേഷവും അവര്‍ നേരിട്ട ചോദ്യം, ഇഷ്ടമല്ലെങ്കില്‍ എന്തുകൊണ്ട് നിലവിളിച്ചില്ല എന്നതായിരുന്നു. 16-ാം വയസ്സുമുതല്‍ വേട്ടയാടിയ ആ ചോദ്യത്തിന് ഒരു സ്ത്രീ നല്‍കുന്ന ഉത്തരമാണ് ബിലോ ഡെക്ക്. 

English Summary : Sophie Hardcastle On Finding Her Voice After Sexual Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com