ADVERTISEMENT

ഫെബ്രുവരി 24 

എനിക്ക് എയര്‍പോര്‍ട്ടില്‍ ജോലി കിട്ടി. എത്ര സുന്ദരമായ ലോകമാണിതെന്നോ; ചുറ്റിനും നല്ല ആള്‍ക്കാരും. നന്ദി. ഹസീന മന്‍സൂറിന്റെ ഡയറിക്കുറിപ്പുകള്‍ അവസാനിക്കുന്നത് ഒക്ടോബര്‍ 29 ന്. അന്നത്തെ തീയതിയില്‍ ഹസീന എഴുതി:

ഒരു പുതിയ ജീവിതം ഇന്ന് തുടങ്ങുന്നു. നന്ദി. 

ഏറ്റവും വലിയ ആശയക്കുഴപ്പം അവിടെ തുടങ്ങുന്നു. ഹസനീനയെ വെറുക്കണോ സ്നേഹിക്കണോ എന്ന സംശയം. ഇഷ്ടമാണ് ഹസീനയെ. നൂറുവട്ടം. എന്നാല്‍ 20 വയസ്സുകാരിയായ ആ പെണ്‍കുട്ടിയുടെ എല്ലാ പ്രവൃത്തികളെയും ന്യായീകരിക്കാനും പറ്റില്ല. 

എന്തു ചെയ്യണം ഹസീനയെ. മനസ്സില്‍ ഏറ്റുവാങ്ങണോ , അതോ പുറം തള്ളനോ. തീരുമാനം എന്തു തന്നെയായിരുന്നാലും ഹസീന അറിയാവുന്ന ആരുടെയും മനസ്സില്‍നിന്ന് അത്രവേഗം പുറത്തുപോകുകയില്ല, അനുവാദം കൂടാതെ ഒരു കസേര വലിച്ചിട്ട് ഇരിക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട് ആ പെണ്‍കുട്ടിക്ക്. ഒരു മോഷണക്കേസിലെ പ്രതിയാണെങ്കിലും. ഒരു കുടുംബകലഹത്തിനു വിത്തു പാകിയ വ്യക്തിയാണെങ്കിലും. ആള്‍മാറാട്ടം നടത്തിയ വ്യക്തിയാണെങ്കിലും.

എന്നിട്ടും എന്തുകൊണ്ടായിരിക്കാം ഹസീനയെ ഇഷ്ടപ്പെടുന്നത്. ആ പെണ്‍കുട്ടിയുടെ നിഷ്കളങ്കതയെന്നു തോന്നാവുന്ന വിഡ്ഢിത്തങ്ങളെ ഇഷ്ടപ്പെട്ടുപോകുന്നത്. ആ ചോദ്യത്തിനുത്തരം ഒരു വാക്കിലോ വാചകത്തിലോ പറയാനാകില്ല. അതാണ് ‘ടെയില്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍’ എന്ന നോവലിന്റെ പ്രത്യേകത. നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ മലയാളി എഴുത്തുകാരന്‍ അനീസ് സലീമിന്റെ നോവലിന്റെ സവിശേഷത. 

8 വര്‍ഷം മുമ്പാണ് ‘ടെയില്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍’ എന്ന നോവല്‍ പുറത്തുവരുന്നത്. അന്ന് അനീസ് സലീം അറിയപ്പെടുന്ന എഴുത്തുകാരനല്ല. അദ്ദേഹത്തിന്റെ രണ്ടു കൃതികള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. യഥാര്‍ഥത്തില്‍ അനീസ് സലീം എന്ന എഴുത്തുകാരനെ ഇംഗ്ലിഷ് വായിക്കുന്ന വായനക്കാരുടെയിടയില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കുന്ന കൃതിയാണ് ‘ടെയില്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍’. 

20 വയസ്സുള്ള ഒരു യുവതിയിലൂടെ ഒരു കുടുംബത്തിന്റെ കഥ പറയുകയാണ് അനീസ് സലീം. ആ കുട്ടി ഒരു മുസ്ലിം കുടുംബത്തിലെയാണ്. അവള്‍ക്ക് ഒരു ഇരട്ട സഹോദരിയുണ്ട്. ഷംല. കാഴ്ചയില്‍ ഒരുപോലെയാണെങ്കിലും സ്വാഭാവത്തിലും പെരുമാറ്റത്തിലും പ്രകൃതത്തിലും പരസ്പര വിരുദ്ധ ധ്രുവങ്ങളിലാണവര്‍. ഇളയ ഒരു സഹോദരന്‍ കൂടിയുണ്ടവര്‍ക്ക്. അലി. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കഴിവില്ലാത്ത ലേണിങ് ഡിസ്എബിലിറ്റിയുള്ള കുട്ടി. 

Tales from a Vending Machine
പ്രതീകാത്മക ചിത്രം

വസ്ത്ര വ്യാപാര കട നടത്തുന്ന അച്ഛന്‍. ഹിന്ദു സമുദായത്തില്‍ പിറന്ന് ഒരു മുസ്ലിമിനെ വിവാഹം കഴിച്ച് മതം മാറാതെ തന്നെ ജീവിക്കുന്ന അമ്മ. ഈ കുടുംബത്തിലാണ് ഹസീന ജനിക്കുന്നത്, വളരുന്നത്. പഠിക്കാന്‍ അവളായിരുന്നു മിടുക്കി. എന്നിട്ടും കോളജില്‍ പോകാനുള്ള യോഗം ഉണ്ടായത് ഷംലയ്ക്കാണ്. ബാപ്പയുടെ ശുപാര്‍ശയില്‍ ഹസീനയ്ക്ക് വിമാനത്താവളത്തില്‍ ചായയും കാപ്പിയും തയാറിക്കിക്കൊടുക്കുന്ന വെന്‍ഡിങ് മെഷീനിന്റെ ചുമതലക്കാരിയായി ജോലി കിട്ടി. കടയില്‍ നിന്ന് ഹസീന കാണുന്ന വിമാനത്താളത്തിന്റെ ലോകമാണ് ടെയില്‍സിന്റെ ജീവന്‍. വിമാനത്തില്‍ കയറാന്‍ ഒരവസരം ഒരിക്കലും ലഭിക്കില്ലെന്ന് അറിയാമെങ്കിലും വിമാനയാത്ര സ്വപ്നം കാണുന്ന, സ്വന്തം കുടുംബത്തെ ഒറ്റയ്ക്ക് ചുമലിലേറ്റുന്നത് സ്വപ്നം കാണുന്ന ഒരു യുവതി. 

ഹസീനയുടെ പ്രണയ സ്വപ്നങ്ങളുടെ കഥയാണ് ടെയില്‍സ്. ജീവിതയാഥാര്‍ഥ്യങ്ങളുടെ നേര്‍ച്ചിത്രമാണ്. പ്രണയ പരാജയത്തിന്റെയും അതില്‍നിന്നുയരുന്ന പ്രതികാരത്തിന്റെയും കഥയാണ് ടെയില്‍സ്. നോവലിന്റെ തുടക്കത്തില്‍ ഹസീന പരിചയമില്ലാത്ത ഒരു മുസ്ലിം യുവതി മാത്രമാണെങ്കില്‍ വായന പുരോഗമിക്കുന്തോറും ആ യുവതി പ്രിയപ്പെട്ട ഒരു വ്യക്തിയായി മാറുന്നു. അടുത്തറിയാവുന്ന, ഏറെ പരിചിതയായ, സ്വന്തം രൂപഭാവങ്ങള്‍ ആര്‍ക്കും കണ്ടെത്താവുന്ന ഒരു യുവതി. അതോടെ ഹസീനയുടെ യാത്രകളെ ഉദ്വേഗത്തോടെ, ആകാംക്ഷയോടെ പിന്തുടരുകയാണ് വായനക്കാര്‍. അതു തന്നെയാണ് ഒരു നല്ല നോവലിന്റെ വിജയത്തിന്റെ രസതന്ത്രവും. 

Tales from a Vending Machine
പ്രതീകാത്മക ചിത്രം

വിമാനയാത്രയുടെ ഹരം പകരുന്നതാണ് അനീസ് സലീമിന്റെ എഴുത്ത്. അധ്യായങ്ങളുടെ പേരു പോലും വിമാനവുമായി ബന്ധപ്പെട്ട വാക്കുകളും പ്രയോഗങ്ങളും. 8 വര്‍ഷം മുമ്പ് എഴുതപ്പെട്ട നോവല്‍ വായിക്കുന്നത് ഇപ്പോഴാണ്. അതുതന്നെയാണ് ആ നോവലിനെക്കുറിച്ച് എഴുതാനുള്ള കാരണവും. ഹസീന, നിന്നെ മറക്കാനാവുന്നില്ല; വെറുക്കാനും പൊറുക്കാനും. നീ ആത്മാവിന്റെ നൊമ്പരമാണ്. പരിഹരിക്കാനാവാത്ത പദപ്രശ്നമാണ്. എണ്ണമില്ലാത്ത ചോദ്യങ്ങളുടെ ഉത്തരവും പുതിയ ചോദ്യങ്ങളുടെ ജനയിതാവുമാണ്.

നിന്റെ ഭാവിയെയോര്‍ത്ത് ഉത്കണ്ഠ സഹിക്കാതെയാണ് ഇതെഴുതുന്നത്. നിന്റെ ജീവിതം. നീ നശിപ്പിച്ച ജീവിതങ്ങള്‍. നീ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ജീവിതങ്ങള്‍. ഹസീന, പറയൂ, നീ ഇന്നെവിടെയാണ്. നീ സ്വപ്നം കണ്ട വിമാനത്തിലോ. അതോ, വിമാനത്തില്‍നിന്നു നോക്കുമ്പോള്‍ കാണുന്ന ഭൂമിയിലെ സാധാരണ ജീവിതം നയിക്കുന്ന വ്യക്തിയോ.  ഇരയോ , വേട്ടക്കാരിയോ. പറയൂ ഹസീന, നീ ആ രഹസ്യം വെളിപ്പെടുത്തും വരെ ഉറക്കം നഷ്ടപ്പെട്ട ഒരു വായനക്കാരന്റെ അപേക്ഷയാണിത്. നീ ഉത്തരം പറയില്ലേ.... കാത്തിരിക്കുകയാണ് ഞങ്ങള്‍, പ്രിയ വായനക്കാര്‍. 

English Summary: Tales From A Vending Machine Book By Anees Salim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com