ADVERTISEMENT

അടച്ചുപൂട്ടിയ ഗേറ്റുകള്‍ക്കുള്ളില്‍, അണുനാശിനി മണക്കുന്ന മുറികളില്‍, സംശയം ആവര്‍ത്തിച്ചുചോദിക്കുന്നവരോട് ക്ഷമയോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നവരെക്കുറിച്ചാണ് ഓഡ്രി ആര്‍ഡേന്‍ ജോണ്‍സ് എഴുതുന്നത്. 

ജോണ്‍സ് കവിയല്ല, നഴ്സാണ്. തന്നെക്കുറിച്ചും തന്റെ അതേ ജോലി ചെയ്യുന്ന മറ്റനേകം പേരെക്കുറിച്ചുമാണ് ജോണ്‍സിന്റെ കവിത. കോളിന്‍ ബെഗ്, കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റ് ആണ്. മരണം അടുത്തെത്തിയതറിഞ്ഞ് അതിനെ ഒഴിവാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഒരു രോഗിയെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നത്. 

അന്ന ഹാര്‍വെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. അവയവം ദാനം ചെയ്യാന്‍ സമ്മതിച്ച് ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരു ദാതാവിനെക്കുറിച്ചാണ് അവര്‍ എഴുതുന്നത്. ഈ എഴുത്തുകാര്‍ മൂവരും ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരുടെയും ഇവരും ഇവരെപ്പോലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റനേകം പേരും എഴുതിയ കഥകളുടെയും കവിതകളുടെയും സമാഹാരം പുറത്തിറങ്ങിയിരിക്കുന്നു. 

‘ദീസ് ആര്‍ ദ് ഹാന്‍ഡ്സ്’ എന്നാണു പേര്. ജനനം മുതല്‍ മരണം ഓരോ മനുഷ്യരെയും പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഈ പുസ്തകത്തിലെ എഴുത്തുകാര്‍. പുസ്തകം വിറ്റ് ലാഭമുണ്ടാക്കാനല്ല ഇവര്‍ പരിശ്രമിക്കുന്നത്;  കോവിഡ് രോഗികളെ പരിചരിക്കാന്‍. ലോകത്തിന്റെ സമാധാനം കെടുത്തുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍. ഓരോ പുസ്തകവും വിറ്റുകിട്ടുന്ന പണം  പോകുന്നത് കോവിഡ് ഫണ്ടിലേക്ക്. ‘ദീസ് ആര്‍ ദ് ഹാന്‍ഡ്സ്’ എന്ന പുസ്തകം വാങ്ങി വായിക്കുന്ന ഓരോ വ്യക്തിയും ലോകത്തെ തുറിച്ചുനോക്കുന്ന വൈറസിനെതിരെയുള്ള ധീരമായ പോരാട്ടത്തിന്റെ ഭാഗമാകുകയാണ്. 

കേറ്റി അമിയേല്‍, ഡിബോറ അല്‍മ എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. മരുന്ന് മണക്കുന്ന ആശുപത്രി മുറികളില്‍, എല്ലാ റിസ്കും നേരിട്ട്, രാത്രി പകലാക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഹൃദയമുണ്ടെന്നും അവര്‍ക്കും വികാരങ്ങളുണ്ടെന്നും അവരും വായിക്കുന്നവരും എഴുതുന്നവരും ചിന്തിക്കുന്നവരുമാണെന്നും തെളിയിക്കുന്ന പുസ്തകം കൂടിയാണ് ‘ദീസ് ആര്‍ ദ് ഹാന്‍ഡ്സ്’. 

These Are The Hands
ദീസ് ആര്‍ ദ് ഹാന്‍ഡ്സ്

ഡോക്ടര്‍മാരും നഴ്സുമാരും മുതല്‍ ആശുപത്രിയിലെ ക്ലീനിങ്ങ് സ്റ്റാഫ് വരെ ഈ മഹത്തായ പുസ്തകത്തില്‍ രചയിതാക്കളാണ്. ഓരോരുത്തരും പറയുന്നത് അവരവരുടെ അനുഭവങ്ങളെക്കുറിച്ച്. മറക്കാനാകാത്ത, മനസ്സിനെ മഥിച്ച അനുഭവങ്ങളെക്കുറിച്ച്. കഥയാണെങ്കിലും കഥയല്ല, ജീവിതം തന്നെ. കവിതയാണെങ്കിലും ഈണത്തേക്കാളും താളത്തേക്കാളും കൂടുതല്‍ വേട്ടയാടുന്നത് അനുഭവങ്ങളുടെ ആര്‍ജവം. 

ലോകചരിത്രത്തില്‍ എന്നത്തേക്കാളും കൂടുതലായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രാധാന്യം ലോകം തിരിച്ചറിയുന്ന സമയമാണ് ഇപ്പോള്‍. പല രാജ്യങ്ങളിലെയും ഭൂരിപക്ഷം ജനങ്ങളും ജോലി പോലും മതിയാക്കി വീടുകളുടെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുകയാണ്. ലോക് ഡൗണ്‍. എന്നാല്‍ ആരോഗ്യമേഖയില്‍ പ്രവര്‍ത്തിക്കുന്ന ഒരുപറ്റം ആളുകള്‍ക്ക് വിശ്രമം എന്നൊന്ന് ഇല്ല. അവര്‍ക്ക് ജോലി പതിവുപോലെ തന്നെ. എന്നാല്‍ അപകടം പിടിപെടാനുള്ള സാധ്യതയാകട്ടെ കൂടുതലും. 

മൈക്കല്‍ റോസന്‍, റോജര്‍ മക് ഗോ, ലെം സിസെ എന്നീ കവികളും  ഈ സമാഹാരത്തിനുവേണ്ടി എഴുതിയിട്ടുണ്ട്. ലോകത്തെ കാത്തുസൂക്ഷിക്കുന്ന കൈകള്‍ക്ക് അവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ്. 

പുസ്തകത്തിന്റെ എഡിറ്ററായ അല്‍മ 1970 കാലത്ത് ഒരു ആംബുലന്‍സില്‍ ഇരിക്കുമ്പോഴാണ് ആദ്യത്തെ കവിത കുത്തിക്കുറിച്ചത്. 

അല്‍മയ്ക്ക് കവിതയെന്നാല്‍ സുഹൃത്താണ്. ഉറ്റ സുഹൃത്ത്. എല്ലാം പറയാനും കേള്‍ക്കാനും മനസ്സിലാ ക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ഏറ്റവും അടുത്ത സുഹൃത്ത്. ‘ദീസ് ആര്‍ ദ് ഹാന്‍ഡ്സ്’ വായിക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരും ഉറ്റസുഹൃത്തുക്കളാണെന്ന് ഓരോരുത്തരും തിരിച്ചറിയും. അതു തന്നെയാണ് ഈ കവിതകളുടെ വായനയെ ധന്യമാക്കുന്നതും. 

English Summary: These Are The Hands Poems By NHS Workers To Raise Money For Covid 19 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com