ADVERTISEMENT

ലോക്ഡൗണ്‍ കാലത്തിന്റെ ഒറ്റപ്പെടല്‍ മറക്കാന്‍ ജനം പുസ്തകങ്ങളിലേക്കും പാട്ടുകളിലേക്കും തിരിയുമ്പോള്‍ സന്തോഷവാര്‍ത്തയുമായി ജനപ്രിയ പാട്ടുകാരന്‍ എത്തുന്നു. ലോകത്തിനു പ്രിയപ്പെട്ട വിവാദ നായകന്‍ ബോബ് ഡിലന്‍. പാട്ടുകളെഴുതി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ വിമത ഗായകന്‍; ഒറ്റപ്പെട്ട പ്രതിഭ. തന്നെക്കുറിച്ചോ തന്റെ പാട്ടുകളെക്കുറിച്ചോ വര്‍ഷങ്ങളായി ഒരു വിവരവും പുറത്തുവിടാതിരുന്ന ഡിലന്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പുതിയ പാട്ടിനെക്കുറിച്ച് അരാധകരെ അറിയിച്ചത്. 

സ്വയം എഴുതി സംഗീതം കൊടുത്ത് ഡിലന്‍ തന്നെയാണ് പാടിയിരിക്കുന്നത്. 16.57 മിനിറ്റാണ് ദൈര്‍ഘ്യം. ഡിലന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ പാട്ടുകളിലൊന്ന്. ഒരു കൊലപാതകമാണ് ഡിലന്‍ പാട്ടിന്റെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. 1963 നവംബം 22 ന് ലോകത്തെ നടുക്കിയ കൊലപാതകം. ജോണ്‍.എഫ്. കെന്നഡിയുടേത്. പേര്: മര്‍ഡര്‍ മോസ്റ്റ് ഫൗള്‍. ഏറ്റവും ഹീനമായ കൊലപാതകം. പാട്ടിനെക്കുറിച്ചുള്ള വാര്‍ത്ത ചെറിയൊരു വാര്‍ത്താക്കുറിപ്പിലൂടെ ഡിലന്‍ തന്നെയാണ് പുറത്തുവിട്ടത്. 

‘ എല്ലാക്കാലത്തും എന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരാധകര്‍ക്കും സ്നേഹിതര്‍ക്കും എന്റെ അഭിവാദ്യം. കുറച്ചുകാലം മുന്‍പ് റെക്കോര്‍ഡ് ചെയ്ത ഒരു പാട്ട് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അവതരിപ്പിക്കുകയാണ്. ഇതു നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. 

സുരക്ഷിതരായിരിക്കൂ. ജാഗ്രതയോടെ ഇരിക്കൂ. ദൈവം നിങ്ങളെ കാത്തുരക്ഷിക്കട്ടെ’’- ഇതാണ് ബോബ് ഡിലന്‍ പുറത്തുവിട്ട സന്ദേശം. 

കുറച്ചുകാലം മുന്‍പ് എന്നതുകൊണ്ട് എത്ര നാളാണ് ഡിലന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. ഒരു പക്ഷേ മാസങ്ങളാകാം. അല്ലെങ്കില്‍ വര്‍ഷങ്ങള്‍. എട്ടു വര്‍ഷം മുമ്പാണ് ഡിലന്‍ ഒരു ആല്‍ബം പുറത്തിറക്കുന്നത്- ‘ടെംപസ്റ്റ്’. അതിനുശേഷം സ്വന്തമല്ലാത്ത ചില പാട്ടുകള്‍ മാത്രമാണ് അദ്ദേഹം പുറത്തിറക്കിയത്. മൂന്നു വര്‍ഷം മുമ്പ് പുറത്തിറക്കിയ ട്രിപ്ലിക്കേറ്റ് ആണ് ഇതില്‍ പ്രധാനം. ഈ വര്‍ഷം സ്വന്തമായി എഴുതിയ പാട്ടുകളായി അദ്ദേഹം ആല്‍ബം പുറത്തിറക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 

കെന്നഡിയുടെ കൊലപാതകത്തിന്റെ വ്യാഖ്യാനമെന്നതിനേക്കാള്‍ ആ ഹീനമായ കൃത്യത്തിന്റെ യഥാര്‍ഥ വിവരണം തന്നെയാണ് പാട്ടില്‍. ചില വരികളില്‍ പോപ് കള്‍ച്ചറിന്റെ സ്വാധീനവും കണ്ടാത്താന്‍ കഴിയുന്നുണ്ട്. 

‘ കാറില്‍ തന്നെയിരിക്കുമ്പോള്‍ അവര്‍ 

അദ്ദേഹത്തിന്റെ മുഖം തകര്‍ക്കുകയായിരുന്നു’ - ആദ്യഭാഗത്ത് ഡിലന്‍ എഴുതുന്നു. ഡാലസില്‍ ഡീലി പ്ലാസയില്‍നിന്ന് കെന്നഡിയുടെ കാര്‍ ഭ്രാന്തമായി വളവു തിരിയുന്ന രംഗവും പാട്ടില്‍ വിവരിക്കുന്നുണ്ട്. ഇടയ്ക്ക് പാട്ടിലൂടെ കെന്നഡി തന്നെ തന്റെ മരണം പറയുന്നുമുണ്ട്. 

‘ പിന്‍സീറ്റില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു ഞാന്‍ 

ഒരൊറ്റ വെടിയില്‍ അവര്‍ എന്റെ മരണാനന്തര ജീവിതം ഉറപ്പാക്കി. 

ഞാന്‍ ഇടത്തേക്ക് ഒന്നു ചരിഞ്ഞു 

ഭാര്യയുടെ മടിയിലേക്ക് തല ചായ്ച്ചു... 

ഡിലന്റെ പാട്ട് ഒഴുകുകയാണ്, ഒഴുകിപ്പരക്കുകയാണ്. ചരിത്രത്തിനുമേല്‍. ചരിത്രത്തിലെ ഏറ്റവും ഹീനമായ കൊലപാതകത്തിനുമേല്‍. 

English Summary : Bob Dylan releases 17-minute track about assassination of John F. Kennedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com