അവസാനത്തെ ആഗ്രഹം; മരിക്കും മുൻപൊരു കുഞ്ഞുവേണം...

Mail This Article
അവസാനത്തെ ആഗ്രഹം. മരണത്തിനൊരുങ്ങുന്ന മനുഷ്യന്‍ സുനിശ്ചിതമായ വിധിക്കു തൊട്ടുമുമ്പ് ഭാര്യയോട് വെളിപ്പെടുത്തിയത്. ഒരു പിതാവാകാനുള്ള ആഗ്രഹം. കുഞ്ഞുണ്ടായാൽ അതിനോടു യാത്ര പറഞ്ഞ് മടങ്ങേണ്ടി വരിക എന്നത് മരണം കടുപ്പമേറിയതാക്കില്ലേ എന്നു സംശയിച്ച ഭാര്യ ഡോ. ലൂസിയോട് അദ്ദേഹം മറുചോദ്യം ഉന്നയിച്ചു: ‘അങ്ങനെയായാൽ ഏറെ നല്ലതാകില്ലേ’.
മരണം മഹത്തരമാകുന്നത് അതു പ്രയാസകരമാകുമ്പോഴാണെന്ന തിരിച്ചറിവ് പങ്കുവയ്ക്കുകയായിരുന്നു ആ മനുഷ്യന്‍: ഡോ. പോള്‍ കലാനിധി; അമേരിക്കന്‍ ന്യൂറോസര്‍ജനും ഗവേഷകനും.
ഡോ. പോള്‍ കലാനിധി ഇന്ന് ഈ ഭൂമിയിലില്ല. എന്നാല്‍ അദ്ദേഹം സമ്മാനിച്ച വാക്കുകള്‍ ഇന്നുമുണ്ട്. വായിച്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളുടെ പുസ്തകം സജീവം. ഒരു പുസ്തകമായല്ല, മരണമില്ലാത്ത ജീവനായി, നാശമില്ലാത്ത ആത്മാവായി, സ്പന്ദിക്കുന്ന വാക്കുകളായി. ശ്വാസകോശ അർബുദം ബാധിച്ച ശരീരത്തിന് ബാക്കിയുണ്ടായിരുന്ന അവസാന മണിക്കൂറുകളിലാണ് അദ്ദേഹം ആ പുസ്തകമെഴുതിയത്; ഹൃദയം കൊണ്ട്. അതിന്റെ പേരാണ് ‘വെൻ ബ്രെത് ബികംസ് എയർ’.
ആത്മകഥയുടെ ആമുഖത്തിൽ ഒരു പഴയ ഇംഗ്ലിഷ് കവിതയുടെ വരികൾ അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട് :
‘You that seek what life is in death,
Find it air that once was breath.’
ഒരിക്കൽ തങ്ങളുടെ ജീവശ്വാസമായിരുന്ന വസ്തു കേവല വായു മാത്രമായി മാറുന്ന പ്രഹേളികയ്ക്കു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നവരുടെ പ്രതിനിധിയായിരുന്നു കലാനിധിയും. മരണത്തോട് ചേർത്തു വായിച്ചു മാത്രം ജീവിതത്തിന്റെ അർഥമറിയാൻ വിധിക്കപ്പെട്ട മനുഷ്യരിലൊരാള്‍. എന്നാൽ കഠിന യാഥാര്‍ഥ്യത്തിനു നടുവിലും അദ്ദേഹം ആവര്‍ത്തിച്ചു.
‘I can't go on. I'll go on.’
ഡോ. പോൾ ചേർത്തു നിർത്തിയ പരസ്പരവിരുദ്ധങ്ങളെന്ന് തോന്നിയേക്കാവുന്ന ആ രണ്ടു വാചകങ്ങൾ അതിശയിപ്പിക്കും വിധം പിന്നീട് പരസ്പര പൂരകങ്ങളായി മാറി. അത് ആത്മാവിലലിഞ്ഞു മാത്രം വായിക്കാനാകുന്ന അപൂര്‍വ അനുഭവമാണ്. ലോകപുസ്തക ദിനത്തില്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതും പോളിന്റെ വാക്കുകളാണ്. മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍.
ഓരോ പിറവിക്കു പിന്നിലും സൃഷ്‌ടിയുടെ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടെന്നു പറഞ്ഞുതന്നത് പോളാണ്. ഒഴിവാക്കലുകൾക്കു വഴങ്ങാത്ത മരണമെന്ന സത്യത്തെ പ്രീതമായി ഉൾക്കൊള്ളേണ്ടതുണ്ടെന്ന വലിയ പാഠം. അവസാന ശ്വാസം വരെയും മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കണമെന്ന ആഹ്വാനം.. എല്ലാമെല്ലാം.
ജീവിതത്തിന്റെ അർഥം എന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം, പൂർത്തിയാക്കാനാകാതെ പോയ പുസ്തകത്തിനൊടുവില്‍ അദ്ദേഹം പറയാതെ പറയുന്നുണ്ട്. ജീവിതം അർഥപൂർണമാകാനുള്ള വഴി ജീവിക്കുക എന്നുള്ളതു തന്നെയാണ്. തളരുന്ന ഘട്ടങ്ങളില്‍, പ്രതിസന്ധിയുടെ നിമിഷങ്ങളില്‍, ഇന്നും കരുത്താകുന്നത് ആ വാക്കുകള്‍ തന്നെ.
തന്റെ ഓർമകളുടെ കാവൽക്കാരിയാകാൻ ജന്മമെടുത്ത കുഞ്ഞു മകൾക്കെഴുതിയ വാക്കുകളിലാണ് പോള്‍ പുസ്തകം അവസാനിപ്പിക്കുന്നത്. മരണാസന്നനായ ഒരു മനുഷ്യന്റെ അവസാന നാളുകളിൽ അയാൾ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധമൊരു സന്തോഷം നിറച്ച ജീവന്റെ ജീവനായ മകളോടുള്ള വാക്കുകളില്‍. ആ വാക്കുകള്‍ വായിക്കുമ്പോള്‍ ആ മകളായി ജീവിക്കാന്‍ ആഗ്രഹിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ !
ചില നല്ല പുസ്തകങ്ങളങ്ങനെയാണ്. അത്രമേൽ ആഴത്തിൽ അവ നമ്മെ സ്വന്തമാക്കും, നാം അവയേയും. പക്ഷേ ഇഷ്ടപ്പെടുന്ന പുസ്തകത്തിൽ പോലും വായിക്കാതെ വിട്ടു കളയുന്ന ചില വരികളുണ്ടാകാം... പുസ്തകം വായിച്ചു തീർന്നതിന്റെ സംതൃപ്തിയെ അവ ചോദ്യം ചെയ്യാറുമില്ല. ആ വരികൾ പറയാൻ കാത്തു വെച്ചിരുന്നത് കണ്ടേത്തേണ്ടതു ജീവിതത്തിന്റെ തുടർച്ചയില്‍. അതാണെന്റെ നിയോഗമെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്റെ മാത്രമല്ല, എല്ലാ നല്ല വായനക്കാരുടെയും ജന്‍മസത്യം.
ചേതനയറ്റ മുളനാരുകളാൽ ചേർത്തു തുന്നപ്പെട്ട, അച്ചടിമഷി പുരണ്ട വെറും കടലാസുകളല്ല പുസ്തകങ്ങൾ... അവയിലെഴുതപ്പെടുന്ന അക്ഷരങ്ങൾക്ക് ജീവനുണ്ട്. വായനക്കാരന്റെ വിരലുകളും മനസ്സും തങ്ങളിലേക്കെത്തുന്നതും കാത്ത് ഓരോ താളിലുമവ നിശബ്ദമായി സ്പന്ദിക്കുന്നു. പുസ്തക ദിനമായ ഇന്നു മാത്രമല്ല, എന്നും.
English Summary : When Breath Becomes Air Book By Paul Kalanithi