ആ നോവൽ വായിച്ച സെലിബ്രിറ്റികളുൾപ്പടെയുള്ള സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു ; അതിനുമാത്രം ആ പുസ്തകത്തിൽ എന്താണ്?...

Mail This Article
ദക്ഷിണ കൊറിയയിലെ കോടതിയില്‍ ഒരു കേസിന്റെ വിചാരണക്കിടയിലേക്കു വലിച്ചിഴയ്ക്കപ്പെട്ട ചെറിയൊരു നോവലുണ്ട്. ‘കിം ദിയോങ് ജനനം 1982’ . എഴുതിയത് ചോ നാം ജൂ. ലൈംഗിക പീഡനക്കേസിന്റെ വിചാരണയ്ക്കിടെയാണ് നോവല്‍ പരാമര്‍ശിക്കപ്പെട്ടത്. ഒരു ജൂനിയര്‍ അഭിഭാഷക തന്റെ ബോസിനെതിരെയാണ് പീഡനം ആരോപിച്ചത്. ആദ്യം ടെലിവിഷന്‍ അഭിമുഖത്തിലും പിന്നീട് കോടതി യിലും. ചോ നാം ജൂവിന്റെ നോവല്‍ വായിക്കുന്ന സ്ത്രീകളെപ്പോലും പുരുഷന്മാര് പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷക ആരോപിച്ചതിനിടെ, മറ്റു സമാന സംഭവങ്ങളും പുറത്തുവന്നു.
ചോയുടെ നോവലാണ് താന്‍ വായിക്കുന്നതെന്നു പറഞ്ഞതിന്റെ പേരില്‍ പ്രശസ്ത ഗായിക ഐറീന്റെ ചിത്രങ്ങള്‍ പോലും പൊതു സ്ഥലത്തു നശിപ്പിക്കപ്പെട്ടു. ഗായികയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.
2016 നാണ് ചോയുടെ നോവല്‍ ദക്ഷിണ കൊറിയയില്‍ പ്രസിദ്ധീകരിച്ചത്. നാലു വര്‍ഷത്തിനു ശേഷം ഇംഗ്ലിഷ് വിവര്‍ത്തനവും.

പീഡനക്കേസിന്റെ വിചാരണയ്ക്കിടെ പരാമര്‍ശിക്കപ്പെടുകയും നോവല്‍ വായിച്ചു എന്നു പറഞ്ഞാല്‍പ്പോലും പീഡിപ്പിക്കപ്പെടുകയും ചെയ്യാന്‍ മാത്രം നോവലില്‍ എന്തുണ്ട് എന്ന ചോദ്യത്തിനുത്തരം ലളിതമാണ്: യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് നോവല്‍ ചോ എഴുതിയത്. പൊതു ശുചിമുറിയില്‍വച്ച് 23 വയസ്സുള്ള ഒരു യുവതി കൊല്ലപ്പെടുന്നു. കുറ്റവാളി അറസ്റ്റിലായി. കൊലപാതകത്തിന്റെ കാരണം അയാള്‍ വെളിപ്പെടുത്തി : യുവതി തന്നെ പൂര്‍ണമായി അവഗണിച്ചു. തനിക്കതു സഹിക്കാന്‍ കഴിഞ്ഞില്ല.
ദക്ഷിണകൊറിയയിലെ സ്ത്രീകള്‍ക്കിടയില്‍ കനത്ത പ്രതിഷേധവും അമര്‍ഷവും സൃഷ്ടിച്ച സംഭവം. ചോ ഈ സംഭവത്തെ ആസ്പദമാക്കിയാണ് നാലുമാസത്തിനു ശേഷം നോവല്‍ എഴുതിയത്. അതോടെ, സംഭവം രാജ്യത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. പല സംഭവങ്ങളിലും പ്രതികള്‍ രക്ഷപ്പെടുന്നു. ഗര്‍ഭഛിദ്രകേസുകളും കൂടിക്കൊണ്ടിരിക്കുകയാണ്. കുറ്റവാളി കള്‍ ശിക്ഷ കിട്ടാതെ പുറത്തിറങ്ങുന്നു. നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി അക്രമങ്ങളും പീഡനങ്ങളും തുടരുന്നതിനിടെ, ഇവയെ ചോദ്യം ചെയ്യാന്‍ ഒരു കൂട്ടം സ്ത്രീകള്‍ മുന്നോട്ടുവന്നിരിക്കുന്നു.
അവര്‍ എഴുത്തുകാരാണ്. കഥകളിലൂടെയും നോവലുകളിലൂടെയുമാണ് അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. അക്ഷരങ്ങളെ സമരായുധമാക്കി നടത്തുന്ന പോരാട്ടം. ഈ സമരത്തിലെ ശക്തമായ ആയുധങ്ങളിലൊന്നാണ് ചോയുടെ നോവല്‍. ചോ ഒറ്റയ്ക്കല്ല ഈ പോരാട്ടത്തില്‍. ബുക്കര്‍ പുരസ്കാരം നേടിയ ഹാന്‍ കാങ്ങിന്റെ വെജിറ്റേറിയന്‍ എന്ന നോവലാണ് പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. പിതാവിന്റെയും ഭര്‍ത്താവിന്റെ നീചമായ പെരുമാറ്റത്തിനൊടുവില്‍ മാംസത്തെ വെറുക്കുകയും ഒടുവില്‍ ഒരു മരമായി സ്വയം മാറുകയും ചെയ്യുന്ന യുവതിയാണ് വെജിറ്റേറിയനില്‍. ലോകമാകെ ഈ നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പിന്നാലെ പുറത്തുവന്ന സ്ത്രീ എഴുത്തുകരുടെ ഒട്ടേറെ നോവലുകളും കൈകാര്യം ചെയ്തത് സമാന വിഷയം. സമൂഹത്തിലും വീടുകളിലും ജോലിസ്ഥലത്തുമെല്ലാം സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്ന വിവേചനം. പീഡനം. പ്രകോപനമില്ലാത്ത ആക്രമണങ്ങള്‍. ഫ്ലവേഴ്സ് ഓഫ് മോള്‍ഡ്, എ സ്മോള്‍ റവല്യൂഷന് എന്നിവ യും പീഡനം പ്രമേയമാക്കിയ നോവലുകളാണ്. ഇവയില്‍ പലതും ഭാവന എന്നതിനേക്കാള്‍ യാഥാര്‍ഥ്യം തന്നെയായിരുന്നു. ജീവിതത്തില്‍ നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ക്കെതിരെ നടന്ന കലാപരമായ പ്രതിഷേധം. നീതിക്കുവേണ്ടിയുള്ള പോരാട്ടം. സമത്വത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള നിലവിളി. അസഹനീയ അനുഭവങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന എതിര്‍പ്പിന്റെ അടിച്ചര്മത്താനാവത്ത ശബ്ദം.
സാമൂഹിക അംകീകാരം നേടാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് സര്‍ജറി നടക്കുന്ന രാജ്യവും ദക്ഷിണ കൊറിയ തന്നെ. സര്‍വസാധാരണമായ മേക് അപ് പോലെയാണ് രാജ്യത്ത് പ്ലാസ്റ്റിക് സര്‍ജറികളും നടക്കുന്നത്. ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തില്‍ ഇന്റര്‍വ്യൂ ബോര്ഡ്് പറഞ്ഞ അഭിപ്രായം ഒരു യുവതി തന്നെ വെളിപ്പെടുത്തുകയുണ്ടായി.
പ്ലാസ്റ്റിക് സര്‍ജറി ഇപ്പോള്‍ സാധാരണക്കാര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. ചെലവു വളരെ കുറവാണ്. എന്നിട്ടും എന്തേ നിങ്ങള്‍ അതിനു തയാറാവുന്നില്ല. ഈ ചോദ്യം യുവതിക്കു സമ്മാനിച്ചതു ഞെട്ടല്‍. എന്നാല്‍ സര്‍ജറി സാധാരണമാകുന്നു എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
വിന്റര്‍ ഇന്‍ സോക്ചോ എന്ന നോവലില്‍ ഒരു ഗസ്റ്റ്ഹൗസില്‍ ജോലി ചെയ്യുന്ന യുവതിയുടെ അനുഭവത്തെക്കുറിച്ചു പറയുന്നുണ്ട്. പ്ലാസ്റ്റിക് സര്‍ജറി നടത്തിയതിനുശേഷം ഉണങ്ങാത്ത മുറിവുകളുമായി വിശ്രമിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് ഈ നോവലില്‍ പറയുന്നുണ്ട്. സര്‍ജറിയുടെ ശേഷം മുഖം കണ്ടാല്‍ സ്ത്രീയെന്നോ പുരുഷനെന്നോ തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നു സ്ത്രീ. ഒരു ഇരയുടെ സകല ദുരന്തവും ഏറ്റുവാങ്ങി മുറിവ് ഉണങ്ങാന്‍ വേണ്ടി സ്ത്രീ കാത്തുകിടക്കുമ്പോള്‍ ആണ്‍സുഹൃത്തും ബന്ധുക്കളും പുറത്തു പ്രതീക്ഷയോടെ കാത്തുനില്ക്കുന്നു.
ഏറ്റവും പുതിയ കൊറിയന്‍ സാഹിത്യം അക്രമത്തെക്കുറിച്ചാണെന്നു ചുരുക്കിപ്പറയേണ്ടിവരും. കാരണമില്ലാതെ പുരുഷന്മാരില്നിന്നു നേരിടേണ്ടിവരുന്ന പീഡനത്തെക്കുറിച്ചുള്ള സ്ത്രീകളുടെ ശക്തമായ പ്രതിഷേധത്തിന്റെ മുഴക്കം നിറഞ്ഞത്. അതു തന്നെയാണ് പുതിയ എഴുത്തിന്റെ ശക്തി. ചോര പൊടിയുന്ന അക്ഷരങ്ങള്‍. ഓരോ വാക്കും വാള്‍മുന പോലെ. തീവ്രനശീകരണ ശേഷിയുള്ള ബോംബ് പോലെ. കൂര്‍ത്ത മുനയുള്ള നഖം പോലെ.
English Summary : Women Including Celebrities Were Attacked For Reading This