ഐസ്‌ക്രീം തൊണ്ടയിലെ ചതിമുള്ളാവുമ്പോൾ...
Mail This Article
ഐസ്‌ക്രീം എന്നു കേട്ടാൽ തീയാണ് മനസ്സിലെത്തുക, പ്രത്യേകിച്ച് പെൺകുട്ടികളുടെ അമ്മമാർക്ക്. അപ്പോൾ അതൊരു തീക്രീം ആയി മാറുന്നു. ചന്ദ്രമതിയുടെ ഐസ്‌ക്രീം എന്ന കഥ വായിക്കുമ്പോൾ വായിലൊരു തീക്കട്ട വച്ചതു പോലെ. സ്‌കൂൾ വിദ്യാർഥിയും നിഷ്‌കളങ്കയുമായ ഒരു പെൺകുട്ടിയെ സമൂഹത്തിലെ ഉന്നതന്മാർ ചേർന്ന് പീഡിപ്പിച്ചതിന്റെ കേസ് വിസ്‌താരമാണ് കഥയിലുള്ളത്.
പെൺകുട്ടിയുടെ നിഷ്‌കളങ്കത കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. വിശ്വാസം അതല്ലേ എല്ലാം എന്നതല്ല വിശ്വാസവഞ്ചന അതല്ലേ എല്ലാം എന്നതാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പരസ്യം. രക്ഷപ്പെടാനുള്ള മാർഗങ്ങൾ പല തവണ വീണു കിട്ടിയിട്ടും അവളതൊന്നും ഉപയോഗിച്ചില്ലെന്ന് പ്രതിഭാഗം. അതിനു കാരണമായി പറയുന്നത് ഹോട്ടലിൽനിന്നു തനിച്ചു നടന്ന് ദേവാലയത്തിൽ പോയി ആരാധന നടത്തി അവൾ റൂമിൽ മടങ്ങിയെത്തിയെന്നതാണ്.
എന്തുകൊണ്ടവൾ ഓട്ടോയിലോ മറ്റോ കയറി രക്ഷപ്പെട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യം. രക്ഷപ്പെടാഞ്ഞതിന് അവൾ കോടതിയിൽ ബോധിപ്പിക്കുന്ന കാരണം കേൾക്കുന്നതോടെ കഥ തീരുന്നു. തിരിച്ചുവന്നിട്ട് ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് ഒരു മാമൻ പറഞ്ഞിരുന്നു എന്നാണ് അവൾ പറഞ്ഞത്. ഐസ്‌ക്രീമിൽ കുപ്പിച്ചില്ല് കണ്ടാലെന്ന പോലെ നാം ഞെട്ടിപ്പോവും. ഐസ്‌ക്രീം കഴിക്കാനുള്ളതല്ല, വഞ്ചിക്കാനുള്ളതാണ്. ആയിമിഠായി മിഠായി തിന്നുമ്പോഴെന്തിഷ്‌ടായി തിന്നു കഴിഞ്ഞു ചതിയായി എന്ന് ഇന്നായിരുന്നെങ്കിൽ കുഞ്ഞുണ്ണി മാഷ് എഴുതിയേനെ.
ഐസ്‌ക്രീമിന്റെ മുകളിൽ ചെറിപ്പഴം വച്ചിരിക്കുന്നതു പോലെ ചതിപ്പഴം വച്ചിരിക്കുന്നു. പെൺകുട്ടിയുടെ നിഷ്‌കളങ്കത പാപമായി വിലയിരുത്തപ്പെടുകയാണിവിടെ. എന്തുകൊണ്ട് ഓട്ടോയിലോ മറ്റോ കയറി രക്ഷപ്പെട്ടില്ല എന്നാണ് പ്രതിഭാഗം ആരായുന്നത്. എന്നിട്ടു വേണമായിരുന്നു മറ്റൊരു പീഡനസംഘത്തിനു നടുവിലേക്ക് അവൾ എടുത്തെറിയപ്പെടാൻ.
വല വിരിച്ചവർ തന്നെ ചോദിക്കുകയാണ് നീ എന്തുകൊണ്ട് വലയ്‌ക്കു പുറത്തേക്ക് പോയില്ല എന്ന്. തെറ്റ് ചെയ്‌ത ഉന്നതർക്ക് അപകീർത്തി ഉണ്ടാവാൻ പാടില്ല. തെറ്റ് ചെയ്യാത്ത പാവം പെൺകുട്ടിയെ ആർക്കു വേണമെങ്കിലും അപകീർത്തിപ്പെടുത്താം എന്നതാണ് സ്‌ഥിതി. അവളോട് സമൂഹം ചോദിക്കുന്നത്, ദൈവം നിന്നെ രക്ഷിച്ചില്ലേ എന്നല്ല ഓട്ടോ നിന്നെ രക്ഷിച്ചില്ലേ എന്നാണ്.
ചന്ദ്രമതിയുടെ തികച്ചും വൈവാഹികം എന്ന കഥയിൽ, പുരുഷന്മാർ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സ്‌ത്രീജീവിതത്തിന്റെ കഷ്‌ടപ്പാടും ഓർത്ത് ഒരു സ്‌ത്രീ പറയുന്നു, അടുത്ത ജന്മം എന്നെ ഒരു പുരുഷനാക്കാമെന്ന് പൂജാമുറിയിലെ ദൈവങ്ങൾ വാക്കു തന്നിട്ടുണ്ട് എന്ന്. ഐസ്‌ക്രീം എന്ന കഥയിലെ പെൺകുട്ടി ഹോട്ടലിൽനിന്നു ദേവാലയത്തിൽ എത്തുമ്പോൾ ദൈവത്തോട് ചോദിച്ചു വാങ്ങിയ ഉറപ്പും അത് തന്നെയാവാം.
ചന്ദ്രമതിയുടെ കഥകളിൽ ഒരുചിരിയുണ്ട്. അത് പക്ഷേ പ്രകടമല്ല. തിരശ്ശീല കൊണ്ടെന്ന പോലെ ഒരു ചിരിശ്ശീല കൊണ്ട് മറച്ചിരിക്കുകയാണ് ആ ചിരി. ചിരിയുടെ കാരണം ദുഃഖമാണ് എന്ന് ഡോ.കെ.അയ്യപ്പ പ്പണിക്കർക്ക് അറിയാമായിരുന്നു. തന്റെ ഗുരുവും വഴിവിളക്കുമായ പണിക്കരിൽനിന്നു കിട്ടിയതാവാം ചന്ദ്രമതിക്കും ഈ രീതി. കവിതയിലെ ചിരിഞ്‌ജീവി എന്നു പറയാവുന്ന പണിക്കരിൽനിന്നു കിട്ടിയത്. സമൂഹത്തിലെ ഉന്നതന്മാരുടെ നേർക്കാണ് ചന്ദ്രമതി പരിഹാസം ചൊരിയുന്നത്.
വെളിച്ചത്തിന്റെ കേന്ദ്രമേത് എന്നു ചോദിച്ചാൽ അത് സൂര്യനല്ലീ എന്നു സംശയിക്കേണ്ടതില്ല. നമ്മുടെ മനഃസാക്ഷിയിൽ ഏറ്റവുമധികം ഇരുൾ വീഴ്‌ത്തിയതെന്ത് എന്നു ചോദിച്ചാൽ അത് സൂര്യനെല്ലി എന്നും പറയേണ്ടിവരും. ഈ കഥ വായിക്കുമ്പോൾ, തെറ്റു ചെയ്‌തവർക്ക് അവരുടെ മുഖത്തേക്ക് ആരോ ടോർച്ചടിക്കുന്നതു പോലെ തോന്നും. കഥയുടെ വെളിച്ചമാണ് നാം ആ കാണുന്നത്. സൂര്യനെല്ലി എന്ന പേര് കേരളത്തിലെ മിക്ക സ്‌ഥലങ്ങൾക്കും ചേരുന്നതാണ് ഇന്ന്. സൂര്യനു കീഴിലുള്ള ഏതു സ്‌ഥലവും സൂര്യനെല്ലി ആവുമ്പോൾ ജാഗ്രതയുടെ ഞെക്കു വിളക്കുമായി റോന്തു ചുറ്റുന്നത് ഇത്തരം കഥകൾ.
English Summary : Kadhanurukku, Column, Short Stories By Chandramathi