ADVERTISEMENT

ഗ്രാമം അദ്ഭുതങ്ങളുടെ കലവറയാണ്. ദ്വേഷവും സ്നേഹവും / രാഗവും ശത്രുതയും മിത്രത്വവും കുറവും ആധിക്യവും കരച്ചിലും ചിരിയുമൊക്കെ വിചിത്രവും നിഗൂഢവുമായ അനുപാതത്തില്‍ അവിടെ ചിതറിക്കിടക്കുന്നു. മനുഷ്യന്റെ സ്വഭാവവും സ്വരൂപവും വലിയ മറകളില്ലാതെ വെളിപ്പെടുന്ന ഇടം. പ്രാകൃതം എന്നും അപരിഷ്കൃതം എന്നുമൊക്കെ പഴയ കാലത്തു വിളിച്ചിരുന്ന ഒരവസ്ഥയെക്കുറിച്ചാണ് പറയുന്നത്. പക്ഷേ, ആ വാക്കുകളൊക്കെ ഗ്രാമത്തിന്റെ വിശേഷഭാവങ്ങളെ സൂചിപ്പിക്കാന്‍ അപര്യാപ്തമാണ്. സംസ്കരണ വിധേയമാകാത്ത എന്ന അർഥത്തില്‍ അസംസ്കൃതി എന്ന് അതിനെ വിളിക്കാം. ഇത്തരം അസംസ്കൃതിയുടെ പുരാവൃത്തങ്ങള്‍ ഭാഷയിലൂടെ സൃഷ്ടിക്കുന്നവരാണ് സര്‍ഗ്ഗധനരായ എഴുത്തുകാര്‍. അവയ്ക്ക് ചിലപ്പോള്‍ ബാഹ്യലോകവുമായി ബന്ധമുണ്ടാകണമെന്നില്ല. ലോകമെമ്പാടുമെന്നപോലെ മലയാളത്തിലും അനേകം ഗ്രാമകഥാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയുടെ ജീവന്‍ മുമ്പു സൂചിപ്പിച്ച അസംസ്കൃതിയുടെ ഭാവകാന്തിതന്നെയാണ്. 

എസ്.കെ. പൊറ്റെക്കാടിന്റെ നോവലുകളും ചെറുകഥകളും കവിതകളുമെല്ലാം ഒരർഥത്തില്‍ മലബാറിന്റെ ഭിന്നഭിന്നങ്ങളായ 'അസംസ്കൃതി'കളെ അഭിസംബോധന ചെയ്യുന്നുണ്ട്. അദ്ദേഹം 1941-ൽ എഴുതിയ ചെറുനോവലാണ് നാടന്‍പ്രേമം. ബോംബെയെന്ന നഗരത്തിലിരുന്ന് എഴുതിയ നോവല്‍. സിനിമയ്ക്കുവേണ്ടി എഴുതിയ നോവല്‍. ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള മുക്കം എന്ന ഉൾനാടൻ ഗ്രാമത്തെ നോവലില്‍ കണ്ടെത്തിയേക്കാം. എന്നാല്‍ ഭാഷയ്ക്കുള്ളില്‍ വിരിഞ്ഞുവരുന്ന സങ്കീര്‍ണ്ണവും പരുഷവും പുരാവൃത്തസദൃശവുമായ ഭാവനാദ്വീപാണ് ആ സ്ഥലം.  

നഗരത്തില്‍നിന്ന്, കോഴിക്കോട്ടുനിന്ന് ഗ്രാമത്തിലേക്കെത്തുന്ന രവീന്ദ്രൻ എന്ന ധനികനായ ചെറുപ്പക്കാരൻ. ഗ്രാമത്തിന്റെ നിരലങ്കൃതമായ പരപ്പില്‍ മാളു എന്ന പെൺകുട്ടി. ഈയൊരു വ്യവസ്ഥയില്‍ അവര്‍ പ്രണയബദ്ധരായേ മതിയാവൂ. അവരുടെ പ്രണയസമാഗമങ്ങളിലെ നിശ്ശബ്ദസാന്നിധ്യമായി ഇക്കോരനെന്ന മനുഷ്യന്‍. തീര്‍ത്തും അസംസ്കൃതമെന്നും സ്വതന്ത്രമെന്നും വിളിക്കാവുന്ന വിതാനത്തിലാണ് എസ്. കെ. ഈ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. രവീന്ദ്രന്‍ നഗരത്തിലേക്കും പിന്നെ വിദേശത്തേക്കും പോകുന്നതോടെ, ഗര്‍ഭിണിയായ മാളു വീട്ടുകാര്‍ക്ക് അപമാനമുണ്ടാക്കാതെ ഇക്കോരനെ വിവാഹം ചെയ്യുന്നു. മറ്റൊരാളുടെ കുട്ടിയെ തന്റേതായി വളര്‍ത്തിക്കൊള്ളാമെന്ന് അയാള്‍ മാളുവിന് വാക്കു നല്കുന്നുണ്ട്. രാഘവനാണ് അങ്ങനെ പിറന്ന സന്താനം. 

കാലങ്ങള്‍ക്കുശേഷം കുട്ടികളില്ലാത്ത ദുഃഖം അനുഭവിച്ചിരുന്ന രവീന്ദ്രനും ഭാര്യ പത്മിനിയും ഗ്രാമത്തിലെത്തുന്നു; രാഘവനെ കാണുന്നു. അവനെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്ന രവീന്ദ്രനെ ആ കുട്ടി തന്റെ സ്വന്തമാണെന്നു സ്ഥാപിച്ച്, മടക്കിയയ്ക്കുകയാണ് ഇക്കോരന്‍. പിന്നീട് അസുഖബാധിതനായ രവീന്ദ്രന്റെയടുത്ത് രാഘവനെ കൊണ്ടുചെന്നാക്കി മടങ്ങിവന്ന് ഇക്കോരനും മാളുവും നദിയില്‍ ചാടി മരിക്കുന്നു. ഈ മരണങ്ങളുടെ നിഴല്‍ വീണുകിടക്കുന്ന ഗ്രാമത്തില്‍ സ്വന്തമായി വാങ്ങിയ എസ്റ്റേറ്റില്‍ മകനോടൊത്തു താമസിക്കുന്ന രവീന്ദ്രനെ ചൂണ്ടിക്കാണിച്ചുകൊണ്ട് നോവല്‍ അവസാനിക്കുന്നു.

ഒരിടത്തു ജീവിതത്തോടുള്ള സംസ്കരിച്ചെടുത്തതും ഔപചാരികവുമായ (അമുഖ്യം എന്ന അർഥത്തിൽ) ആസക്തിയും മറുവശത്ത് സമൃദ്ധജീവിതത്തെ അസംസ്കൃതവിവേകത്തോടെ പരിഗണിക്കുന്ന മനോഗതിയും എസ്.കെ. എഴുതിവയ്ക്കുന്നു. ഇക്കോരന്റെ ജീവിതം ഗ്രാമത്തിന്റെ വികാരഭദ്രമായ ജനാധിപത്യത്തിന് പ്രതിനിധീഭവിക്കുന്നു. അയാള്‍ ഗ്രാമത്തിലെല്ലായിടത്തുമുണ്ട്. ഇടവഴിയിലും പുഴക്കടവിലും മലയോരത്തും എല്ലാമെല്ലാം. ജോലിയും കൂലിയുമില്ലാത്തവന്‍ എന്ന  അപഹാസത്തിന് സര്‍വ്വഥാ യോഗ്യന്‍. 

പക്ഷേ, അത്തരം അപഹസിതരായ മനുഷ്യരുടെ മഹാജീവിതകഥയാണ് ചരിത്രം. അത് നാം ഒരിടത്തും എഴുതിവച്ചിട്ടില്ല. ആര്‍ക്കും സഹായിയാവുന്നവനും വിളിപ്പുറത്തുള്ളവനും വേര്‍തിരിഞ്ഞുനിൽക്കുന്നവനും അതിപരിചിതത്വംകൊണ്ട് ഭാവനയില്‍നിന്നും ചരിത്രത്തില്‍നിന്നും എളുപ്പം ഭ്രഷ്ടനാകും. ഇക്കോരന്‍ അങ്ങനെയൊരുവനാണ്. ഗ്രാമത്തിന്റെ മൗനങ്ങളും ഒച്ചപ്പാടുകളും ഒഴുക്കുകളും ഓര്‍മകളുമൊക്കെ ഒതുക്കിച്ചേര്‍ത്തുപിടിച്ചു കഴിയുന്ന അതിസാധാരണന്‍. അയാളുടെ കഥയായി നാടന്‍പ്രേമം നാം വായിക്കുമ്പോള്‍ രതിവിരതികളുടെയും സ്വീകാരതിരസ്കാരങ്ങളുടെയും ജനിമൃതികളുടെയും വ്യാകരണഘടനയില്‍ പൊളിച്ചെഴുത്താവശ്യമാണെന്നു ബോധ്യപ്പെടും. ഇക്കോരനെന്ന പേരിന്റെ രാഷ്ട്രീയവും അയാളുടെ അനനന്യത(Identity)യിലെ പ്രശ്നമണ്ഡലവും ആ വഴിക്കുപോയാല്‍ എളുപ്പം പിടിച്ചെടുക്കാം.

നാടന്‍പ്രേമത്തെ പ്രാദേശികനോവലാക്കി ചുരുക്കിയാല്‍ കഥകഴിഞ്ഞു. എന്നാല്‍ ഇക്കോരന്‍ എന്ന മനുഷ്യന്റെ സ്വാതന്ത്ര്യപ്പരപ്പിലേക്ക് അതിനെ തുറന്നുവിട്ടാല്‍ അസംസ്കൃതിയുടെ പുതിയൊരു പ്രേമശാസ്ത്രമായി-കാമശാസ്ത്രമായല്ല- അതു വികസിക്കും.

English Summary : Dr G Sreejith speaks about 'Nadan Premam' by S K Pottekkatt

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com