ADVERTISEMENT

പാവപ്പെട്ട മുക്കുവത്തൊഴിലാളികളുടെ കഥയാണ് തകഴി ചെമ്മീൻ എന്ന നോവലിലൂടെ ചുരുളഴിച്ചത്. 1948 ൽ രണ്ടിടങ്ങഴിയിൽ കണ്ട അതേ വിപ്ലവ ദർശനം എട്ട് വർഷങ്ങൾക്കു ശേഷം നാം ചെമ്മീനിൽ കണ്ടു. കടൽ പോലെ പ്രക്ഷുബ്ധമാവുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകൾ. ചെമ്പൻ കുഞ്ഞിന്റെയും ചക്കിയുടെയും പ്രിയ മകളാണ് കറുത്തമ്മ .പേരിൽ കറുപ്പുണ്ടെങ്കിലും വെളുത്ത് സുന്ദരമായ രൂപവും മാറത്ത് മറുകും ഉള്ള കറുത്തമ്മ. അവൾക്ക് പരീക്കുട്ടിയിൽ ഊന്നിപ്പോയ ഹൃദയം പിഴുതെടുക്കാൻ കഴിയുന്നില്ല. നാലാം വേദക്കാരനായ കൊച്ചുമുതലാളിയുമായി മകൾ അടുപ്പത്തിലാണെന്നറിഞ്ഞ് ആദ്യം അച്ഛൻ കോപത്താൽ ഉറഞ്ഞു തുള്ളുന്നു.

അപ്പോഴാണ് ആരോ വിൽക്കാൻവച്ച വള്ളം സ്വന്തമാക്കണമെന്ന മോഹം അയാളിൽ ആളിപ്പടരുന്നത്. എന്നിട്ടു വേണം ഒന്നു സുഖിക്കാൻ എന്നയാൾ കിനാവ് കാണുന്നു. ആ കടാപ്പുറത്ത് കച്ചവടത്തിനു വന്നു താമസിക്കുന്ന പരീക്കുട്ടി ധനികനാണ്. അവന്റെ കയ്യിൽ കാശുണ്ട്.കറുത്തമ്മ ചോദിച്ചാൽ അവൻ തരും. അവൾ മനസ്സില്ലാ മനസ്സോടെ ചോദിച്ചു. കറുത്തമ്മയുടെ അഴകിലും പ്രേമത്തിലും മുങ്ങിത്തുടിക്കുകയായിരുന്ന പരീക്കുട്ടി ഒന്നുമോർക്കാതെ പണമെടുത്തു കൊടുത്തു.

ചെമ്പൻ കുഞ്ഞിനറിയാം, മരയ്ക്കാത്തിയും മേത്തച്ചെറുക്കനും തമ്മിൽ ചേരാൻ താൻ സമ്മതിക്കില്ല. പക്ഷേ അവന്റെ പണം കയ്യിൽ വരണം. മകളുടെ പ്രണയത്തിന്റെ കനലിനേക്കാൾ കാശിന്റെ കനമാണ് അത്യാർത്തിക്കാരനായ ആ മനുഷ്യന്റെ മനസ്സിൽ. നാലാം വേദക്കാരനെ സ്നേഹിക്കാൻ പാടില്ല, എന്നാലവന്റെ പണത്തെ മോഹിക്കാം. ചെമ്പൻ കുഞ്ഞിന്റെ പണക്കൊതിയും വമ്പൻമോഹങ്ങളും വലിയ ദുരന്തമായി തീർന്നു. പേശീബലമുള്ള മരയ്ക്കാൻ പളനിയെക്കൊണ്ട് അയാൾ കറുത്തമ്മയ്ക്ക് മിന്നുകെട്ടിച്ചു.

മകളെക്കൊണ്ട് അപവാദം പറയുന്നതു കേട്ട് അമ്മ ചക്കി പന്തലിൽ ബോധംകെട്ടു വീണു. അമ്മയെ ഒന്നു ശുശ്രൂഷിക്കാൻ പോലും സമ്മതിക്കാതെ ക്രൂരനായ ആ അച്ഛൻ മകളെ ഭർത്താവിനൊപ്പം അയയ്ക്കുന്നു. ചക്കി മരിച്ചയുടൻ അയാൾ നേരത്തേ കണ്ണുവച്ചിരുന്ന, ഭർത്താവ് മരണപ്പെട്ട അരയത്തിയെ കെട്ടിക്കൊണ്ടുവന്നു. അത് സ്വന്തം ജീവിതത്തിനു തിരിച്ചടിയാവുമെന്ന് അപ്പോഴയാൾ ഓർത്തതേയില്ല.

ഇവിടെ മത്സ്യത്തൊഴിലാളിയായ ചെമ്പൻകുഞ്ഞാണ് പരീക്കുട്ടി എന്ന കൊച്ചു മുതലാളിയെ ചതിക്കുന്നത് (മറിച്ചല്ല). ആ ചൂഷണം അവനെ ഒരു ദരിദ്രനും നിരാലംബനും കുടുംബ പരിത്യക്തനുമാക്കി. കൊച്ചുമുതലാളിയുടെ മൃദുല ചിത്തവും മകളോടുള്ള പ്രേമവും അയാൾക്ക് അറിയാമായിരുന്നു. അതറിഞ്ഞാണ് പണം തിരികെ കൊടുക്കാതെ ചതിച്ചത്. ചെമ്പൻകുഞ്ഞ് കൊണ്ടു വന്ന സ്ത്രീക്കൊപ്പം അയാളുടെ മുതിർന്ന മകനും ഉണ്ടായിരുന്നു. രണ്ടാനമ്മ കാരണം അയാളുടെ ഇളയ മകളുടെ ദുരിതവും തുടങ്ങി. ഒരു നാൾ ആ സ്ത്രീ ചെമ്പൻകുഞ്ഞിന്റെ പണമെല്ലാമെടുത്ത് മകനു കൊടുത്ത് അവനെ പറഞ്ഞയ്ക്കുന്നു.

ചെമ്മീനിലെ ചെമ്പൻകുഞ്ഞ് ഒരു നല്ല ഭർത്താവല്ല, നല്ല അച്ഛനുമല്ല. പരീക്കുട്ടിയുടെ ഹൃദയവും ജീവിതവും തകർത്ത ക്രൂരനാണ്. ചെമ്മീനിലെ ചെമ്പൻകുഞ്ഞ് ഒരു പ്രതീകമാണ് - സ്നേഹിച്ച പുരുഷന്റെ കൂടെ മകളെ ജീവിക്കാൻ അനുവദിക്കാത്ത അച്ഛന്മാർ വീണ്ടും ഇവിടെ ഉണ്ടായി. അച്ഛന്മാരുടെ ആർത്തിയും ആസക്തിയും കാരണം ദാമ്പത്യം തകർന്ന് കരളുരുകി ജീവിക്കുന്ന പെൺകുട്ടികളും ഉണ്ടിവിടെ. സത്യത്തിന്റെ വെളിപാട് അന്തിമ മുഹൂർത്തത്തിലേ വെളിപ്പെടൂ. ചെമ്പൻ കുഞ്ഞിന്റെ ദുരയും ക്രൗര്യവും ഇവിടെ ആവർത്തിക്കപ്പെടുന്നു. മനുഷ്യന്റെ ആസൂത്രണത്തെ തോൽപിക്കുന്ന ദുരൂഹ ശക്തികൾ ഉണ്ടെന്നത് ചെമ്പൻകുഞ്ഞ് ഓർത്തില്ല. വിധിയുടെ അജ്ഞാത ഹസ്തങ്ങൾ അയാളുടെ കഴുത്തിൽ കുരുക്കിട്ടു.

ഏറ്റവുമൊടുവിൽ ഉന്മാദത്തിന്റെ വക്കിലെത്തിയ ചെമ്പൻകുഞ്ഞ് പരീക്കുട്ടിയെ തന്റെ കുടുംബം തകർത്തവനെന്നു പറഞ്ഞ് അധിക്ഷേപിക്കുന്നു. തന്റെ വള്ളം വിറ്റ പണം ഏൽപിച്ചുവെങ്കിലും പരീക്കുട്ടി അത് സ്വീകരിച്ചില്ല. സകലതും നഷ്ടപ്പെട്ട ചെമ്പൻകുഞ്ഞ് ആ കടപ്പുറത്ത് താൻ വിറ്റ തോണിക്കരികെ നിന്ന് ഭ്രാന്തമായി പൊട്ടിച്ചിരിക്കുന്നു. കടൽത്തിരകൾ പോലും സംഭ്രമത്തോടെ ആ കാഴ്ച നോക്കി നിന്നു. ഒരച്ഛന്റെ ദുരയും ചതിയും മൂലം ഉടഞ്ഞു ചിതറിയ ഒരുപാട് ജീവിതങ്ങൾ. ചെമ്മീൻ എന്ന നോവലിലെ വർഗസമര ചിത്രണം തകഴി എന്ന അനശ്വര സാഹിത്യകാരനെ പുരോഗമന സാഹിത്യത്തിന്റെ സിംഹാസനത്തിലേറ്റുകയായിരുന്നു.

English Summary : Thakazhi's vision through Chembankunju by K.P. Sudheera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com