ADVERTISEMENT

മലയാള നോവലിന്റെ ചരിത്രത്തിൽ പ്രണയമെന്ന മനുഷ്യ വികാരം ആവിഷ്കരിക്കപ്പെടുന്നത് നവോത്ഥാന കാലഘട്ടത്തിലാണ്. കഥ തുടങ്ങിയ ഇന്ദുലേഖയിലുള്ളത് പ്രണയമാണെന്നു പറയാൻ പറ്റില്ല. ഒരു സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള സിറ്റുവേഷനാണ് ചന്തുമേനോൻ അതിൽ ഉണ്ടാക്കിവച്ചത്. അതിനെ നമുക്കു പ്രണയമായി വായിക്കാൻ പറ്റില്ല. ആദ്യകാല കഥകളിലൊന്നും പ്രണയമില്ല. പിന്നീട്, 1940 കൾക്കു ശേഷം, നമ്മുടെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും അതിനു ശേഷവുമാണ് പ്രണയം എന്ന വികാരത്തെ ഏറ്റവും തീവ്രമായി എഴുത്തുകാർ ആവിഷ്കരിക്കുന്നത്. ആ കാലത്തെ എല്ലാ കഥാകൃത്തുക്കളും അവരുടെ കഥകളിലും നോവലുകളിലും പ്രണയം കൊണ്ടുവന്നു. ബഷീറാകട്ടെ, പൊറ്റെക്കാടാകട്ടെ, ഉറൂബാകട്ടെ, ലളിതാംബിക അന്തർജനമാകട്ടെ, കേശവദേവാകട്ടെ, തകഴിയാകട്ടെ എല്ലാവരും പ്രണയമെഴുതി. 

 

പൊറ്റെക്കാടിന്റെ, പ്രണയം ഏറ്റവും തീക്ഷ്ണമായി ആവിഷ്കരിക്കപ്പെട്ട നോവലാണ് നാടൻ പ്രേമം. പൊറ്റെക്കാട് അന്നത്തെ എഴുത്തുകാരിൽനിന്നു വ്യത്യസ്തനാകുന്നത് അദ്ദേഹം വളരെ സ്ഥൂലമായി, വളരെ വിപുലമായി മനുഷ്യബന്ധങ്ങളെ ചിത്രീകരിച്ചു എന്നതുകൊണ്ടാണ്. കഥയിൽ സൂക്ഷ്മത വേണം, നോവലിലുമാകാം സൂക്ഷ്മത. മറ്റുള്ള എഴുത്തുകാരൊക്കെ അങ്ങനെ സൂക്ഷ്മത പുലർത്തുമ്പോൾ പൊറ്റെക്കാട് മനുഷ്യരെ അങ്ങോട്ടഴിച്ചുവിടുകയാണ് ചെയ്യുക. അവർ മനസ്സു തുറക്കട്ടെ, അവർ സൊറ പറയട്ടെ, അവരിങ്ങനെ പരസ്പരം മനസ്സു തുറന്ന് സംവദിക്കുന്ന നാട്ടുമ്പുറത്തുകാരാണ്. ഏതിടവഴിയിലും പൊറ്റെക്കാടിന്റെ മനുഷ്യർ കണ്ടുമുട്ടിയാൽ അവർ പരസ്പരം ഒരുപാടു സംസാരിക്കും. 

 

മുക്കത്തെ ഇരുവഞ്ഞിപ്പുഴയുടെ കരയിൽ രവീന്ദ്രൻ എന്നൊരാളെത്തുന്നു, അയാൾ അവിടെയൊരു പ്രണയബന്ധത്തിലകപ്പെടുന്നു. പിന്നെ അയാൾ തിരിച്ചുപോകുന്നു. അയാളുടെ കാമുകിയായ ആ പെൺകുട്ടി, മാളു, അയാളിൽനിന്നു ഗർഭിണിയാണ്. പോയയാളെക്കുറിച്ചു യാതൊരു വിവരവുമില്ല. പിന്നെ വിവരം വരുന്നു- അയാളെത്തും. പക്ഷേ അവൾക്ക് അവളുടെ അഭിമാനം സംരക്ഷിക്കണം. അവളെന്തു ചെയ്യും ? വേണമെങ്കിൽ അവൾക്ക് ആ പുഴയിൽ ചാടി ആത്മഹത്യ ചെയ്യാം. അവൾ അതുതന്നെ ചെയ്യാനൊരുങ്ങി. പക്ഷേ അവളെ രക്ഷിക്കാൻ ഒരാളെത്തി. അയാളാണ് ഇക്കോരൻ. അയാളാണ് മുക്കത്തിന്റെ ഒരു വലിയ മനുഷ്യാത്മാവ്. ആ ഇക്കോരന്റെ കഥയാണ് പൊറ്റെക്കാട് പറയുന്നത്. 

 

ഇക്കോരൻ മാളുവിനെ രക്ഷപ്പെടുത്തി, അവൾക്കു ജീവിതം കൊടുത്തു. മാളുവിന്റെ കുട്ടിക്ക് ഇക്കോരൻ നാഥനായി. അങ്ങനെയാണ് ആ നോവലിന്റെ കഥ. ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള പ്രണയകഥ പിൽക്കാലത്തു നമ്മൾ കേട്ടിട്ടുണ്ട്. ആ പുഴ, മുക്കത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന ആ പുഴ, ഒരുപാടു പ്രണയം പറഞ്ഞു. പക്ഷേ ഇന്നും മലയാളികൾ, ഇക്കോരന്റെയും മാളുവിന്റെയും കഥ വായിച്ചറിഞ്ഞ മലയാളികൾ, സിനിമയിലൂടെ കണ്ടറിഞ്ഞ മലയാളികൾ, അതിന്റെ അടിസ്ഥാന ഹേതുവായിട്ടു കേട്ട കഥകൾ രുചിച്ചറിഞ്ഞ മലയാളികൾ, ആ മലയാളികളുടെ മനസ്സിൽ എന്നും പ്രണയത്തിന്റെ വലിയൊരു സ്മാരകമാണ് ഇക്കോരന്റെയും മാളുവിന്റെയും കഥ. അവർ ഇരുവഞ്ഞിപ്പുഴയിൽ അവസാനം അഭയം തേടുകയാണ്. ആശാന്റെ ലീലയേയും മദനനെയും പോലെ. അവർ അവരുടെ പ്രണയത്തിനു വലിയൊരു സ്മാരകം പണിതു. പൊറ്റെക്കാടിന്റെ നോവൽ ഇന്നും നമുക്ക് വല്ലാത്തൊരു ആതുരത്വമുണർത്തുന്ന അനുഭൂതിസാരമാണ്. നാടൻ പ്രേമം, അക്ഷരാർഥത്തിൽ അതൊരു നാടൻ പ്രേമമാണ്.

English Summary : Writer V R Sudheesh's thoughts on depiction of love in Malayalam novels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com