തലയിൽ ‘വര’യുണ്ടോ? വായിച്ചുവരയ്ക്കാന് അവസരവുമായി ഹാരി പോട്ടര്‍ കഥാകാരി

Mail This Article
ഹാരി പോട്ടര്‍ കഥകളുടെ എഴുത്തുകാരി ജെ.കെ.റൗളിങ്ങിന്റെ പുസ്തകത്തിന്റെ ഭാഗമാകാന്‍ കുട്ടികള്‍ക്കും അവസരം. അതിശയകരമെങ്കിലും വാര്‍ത്ത സത്യം തന്നെയാണ്. ഓണ്‍ലൈനില്‍, സൗജന്യമായി റൗളിങ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ ഭാഗമാകാനാണ് കുട്ടികളെ എഴുത്തുകാരി ക്ഷണിക്കുന്നത്. ദ് ഇക്കബോഗ് എന്നാണ് പുതിയ കൃതിയുടെ പേര്. 34 ദിവസങ്ങളിലായി നോവല്‍ ഓണ്‍ലൈനിൽ വായിക്കാം, അതും സൗജന്യമായി. ലോക്ഡൗണില്‍ കുട്ടികളുടെ ദിവസങ്ങള്‍ ആനന്ദകരമാക്കാന്‍ വേണ്ടിയാണ് റൗളിങ് ഇതാദ്യമായി സൗജന്യമായി പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇതിനു മുന്‍പ് റൗളിങ്ങിന്റെ പുസ്തകം ഇറങ്ങുന്ന ദിവസം കടകള്‍ക്കു മുന്‍പില്‍ തിരക്കിന്റെ മണിക്കൂറുകളായിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നും സാധ്യമാകാത്ത സാഹചര്യത്തില്‍ വീട്ടിലിരുന്ന് പുസ്തകം വായിക്കാം; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും.
വെറുതേ വായിച്ചാല്‍ മാത്രം പോരാ. ഓരോ അധ്യായത്തിനും അനുയോജ്യമായ ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവ കുട്ടികള്‍ക്ക് വരയ്ക്കാം. അവ റൗളിങ്ങിന് അയച്ചുകൊടുക്കാം. ഏറ്റവും അനുയോജ്യമായതും മനോഹരമായവയും ദ് ഇക്കബോഗ് പുസ്തകമാക്കുമ്പോള്‍ ഉള്‍പ്പെടുത്തുമെന്നാണ് റൗളിങ്ങിന്റെ വാഗ്ദാനം. കുട്ടികളുടെ ഭാവനയെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ അവസരം വിനിയോഗിക്കാം എന്നാണ് റൗളിങ് കരുതുന്നത്. ഭാവനയ്ക്കു കഴിവുള്ള, നന്നായി ചിന്തിക്കുന്ന, വരയ്ക്കുന്ന കുട്ടികള്‍ക്ക് മികച്ച അവസരം.
ഇപ്പോഴാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും ഇക്കബോഗ് പുതിയ കൃതിയല്ല. 10 വര്‍ഷമെങ്കിലും മുന്‍പാണ് എഴുതിയത്. എന്നാല്‍ പ്രസിദ്ധീകരിക്കാതെ മാറ്റിവച്ചിരിക്കുകയായിരുന്നു. അടുത്തകാലത്ത് പൊടി തട്ടിയെടുത്ത പുസ്തകം റൗളിങ് തന്റെ ഇളയ കുട്ടികളെ വായിച്ചുകേള്‍പ്പിച്ചു; ഓരോ അധ്യായങ്ങളായി. അവര്‍ക്കത് ഇഷ്ടപ്പെട്ടു. രാത്രികളില്‍ സ്വന്തം കുടുംബത്തിനുവേണ്ടിയും റൗളിങ് പുതിയ കഥ വായിച്ചു. അവിടെയും കേട്ടത് നല്ല അഭിപ്രായങ്ങള്‍. ഹരം പിടിപ്പിക്കുന്ന പ്രതികരണങ്ങള്‍. അങ്ങനെയാണ് ഇക്കബോഗ് പ്രസിദ്ധീകരിക്കാം എന്ന ചിന്തയിലേക്ക് റൗളിങ് എത്തുന്നത്.

ഹാരി പോട്ടര്‍ കൃതികളില്‍നിന്ന് വ്യത്യസ്തമായി ഇക്കബോഗ് കുട്ടികള്‍ക്ക് വായിച്ചുകൊടുക്കേണ്ട കൃതിയാണെന്ന് റൗളിങ് പറയുന്നു. 7 മുതല്‍ 9 വരെ വയസ്സുള്ള കുട്ടികള്‍ക്ക് സ്വന്തമായി വായിക്കാം. മറ്റുള്ളവര്‍ക്ക് വായിച്ചുകൊടുക്കാം. എങ്ങനെയായാലും ആസ്വാദ്യകരമായ വായനയാണ് ലോകപ്രശസ്ത എഴുത്തുകാരി ഉറപ്പുതരുന്നത്. എന്നാല്‍ വെറും കുട്ടിക്കഥ മത്രമല്ല ഇക്കബോഗ്. അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതാണ് നോവലിന്റെ കേന്ദ്രപ്രമേയം. എന്നാല്‍ അത് കുട്ടികള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ എഴുതിയിരിക്കുന്നു എന്നതാണ് പ്രത്യേകത.
വായിച്ചാസ്വദിക്കുന്നതിനൊപ്പം വരച്ചുപഠിക്കാനും പ്രചോദിപ്പിക്കുന്ന ഇക്കബോഗിന്റെ മാന്ത്രിക ലോകത്തേക്ക് എല്ലാ കുട്ടികള്‍ക്കും സ്വാഗതം.
സന്ദർശിക്കുക : https://www.theickabog.com/competition/