പ്രജാപതിയുടെ അറംപറ്റിയ മരണവും പ്രണയവും
Mail This Article
സിനിമാലോകത്തുനിന്നും ജീവിതത്തിൽനിന്നു തന്നെയും പാതിവഴിക്ക് മടങ്ങിപ്പോകേണ്ടി വന്നയാളെ കേന്ദ്രകഥാപാത്ര മാക്കി നോവൽ എഴുതുക, എന്നിട്ട് ആ നോവൽ പൂർത്തി യാക്കാതെ, അതേ വിധിക്ക് നോവലിസ്റ്റും അടിപ്പെടുക; അറംപറ്റുക എന്നു പറയുന്നതു പോലെ. ‘ദ് ലവ് ഓഫ് ദ് ലാസ്റ്റ് ടൈക്കൂൺ’ എന്ന നോവൽ പാതിയാക്കിയാണ് എഫ്. സ്കോട് ഫിറ്റ്സ്ജെറാൾഡ് നാല്പത്തിനാലാം വയസ്സിൽ വിടവാങ്ങിയത്.
1940 ൽ ഫിറ്റ്സ്ജെറാൾഡ് മരിക്കുമ്പോൾ നൂറോളം പേജുകൾ എഴുതിയ നിലയിൽ ആയിരുന്നു ഈ നോവൽ. ആദ്യ അഞ്ച് അധ്യായങ്ങളും അവസാന അധ്യായവും എഴുതിയിരുന്നു. പിന്നീട് ‘ദ് ലാസ്റ്റ് ടൈക്കൂൺ?’ എന്ന പേരിൽ ഇത് നോവലിസ്റ്റിന്റെ സുഹൃത്ത് എഡ്മണ്ട് വിൽസൺ എഡിറ്റ് ചെയ്തു പുസ്തകരൂപത്തിൽ ഇറക്കുകയായിരുന്നു. എഴുതിത്തീർത്തിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ‘ദ് ഗ്രേറ്റ് ഗാറ്റ്സ്ബി’യേക്കാൾ ഗംഭീരനോവൽ ആയിരുന്നേനെ എന്നാണു നിരൂപകന്മാർ പറഞ്ഞിട്ടുള്ളത്.
ഫിറ്റ്സ്ജെറാൾഡിന്റെ ജീവചരിത്രകാരനായ മാത്യു ബ്രൂക്കോളി 1990 കളിൽ ഗ്രന്ഥകർത്താവിന്റെ തന്നെ കുറിപ്പുകളോടെ ‘ദ് ലവ്ഓഫ് ദ് ലാസ്റ്റ് ടൈക്കൂൺ’ എന്ന പേരിൽ വീണ്ടും ഈ നോവൽ പ്രസിദ്ധീകരി ക്കുകയുണ്ടായി.
മൺറോ സ്റ്റാർ (Munroe Stahr) എന്ന ഹോളിവുഡ് പ്രൊഡ്യൂസർ ആണ് നോവലിലെ കേന്ദ്രകഥാപാത്രം. 1930 കളിൽ ജീവിച്ചിരുന്നതായി രചിക്കപ്പെട്ട ഈ കഥാപാത്രത്തിന് അതേ കാലത്തു മെട്രോ ഗോൾഡ്‌വിൻ മേയർ എന്ന പ്രൊഡക്‌ഷൻ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന ഇർവിങ് താൽബെർഗുമായി ഉണ്ടായിരുന്ന സാമ്യം യാദൃച്ഛികമായിരുന്നില്ല. എംജിഎമ്മിന്റെ ബോയ് വണ്ടർ എന്നറിയപ്പെട്ടിരുന്ന താൽബെർഗിനൊപ്പം ഫിറ്റ്സ്ജെറാൾഡ് ജോലി ചെയ്തിരുന്നു.
താൽബെർഗിനെക്കുറിച്ചുള്ള മതിപ്പ് ഫിറ്റ്സ്ജെറാൾഡിന്റെ കുറിപ്പുകളിലും വ്യക്തവുമാണ്. ‘ഇത് വായിക്കുമ്പോൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞേക്കാം, പക്ഷേ ഇതിൽ പറയുന്ന സംഭവങ്ങൾ ഒന്നും തന്നെ യഥാർഥമല്ല എന്നും തിരിച്ചറിയാവുന്നതേയുള്ളു’ എന്ന് അതിനെക്കുറിച്ചു ഫിറ്റ്സ്ജെറാൾഡ് കുറിക്കുന്നു.
മൺറോ സ്റ്റാറിനെ കലയിലും ബിസിനസ്സിലും ഒരേപോലെ കൈപ്പുണ്യമുള്ള, അധ്വാനിയായ,ആത്മവിശ്വാസ മുള്ള ചെറുപ്പക്കാരനായി ചിത്രീകരിച്ചിരിക്കുന്നു ഫിറ്റ്സ്ജെറാൾഡ്. സ്റ്റുഡിയോ ഫ്ലോറിന്റെ കുറ്റമറ്റനടത്തിപ്പി ലൂടെ കഥയ്ക്കു ജീവൻ നൽകാനുള്ള കഴിവിൽ സ്റ്റാറിനെ കഴിഞ്ഞേ മറ്റൊരാൾ ഉള്ളായിരുന്നു.
നോവലിന്റെ തുടക്കത്തിൽ സിസീലിയ ബ്രാഡി നമ്മോട് കഥ പറയുകയാണ്. സീസിലിയക്ക് സ്റ്റാറിനോടു ള്ളത് തിരിച്ചു കിട്ടാത്തതെങ്കിലും തീവ്രമായ പ്രണയമാണ്. അതിസുന്ദരിയും പ്രഗത്ഭ നടിയുമായിരുന്ന, മരിച്ചു പോയ തന്റെ ആദ്യ ഭാര്യ മിന്നാ ഡേവിസിന്റെ ഓർമകളുമായി ജീവിക്കുകയാണ് സ്റ്റാർ. ഫിറ്റ്സ്ജെറാൾഡ് എഴുതി ബാക്കിവച്ച കുറിപ്പുകളിൽനിന്ന് വ്യക്തമാവുന്നത്, കഥയിൽ, 1935 ൽ കാതലീൻ എന്ന സുന്ദരിയു മായി സ്റ്റാർ പ്രണയത്തിലാവുന്നതായാണ്. അതിന് കാരണം കാതലീനു മിന്നാ ഡേവിസുമായുള്ള അദ്ഭുതകരമായ സാമ്യമാണ്.
സിസീലിയയുടെ പിതാവ് പാറ്റ് ബ്രാഡിയുമായി ആശയ വൈരുധ്യങ്ങളുടെ പേരിൽ സ്റ്റാർ തെറ്റിപ്പിരിയു കയും പിന്നീട് അവർ ശത്രുതയോടെ പെരുമാറുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ബ്രാഡിയെ വക വരുത്താൻ വാടകക്കൊലയാളികളെ സമീപിക്കുന്നു സ്റ്റാർ. എന്നാൽ, നാഷ്‌വില്ലേയിൽനിന്ന് ബെന്നിങ്ടണിലേക്കുള്ള ഒരു വിമാനയാത്രയിൽ ഇതേക്കുറിച്ച് കുറ്റബോധം നിറഞ്ഞ മനസ്സുമായി സ്റ്റാർ തീരുമാനിക്കുന്നത് തെറ്റുതിരുത്തണമെന്നും വാടകക്കൊലയാളികളെ തിരികെ വിളിക്കണം എന്നുമാണ്. പക്ഷേ വൈകിപ്പോ യിരുന്നു. ഏൽപ്പിച്ച ജോലി ആ കൊലയാളികൾ പൂർത്തിയാക്കി. സ്റ്റാറും സിസീലിയയും സിസീലിയയെ പ്രണയിച്ചിരുന്ന വൈലി വൈററും യാത്ര ചെയ്തിരുന്ന ആ വിമാനം അപകടത്തിൽപ്പെട്ട് അവരൊക്കെ മരിക്കുകയും ചെയ്തു.
എഴുതി പൂർത്തിയാക്കിയ നൂറ്റിയിരുപതോളം പേജുകളും കുറിപ്പുകളും ചേർത്ത് എഡ്മണ്ട് വിൽസൻ എഡിറ്റ് ചെയ്ത് 1941 ൽ പ്രസിദ്ധീകരിച്ച ‘ദ് ലാസ്റ്റ് ടൈക്കൂൺ’ ആണ് ഈ നോവലിന്റെ പ്രശസ്തമായ പതിപ്പ്. 1993 ൽ മാത്യു ബ്രുക്കോളി എഡിറ്റു ചെയ്തിറക്കിയ ‘ദ് ലവ് ഓഫ് ദ ലാസ്റ്റ് ടൈക്കൂൺ’ ശ്രദ്ധയാകർഷിച്ച മറ്റൊരു പതിപ്പാണ്.
ഇവ രണ്ടും കൂടാതെ ഈ നോവലിന്റെ ദൃശ്യാവിഷ്കാരങ്ങളും പലതുണ്ടായിട്ടുണ്ട്. സിനിമയായും ടെലിവി ഷൻ സീരീസ് ആയുമൊക്കെ ഓരോ കാലങ്ങളിൽ ആവിഷ്കരിക്കപ്പെട്ടതിൽ ഒക്കെത്തന്നെ കഥയിലുൾപ്പെടെ ചില വ്യത്യാസങ്ങളും ഉണ്ട്. നോവലിന്റെ അപൂർണത തന്നെയാണ് ഇതിനു കാരണം. വ്യത്യസ്തമായി ചിത്രീകരിക്കാനുള്ള സ്വാതന്ത്ര്യവും നോവലിസ്റ്റിന്റെ സങ്കൽപത്തിൽ ഉണ്ടായിരുന്നതിൽനിന്ന് വ്യതിചലിച്ചു പോകാനുള്ള സാധ്യതയും ഏറെയുണ്ടുതാനും.
1976 ൽ എലിയാ കസാൻ സംവിധാനം ചെയ്ത ദ് ലാസ്റ്റ് ടൈക്കൂണിൽ റോബർട്ട് ഡി നിറോയാണ് മൺറോ സ്റ്റാറായി അഭിനയിച്ചത്. നോവലിനോട് ഏതാണ്ട് ചേർന്നു നിൽക്കുംവിധം ആയിരുന്നു അത്. കുറച്ചു മാറ്റങ്ങളോടെ ഒൻപതു എപ്പിസോഡുകളുള്ള ടെലിസീരീസായി അടുത്തയിടെ ‘ദ് ലാസ്റ്റ് ടൈക്കൂൺ’ വീണ്ടും പ്രേക്ഷകർക്കു മുൻപിൽ എത്തി. നൂറിനടുത്തു മാത്രം പേജുകൾ ഉള്ള നോവലിനെ വികസിപ്പിച്ചു പരമ്പരയാ ക്കുമ്പോൾ മാറ്റങ്ങൾ വരുത്താതെയെങ്ങനെ പറ്റും.
ഏറ്റവും മികച്ച ചലച്ചിത്രകാരൻ ആകാനുള്ള അത്യധ്വാനം മൺറോ സ്റ്റാറിന്റെ സ്വതവേ ദുർബലമായ ഹൃദയത്തെ ക്ഷീണിപ്പിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ മരണകാരണം അതല്ലായിരുന്നുവെങ്കിലും. നാൽപത്തി നാല് വയസ്സു മാത്രമുണ്ടായിരുന്ന ഫിറ്റ്സ്ജെറാൾഡിന്റെ ഹൃദയം പണിമുടക്കിയത് കാലങ്ങളായുള്ള അമിത മദ്യപാനം ഏൽപ്പിച്ച ക്ഷീണം താങ്ങാതെയാണ്.
എഴുതി പൂർത്തിയാക്കിയ, ചെറുകഥയായ ദ് ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടണും നോവലായ ദ് ഗ്രേറ്റ് ഗാസ്‌ബിയും ഓരോ സിനിമകളായപ്പോൾ അപൂർണമായ ദ് ലാസ്റ്റ് ടൈക്കൂണിന് അറിയപ്പെടുന്ന പത്തോളം ആവിഷ്കാരങ്ങൾ ആണ് സ്റ്റേജിലും റേഡിയോയിലും സിനിമയിലുമായി ഉണ്ടായിട്ടുള്ളത്. അപൂർണ്ണമായ ഒന്നിന്റെ, സ്രഷ്ടാവുപോലും പ്രതീക്ഷിച്ചിരിക്കാൻ ഇടയില്ലാത്ത വിധമുള്ള പൂർണ്ണമാകലിനാണ് കാലം വഴിയൊരുക്കിയത്.
English Summary : The Love Of The Last Tycoon