ADVERTISEMENT

സിനിമാനടന്റെ മാത്രമല്ല കഥാകൃത്തിന്റെ തലപ്പാവും മധുപാലിനു ചേരും. ഓടുന്ന തീവണ്ടിയിൽ ചാടിക്കയറു ന്നതെങ്ങനെ എന്നൊരു കഥ മധുപാൽ എഴുതിയിട്ടുണ്ട്. ഓടുന്ന തീവണ്ടിയിൽ പതിവായി ചാടിക്കയറുന്ന ഒരു സ്‌ത്രീ. ഒരിക്കൽപ്പോലും അവർക്ക് ട്രെയിൻ മിസ് ആവുന്നില്ല എന്നിരിക്കട്ടെ. അതുപോലെ സിനിമയുടെ തിരക്കുകളിൽനിന്ന് കഥയിലേക്ക് മധുപാൽ ചാടിക്കയറുന്നു. ഇല്ല, മധുപാലിന് ഒന്നും മിസ് ആവുന്നില്ല. കഥയുടെ വേഗങ്ങൾക്കൊപ്പം ഓടിയെത്താൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. പക്ഷേ വീട്ടിലെത്തിയപ്പോൾ വീടാകെ ഇരുട്ടും തണുപ്പും നിറഞ്ഞത്. എന്നുവച്ചാൽ വീട് ഇരുട്ടും തണുപ്പും നിറഞ്ഞത് എന്നൊരു കഥയുണ്ട് അദ്ദേഹത്തിന്റേതായി.

 

 

 

രാവിലെ മുതൽ അവളോട് പറഞ്ഞതും അവസാനിപ്പിച്ചതും വേണ്ട എന്ന വാക്ക് മാത്രമായിരുന്നു. പറയുന്നത് അംഗീകരിക്കാനും മനസ്സിലാക്കാനും കഴിയാതെ യാന്ത്രികമായ ചലനങ്ങളോടെ അകന്നുപോവുമ്പോൾ അയാൾ മനസ്സിലോർത്തു. എന്താണ് അവളിങ്ങനെ? ചോദ്യങ്ങൾക്കു വേണ്ടി മാത്രമായി ഒരുങ്ങുന്ന അയാളുടെ മനസ്സ് അതിലുണ്ട്. തുറന്നു കിടന്നിരുന്ന എല്ലാ വാതിലുകളും അടച്ചുപൂട്ടി അയാൾ താക്കോൽ സ്‌ഥിരം വയ്‌ക്കാറുള്ള അറയിൽ വച്ച് നടക്കുന്നു...

 

 

 

ഇപ്പോൾ തീവണ്ടിയിലേക്കെന്ന പോലെ ചാടിക്കയറേണ്ട. മധുപാലിനൊപ്പം നടക്കുക. ജീവിതത്തിന് എപ്പോഴും വേഗം ആവശ്യമില്ല. വേഗം കുറയുമ്പോഴാണ് നിങ്ങൾക്ക് ആരോടെങ്കിലും സംസാരിക്കണമെന്നു തോന്നുന്നത്. സ്വന്തം ഭാര്യയോടെങ്കിലും. അതിനു കഴിയാത്തതുകൊണ്ടാണ് അയാൾ ഭാര്യയോട് വേണ്ട എന്ന വാക്ക് മാത്രം പറയേണ്ടി വരുന്നത്. എപ്പോഴും വേണ്ട എന്ന വാക്ക് മാത്രം പറയുന്ന ഒരാളെ വേണം എന്ന് പറയാൻ ബുദ്ധിമുട്ടാണ്. അയാൾ എല്ലാ വാതിലുകളും അടച്ചുപൂട്ടി താക്കോൽ സ്‌ഥിരം വയ്‌ക്കാറുള്ള അറയിൽ വയ്‌ക്കുന്നു. ഇവിടെ സുരക്ഷിതത്വമേയുള്ളൂ സ്‌നേഹമില്ല.

 

സ്‌നേഹിക്കുന്നവർക്ക് വീട് പോലും ആവശ്യമില്ല. അതുകൊണ്ടാണ് വീട്ടിലുള്ളതിനെക്കാൾ സ്‌നേഹം ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ വച്ച് കണ്ട് ഇഷ്‌ടപ്പെട്ട് വിവാഹം കഴിച്ച മുത്തുലക്ഷ്‌മിയിലും മാരിയപ്പനിലും ഉണ്ടെന്ന് മധുപാലിന്റെ റെഫ്യൂജി: നാടുകടത്തപ്പെട്ടവൻ എന്ന കഥയിലെത്തുമ്പോൾ നാം തിരിച്ചറിയുന്നത്. അവളെ ആഘോഷങ്ങളൊന്നുമില്ലാതെ കൂടെ കൂട്ടി അയാൾ അവളോടുള്ള കരുതലിന്റെ പേമാരിയപ്പനായി മാറുന്നത്.

 

അഞ്ചു സെന്റിൽ ഒരു വീട് നൽകുന്നതിനെക്കാൾ സുരക്ഷിതത്വം അഞ്ചു വിരലുകൾ കൊണ്ട് നെഞ്ചോടണച്ചു നിർത്തുമ്പോൾ അവൾക്ക് തോന്നണം. വെറുതെയല്ല കവി എഴുതിയത് എന്റെ വീടാകുവാൻ ഞാൻ നിന്നെ ക്ഷണിക്കുന്നു എന്ന്. അഞ്ചു സെന്റിൽ നിർമിക്കാനാവാത്തത് അഞ്ചു വിരലുകളിൽ നിങ്ങൾ നിർമിക്കുന്നതു കണ്ട് അവൾ വിസ്‌മയിക്കണം.

 

 

എല്ലാ കഥയും തിരക്കഥയാക്കാനുള്ളതല്ല എന്നതു പോലെ എല്ലാ സ്‌നേഹവും പ്രകടിപ്പിക്കാനുള്ളതല്ല എന്നും മധുപാലിന് അറിയാം. അതാണ് അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും സ്‌നേഹത്തിന്റെ മൗനമന്ദഹാസം ചൊരിയുന്നത്. മനുഷ്യരുടെ ഈ സ്‌നേഹവും സാഹോദര്യവും പ്രണയവും എവിടേക്കാണ് അപ്രത്യക്ഷമാവുന്നത്? കാഴ്‌ചകൾ കാണുന്നത് കണ്ണു കൊണ്ടല്ല എന്ന കഥയിൽ ഒൻപതുകാരിയായ ഉർസുലയെ കാണാതാവുമ്പോൾ നാം സ്വയം ചോദിക്കുന്ന ചോദ്യമാണത്. 

 

 

ആ ഗ്രാമത്തിൽനിന്ന് പതിനഞ്ചിൽ താഴെ പ്രായമുള്ള പെൺകുട്ടികളെയാണ് കാണാതാവുന്നത്. കിണറുകൾ അപ്രത്യക്ഷമാവുന്നതുപോലെ അപ്രത്യക്ഷരാവുന്ന പെൺകുട്ടികൾ. കിണറുകളെക്കാൾ ആഴമുണ്ട് പെൺകുട്ടികൾക്ക്. അതുകൊണ്ടാണ് മകളെ നഷ്‌ടമായ അച്‌ഛന് ഒരു കിണറാഴത്തിലേക്കല്ല രണ്ടു കിണറ്റിലേക്ക് ഒറ്റയടിക്ക് വീണതു പോലെ തോന്നുന്നത്. ആ കിണറും മധുപാലിന്റെ കഥ പോലെ ഇരുട്ടും തണപ്പും നിറഞ്ഞതാവാം.

 

സ്വരച്ചേർച്ചയില്ലാത്ത വീട്ടിലെ മുറിയിൽനിന്നു മുറിയിലേക്ക് നടക്കുമ്പോൾ മുറിവിൽനിന്നു മുറിവിലേക്കെ ന്നതുപോലെ നമുക്ക് നീറുന്നു. ഒരാളിലുണ്ട് രണ്ടു നിശ്വാസം എന്നതു പോലെയാണ് രണ്ട് അഭിപ്രായങ്ങ ളുള്ള വീട്. അതുകൊണ്ടാവാം ടോൾസ്‌റ്റോയി എഴുതിയത്, എല്ലാ സന്തുഷ്‌ടകുടുംബങ്ങളും ഒന്നു പോലെയാണ്. എന്നാൽ ഓരോ അസന്തുഷ്‌ട കുടുംബത്തിലെയും അസന്തുഷ്‌ടി ഓരോ തരത്തിലായിരിക്കും എന്ന്. 

 

 

ചിലർ വലിയ വീട് വച്ചിട്ട് പൂട്ടിയിടുന്നു. കാരണം ഭാര്യയ്‌ക്കും ഭർത്താവിനും കൂടി താമസിക്കാൻ വീട്ടിലിടമുണ്ടെങ്കിലും മനസ്സിലിടമില്ല. ഇത് വീണ വാങ്ങിയിട്ട് ഷോകെയ്‌സിൽ വയ്‌ക്കുന്നതുപോലെയാണ്. ഭ്രൂണാവസ്‌ഥയിലുള്ള കുഞ്ഞിനെ ഇല്ലാതാക്കുന്നതു പോലെ നിങ്ങൾ നടത്തുന്ന രാഗഹത്യകളാണ് അത്. പിറക്കാതെ പോവുന്ന രാഗമൽഹാറുകൾക്കായി ആ വീണ നിങ്ങളെ നോക്കി ഉറക്കം കെടുത്തും. മധുപാലി ന്റെ കഥ പോലെ പിന്നെ ആ വീടും ഇരുട്ടും തണുപ്പും നിറഞ്ഞത് ആവും.

 

English Summary : Kadhanurukku, Column, Shortstories By Madhupal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com