ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഒരു വാക്കിന് വില 630 ഡോളർ. 1586 വാക്കുകളുള്ള ‘സിങ്ക്ഹോൾ’ എന്ന ചെറുകഥയിലെ വാക്കുകൾക്കാണു ഡോളർ കണക്കിനു വില കൊടുത്ത് സിനിമയാക്കാനുള്ള  പകർപ്പവകാശം അമേരിക്കൻ ഫിലിം സ്റ്റുഡിയോ യൂണിവേഴ്സൽ പിക്ചേഴ്സ് നേടിയത്. റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയ കഥ എഴുതിയത് ലെയ്‌ന ക്രോ.  

 

അന്തമില്ലാത്ത ആകുലതകൾക്കു നടുവിലാണ് കഥയിലെ നായിക. ‘അലക്സിന്റെ ഭാര്യ.’ പേരില്ലാത്ത കുടുംബിനി.

അലക്‌സും ഭാര്യയും പുതിയതായി വാങ്ങിയ വീടിനു പിന്നിലെ എച്ചിൽക്കുഴിയിൽ ആദ്യം വീണത് ഒരു ടോർച്ച്. വീണതല്ല, ‘ഒന്നിനും കൊള്ളാത്തതു’കൊണ്ട് എടുത്തെറിഞ്ഞത്. 

അത്ഭുതം ! തിരികെ വീട്ടിലെത്തിയപ്പോൾ ഭക്ഷണമേശയ്ക്കു മുകളിൽ പുതിയതൊന്ന്. കാണാൻ ചന്തം. ഉപയോഗത്തിനും മെച്ചം.

ചില്ലു പൊട്ടിയ ചുവർചിത്രം, കീറിയ ഉടുപ്പ്, ചിതലെടുത്ത പുസ്തകം, കുഴിഞ്ഞ പാത്രം, ചുവടു തേഞ്ഞ ചെരുപ്പ്, കേടായ ക്ലോക്ക്...

പരീക്ഷണങ്ങൾ നീണ്ടു. കുഴിയിലെറിഞ്ഞു മടങ്ങിയെത്തുമ്പോഴേക്കും എല്ലാം പുതുപുത്തൻ. ജീവനുള്ളവയുടെ കാര്യം സംശയമായിരുന്നു. പേടിച്ചു പേടിച്ചാണ് സുഖമില്ലാത്ത വളർത്താമയെ കുഴിയിലേക്കിട്ടത്. ഓടിക്കിതച്ചു വീട്ടിലെത്തുമ്പോൾ മേശപ്പുറത്തുണ്ട് ഉന്മേഷവാനായ ആമ.

 

മരിക്കില്ലെന്ന് ഉറപ്പായി. എന്നാൽ ഒന്നു ചാടണം. നന്നാകണം. തക്കം നോക്കിയിരിപ്പാണ് അലക്സിന്റെ ഭാര്യ. കാരണമുണ്ട്. വയസ്സ് മുപ്പത്തിയെട്ട്. പ്രസവശേഷം ശരീരഭംഗി കുറഞ്ഞു. തല നരച്ചു തുടങ്ങി. ദേഷ്യമാണെങ്കിൽ മുൻപുള്ളതിലും കൂടുതൽ. പോരാത്തതിനു മറവിയും.

 

മികച്ചൊരു കുടുംബിനിയും ഭാര്യയുമാകാന്‍ കുഴിയിലേക്കു ചാടുക തന്നെ. പക്ഷേ തീരുമാനം തെറ്റരുതല്ലോ. പറ്റുന്ന തെറ്റുകൾ ഒന്നൊന്നായി തുണ്ടുപേപ്പറിലേക്ക്. കരിഞ്ഞു പോയ പാൻ കേക്ക്, മറന്നു പോയ മകന്റെ പിറന്നാൾ, പറഞ്ഞു പോയ മോശം വാക്കുകൾ... തെറ്റിയില്ല, തെളിവിനും പഞ്ഞമില്ല.

 

മേശപ്പുറത്തിരിക്കുകയാണ് അലക്സിന്റെ ഭാര്യ. നിവർന്നു ചമ്രം പടിഞ്ഞുള്ള ഇരിപ്പ്. കൂനലും കുറവുകളുമില്ലാത്ത ഉത്തമയായ പത്നി. പുതുക്കിപ്പണി വിജയം. ശാന്തം, ‘സമ്പൂർണം’. ഭർത്താവിനായുള്ള കാത്തിരിപ്പ്. അദ്ദേഹം എത്തിയിട്ടു വേണം പുതിയ തന്നെ കാട്ടി സന്തോഷിപ്പിക്കാൻ. ആ കാത്തിരിപ്പിന്റെ കഥയും അപ്രവചനീയമായ ക്ലൈമാക്സുമാണ് സിങ്ക് ഹോള്‍ എന്ന കഥയിലെ വാക്കുകള്‍ വലിയ വില കൊടുത്ത് വാങ്ങാന്‍ സിനിമാ നിര്‍മാണ കമ്പനിയെ പ്രേരിപ്പിച്ചത്. 

 

വിവാഹിതരായ സ്ത്രീകളെക്കുറിച്ച് സമൂഹം സൂക്ഷിക്കുന്ന അനാവശ്യ പ്രതീക്ഷകളുടെ ഇരയാണ് ലെയ്ന ക്രോയുടെ നായിക. കപട സമ്പൂർണതയുടെ കള്ളക്കുഴികളല്ല, സ്വത്വബോധത്തിന്റെ സമുന്നതിയാകണം സ്ത്രീയുടെ ലക്ഷ്യം എന്ന സന്ദേശവും കഥ പങ്കുവയ്ക്കുന്നു. പുരുഷാധിപത്യ സമൂഹത്തിൽ ‘സിങ്ക് ഹോൾ’ നേടിയ മോഹിപ്പിക്കുന്ന പകർപ്പവകാശത്തുക കഥയുടെ വലിയ വിജയമാണ്. 

സ്ത്രീയെന്ന നിലയിൽ എഴുത്തുകാരിക്കു ലഭിച്ച കാവ്യനീതിയും.

 

English Summary : Universal Pictures acquires rights of Leyna Krow's Sinkhole

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com