ADVERTISEMENT

കുമരനല്ലൂർ ∙ വൈകിയെന്ന കുറവു തീർത്തു ജ്ഞാനപീഠം അക്കിത്തത്തെ തേടി ‘ദേവായന’ത്തിന്റെ പൂമുഖത്തെത്തി. ഇന്നലെ കുമരനല്ലൂരിലെ ‘ദേവായനം’ വീട്ടിൽ മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ.കെ.ബാലൻ ജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്കു കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണു രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരം നൽകുന്ന ചടങ്ങു സംഘടിപ്പിച്ചത്. 

ദർശന വൈഭവത്താൽ ഋഷിതുല്യനായ കവിയാണു മഹാകവി അക്കിത്തമെന്നു ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

മുറ്റത്തു തയാറാക്കിയ വേദിയിലേക്കു പ്രായാവശതകൾ കാരണം അക്കിത്തം എത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം വീടിന്റെ പൂമുഖത്തെത്തിയ അക്കിത്തത്തിനു മന്ത്രി എ.കെ.ബാലൻ, കവി പ്രഭാ വർമ എന്നിവർ ചേർന്നു പുരസ്കാരം കൈമാറി. പുരസ്കാരം സ്വീകരിച്ചു കൊണ്ടുള്ള പ്രസംഗം അക്കിത്തത്തിന്റെ മകൻ വാസുദേവൻ വായിച്ചു. തന്നെക്കാൾ വലിയ സാഹിത്യകാരന്മാർ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെന്നും ഗുരുക്കന്മാരായ വി.ടി.ഭട്ടതിരിപ്പാടിനും ഇടശ്ശേരി ഗോവിന്ദൻ നായർക്കും കിട്ടാത്ത പുരസ്കാരം തനിക്കു ലഭിച്ചത് ആയുർബലം കൊണ്ടുകൂടിയാണെന്നു കരുതുന്നതായും അക്കിത്തം അഭിപ്രായപ്പെട്ടു.

‘എനിക്കു കുമരനല്ലൂരിൽ എത്തിച്ചേരാൻ കഴിഞ്ഞില്ലെന്നതിൽ ദുഃഖമുണ്ട്. ജ്യേഷ്ഠ സഹേ‍ാദരനെപ്പോലെ, ഗുരുനാഥനെപ്പോലെ ആരാധ്യനായ അക്കിത്തത്തിന് എന്റെ പ്രണാമങ്ങളും പ്രാർഥനകളും ഞാൻ ഈ ഏകാന്തത്തിലിരുന്നു സമർപ്പിക്കട്ടെ. പ്രിയപ്പെട്ട അക്കിത്തം... ഇതു വാസുവാണ്, വാസു’. ജ്ഞാനപീഠം ജേതാവും അക്കിത്തത്തിന്റെ അടുത്ത നാട്ടുകാരനുമായ എം.ടി.വാസുദേവൻ നായർ ഓൺലൈൻ വഴി ആശംസകൾ അർപ്പിച്ചു. 

ജ്ഞാനപീഠ പുരസ്കാര സമിതി പിആർഒ ദേബബ്രത ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണു ന്യൂഡൽഹിയിൽ നിന്നു ഫലകവും ശിൽപവും അടങ്ങിയ പുരസ്കാരം വീട്ടിലെത്തിച്ചത്. 

English Summary : Jnanpith Award presented to renowned Malayalam Poet Akkitham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com