ADVERTISEMENT

നഷ്ടമായെന്ന് ചരിത്രം വിധിയെഴുതിയ സ്നേഹ സന്ദേശങ്ങൾക്ക് പുനർജൻമം. തമ്മിൽ ഒരു വേള നേരിൽ കാണാതെ രണ്ടു ഭൂഖണ്ഡങ്ങളിലിരുന്ന് ഇഷ്ടം പറഞ്ഞ കത്തുകൾ. കടൽ കടന്നു പടർന്ന ആ തൂലികാ സൗഹൃദത്തെ ലോകമറിയും, സുഹൃത്തുക്കളെയും: ‘പീറ്റർ പാനി’ന്റെ സ്രഷ്ടാവ് ജെ. എം. ബാരിയും ‘ട്രഷർ ഐലൻഡി’ന്റെ കഥയെഴുത്തുകാരൻ റോബർട്ട്‌ ലൂയിസ് സ്റ്റീവൻസണും. സ്റ്റീവൻസൺ ബാരിയ്ക്ക് എഴുതിയ കത്തുകൾ പ്രസിദ്ധമാണ്. ഒളിവു കാലമൊഴിഞ്ഞ് വെളിച്ചം കാണാനൊരുങ്ങുന്നത് ബാരി തിരികെ അയച്ച മറുപടിക്കത്തുകൾ. 

 

‘എ ഫ്രണ്ട്ഷിപ് ഇൻ ലെറ്റേഴ്സ്’ എന്ന പേരിൽ ഇരുവരുടെയും കത്തുകളുടെ സമാഹാരം പുസ്തമാകുന്നു. പ്രസിദ്ധീകരണം സാഹിത്യാധ്യാപകനും ഗവേഷകനും കൂടിയായ ഡോ. മൈക്കൽ ഷാ.

വീണ്ടെടുത്ത എഴുത്തുകളിൽ നിറഞ്ഞു കാണാം അസൂയപ്പെടുത്തുന്ന സൗഹൃദത്തിന്റെ ഓർമ്മച്ചെപ്പുകൾ. ചങ്ങാത്തത്തിനു തുടക്കം കുറിച്ച് 1892–ൽ അമേരിക്കയിൽ നിന്ന് ആദ്യത്തെ കത്തെഴുതിയത് സ്റ്റീവൻസൺ. ബ്രിട്ടനിൽ നിന്നു മറുപടി എഴുതി ബാരിയും. അതു പതിവായി. കലയും സാഹിത്യവും പ്രണയവും രാഷ്ട്രീയവും പങ്കുവെച്ചും ചർച്ച ചെയ്തും കത്തെഴുത്ത് തുടർന്നു. കത്തുകൾക്കൊപ്പം ചിത്രങ്ങളും. 

 

നേരിൽ കാണുന്നതിനെപ്പറ്റി ഇരുവർക്കുമുണ്ടായിരുന്നു ആകാംക്ഷ. പക്ഷേ വൃദ്ധയായ മാതാവിനെ തനിച്ചാക്കി യാത്ര പോവാൻ ബാരി മടിച്ചു. പകരം കത്തുകളുടെ എണ്ണം കൂടി, നീളവും. രണ്ടു വർഷത്തിനു ശേഷം ബാരിയുടെ വിവാഹം നടന്നു. ഭാര്യയോടൊപ്പം അദ്ദേഹം അമേരിക്കയിലെ സമോവയിൽ സ്റ്റീവൻസണിനെ കാണാൻ പോകുന്നുവെന്ന് വാർത്ത പരന്നു. എന്നാൽ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് സെറിബ്രൽ ഹെമറേജ് ബാധിച്ച് സ്റ്റീവൻസൺ മരിച്ചുവെന്ന വാർത്ത വന്നു. ഏറെ മോഹിച്ച കൂടിക്കാഴ്ചയുടെ സ്വപ്നങ്ങളിൽ നോവു പടർത്തിയ വേർപാട്.

 

തളർന്നില്ല. എഴുതിയ കഥകളിലും കവിതകളിലും നോവലുകളിലും ബാരി സുഹൃത്തിനെ ജീവിപ്പിച്ചു നിർത്തി. സ്റ്റീവൻസണിന്റെ എഴുത്തുകളെ ഓർമിപ്പിക്കുന്ന ശൈലികളും പ്രയോഗങ്ങളും സ്ഥലങ്ങളും കഥാപാത്രങ്ങളും തന്റെ സാഹിത്യസൃഷ്ടികളിലേക്കു സമന്വയിപ്പിച്ചു. പത്തു വർഷത്തിനപ്പുറം ബാരിയെ ലോകപ്രശസ്തനാക്കിയ ‘പീറ്റർ പാനി’ൽ പോലും സ്റ്റീവൻസണിന്റെ ‘ട്രഷർ ഐലൻഡി’ന്റെ വ്യക്തമായ സ്വാധീനമുണ്ടായി. അക്ഷരങ്ങളുടെ മരണമില്ലാത്ത ലോകത്ത് ബാരിയും സ്റ്റീവൻസണും മാറി മാറി കഥ പറഞ്ഞു.

 

ബാരിയ്ക്ക് ലഭിച്ച കത്തുകൾ സ്റ്റീവൻസണിന്റെ മരണ ശേഷം പ്രസിദ്ധീകരിച്ചു. എന്നാൽ തിരികെ അയച്ചവ വിസ്‌മൃതിയിലാണ്ടു. ഒരുപക്ഷേ അവ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്ന് ബാരി പോലും പരിഭവം പറഞ്ഞു. ചരിത്രകാരന്മാരും അങ്ങനെ തന്നെ രേഖപ്പെടുത്തി.

യേൽ സർവകലാശായിലെ ബെയ്‌നിക്ക് ലൈബ്രറിയിൽ അടുത്തയിടെ ഗവേഷണം നടത്തുന്നതിനിടയിലാണ് ഡോ മൈക്കൽ ഷാ ജെ.എം. ബാരിയുടെ കത്തുകളടങ്ങിയ പെട്ടി കണ്ടെത്തിയത്. 1950 ൽ ലൈബ്രറിയുടെ ഉടമസ്ഥനായ ബെയ്‌നിക്ക് ശേഖരിച്ചു സൂക്ഷിച്ചു വച്ചിരുന്ന അമൂല്യ നിധി.

 

‘‘എനിക്ക് സ്നേഹമാണ്; താങ്കളൊരു സ്ത്രീയായിരുന്നെങ്കിൽ...’’

സ്റ്റീവൻസണിനെഴുതിയ ബാരിയുടെ വരികൾ കാലം നിർവചനങ്ങളിലൊതുക്കാതെ മാറ്റി വച്ച മനോഹരമായ ബന്ധത്തിന്റെ കൗതുകമുണർത്തുന്ന ബാക്കിപത്രമാകും; ‘എ ഫ്രണ്ട്ഷിപ് ഇൻ ലെറ്റേഴ്സ്’ വായനക്കാർക്കു മുന്നിൽ സൗഹൃദത്തിന്റെ പുതിയ പുതിയ ചുരുളഴിക്കുമെന്നതും തീർച്ച.   

English Summary: A Friendship in Letters: Robert Louis Stevenson and JM Barrie book by Michael Shaw

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com