ADVERTISEMENT

വിഷുക്കാലമായാൽ ഓർമകളുടെ രാവിരുട്ടിൽ നിന്ന് ഒരു കമ്പിത്തിരി നനുത്ത അതിന്റെ തീപ്പൊരികൾ ചിതറിക്കാൻ തുടങ്ങും. ഇരുട്ട് പൊട്ടിച്ചിരിക്കും പോലെ തോന്നും അപ്പോൾ. റബർ മരങ്ങളുടെ തഴച്ച ചില്ലകൾക്കിടയിലേക്ക് ആണ്ടുയരുന്ന തീപ്പൊരികൾ ഇലകളെ പൊതിയും. വിഷുത്തലേന്ന് കുടുക്ക പൊട്ടിച്ച പൈസയുമായി ഞങ്ങൾ പടക്കം മേടിക്കാൻ പോകും. ഒരു പാക്കറ്റ് പടക്കവും കമ്പിത്തിരി, മത്താപ്പ്, ചക്രം ഇങ്ങനെ ചിലതെല്ലാം വാങ്ങുമ്പോളേക്കും പൈസ തീരും. വീടെത്തിയാൽ രാത്രി ആകാൻ കാത്തിരിക്കും. പടക്കം പൊട്ടിക്കൽ കാണാൻ അടുത്ത വീട്ടിലെ ചില കൂട്ടുകാരും വരും. ഒപ്പം പങ്കൻ എന്ന ഒരു പാവത്താൻ ചേട്ടനും. പുള്ളി ഞങ്ങൾക്ക് പലപ്പോഴും മിന്നാമിനുങ്ങിനെ പിടിച്ചു തന്നു രാത്രിയിൽ പറമ്പിലൂടെ നടക്കുമായിരുന്നു. ചെടികളുടെ പടർപ്പുകളിൽ മിന്നാമിന്നികൾ പങ്കൻ ചെന്നു പിടിക്കാനായി ഇരുന്നു മിടിച്ചു. പങ്കൻ പണികഴിഞ്ഞു വീട്ടിൽ വരാതെ പോയാൽ ഞങ്ങൾ ആകെ നിരാശരാകുമായിരുന്നു.

പടക്കം പൊട്ടിക്കാൻ പങ്കൻ ചേട്ടൻ വരാനായി ഞങ്ങൾ അക്ഷമയോടെ നോക്കി ഇരിക്കും. അങ്ങനെ നോക്കിയിരിക്കുമ്പോൾ തടിപ്പണി കഴിഞ്ഞ പങ്കൻ ചേട്ടൻ ഒരു പാട്ടും പാടി നട കയറി വരും. പുള്ളിക്കാരൻ വന്നാൽ പിന്നെ ആകെ ഒരാഘോഷമാണ്. പടക്കം പൊട്ടിക്കാനായി ഞങ്ങൾ പങ്കന്റെ കൂടെ മുറ്റത്തിന്റെ അറ്റത്തു പോയി നിൽക്കും. അപ്പോളേക്കും കുന്നിനപ്പുറത്തുള്ള ഏതോ ചങ്ങാതി പടക്കം പൊട്ടിക്കാൻ തുടങ്ങും. മറുപടിയായി ഞങ്ങളും ഒന്നോ രണ്ടോ സാമ്പിൾ പൊട്ടിക്കും. ഓരോ പടക്കവും എടുക്കുമ്പോൾ പങ്കൻ ഞങ്ങളെ നോക്കി ഒരു ചിരി ചിരിക്കും. പടക്കം പൊട്ടിക്കൽ എനിക്ക് സത്യത്തിൽ പേടിയായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ നാളത്തിൽ പടക്കത്തിരി കത്തിച്ച് താഴത്തേക്ക് ഒറ്റയേറാണ്. ചിലതൊക്കെ ചീറ്റിപ്പോകും. പടക്കം എറിഞ്ഞു കഴിഞ്ഞുള്ള കുറച്ചു നിമിഷങ്ങൾ ഒടുക്കത്തെ നിശബ്ദത ആണ്. ചങ്കിടിപ്പ് വെളിയിൽ കേൾക്കാം. ചില പടക്കങ്ങൾക്ക് ഒച്ച കൂടും. ചിലതു പങ്കൻ കത്തിക്കുമ്പോൾ തന്നെ പൊട്ടും. വിളക്കു കെട്ടുപോകും. ഞങ്ങൾ കുറച്ചു നേരം ഇരുട്ട് ചാരി നിൽക്കും.

പൊട്ടാത്ത പടക്കം പെറുക്കാനായി പങ്കൻ ചിലപ്പോ എന്നെ വിളക്കും തന്ന് ഇറക്കി വിടും. ഓരോ ചുവടും വയ്ക്കുമ്പോൾ നെഞ്ചിടിക്കും. എങ്കിലും എനിക്ക് ധൈര്യം ഉണ്ടെന്നു കാണിക്കാനായി ഞാൻ തന്നെ പോയി പൊട്ടാതെ കിടന്ന പടക്കങ്ങളെ പെറുക്കി എടുക്കും. ചെറിയ ചൂട് ഉണ്ടാകും അവയ്ക്ക്. പങ്കൻ ചിലതൊക്കെ വീണ്ടും കത്തിച്ച് എറിയും. പടക്കം പൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ കമ്പിത്തിരി എടുക്കും. ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം കമ്പിത്തിരി ആയിരുന്നു. എങ്കിലും അതു വിളക്കത്ത് വച്ചു ചൂടാക്കുമ്പോ ചെറിയ പേടി തോന്നും. കത്തിതുടങ്ങിയാൽ തീപ്പൊരികൾ ഇരുട്ടിലേക്കു ചിതറും. ചിരിച്ചു കൊണ്ടേ നമ്മളും കമ്പിത്തിരി കയ്യിൽ പിടിച്ചു നിൽക്കൂ. എല്ലാവരും ഓരോ കമ്പിത്തിരി കയ്യിൽ കത്തിച്ച് നിരന്നു നിൽക്കുന്നതാണ് ഏറ്റവും നല്ല വിഷു ഓർമ. മത്താപ്പ് ചിലപ്പോൾ ഒരെണ്ണമേ കാണൂ. അതു പങ്കൻ ചേട്ടൻ തീ കൊളുത്തിയാൽ പിന്നെ ആകാശത്തേക്ക്, മരങ്ങൾക്കിടയിലേക്ക് ഒരു ആരവം പോലെ  തീപ്പൊരികൾ കുമിഞ്ഞുയരും. അത്‌ അൽപനേരം നിൽക്കും. തുറന്ന വായയുമായി ഞങ്ങൾ അതു കണ്ണിൽ കുത്തി നിറയ്ക്കും. പിന്നെ ഞങ്ങളുടെ താഴുന്ന തലകളോടൊപ്പം അതും എരിഞ്ഞടങ്ങും.



ചക്രം കത്തിക്കൽ കൂടി കഴിഞ്ഞാൽ രാത്രി ആഘോഷം തീർന്നു. ബാക്കി ഉള്ള കുറച്ചു പടക്കം വിഷു പുലർച്ചയ്ക്ക് വേണ്ടി മാറ്റി വയ്ക്കും. ആഘോഷം തീരുമ്പോൾ ആകെ ഒരു പുകമയമാകും. പെട്ടെന്നു പടക്കം പൊട്ടിക്കൽ തീർന്നു പോയതു പോലെ തോന്നും ഞങ്ങൾക്ക്. ആകെ ഒരു മൗനം പരക്കും അപ്പോൾ. ഒരു ബീഡി കത്തിച്ചു കൊണ്ടു പങ്കൻ ചേട്ടൻ അന്നേരം ചോദിക്കും. ‘അയ്യോ മുഴോനും തീർന്നോടാ?’ ‘ആം’. ഞങ്ങൾ നിരാശരാകും. ‘അയ്യടാ, കഷ്ടമായിപ്പോയല്ലോ’. ‘ഉം’. ‘എന്നാ എല്ലാരും ഇങ്ങു വാ’. പങ്കൻ വിളക്കുമെടുത്ത് ഞങ്ങളെ വിളിക്കും. ‘പറ്റിക്കാനാണോ?’. ഞാൻ ചോദിക്കും. ‘ഒന്നു പോടാ’. ഞങ്ങൾ ആകാംക്ഷയോടെ പങ്കന്റെ പിന്നാലെ ചെല്ലും. അപ്പോൾ ഞങ്ങൾ കാണാതെ പങ്കൻ തലേക്കെട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു വലിയ പടക്കം ഒരു ചിരിയോടെ പുറത്തെടുക്കും. ‘ഡാ, ചെവി പൊത്തിക്കോട്ടോ’. പങ്കൻ പടക്കത്തിന്റെ തിരി വിളക്കിന്റെ തീയിലേക്കു കാണിക്കും. ഞങ്ങൾ ശ്വാസമടക്കി നിൽക്കുമ്പോൾ ആ വലിയ പടക്കം പങ്കൻ അകലേക്ക് ഉയർത്തി എറിയും. ആകാശത്തു വച്ച് അതു പൊട്ടുമ്പോൾ അനേകം നിറങ്ങൾ മാനത്തു വിടരും. ഒട്ടും പ്രതീക്ഷിക്കാതെ ഒരു വലിയ പൂവിന്റെ ഇതളുകൾ ആകാശം നിറയുന്നതു നോക്കി ഞങ്ങൾ കണ്ണു നിറയെ നക്ഷത്രങ്ങളുമായി അങ്ങനെ നിൽക്കും.

English Summary : Writer Bijoy Chandra's Vishu Memoir