മാടമ്പിന്റെ ഭ്രഷ്ട് ചരിത്രമല്ല, ചരിത്രസംഭവത്തിന്റെ സർഗാത്മക ആവിഷ്കാരം

Mail This Article
തീയിലിട്ട് ഊട്ടിയെടുത്ത കാന്തി ചുറ്റും വിതറി പാപ്തിക്കുട്ടി പുറത്തേക്കിറങ്ങി. പുറംകൈയിനാൽ അഞ്ചാം പുരയുടെ വാതിൽ പിന്നിൽ തട്ടിയടച്ചു. ഓർമയില്ലാത്ത ജൻമങ്ങളായി അനുഭവിക്കുന്ന പാരതന്ത്ര്യത്തിൽനിന്നു മുക്തി നേടി. സവിതാവിനെ മുഖദർശനം സാധിച്ച് സിദ്ധകാമയായി. പകച്ചുനോക്കുന്ന വൈദികരെ നോക്കി മാന്ത്രികച്ചിരി ചിരിച്ചു. ആകർഷിച്ചടുപ്പിച്ച് ജീവനെടുക്കുന്ന മുഗ്ധഹാസം. ഓരോ പാദപതനത്തിലും ഭൂമി കുലുങ്ങി.
അമ്മേ, പാപ്തിക്കുട്ടീ !
പാപ്തിക്കുട്ടീ, മഹാമായേ, രക്ഷിക്കണേ...!
ഒരു സമുദായത്തെയും സമൂഹത്തെയും ഇളക്കിമറിച്ച് ചരിത്രം സൃഷ്ടിച്ച സ്ത്രീജീവിതം. പാതിവ്രത്യശുദ്ധിയുടെ പൊള്ളയായ സദാചാര സംഹിതകളെ ചോദ്യംചെയ്തു പകൽമാന്യരായ ഒട്ടേറെ പുരുഷകേസരികളുടെ പേരുകൾ എടുത്തുപറഞ്ഞ ഒരു ‘സാധന’ത്തിന്റെ ഭ്രഷ്ടിന്റെ ചരിത്രം. നമ്പൂതിരി സമുദായത്തിന്റെ മാമൂലുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ചു, വിപ്ലവനായികയായിത്തീർന്ന സ്ത്രീ- അവരുടെ ജീവിതകഥയാണ് മാടമ്പ് കുഞ്ഞുക്കുട്ടൻ എന്ന എഴുത്തുകാരനു മലയാള സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുന്നത്. മലയാളം ആകാംക്ഷയോടെയും ഉത്കണ്ഠയോടെയും വായിച്ച ജീവചരിത്രത്തിന്റെ നോവൽ രൂപം.
തൂണിൽ പോലും കാവ്യം തുളുമ്പുന്ന കൊടുങ്ങല്ലൂരിൽ ജനിച്ച് എഴുത്തുവഴിയിലേക്ക് തിരിയാൻ പ്രചോദനമായത് കാളീകടാക്ഷമാണെന്നാണ് മാടമ്പ് പറയുക. അർഥം അറിയാത്ത പ്രായത്തിൽതന്നെ അദ്ദേഹവും കേട്ടിരുന്നു ഭ്രഷ്ടിനെക്കുറിച്ച്; കുറിയേടത്ത് താത്രി എന്നും. അതൊരു ഇല്ലപ്പേരും അന്തർജനത്തിന്റെ പേരുമാണെന്ന് അറിയാം. ഇല്ലത്തുനിന്ന് ഭ്രഷ്ടരായ രണ്ടു മുത്തഫ്ഫൻമാരെക്കുറിച്ച് പിന്നീട് കേട്ടു. ഇവരെ ഭ്രഷ്ടരാക്കുന്ന മീമാംസകരിൽ ഒരാൾ മാടമ്പിന്റെ മുത്തച്ഛനായിരുന്നു.– മാടമ്പ് ശങ്കരൻ നമ്പൂതിരി. സഹോദരൻമാർക്ക് ഭ്രഷ്ട് കൽപിക്കേണ്ടിവന്ന ജ്യേഷ്ഠൻ. ഇതൊക്കെ പല കാലത്തായി പലരിൽനിന്നു കേൾക്കുകയാണ്. ആദിമധ്യാന്തമുള്ള ഒരു കഥയൊന്നുമല്ല. പിന്നീട് എപ്പോഴോ താത്രിക്കുട്ടിയുടെ കഥ എഴുതണമെന്നു തോന്നി. അന്വേഷണത്തിനൊന്നും മാടമ്പ് പോയില്ല. ഗവേഷണത്തിനും. പണ്ടു കേട്ട ഭ്രഷ്ടിന്റെ വർത്തമാനങ്ങൾവച്ച് എഴുതിത്തുടങ്ങി. മുത്തഫ്ഫൻമാർക്ക് ഭ്രഷ്ട് വന്ന കഥ കേട്ടതാണ് വഴിത്തിരിവ്. ആർക്കും ആരെയും ഭ്രഷ്ടാക്കാൻ കഴിയാത്ത 1970- കളിൽ മാടമ്പ് എഴുതിത്തുടങ്ങി.
മാടമ്പിന്റെ ഭ്രഷ്ട് ചരിത്രമല്ല, കഥയാണ്. ശുദ്ധകഥ. അറുപത്തിനാലു കലകളിൽതുടങ്ങി നമ്പൂതിരി നവോത്ഥാനവുമായി ഇണക്കി ഒരു നോവൽ. ഒരു കൽപിത കഥാപാത്രത്തെയും അദ്ദേഹം സൃഷ്ടിച്ചു. അയാൾക്കു വി.ടി. ഭട്ടതിരിപ്പാടിന്റെ ഛായ ഉണ്ടെന്നു പലരും പറഞ്ഞു. യഥാർഥത്തിൽ ഭ്രഷ്ട് നടക്കുമ്പോൾ വിടിക്ക് പത്തു വയസ്സേയുള്ളൂ. കഥാപാത്രം വിടിയെ മനസ്സിൽ കണ്ടല്ല എഴുതിയതെന്നു മാടമ്പ് തീർത്തുപറഞ്ഞിട്ടുണ്ട്.
ഉറക്കെ പേരു പറയാൻ ലജ്ജയുള്ള, അകത്തുള്ളവർ മിണ്ടുകപോലുമില്ലാത്ത താത്രിയുടെ കഥയാണ് പറയുന്നത്. അപഥസഞ്ചാരത്തിന്റെ പൊള്ളുന്ന ചരിത്രം. ഒരു മാസമേ വേണ്ടിവന്നുള്ളൂ മാടമ്പിനു നോവൽ പൂർത്തീകരിക്കാൻ.
സംഗീതത്തിൽ നല്ല കമ്പമായിരുന്ന താത്രിയെ ഭ്രഷ്ടിലേക്ക് ആനയിച്ചത് പ്രതികാരമാണ്. ഒരു മണ്ടൻ പുരുഷനെയും താത്രി ഭോഗിച്ചിട്ടില്ല. മനയ്ക്കലെ ഇലമുറിക്കാരനോ പെട്ടിക്കാരനോ ഭ്രഷ്ടനായിട്ടില്ല. അവിടെയാണ് താത്രിയുടെ ശക്തി കാണേണ്ടതെന്നാണ് മാടമ്പിന്റെ പക്ഷം. അതുകൊണ്ടുതന്നെയാണ് അവരെ പ്രതികാരദേവതയായി ചിത്രീകരിച്ചതും.
അറുപത്തിനാലു കലകൾ.
കലകൾക്ക് ഋഷിമാർ.
അറുപത്തിയഞ്ചാമതു കലാധരൻ.
ഒടുവിൽ മായ.
അറുപത്തിനാലു പുരുഷർ.
പുരുഷരൊക്കെ ഋഷിമാർ.
അറുപത്തിയഞ്ചാമതു പുരുഷൻ.
ഒടുവിൽ പാപ്തിക്കുട്ടി
മഹാമായ ! ത്രിപുരസുന്ദരി !
ബ്രാഹ്മണർ
ക്ഷത്രിയർ
വൈശ്യർ
ശുദ്രർ
ആകെ അറുപത്തിനാല്.
പിന്നെ ?
‘മതി’. തമ്പുരാൻ. ‘നിർത്താം’.
പുരുഷൻ. പ്രകൃതി.
ശക്തി. മായ.
പാപ്തിക്കുട്ടി.
ചെറ്യേടത്തു പാപ്തിക്കുട്ടി !
സംഹാരസ്വരൂപിണി! ശ്മശാനനർത്തകി !
1973-ൽ പുറത്തുവന്ന ഭ്രഷ്ടിന് ഇന്നും വായനക്കാരുണ്ട്. പലരും കുറിയേടത്തു താത്രിയുടെ യഥാർഥ ജീവിതകഥ അറിയാനാണ് നോവൽ വായിക്കുന്നത്. താൻ ഒരിക്കലും ഉദ്ദേശിക്കുകപോലും ചെയ്യാത്ത അർഥങ്ങളാണ് പിന്നീട് തന്റെ നോവലിൽ പലരും ചാർത്തിയതെന്ന് പലവട്ടം മാടമ്പ് പരിതപിച്ചിട്ടുണ്ട്. ചരിത്രസംഭവത്തിന്റെ സർഗാത്മക ആവിഷ്കാരം മാത്രമാണ് അദ്ദേഹം നടത്തിയത്. പക്ഷേ, കഥയിൽ സത്യം നിഴലിച്ചുനിന്നു എന്നതാണ് സത്യം. ഇന്നും ഭ്രഷ്ട് എന്ന നോവൽ നിലനിൽക്കുന്നതും സത്യത്തിന്റെ കാലാതീത ശക്തികൊണ്ടുതന്നെ.
ആധുനികത വളർന്നുതിടംവച്ച എഴുപതുകളുടെ തുടക്കത്തിൽത്തന്നെയാണ് മാടമ്പിന്റെ ഭ്രഷ്ട് പുറത്തുവന്നതും. പക്ഷേ, അവരുടെ വഴികളിൽനിന്നു മാറി സ്വന്തമായ ഭാഷയും ഭാവുകത്വവുമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. തേച്ചുമിനുക്കിയെടുത്ത വാക്കുകളും കുറിക്കുകൊള്ളുന്ന വാചകങ്ങളും സർവോപരി സ്ത്രീശക്തിയിലുള്ള ആത്യന്തിക വിശ്വാസവും.
അശ്വത്ഥാമാവും മാടമ്പിന്റെ പ്രശസ്ത കൃതി തന്നെ. എങ്കിലും ഇന്നും സാഹിത്യ ക്വിസുകളിൽ ചോദ്യം ഭ്രഷ്ടിന്റെ കഥാകാരൻ ആരാണ് എന്നാണ്. അന്നുമിന്നും ഉത്തരം മാടമ്പ് കുഞ്ഞുകുട്ടൻ എന്നുതന്നെ.
English Summary: Bhrashtu novel written by Madampu Kunjukuttan