മനസ്സുകൊണ്ട് സിപിഐ, ആദര്‍ശത്തില്‍ ഹിന്ദു കമ്യൂണിസ്റ്റ്, തിരഞ്ഞെടുപ്പില്‍ ബിജെപി: ആരാണ് മാടമ്പ് കുഞ്ഞുകുട്ടന്‍

Mail This Article
സ്വസമുദായത്തില്‍നിന്നു പോലും വിമര്‍ശനം ഉയര്‍ത്തിയ ഭ്രഷ്ട് എന്ന നോവലെഴുതി വിപ്ലവകാരിയായി മാറിയ മാടമ്പ് കുഞ്ഞുകുട്ടന്‍ തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു. തപസ്യ കലാവേദിയുടെ രക്ഷാധികാരിയായ അദ്ദേഹം 2001 ല്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടിയതോടെ നെറ്റിചുളിച്ച ആരാധകരുണ്ട്. വിമര്‍ശനം കടുപ്പിച്ച ഇടതുപക്ഷക്കാരുണ്ട്. സംശയത്തോടെ നോക്കിയ വലതുപക്ഷക്കാരുണ്ട്. എന്നാല്‍ എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നു തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം പ്രഖ്യാപിച്ച രാഷ്ട്രീയ ഫലം.
മനസ്സുകൊണ്ടു സിപിഐക്കാരനായിരുന്നു മാടമ്പ്. യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റായിട്ടുള്ള അദ്ദേഹം രണ്ടു ജാഥകളും നയിച്ചിട്ടുണ്ട്. എന്നിട്ടും ബിജെപി സ്ഥാനാര്‍ഥിയായി അദ്ദേഹം; അതും സുഹൃത്തുക്കളുടെ നിര്‍ബന്ധംകൊണ്ട്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ ഇടതും വലതും നടത്തുന്ന ശ്രമങ്ങള്‍ കണ്ടു മനസ്സു മടുത്തിട്ടാണു താന്‍ ബിജെപി സ്ഥാനാര്‍ഥിയായതെന്നാണ് അദ്ദേഹം പിന്നീട് വിശദീകരിച്ചത്.
ഹിന്ദുകമ്യൂണിസ്റ്റ് എന്നു സ്വയം വിശേഷിപ്പിച്ച മാടമ്പ് രാമജന്മഭൂമി പ്രശ്നത്തിലും വർഗീയതയിലും ബിജെപിയോട് യോജിക്കുന്നില്ലെന്നു വ്യക്തമാക്കി തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയോട് സഹകരിച്ചില്ല. ജീവിതത്തിലെ അബദ്ധങ്ങളിലൊന്നായി സ്ഥാനാർഥിത്വത്തെ വിശേഷിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മാടമ്പിന്റെ തലയ്ക്കു ഭ്രാന്താണെന്ന് പലരും പറഞ്ഞു. അതു ശരിയാണെന്ന് തനിക്കും തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. തിരഞ്ഞെടുപ്പിനു നിന്നതു ഭ്രാന്തിന്റെ ഭാഗം തന്നെയായിരുന്നു എന്നുറപ്പിച്ചു പറയുകയും ചെയ്തു.
ഒട്ടേറെ വിഷയങ്ങളില്‍ വ്യാപൃതനായിരുന്നെങ്കിലും സംസാരിക്കാന്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം ആനക്കഥകളായിരുന്നു. ആനകളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകളുമായി മണിക്കൂറുകളോളം അദ്ദേഹം വാചാലനാകുമായിരുന്നു. ഐതിഹ്യമാലയിലെ ആനക്കഥകളിലും വിദഗ്ധനായിരുന്നു മാടമ്പ്. ഒരിക്കല്‍ ആനയുടെ കാല്‍ച്ചുവട്ടില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിട്ടുമുണ്ട് അദ്ദേഹം. ആനയെ തളച്ചിടത്ത് പനമ്പട്ടയുടെ മുകളിൽ കിടന്ന് അറിയാതെ ഉറങ്ങിപ്പോകുകയായിരുന്നു. ഇതിനിടെ തിരിഞ്ഞ ആന അറിയാതെ അദ്ദേഹത്തിന്റെ ദേഹത്ത് കാലെടുത്തുവച്ചു. എന്നാൽ കാൽ അമർത്താതെനിന്ന ആനം വേഗം മാറിയെങ്കിലും കുറേ നേരത്തേക്ക് കാൽ ഉയർത്തിത്തന്നെ നിന്നു. കുറേ പാടുപെട്ടാണ് ആനയെ പഴയ രീതിയിലേക്ക് മാറ്റിയതെന്ന് അദ്ദേഹം ഓര്‍മിച്ചിട്ടുണ്ട്. അതേ, അക്ഷരങ്ങളെ മെരുക്കിയതു പോലെ, രാഷ്ട്രീയത്തില്‍ നിന്നു മുങ്ങിക്കയറിയതുപോലെ മരണത്തില്‍നിന്നും രക്ഷപ്പെട്ട മാടമ്പ് അനശ്വരനായി ജീവിക്കുന്നു.
English Summary: Madampu Kunjukuttan and his political affiliation