പൂട്ടിയിരുപ്പിന്റെ ദിവസങ്ങളിൽ ഞാൻ, ആശകളുടെ അവകാശിമാത്രമായിരിക്കുന്നു
Mail This Article
ഒരേ ആശ രണ്ട് പ്രാവശ്യം ഇച്ഛിക്കുക, എങ്കില്‍ തീർച്ചയായും ഒരിക്കൽ നിനക്കത് സാധിച്ചിരിക്കും, എന്റെ ചെങ്ങാതി പറഞ്ഞു.
കോവിഡിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ്. ഞാൻ സന്ദർശിക്കാനാഗ്രഹമുള്ള ഏഴ് രാജ്യങ്ങളെപ്പറ്റി ഏഴ് ജന്മങ്ങളെപ്പറ്റി പറയുന്നതുപോലെ ഓർമ്മിക്കുകയായിരുന്നു. അവൾ ആയിടെ സന്ദർശിച്ചു വന്ന രാജ്യത്തെപ്പറ്റിയും പറയുകയായിരുന്നു. അപ്പോഴാണ് ഒരേ ആശ രണ്ട് പ്രാവശ്യം ഇച്ഛിക്കുകയാണെങ്കിൽ ആ ആശ നടന്നിരിക്കും എന്ന് അവൾ പറഞ്ഞത്.
അതിനും ഇരുപത്തിമൂന്നു ദിവസങ്ങൾക്ക് ശേഷം കോവിഡ് ലോക ജനതയെ എല്ലാ യാത്രകളിൽ നിന്നും വിലക്കി.
ചെയ്യാത്ത യാത്രകളിലാണ് അല്ലെങ്കിൽ മനുഷ്യരുടെ മുഷിപ്പും മോഹവും പാർക്കുന്നത്. യാത്ര ചെയ്ത ആൾ താൻ ചെയ്ത യാത്രകൊണ്ട് വലയം ചെയ്യപ്പെടുന്നു, യാത്ര ചെയ്യാത്തപ്പോൾ തന്റെ മുഷിപ്പിൽ അയാൾ കുമിഞ്ഞു കൂടുന്നു. സ്വന്തം യാത്രയുടെ ഓർമ്മകൾ കൊണ്ട് അംഗഹീനനാവുന്നു. യാത്ര ചെയ്യാൻ കഴിയാത്ത ആൾ സ്വന്തം മോഹത്തിന്റെ പിടിയിലുമാകുന്നു. അയാളുടെ ആയുസ്സ് ഓരോ നിമിഷവും അതേ മോഹത്തിൽ മരിച്ചു പൊന്തുന്നു.
കോവിഡ് 19 മനുഷ്യകുലത്തെ അതിന്റെ ഏറ്റവും പ്രസിദ്ധവും ഉത്കൃഷ്ടവുമായ ഒരു പ്രവൃത്തിയിൽ നിന്നാണ് ആദ്യം വിലക്കിയത് : യാത്രയെ.
യാത്ര അരുത്.
നോക്ക്, അധികം യാത്ര വേണ്ട. പിറകെ പൂട്ടിയിരുപ്പിന്റെ ദിവസങ്ങൾ വന്നു.
ഭൂമിയിൽ നമ്മൾ പതിച്ച കാൽപ്പാദങ്ങളുടെ അടയാളങ്ങൾ പെട്ടെന്ന് അവയുടെ ലക്ഷ്യങ്ങളിൽ തന്നെ ഒളിച്ചു പാർക്കുകയായിരുന്നു. അതിനാൽ, പിന്നെ വന്ന നമ്മുടെ എല്ലാ യാത്രകളും സംശയത്തിന്റെ നിഴലിലായി. പിറകെ, നമ്മൾ നമ്മുടെ ആയുസ്സിലേക്ക് ഒച്ചുകൾ എന്നപോലെ പിൻവാങ്ങി. ദയവായി നിങ്ങൾ പുറത്തിറങ്ങരുത് എന്ന് ടെലിവിഷനിൽ നമ്മളെ നോക്കി അവശ്യപ്പെടുന്ന ഭരണാധികാരി നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരമാവകാശിയായതും ഈ സമയത്താണ്. നമ്മുടെ യാത്രകൾ അയാളുടെ കൈകളിലേക്ക് മാറ്റപ്പെട്ടത് നമ്മൾ ടെലിവിഷനിൽ അതേ സമയത്ത് അത്രയും നിസ്സഹായതയോടെ കണ്ടു.
ഇപ്പോൾ നമ്മുക്ക് യാത്ര ചെയ്യാൻ ഭരണകൂടത്തിന്റെ അനുമതി വേണം. ഭൂമിയിൽ മനുഷ്യ ജീവിതത്തിന് ഇത്രയും അപമാനിതമായ ദിവസങ്ങൾ ഉണ്ടാവില്ല.
മറ്റൊരു രാജ്യത്തെ നീണ്ട കാലത്തെ കുടിയേറ്റം മതിയാക്കി രണ്ടു മാസം മുമ്പ് നാട്ടിലേക്ക് മടങ്ങാനായി വിമാന താവളത്തിൽ നിൽക്കുമ്പോൾ ചുറ്റുമുള്ള കാഴ്ച്ചകൾ എന്തും മുറിഞ്ഞു പോകുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. കഥ നഷ്ടപ്പെട്ട ചലച്ചിത്രകാരനെപ്പോലെ മുമ്പിൽ മിന്നിമായുന്ന ഫ്രെയ്‌മുകൾ ഞാൻ നോക്കി നിന്നു. ആളുകൾ അവരുടെ ചലനങ്ങളെ ഇടയ്ക്ക് വെച്ച് മുറിക്കുന്നു എന്ന് തോന്നി.. അവരുടെ പാതി മറച്ച മുഖങ്ങളുടെ ശിരോഭാഗങ്ങൾ ഒരടയാളവും നൽകാതെ വേഗത്തിൽ മാഞ്ഞു പോവുന്നു എന്ന് തോന്നി.. മാസ്ക് കൊണ്ട് മൂടിയ വായിൽ ഞാൻ ഓരോ ആളുകളെയും നോക്കി എന്റെ പുഞ്ചിരികൾ പരീക്ഷിച്ചു കൊണ്ടുമിരുന്നു. യാത്ര മുഷിഞ്ഞ ഒരു കോമിക് ആയ പോലെ.
ഒരേ ആശ രണ്ട് പ്രാവശ്യം ഇച്ഛിക്കുക, എങ്കില്‍ തീർച്ചയായും, ഒരിക്കൽ നമ്മുക്കത് സാധിച്ചിരിക്കും –
എന്റെ ചെങ്ങാതിക്ക് ഉറപ്പായിരുന്നു. കാണാൻ ആഗ്രഹിച്ച മൂന്ന് രാജ്യങ്ങളിലേക്ക് അവൾ അങ്ങനെ യാത്രയും പോയിരുന്നു. കവിയായിരുന്നതിനാലാകാം അവൾ ഒരു ജിപ്സിയെപ്പോലെ തന്റെ യാത്ര ഫോണിൽ എനിക്ക് വേണ്ടി വർണ്ണിച്ചു. അവൾ കാണാൻ പോയ മ്യൂസിയത്തിൽ ഞാനും കയറി. അവൾ കണ്ടു നിന്ന ‘‘അവസാനത്തെ അത്താഴ’’ത്തിനു മുമ്പിൽ ഞാനും നിന്നു. ചെയ്യാത്ത യാത്ര അരുതാത്ത ഇണചേരൽ പോലെ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.
അന്ന് ഞാൻ പക്ഷികളെ ഓർമ്മിച്ചു. ഞാൻ കിടന്നിരുന്ന കട്ടിലിന്റെ ചോട്ടിൽനിന്നും പീലി വിടർത്തി പുറത്തേക്ക് പറന്നു പോയ മയിലിനെ ഒരിക്കൽ സ്വപ്നം കണ്ടത് ഞാൻ അവളോട് പറഞ്ഞു.
അതും ഇച്ഛയാണ്, അവൾ ഫോണിൽ ചിരിച്ചു: പക്ഷിയുടെ. അതിന്റെ പീലിയിൽ പുരണ്ട പകൽ, അതിന്റെ നെറുകിൽ കുറകിയ രാത്രി, ഞാൻ പക്ഷിയെ മോഹിച്ചു കൊണ്ടിരുന്നു.
ഇപ്പോൾ ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തൃശൂരിലെ ഞങ്ങളുടെ ഫ്ലാറ്റിൽ എന്നും പുലർച്ചെ അഞ്ചുമണിയോടെ പുറത്തു നിന്നും കേൾക്കുന്ന പക്ഷികളുടെ ശബ്ദത്തിൽ എന്റെ ദിവസം തുടങ്ങുന്നു. മരങ്ങളുടെ നെറുകിൽ പക്ഷികൾ വരയ്ക്കുന്ന യാത്രകൾ കാണാൻ ഞാൻ കുറച്ചു നേരം ബാൽക്കണിയിൽ വന്നു നിൽക്കുന്നു. എങ്കിലും ഇപ്പോഴും ഭൂമിയുടെ ഏറ്റവും പ്രസിദ്ധരായ അവകാശികൾ ഞങ്ങൾ മനുഷ്യർതന്നെ എന്ന് പക്ഷികളെ നോക്കി, അവ കേൾക്കില്ല എന്ന ഉറപ്പിൽ, പതുക്കെ പറയുന്നു.
അല്ലെങ്കിൽ, ഞാൻ, ആശകളുടെ അവകാശിമാത്രമായിരിക്കുന്നു.
English Summary: Writer Karunakaran shares his experiences during lockdown