ADVERTISEMENT

സൗഹൃദം.. സാഹിത്യം.. സിനിമ... ഇതാണ് എഴുത്തുകാരായ സി.വി. ബാലകൃഷ്ണനും എൻ. ശശിധരനും. വടക്കൻ കേരളത്തിലെ ഗ്രാമീണാന്തരീക്ഷത്തിൽ നിന്നെത്തി മലയാള സാഹിത്യത്തിലെ മുൻനിരയിൽ സ്ഥാനം കണ്ടെത്തിയ ഇവർക്കിടയിൽ സാഹിത്യവും സിനിമയും സൃഷ്്ടിച്ച വലിയൊരു സൗഹൃദമുണ്ട്. അരനൂറ്റാണ്ട് മുൻപ് കണ്ണൂരിലെ അധ്യാപക പരിശീലന കാലത്തു ഇഴയിട്ടതാണ് ആ ബന്ധം. അധ്യാപകരുടേതായ ലോകത്തു മാത്രം ഒതുങ്ങിപ്പോകാതെ സാഹിത്യത്തിന്റെ പുത്തൻ ചക്രവാളത്തിലേക്കു പറന്നുയരാൻ രണ്ടാളെയും സഹായിച്ചത് അതിരുകളില്ലാത്ത വായനയായിരുന്നു. മലയാളത്തിനു പുറത്തേക്കു നീണ്ട വായന. നോവലും കവിതയും കഥയും സിനിമയും നാടകവുമായി രണ്ടുപേരും പുതിയ മേച്ചിൽപ്പുറങ്ങളും കണ്ടെത്തി. ഇരുവരും കണ്ടുമുട്ടുമ്പോൾ ആദ്യം പറയുന്നത് ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ചായിരിക്കും. അല്ലെങ്കിൽ പുതുതായി കണ്ട രാജ്യാന്തര സിനിമയെക്കുറിച്ച്.

 

കണ്ണൂർ എസ്എൻ കോളജിൽ നിന്നു പ്രീഡിഗ്രി കഴിഞ്ഞാണ് എൻ. ശശിധരൻ നഗരത്തിലെ ടീച്ചേഴ്‌സ് ട്രെയിനിങ്ങ് കോളജിൽ ചേരുന്നത്. കുറ്റിയാട്ടൂരിലാണ് വീട്. അവിടെ സ്‌കൂളുണ്ടായിട്ടും അദ്ദേഹം പഠിച്ചത് പട്ടാന്നൂർ യുപി സ്‌കൂളിലാണ്. ഹൈസ്‌കൂളിൽ പഠിച്ചതും പട്ടാന്നൂരിൽ തന്നെ. സാഹിത്യത്തിൽ ആധുനികതയുടെ വരവിന്റെ കാലമായിരുന്നു അത്. കാഫ്ക, സാർത്ര്, കാമ്യു എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ അപൂർവമായി വരുന്ന സമയം. ആ കാലത്ത് ഇവരെക്കുറിച്ചു വായിക്കാൻ ശശിധരന് അവസരം കിട്ടി. സുഹൃത്തിന്റെ ജ്യേഷ്ഠൻ ഒ.എൻ. ശങ്കരൻകുട്ടി (പിന്നീടദ്ദേഹം മന്ത്രി എം.എ. ബേബിയുടെ പ്രൈവറ്റ് സെക്രട്ടറിയൊക്കെയായി) വലിയ വായനക്കാരനായിരുന്നു. അദ്ദേഹമാണ് ശശിധരനു പുസ്തകങ്ങൾ കൊടുക്കുക. ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.  കൂട്ടുകാരന്റെ കൂടെ വീട്ടിൽ പോയി പുസ്തകങ്ങൾ കൊണ്ടുവരും. കാഫ്കയുടെയും സാർത്രിന്റെയും കാമ്യുവിന്റെയുമൊക്കെ കൃതികളാണ് വായിക്കുന്നത്. അന്ന് കാഫ്കയും കാമ്യുവൊക്കെ മലയാളത്തിൽ അത്ര പരിചിതരായിട്ടില്ല. ട്രെയിനിങ് സെന്ററിൽ ചെന്നപ്പോൾ ഇവരൊക്കെ വായിച്ച ഒരാളെ ശശിധരൻ കണ്ടുമുട്ടി. അത് സി.വി. ബാലകൃഷ്ണനായിരുന്നു.

 

വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നായിരുന്നു രണ്ടുപേരും വന്നത്. ശശിധരന്റെ നാട് കമ്യൂണിസ്റ്റ് ഗ്രാമമായിരുന്നു. അച്ഛൻ ഉറച്ച കമ്മ്യൂണിസ്റ്റായിരുന്നു. കമ്യൂണിസ്റ്റുകാർ വേട്ടയാടപ്പെടുന്ന സമയത്ത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയൊക്കെ പൊലീസ് പിടിക്കാതിരിക്കാൻ കുഴിച്ചിട്ടയാളാണ് ശശിധരന്റെ അച്ഛൻ. 

 

സിവിയുടെ നാടായ അന്നൂരിന്റേത് മറ്റൊരു പശ്ചാത്തലമായിരുന്നു. ദേശീയപ്രസ്ഥാനം, കോൺഗ്രസ് രാഷ്ട്രീയം അതൊക്കെയാണ് അവിടെ. സിവിയുടെ അച്ഛൻ ദേശീയപ്രസ്ഥാനത്തിന്റെ ആളായിരുന്നു. കമ്യൂണിസ്റ്റുകാരുമായി സൗഹൃദമുണ്ടായിരുന്നു. സുബ്രഹ്മണ്യക്ഷേണായി, എ.വി. കുഞ്ഞമ്പു എന്നിവരൊക്കെ അടുത്ത സുഹൃത്തുക്കളായിരുന്നു. 

ട്രെയിനിങ് സെന്ററിൽ ആൺകുട്ടികൾക്കാണു പ്രവേശനം. വായനയെ സ്നേഹിക്കുന്ന രണ്ടാൾ അവിടെ കണ്ടുമുട്ടി. 

 

ക്ലാസിലെ കൂട്ടത്തിൽ നിന്നുമാറി അവരൊരു ഇടം കണ്ടെത്തി. പിറകിലെ സീറ്റിലാണു ഇരിക്കുക. ‘നിങ്ങൾ രണ്ടുപേരും അവിടെ എന്താണു കുശുകുശുക്കുന്നത്’ എന്നൊക്കെ പഠിപ്പിക്കുന്ന നാരായണ മാരാർ എന്ന മാഷ് ചോദിക്കും. സംസാരിക്കുന്നത് മറ്റൊന്നുമല്ല, സാഹിത്യമായിരിക്കും. 

 

സി.വി. ബാലകൃഷ്ണൻ കഥയൊക്കെ പ്രസിദ്ധീകരിക്കാൻ തുടങ്ങിയിരുന്നു. സിവി എഴുതിയ കഥയെക്കുറിച്ചായിരിക്കും സംസാരം. മങ്കൊമ്പ് ബാലകൃഷ്ണന്റെ ഉപാസന എന്ന മാസികയിൽ ഇവന്റെ രണ്ടോ മൂന്നോ കഥ അച്ചടിച്ചു വന്നിരുന്നു. അതുകൂടാതെ ചന്ദ്രിവ വാരികയിലും കഥ വന്നിരുന്നു.  ‘ഉപാസനയിൽ വന്ന നിന്റെ കഥ എന്താണ് അർഥമാക്കുന്നത്’ എന്നൊക്കെയായിരിക്കും ശശിധരൻ ചോദിക്കുക. ബാലകൃഷ്ണൻ ഉടൻ തന്നെ കുത്തിയിരുന്ന് മറുപടി എഴുതും. അപ്പോഴാണ് മാരാർമാഷ് ചോദിക്കുക, നീയെന്താടാ കുത്തിയിരുന്ന് എഴുതുന്നതെന്ന്.

 

മലയാള സാഹിത്യത്തിലെ സുവർണ കാലമായിരുന്നു അത്. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. എം. മുകുന്ദന്റെ ഈ ലോകം അതിലൊരു മനുഷ്യൻ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ വരികയാണ്. മലയാളനാടിൽ പത്മരാജന്റെ ഋതുഭേദങ്ങളുടെ പാരിതോഷികവും. ഇതൊക്കെ വരാനായി രണ്ടുപേരും കാത്തിരിക്കും.

 

സാഹിത്യം പോലെ സിനിമയിലും രണ്ടുപേരും സമാനമായ അഭിരുചി വളർത്തി. ഇരുവരുടെയും കാഴ്ചശീലം ഒരേപോലെയായിരുന്നു. മലയാളത്തിൽ അതുവരെയുള്ള മികച്ച ചിത്രങ്ങളെല്ലാം ഇരുവരും  കണ്ടിരുന്നു. സംവിധായൻ പി.എൻ. മേനോന്റെ ആരാധകരായിരുന്നു. ഓളവും തീരവും ആയിരുന്നു പ്രിയ ചിത്രം. മധുവാണ് ഇഷ്ടതാരം. മധുവിനോട് വലിയ ആരാധനയായിരുന്നു. സത്യൻ മികച്ച നടനായിരുന്നെങ്കിലും മധുവായിരുന്നു താരം. വീർപ്പുമുട്ടുന്ന കഥാപാത്രങ്ങളെയായിരുന്നു മധു അവതരിപ്പിച്ചിരുന്നത്. അത് ആ കാലഘട്ടത്തിലെ യുവാക്കളുടെ പ്രതിരൂപമായിരുന്നു. ജീവിതത്തിൽ തോറ്റുപോയ മനുഷ്യരുടെ പ്രതീകമായിരുന്നു അന്നു മധു.

 

സെൻട്രൽ, നാഷനൽ, എൻ.എസ്, ഉമയാൾ, സംഗീത എന്നിങ്ങനെ അന്ന് അഞ്ചു ടാക്കീസുകൾ കണ്ണൂരിലുണ്ടായിരുന്നു. തറടിക്കറ്റാണ് അന്ന്. സ്വയംവരം കണ്ടത് നാഷനലിൽ നിന്നാണ്. എംടിയുടെ നിർമ്മാല്യം കണ്ടതും ഒരുമിച്ചായിരുന്നു. 

 

കോഴ്‌സ് കഴിഞ്ഞ് ശശിധരൻ വയനാട്ടിലേക്കും ബാലകൃഷ്ണൻ കണ്ണൂരിലെ പെരിങ്ങത്തൂരിനടുത്തുള്ള കരിയാട്ടേക്കും അധ്യാപകനായി പോയി. പിന്നീട് ആ സൗഹൃദം പൂത്തത് കത്തുകളിലൂടെയായിരുന്നു. ആറും ഏഴും പേജുള്ള കത്തുകൾ നിരന്തരം എഴുതുമായിരുന്നു. ഈ കത്തിലും സാഹിത്യം തന്നെയായിരിക്കും. 

ഇരുവരുടെയും ആ ബന്ധം ഇപ്പോഴും തുടരുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചു ദീർഘനേരം സംസാരിക്കുന്നു. കണ്ട സിനിമകളെക്കുറിച്ചും.

Content Summary: Friendship between writers N Sasidharan and CV Balakrishnan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com