മണ്ണിന്റെ മണമുള്ള കഥകൾ പറഞ്ഞ മലയാളത്തിന്റെ തകഴി
Mail This Article
മണ്ണിന്റെ മണമുള്ള കഥകളിലൂടെ മലയാളത്തിൽ ചിരപ്രതിഷ്ഠ നടത്തിയ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മവാർഷികമാണ് ഇന്ന് (ഏപ്രിൽ 17). കുട്ടനാടിന്റെ ഇതിഹാസ കഥാകാരനായ തകഴിയെ കേരള മോപ്പസാങ് എന്നാണ് വിശേഷിപ്പിക്കുന്നത്. കാൽപനിക ആവിഷ്കാരങ്ങളെ മാത്രം സ്വീകരിച്ചിരുന്ന മലയാള സാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചു നടത്തിയ എഴുത്തുകാരിൽ മുൻപന്തിയിലാണ് തകഴി.
അനുഭവങ്ങളുടെ മടവെള്ളപ്പാച്ചിലിനെ അദ്ദേഹം എഴുത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. മണ്ണിനോട് മല്ലടിക്കുന്ന ഗ്രാമീണ മനുഷ്യരുടെ കഥകൾ പറഞ്ഞ തകഴിക്ക് 1984ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. അറുനൂറിലേറെ കഥകൾ, മുപ്പതിലേറെ നോവലുകൾ, ആത്മകഥാപരമായ മൂന്നു കൃതികൾ, ഒരു ജീവചരിത്രം, രണ്ടു നാടകങ്ങൾ, ഒരു യാത്രാവിവരണം എന്നിവയെല്ലാം അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യസംഭാവന.
പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു. 1912 ഏപ്രിൽ 17ന് പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിന്റെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവതിയമ്മയുടെയും മകനായി ആലപ്പുഴയിലെ തകഴിയിലാണ് ജനനം. പ്രസിദ്ധ കഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് അദ്ദേഹത്തിന്റെ പിതൃസഹോദരൻ ആയിരുന്നു. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.
പിന്നീട്, തിരുവനന്തപുരം ലോ കോളജിൽ പ്ലീഡർഷിപ്പിനു ചേർന്നു. പഠിക്കുന്ന കാലത്ത് എഴുതി അയച്ച പല കഥകളും പ്രസിദ്ധീകരിക്കാതെ മടങ്ങിവന്നുവെന്ന് തകഴി തന്നെ എഴുതിയിട്ടുണ്ട്. പതിനേഴാം വയസ്സിലാണ് ആദ്യ കഥ (സാധുക്കൾ) പ്രസിദ്ധീകരിക്കുന്നത്. ഇരുപത്തിരണ്ടാം വയസ്സിൽ ‘ത്യാഗത്തിനു പ്രതിഫലം’ എന്ന ആദ്യ നോവലും. ലോ പഠനകാലത്തു കേസരി എ. ബാലകൃഷ്ണപിള്ളയെ പരിചയപ്പെട്ടതാണു സാഹിത്യത്തിലെ വഴിത്തിരിവായത്.
ഇടയ്ക്ക് ‘കേരള കേസരി’ പത്രത്തിൽ ജോലി ചെയ്തു. അമ്പലപ്പുഴ മുൻസിഫ് കോടതിയിലെ വക്കീൽ ജോലിക്കിടയിൽ അടുത്തറിഞ്ഞ കടൽത്തൊഴിലാളികൾ അടക്കമുള്ളവരുടെ ജീവിതമാണ് തകഴി മിക്ക രചനകൾക്കും വിഷയമാക്കിയത്. 1934ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുള്ള (കാത്ത) വിവാഹം നടന്നു.
ചെമ്മീൻ എന്ന നോവലിലൂടെ തകഴി ആഗോള പ്രശസ്തനായി. പിന്നീട്, ചെമ്മീൻ എന്ന പേരിൽത്തന്നെ നോവലിനെ അടിസ്ഥാനമാക്കി 1965-ൽ രാമു കാര്യാട്ട് സിനിമയിറക്കി. രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തോട്ടിയുടെ മകൻ, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി 39 നോവലുകൾ രചിച്ചു. ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. 1999 ഏപ്രിൽ 10ന് തകഴിയിലെ തറവാട്ടുവീട്ടിൽ അന്തരിച്ചു.
Content Summary: Malayalam Writer Thakazhi Sivasankara Pillai Birth Anniversary