സോ ജാ രാജകുമാരാ, സോ ജാ...
Mail This Article
'ലോകത്തിൽ ഒരു കല മാത്രമേയുള്ളൂ, അതാണ് സംഗീതം. സംഗീതം ഈശ്വരനാണ്. ശോകത്തെ ആവിഷ്ക്കരിക്കാൻ സാഹിത്യത്തിനു സാധ്യമല്ല, സംഗീതത്തിനേ കഴിയൂ.' ഇത്രയും തീവ്രതയോടെ സംഗീതത്തെ പിന്തുണച്ച വ്യക്തി ഒരു സംഗീത നിരൂപകനല്ല, പാട്ടുകാരനല്ല, ഗാനരചയിതാവുമല്ല. എന്നിട്ടും രാത്രി ഏഴുമണിമുതൽ പുലർച്ചെ നാലുമണിവരെ വൈക്കം മുഹമ്മദ് ബഷീർ ഒരു മുടക്കുവുമില്ലാതെ സംഗീതം ആസ്വദിച്ചുകൊണ്ടിരുന്നു. സാഹിത്യത്തെക്കാൾ സംഗീതത്തെ പ്രണയിച്ചു. പ്രിയപ്പെട്ട പിനിനീർപ്പൂക്കളുടെ തുടിപ്പും സൗന്ദര്യവും സൗരഭ്യവും സംഗീതത്തിൽ അനുഭവിച്ചു. ഒരുവേള സംഗീതത്തെ സർവതിനും മുകളിൽ സ്ഥാപിക്കുന്നതിനുവേണ്ടി സാഹിത്യത്തെപ്പോലും ബഷീർ അവമതിച്ചു. സംഗീതത്തിൽ ആവർത്തനവിരസത ഇല്ലെന്നും സാഹിത്യം രണ്ടു ദിവസത്തേക്കുള്ള കൗതുകമാണെന്നും അതൊന്നും സംഗീതത്തോളം സ്ഥായിയായി നിലനിൽക്കുന്നതല്ലെന്നും ബഷീർ അഭിപ്രായപ്പെട്ടുകളഞ്ഞു!
രാഷ്ട്രീയത്തിൽ അടിമുടി മുങ്ങിക്കിടന്ന ബഷീർ, ശുഭചിന്തകനായ സൈനുദ്ദീൻ നൈനയുടെ പ്രേരണയിലും സമ്മർദത്തിലും നാടുവിട്ടുപോയ വഴികളിൽ നിറയെ ശാസ്ത്രീയ സംഗീതജ്ഞരെയും ഗസൽ - കവ്വാലി ഗായകരെയും കണ്ടുമുട്ടി. എന്തിനെയും പരമാവധി തീവ്രതയിൽമാത്രം ഉൾക്കൊണ്ടു ശീലിച്ചിട്ടുള്ള സഹൃദയനിലെ സംഗീതവാസന അവരുടെ സമ്പർക്കത്തിൽ സമൃദ്ധമായി. സംഗീതത്തിൽ ബഷീർ പുലർത്തിയ സഹജാവബോധം സ്വാഭാവികമായും വാക്കുകളുടെ തെരഞ്ഞെടുപ്പിലും വിന്യാസത്തിലും വാക്യഘടനകളിലും ബിംബകൽപനകളിലും പ്രതിഫലിച്ചു. അതുകൊണ്ടാണ് സംഗീതത്തെ ബഹുവിധ വർണങ്ങളിൽ സങ്കൽപിച്ച മൈൽസ് ഡേവിസിനെക്കാൾ വളരെ മുൻപേ, ‘ഇളം നീലനിറത്തിൽ ആടിക്കുഴഞ്ഞുവരുന്ന മാദക മനോഹര ഗാനമേ’ എന്നൊക്കെ ഗീതാത്മകമായി എഴുതാൻ ബഷീറിനു സാധിച്ചതും. ‘ഭാർഗവിനിലയ’ത്തിനുവേണ്ടി രചിച്ച വികാരസാന്ദ്രമായ ഗാനങ്ങളിൽ ‘അനർഘനിമിഷ’ത്തിൽനിന്നെടുത്ത ചില ബിംബങ്ങൾ പി. ഭാസ്കരനും ഉപയോഗിച്ചിട്ടുണ്ട്. സത്യത്തിൽ ബഷീറിലെ സംഗീതബോധം ആസ്വാദനത്തിൽ മാത്രമായി പരിമിതപ്പെട്ടില്ല. സംഗീതത്തെ സൈദ്ധാന്തികമായി വിലയിരുത്താൻവേണ്ട അറിവും അദ്ദേഹം ആർജിച്ചിരുന്നു. ‘സൈഗൾ രാവി’നു തിരിതെളിച്ച സന്ദർഭത്തിൽ തികഞ്ഞ സൈഗൾ ഭക്തനായ ബഷീർ, ശ്രുതി, താളം എന്നിവയിൽ ഇഷ്ടഗായകനുണ്ടായിരുന്ന പരിമിതിയെ ചൂണ്ടിക്കാണിക്കാൻ ഇതിനെ അദ്ദേഹം വിനിയോഗിച്ചു.
സംഗീതം സാർവഭൗമവും സാർവലൗകികവും ചരപ്രകൃതിയാൽ പ്രചോദിതവുമായ കൽപനയായി ബഷീറിൽ പ്രത്യക്ഷപ്പെടുന്നു. പുഴയുടെ പ്രഭവസ്ഥാനം തിരഞ്ഞു പിന്നിലേക്കു പോയാൽ, ഒരു നനവിൽ എത്തിച്ചേരുന്നതുപോലെ ബഷീറിലൂടെ സഞ്ചരിച്ചാൽ സംഗീതകലയുടെ മൗലിക സ്വരൂപത്തിൽ ചെന്നുചേരും. ഭക്തിയും മതബോധവും രണ്ടായി വേർതിരിഞ്ഞു നിൽക്കുന്ന ഇന്ത്യൻ സംഗീതത്തിൽനിന്നും ബഷീർ വേണ്ടത്ര പ്രചോദനം ഉൾക്കൊണ്ടു. മേൽപ്പറഞ്ഞവ ഒന്നാകുന്ന സന്ദർഭങ്ങൾ വിശ്വാസത്തിനും മതങ്ങൾക്കും ആശാസ്യമല്ലെന്ന അന്തർജ്ഞാനം ബഷീറിൽ വേരിറക്കി നിന്നു. ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന സംഗീതജ്ഞരെ പണ്ഡിത് എന്നും ഇസ്ലാം മതസ്ഥരായ ഗായകരെ ഉസ്താദ് എന്നും സംബോധനചെയ്യുന്നതിലെ അയുക്തിയെ ബഷീർ പരിഹസിച്ചു. ഇതിനെ ഇല്ലാതാക്കാൻ പോന്നതരത്തിലുള്ള ആന്തരിക വികാസം സമൂഹത്തിലുണ്ടാവാൻ അദ്ദേഹം അങ്ങേയറ്റം ആഗ്രഹിച്ചു. ഇത്തരത്തിൽ ബഷീറിലെ സംഗീത സങ്കൽപങ്ങളെ മതേതരവും സമന്വിതവും സന്തുലിതവും പ്രകൃതിയെ മുഴുവൻ ഉൾക്കൊള്ളുന്നതുമായി ഞാൻ മനസിലാക്കുന്നു. ബഷീറിനെ സംബന്ധിച്ചിടത്തോളം സംഗീതം ഒരിക്കലും മനുഷ്യരുടെ സംഗീതംമാത്രമായി ചുരുങ്ങിപ്പോകുന്നില്ല. ബഷീർ കൃതികളുടെ പരിവേഷമായി വരുന്ന ദാർശനികതയും പ്രാപഞ്ചികതയും അവയുടെ സംഗീതാർഥങ്ങളെ ഇതേ തലങ്ങളിൽ നിർവചിക്കുന്നുണ്ട്. അവയിലെ ധ്വനിസാന്ദ്രവും പ്രേമോന്മീലിതവുമായ സംഗീതസാന്നിധ്യം, സാഹിത്യത്തിനും സംഗീതത്തിനുമിടയിൽ ടാഗോർ അനുവർത്തിച്ച സമന്വയത്തെ പേർത്തും പേർത്തും ഓർമപ്പെടുത്തുന്നു..
സൂഫി എന്ന ഉപമ ബഷീറിനു പുതിയതല്ല. ബഷീറിനെ വലംവച്ചുള്ള നിരൂപണങ്ങൾ തുടക്കംമുതലേ അദ്ദേഹത്തെ സൂഫിയെന്നു പരാമർശിച്ചു. പനിനീർപ്പൂവുകൾക്കു നടുവിലെ പനിനീർപ്പൂവ് എന്നും മുള്ളുകൾക്കു നടുവിലെ മുള്ള് എന്നുമുള്ള പരിഭാഷ സൂഫിയെ പൂർണ മനുഷ്യനായി കണക്കാക്കുന്നു. സമുദ്രംപോലെ സ്വതന്ത്രൻ, സൂര്യനെപ്പോലെ കൃപാലു, നദിയെപ്പോലെ എളിമയുള്ളവൻ എന്നിങ്ങനെ സൂഫി പിന്നെയും വ്യാഖ്യാനിക്കപ്പെടുന്നു. അതിലുപരി വിശ്വസാഹോദര്യത്തിലുള്ള വിശ്വാസവും ആത്മാവിനെ മുന്നിർത്തിയുള്ള അന്വേഷണങ്ങളും ബഹുവിധ ഉന്മാദ മൂർച്ഛകളും സൂഫി വര്യരുടെ വ്യക്തിത്വ ചിഹ്നങ്ങളാണല്ലോ. ഇവയെല്ലാംതന്നെ ബഷീറിനും യോജിച്ചിണങ്ങുന്ന ഉപമകളായി ഞാൻ ധരിക്കുന്നു. ആദം നയ്യാർ രചിച്ച ഗ്രന്ഥത്തിൽ കവ്വാലി, സമ എന്നിവയെ സൂഫിസത്തിലെ പ്രധാന ആചരണങ്ങളായി പറയുന്നുമുണ്ട്. അവ സൂഫി സംഗീതത്തിനുള്ളിലെ അടിസ്ഥാന ശൈലീഭേദങ്ങളായി കണക്കാക്കപ്പെടുന്നവയുമാണ്. ചിന്തയുടെയും ആധ്യാത്മിക അനുഭൂതിയുടെയും ആത്മാവിഷ്കരണം അതിലുണ്ട്. ബഷീർരചനകളിൽ അവതരിപ്പിച്ചിട്ടുള്ള ആത്മഭാഷണങ്ങളിൽ അനുഭവിക്കുന്ന വ്യക്തിപരത, ദാർശനികദീപ്തി, കാവ്യാത്മകത എന്നിവ സൂഫിസംഗീതവുമായി അദ്ദേഹം പുലർത്തിയ സൗഹൃദത്തെ തുറന്നു കാണിക്കുന്നുണ്ട്. അഹംമുക്തമായ അനുരാഗങ്ങളിൽ തിളങ്ങുന്ന വിശുദ്ധസൗന്ദര്യവും പരമാനന്ദവും ഇതിനെ സമ്പൂർണമായി സ്ഥാപിക്കുന്നു.
ബഷീർ ഭാവന ചെയ്യുന്ന പ്രേമത്തിലെ സംഗീതം എഴുത്തുകാരുടെയും വായനക്കാരുടെയും അഭിരുചിയുടെ ഉൽപന്നമായി നിർമിക്കപ്പെടുന്നതാണല്ലോ. എന്നിട്ടും ചില വസ്തുതാപരമായ സമാന്തരതകളെ വെറുതെ വിട്ടുകളയാൻ കഴിയുന്നില്ല. ഒരു വലിയ ഇടവേളയ്ക്കുശേഷം 'ബാല്യകാലസഖി' വായിച്ചുകൊണ്ടിരിക്കെ, പാകിസ്താനി സംഗീതജ്ഞനായ നസ്രേത് ഫതേഹ് അലീഖാൻ പാടിയ ഒരു കവ്വാലി ഞാൻ ഇങ്ങനെ കേട്ടു-
'മെഹ്ഫിൽ മേം ബാർ ബാർ
ഉൻഹീം പർ നസർ ജായേ.'
ഈ ഗാനം പകർന്നുതന്ന ഐന്ദ്രിയാനുഭവം മജീദും സുഹറയും പരിചയപ്പെടുത്തിയ പ്രണയവിശുദ്ധിയെ കൂടുതൽ തെളിച്ചത്തോടെ കാണാൻ എന്നെ സഹായിച്ചു. സസ്രേത് പാടിയ 'മേം മുഹബത് സേ മുഖ് തോഡ് ലേതാ', 'പ്യാര് ആംഖിയോ ദേ' തുടങ്ങിയ ഗാനങ്ങൾ അതിനു പുറകെ വന്നു. നസ്രേതിനെപ്പറ്റി ജൂസേപ് നിർമിച്ച 'എ വോയ്സ് ഫ്രം ഹെവനി' ൽനിന്നു ബഷീറിലേക്കുള്ള ദൂരവും അത്രയൊന്നും കൂടുതലല്ല. ഫാരിദാ ഖാനും, നയ്യാരാ നൂർ, ഇഖ്ബാൽ ബാനോ എന്നിവരുടെ പ്രണയ ഗീതങ്ങൾ വിശ്വാസത്തെ വീണ്ടും ദൃഢപ്പെടുത്തിത്തന്നു.
ബഷീർകൃതികളിലെ സംഗീതം ആശയപരവും ഭാഷാപരവുമായ ചമൽക്കാരങ്ങളിലൂടെ രൂപപ്പെടുന്നതാണ്. ഉദാഹരണമായി അമീർ ഖുസ്രു എഴുതിയ കവിതയിലെ ഒരു ചെറുഖണ്ഡം ഉദ്ധരിക്കാം.
‘പ്രേമനദിയുടെ ഒഴുക്ക്
വിപരീതഗതിയിലുള്ളതാണ്.
അതിലിറങ്ങുന്നവൻ
മുങ്ങിത്താഴും
താഴുന്നവൻ മറുകരയിലെത്തും.’
ഉറുദു ഭാഷയുടെ പട്ടുറുമാലിൽ പൊതിഞ്ഞ വരികളിലെ ഗൂഢാർഥ ഭാവങ്ങൾ ബഷീർ നിർവഹിച്ചിട്ടുള്ള മൃദു മസൃണമായ ആഖ്യാനങ്ങളിലും പതിയെ തിരഞ്ഞൊറിയുന്നു.
കലയുടെ അന്യവിതാനങ്ങളിൽ സൃഷ്ടിപരമായി നിക്ഷേപിക്കാൻപോന്ന ഊർജത്തെ ആസ്വാദകനു സമ്മാനിക്കാൻ നല്ല സംഗീതത്തിനു സാധിക്കും. ബഷീർ കൃതികളിൽ പ്രസരിക്കുന്ന സംഗീതം അതിനെ ഉചിതമായി വിനിയോഗിച്ചതിലൂടെ തരമായതാണ്. അത്രമേൽ വിപുലമായിരുന്നു ബഷീറിലെ കേൾവിജ്ഞാനം. പാശ്ചാത്യവും പൗരസ്ത്യവുമായ സംഗീതസമ്പ്രദായങ്ങളെ നേരിട്ടനുഭവിക്കാനുള്ള സൗഭാഗ്യം സഞ്ചാരിയായ ബഷീറിനു സിദ്ധിച്ചു. കർണാടക സംഗീതവും ഹിന്ദുസ്താനിയും അവയുടെ അവാന്തരവിഭാഗങ്ങളും ബഷീറിനെ ആവേശം കൊള്ളിച്ചിരുന്നു. സ്വകാര്യശേഖരത്തിൽ അദ്ദേഹം നിരവധി സംഗീതജ്ഞരെ സൂക്ഷിച്ചു. അവരെ താലോലിച്ചു, നിരന്തരം ഓമനിച്ചു.
ആസ്വാദകരെ നല്ല സംഗീതത്തിലേക്കു നയിക്കുന്ന സർഗാത്മക പ്രവർത്തനങ്ങളെ സംഗീതവിമർശനമായി കരുതാമെങ്കിൽ ബഷീർ മലയാളത്തിലെ ആദ്യത്തെ സംഗീതനിരൂപകനാണ്. ഉദാത്തമായ സംഗീതത്തിലേക്കു കടന്നുചെല്ലാൻ ബഷീർകൃതികൾ വായനക്കാരിൽ കടുത്ത പ്രേരണ ചെലുത്തുന്നു. ക്ലാസിക്കൽ സംഗീതത്തിലും ലളിതസംഗീതത്തിലും വിരാജിക്കുന്ന വലിയ സംഗീതജ്ഞരെപ്പറ്റിയുള്ള ആധികാരികമായ പരാമർശങ്ങൾ ബഷീറിൽ പരക്കെ കാണാം. 'നീലവെളിച്ച'ത്തിൽ നിന്നുള്ള ചില വാക്യങ്ങൾ ഉദ്ധരിക്കട്ടേ:
‘ഞാൻ വിചാരിച്ചു, ഇന്നു രാത്രി ആരുടെ പാട്ടു കൊണ്ടാണ് പുതിയ വീട് ഉദ്ഘാടനം ചെയ്യേണ്ടത്? എന്റെ പക്കൽ നൂറിലധികം റിക്കാർഡുകളുണ്ട്. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, തമിഴ്, ബംഗാളി, മലയാളത്തിൽ ഒന്നുമില്ല. രവിശങ്കർ, യഹൂദി മെനുഹ്വിൻ, ബിസ്മില്ലാഖാൻ, അക്ബർ ഖാൻ, സൈഗൾ, തലത് മെഹമുദ്, കെ.സി.ഡേ, മുഹമ്മദ് റഫി, സി.എച്ച്. ആത്മ, ദിലീപ് കുമാർ റായി, മംജുദാസ് ഗുപ്ത, പങ്കജ് മല്ലിക്, അബ്ദുൽ കരീംഖാൻ, ഖുര്ഷിദ് ജൂതിയാരെ, എം.എസ്. സുബ്ബലക്ഷ്മി..' പട്ടിക ഇങ്ങനെ നീളുന്നു.
‘കാറ്റിനിലെ വരും ഗീതം’ ബഷീറിൽ സാന്ദ്രമായ സംഗീതാനുഭവത്തെ പ്രതീകങ്ങളിലൂടെ സാക്ഷാത്കരിക്കുന്ന ലഘുകൃതിയാണ്. കഥയിൽ കൗമാരക്കാരിയായ ആരാധിക സുഹാസിനിയുടെ വരവിനെ വർണിക്കുന്ന പശ്ചാത്തലത്തിൽ നായകൻ സുബ്ബലക്ഷ്മിയുടെ വിശ്രുതമായ ഗാനത്തിൽ മുഴുകിയിരിക്കുന്നു. സുഹാസിനിയോടു നായകനു തോന്നുന്ന സ്നേഹം, സംഗീതത്തോടു ബഷീറിനുള്ള പ്രേമമാണ്. ദിവ്യവും കാമവിമുക്തവും കാതിൽ അമൃതമഴ പൊഴിക്കുന്നതുമായ സംഗീതംതന്നെയാണ് സുഹാസിനി. സംഗീതത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രാണനിൽ ആവാഹിക്കാൻ ആഗ്രഹിക്കുന്ന ആസ്വാദകനെ കഥയിൽ ബഷീർ പരിചയപ്പെടുത്തുന്നു. യഥാതഥമായ ആഖ്യാനശൈലിയെ അതിലംഘിക്കുന്ന രൂപകം അതിലൂടെ രൂപംകൊള്ളുന്നു. പങ്കജ് മല്ലിക് പാടുന്ന ഗാനത്തോടെ കഥ സമാപിക്കുന്നു.
'ഗുസർ ഗയാ വോ സമാനാ കൈസാ കൈസാ.'
ബഷീർ അവതരിപ്പിക്കുന്ന പ്രപഞ്ചസങ്കൽപം സംഗീതകലയുടെ സൗമ്യശിലകൾകൊണ്ടു കെട്ടിയെടുത്തിരിക്കുന്നു. ഭൗതികവും ഭൗതികേതരവുമായ സകലതത്ത്വങ്ങളും അതിനുള്ളിൽ സമന്വയിക്കുന്നു. ബഷീർ അതിനെ ഇങ്ങനെ വ്യക്തമാക്കുന്നു-
‘നിശബ്ദപ്രപഞ്ചം എന്നാൽ എന്തോ, ഏതോ ദിവ്യമായ നിശബ്ദ സംഗീതം പോലെ. നാദബ്രഹ്മത്തിന്റെ അനന്തമായ വിഭ്രമം. എല്ലാം അതിൽ മുഴുകിപ്പോയിരിക്കുന്നു.' അനുരാഗത്തിന്റെ ദിനങ്ങളിൽ ഉദ്ധരിച്ചിട്ടുള്ള ഗാനശകലങ്ങളെ ഇതിനോടു ചേർത്തുനിർത്താം-
‘ജബ് ചാന്ദ് മേരാ നികലാ/ ജിസേ മേരീ യാദ് ന ആയേ.'
ബഷീറിൽ വിടർന്ന സംഗീതചിന്തകൾക്കെല്ലാം സാർവലൗകിക മാനങ്ങളുണ്ട്. 'ശബ്ദങ്ങൾ' എന്നൊരു ശീർഷകം വെറുതെ മുളച്ചു പൊന്തിയതല്ല. സാഹിത്യത്തിൽ അതിനെ ബഷീർ പുനർരചിക്കുന്നു. അതിനാൽ ശബ്ദത്തിന്റെ കേവലമായ എതിർപദമായി നിശബ്ദതയെ നിരീക്ഷിക്കാൻ സാധിക്കുകയില്ല. ശബ്ദസാന്ദ്രതകളെ ആഗ്രഹിക്കുന്ന അളവിൽ പ്രതിഫലിപ്പിക്കാൻ ശബ്ദങ്ങളുടെ ഉള്ളിലെ നിശബ്ദതയെ ബഷീർ ആഗിരണം ചെയ്യുന്നു. കേൾക്കുന്നതിനു മാത്രമല്ല, കേൾക്കാനാവാത്തതിനും ബഷീർ സൗന്ദര്യമൂല്യം കൽപിക്കുന്നു. ആഹതം, അനാഹതം എന്നുള്ള വിഭജനം സംഗീതശാസ്ത്രത്തിലും ലഭ്യമാണല്ലോ. ഇങ്ങനെ നിശബ്ദയുടെ ബുദ്ധിപരമായ പ്രയോഗം ശ്രേഷ്ഠതരമാക്കി മാറ്റിയ കഥകളിൽ 'മതിലുകൾ' ഏറെ ഉയരംവച്ചു നിൽക്കുന്നു. സത്യത്തിൽ ഈ രചനാതന്ത്രം ബഷീർ പാശ്ചാത്യസംഗീതത്തിൽനിന്നു സ്വാംശീകരിച്ചതാവാം. ഇതിനെ പടിഞ്ഞാറൻ ക്ലാസിക്കൽ സംഗീതം പരിചയിച്ചിട്ടുള്ളവർ വേഗം തിരിച്ചറിയും.
സുന്ദരവും ശിവമയവുമായ സംഗീതകലാസങ്കൽപത്തെ, ബഷീറിൽ പ്രതിഫലിക്കുന്ന അളവിൽ മലയാളി വായനക്കാർ മുൻപൊന്നും അനുഭവിച്ചിട്ടില്ല. ഒരു കൃതിയുടെ പാരായണത്തെ അനുഭൂതിയുടെ മണ്ഡലത്തിലേക്കു പൂത്തിരിപോലെ വിടർത്താൻ സംഗീതം പകർന്ന സുഖാനുഭവങ്ങളെ ബഷീർ പ്രയോജനപ്പെടുത്തി. ബഷീറിനെ സംബന്ധിച്ചിടത്തോളം പങ്കജ് മല്ലിക്കും സൈഗളും സംഗീതാദർശങ്ങളുടെ മനുഷ്യരൂപങ്ങളായിരുന്നു. പക്ഷേ, സംഗീതത്തോടുള്ള തീവ്രമായ അഭിനിവേശം അവിടെയും അവസാനിച്ചു പോയില്ല. 'നീലവെളിച്ച'ത്തിൽ നേരത്തെ ഉറങ്ങാൻ തുടങ്ങുന്ന നായകൻ ഒരു റിക്കോഡു കേൾക്കാൻ ആഗ്രഹിക്കുന്നു. 'ലോകത്തെ ചൂഴ്ന്നു നിൽക്കുന്ന ഭീകരമായ നിശബ്ദതയെ ലക്ഷം ലക്ഷം കഷണങ്ങളാക്കി തകർക്കാൻ’ അപ്പോൾ തെരഞ്ഞെടുക്കുന്ന ഗായകൻ ഒരു നീഗ്രോയാണ്, സാമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന പോൾ റോബ് സൺ. വിശ്വസംഗീതത്തിലെ കറുത്ത വെളിച്ചം.
ബഷീറിലെ സംഗീതം സാംസ്കാരികമായി രൂപപ്പെടുത്തിയെടുത്തിയ ആത്മബോധമാണ്. പ്രവാചകസദൃശ്യമായ ചര്യാഗുണങ്ങൾ പ്രകടിപ്പിക്കുന്ന ബഷീർരചനകളിലെ കൃപയും കരുണയും മികച്ച സംഗീതത്തിൽനിന്നു മുളപൊട്ടിയതായി ഞാൻ മനസിലാക്കുന്നു. സ്വയം വിമലീകരിച്ചെടുത്ത കലാവ്യക്തിത്വത്തിൽ പ്രകൃതിയുടെ സ്വാഭാവികമായ ലയഭംഗിയോടെ സംഗീതം അലിഞ്ഞു ചേർന്നിരിക്കുന്നു. 'അനുരാഗത്തിന്റെ ദിനങ്ങളി'ൽ ബഷീർ ആവർത്തിച്ചു പറയുന്നത് - ഞാനൊരു എഴുത്തുകാരനാണ് എന്നല്ല, കലാകാരനാണെന്നാണ്. കലയെപ്പറ്റിയുള്ള താത്വിക ചർച്ചകൾ ഈ ആത്മകഥാപരമായ രചനയിൽ പിന്നെയുമുണ്ട്.
'കലയെപ്പറ്റി ഞാൻ വളരെ ചിന്തിച്ചിട്ടുണ്ട്. കുറച്ചൊക്കെ വായിച്ചിട്ടുണ്ട്. ചിത്രങ്ങൾ, പ്രതിമകൾ, നൃത്തം, സംഗീതം. മനുഷ്യൻ എന്തിനു കലാസൃഷ്ടി ചെയ്യുന്നു? കല, ഈ രണ്ടക്ഷരങ്ങളുടെ അകത്ത് എല്ലാമുണ്ട്. സർവപ്രപഞ്ചങ്ങളും. കലയുടെ ഉദ്ദേശ്യം സർവോപരി സന്മാർഗബോധം ഉളവാക്കുകയാണെന്നു സമ്മതിക്കാത്ത കലാകാരനെ ഞാനിഷ്ടപ്പെടുന്നില്ല. ജീവിതത്തിന്റെ ഉദ്ദേശ്യവും കലയുടെ ഉദ്ദേശ്യവും ഒന്നുതന്നെയാണ്. ഈശ്വരൻ-ആദ്യത്തെയും അവസാനത്തെയും കലാകാരൻ.'
ശുദ്ധകലയെന്ന നിലയിൽ സംഗീതം നൽകുന്ന ഐന്ദ്രിയാനുഭൂതികളിൽ ബഷീർ വിലയം കൊള്ളുന്നു. സംരക്ഷിക്കപ്പെടേണ്ട പൈതൃക സമ്പത്തായി സംഗീതത്തെ നിരന്തരം ഓർമപ്പെടുത്തുന്നു. 'ഭാർഗവിനിലയ'ത്തിൽ മഹാഗായകരുടെ സംഗീതം സൃഷ്ടിക്കുന്ന വിസ്മയത്തിനു മുന്നിൽ നിറഞ്ഞ ആദരവോടെ നിൽക്കുന്ന ബഷീറിനെ നമ്മൾ കാണുന്നു.
'മരിച്ചു പോയവരുടെ.... ഓർക്കുന്നോ? മരിച്ചുപോയവരുടെ ശബ്ദങ്ങൾ. ദൈവമേ അവർ സമയകാലങ്ങളുടെ അപ്പുറത്ത്. അവരുടെ ശബ്ദങ്ങൾ. ഇവിടെ തമാശതന്നെ. ഇന്നലെയുടെ അനന്തകോടി... അനന്തകോടി യുഗങ്ങളിൽ .. മന്വന്തരങ്ങളിൽ… മഹാകാലങ്ങളിൽ ലയിച്ചുപോയ നിന്റെ ഇന്നലെകൾ .. ഓർക്കുന്നുണ്ടോ?'
ഒന്നോർത്താൽ ബഷീറിനെപ്പോലെ സംഗീതകലയുടെ പൈതൃകസമൃദ്ധിയെ ഇത്രയും വൈകാരികമായി വിലയിരുത്തുന്ന സഹൃദയൻ, ആസ്വാദകൻ സംഗീതമണ്ഡലത്തിൽത്തന്നെ അപൂർവമാണ്. മനുഷ്യരുടെ സർഗവൈഭവത്തിൽ അത്ഭുതം കൊള്ളാൻ ദൈവത്തെ കൂട്ടുവിളിക്കുന്ന കലാബോധം ബഷീറിനെ സമകാലികരിൽനിന്നു വേറിട്ടുനിർത്തുന്നു.
സംഗീതത്തെ ആധാരമാക്കിയുള്ള സത്യാന്വേഷണങ്ങൾ ബഷീർകൃതികൾക്കു നൽകുന്ന ചന്തം എന്തുകൊണ്ടും വിശേഷപ്പെട്ടതാണ്. അതുവഴി രചനകളുടെ സാഹിത്യേതരങ്ങളായ ഭൂമികകൾ കണ്ടെടുക്കപ്പെടുന്നു. ഹൃദയശുദ്ധിയുള്ള മനുഷ്യരെ ഭാവന ചെയ്യുവാനും അവരിലൂടെ സഹജീവികളെ സ്നേഹിക്കാനും മാനവികതയുടെ ഒരു സുതാര്യലോകം സൃഷ്ടിക്കാനും ബഷീറിലെ സംഗീതബോധത്തിനു സാധിച്ചു. പ്രകൃതിയെപ്പോലെ നിർമലവും സ്വാഭാവികവുമായ സാഹിത്യത്തിനു രൂപം കൊടുക്കാൻ സംഗീതം അദ്ദേഹത്തെ വളരെ സഹായിച്ചു. വിശ്വമാനവികത, ദാർശനികത, സാർവലൗകികത, പ്രകൃതിജന്യമായ ഭാഷ എന്നീ നാലു ഘടകങ്ങളിലായി ബഷീർ കൃതികളിലെ സംഗീതം വിന്യസിച്ചു നിൽക്കുന്നു. ഉദാത്ത സംഗീതം പ്രസരിപ്പിക്കുന്ന പ്രാപഞ്ചിക പ്രവണതകൾ അവയെ ആകമാനം പ്രകാശഭരിതമാക്കുന്നുണ്ട്. 'ഭാർഗവിനിലയം' തിരക്കഥയിൽ പരാമർശിക്കുന്ന ചുവരെഴുത്തുകളിൽ കഥാനായകൻ ഇങ്ങനെ വായിക്കുന്നു-
'കടന്നുപോകുന്ന ഹേ അജ്ഞാതനായ സുഹൃത്തേ! പാടുവാൻ കഴിയുമെങ്കിൽ ഒരു കുളിർ ഗാന നിശ്വാസത്താൽ എന്റെ ഹൃദയവ്യഥയെ അൽപമൊന്നു ലഘൂകരിച്ചാലും! ശാന്തമോഹനമായ ജീവിതത്തിന്റെ ഒരു മധുരഗാനാലാപത്താൽ എന്നെ ഒന്നുറക്കീട്ടു പോകൂ! എന്നെ ഒന്നുറക്കീട്ടു പോകൂ!'
കേവല മനുഷ്യനെ സങ്കുചിത ജാതി-മത വാദങ്ങളുടെ കോലാഹലങ്ങളിൽനിന്നു മോചിപ്പിക്കാൻ കലകൾ എങ്ങനെ വിനിയോഗിക്കണമെന്നുള്ള വിചാരങ്ങൾ സജീവമാകുന്ന ചരിത്രസന്ധിയിൽ ബഷീർ രചനകളിലെ സംഗീതം പരമ പ്രധാനമാകുന്നു. എല്ലാവർക്കും ഗ്രഹിപ്പാൻ കഴിയുന്ന പൊതുഭാഷയായി അഥവാ മനോവികാരമായി അദ്ദേഹം സംഗീതത്തെ സ്വാംശീകരിച്ചു. അതിനു തുടർച്ചയായി പരമാത്മാവിനെ തേടി ഉഴലുന്ന ജീവാത്മാക്കളുടെ പ്രതിബിംബങ്ങളായി വ്യാഖ്യാനിക്കാൻ സാധിക്കുന്ന വ്യക്തികളെയും പരിസരങ്ങളെയും ബഷീറും നിർമിച്ചു. ബഷീർ സംപ്രേഷണം ചെയ്യുന്ന ഋതുഗന്ധിയായ ഭാഷ സംഗീതകലയുടെ ലയഭംഗികളെയും ഭാവ തീവ്രതയെയും എഴുത്തിൽ പുനർനിർമിച്ചു. പ്രേമവും സംഗീതവും പവിഴവും പട്ടുനൂലുംപോലെ കോർത്തു ചേർന്നിരിക്കാൻ പ്രത്യേക താൽപര്യമെടുത്തു. ജീവിതത്തിലെ ലയഭംഗിയെ ആവിഷ്കരിക്കാനും അദ്ദേഹം സംഗീതം ഉപയോഗിച്ചു. ബഷീർ സൃഷ്ടിച്ചിട്ടുള്ള കമിതാക്കളുടെ വ്യക്തിത്വത്തിൽ സംഗീതത്തോടുള്ള മമതാബന്ധം വേർപെടുത്താൻ കഴിയാത്ത വിധത്തിൽ സുദൃഢമാണ്. 'ഏകാന്തതയുടെ മഹാതീരം', 'അനർഘ നിമിഷം', 'അപാരതയുടെ അതിരിൽ', 'അജ്ഞാതമായ ഭാവിയിലേക്ക്' എന്നീ കഥകളിലും സംഗീതകലയുടെ മോഹിപ്പിക്കുന്ന സാന്നിധ്യമുണ്ട്.
സംഗീതത്താൽ പ്രചോദിതമായ സാഹിത്യരചനകളിൽനിന്നു സംഗീതത്തെ വേർതിരിച്ചെടുക്കാൻ ഒട്ടും എളുപ്പമല്ല. എസ്രാ പൗണ്ട്, ഫിലിപ് ലാർകിൻ മുതൽ ഡാനെസ് സ്മിത്ത് വരെയുള്ള കവികളെയും ജെയിംസ് ജോയ്സ്, ഹറൂകി മുറാകാമി മുതൽ ക്രെയ്ഗ് ജോൺസൻ വരെയുള്ള നോവൽരചയിതാക്കളെയും ഇവിടെ ഉദാഹരിക്കാൻ കഴിയും. എന്നാൽപോലും അകൃത്രിമമായ സംഗീതബോധത്തിൽനിന്നും ഉറവകൊണ്ട സർഗാത്മകരചനകളെ അവയുടെ അനന്യമായ വശ്യത കാരണം സഹൃദയർ വേഗത്തിൽ തിരിച്ചറിയുന്നുണ്ട്. ബഷീർ സാഹിത്യത്തെ ഇത്തരത്തിൽ ഉന്നതമായ സംഗീത കാമനകളുടെ സാക്ഷ്യമായി വായിച്ചെടുക്കാം. സത്യത്തിൽ ബഷീർ കൃതികളിൽ നിരൂപകർ തിരിച്ചറിയുന്ന ചാരുതയുടെ രഹസ്യംതന്നെ സംഗീതമാണ്. ബഷീർ സംഗീതത്തെ പ്രേമിച്ചതുപോലെ ഒരു മലയാളസാഹിത്യകാരനും സംഗീതത്തെ ഉൾക്കൊണ്ടിട്ടില്ല. ഇങ്ങനെ അമൂർത്തമായ സംഗീതത്തെ ഹൃദയത്തിലെടുക്കുകവഴി ബഷീർ രചനകൾ സ്വാഭാവികമായും അമൂർത്തയുടെ സൗന്ദര്യത്താൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം വച്ചു പുലർത്തിയ സംഗീതാഭിരുചികൾ അത്യന്തം വിപുലമായിരുന്നു. സഞ്ചാരിയെന്ന നിലയിൽ വിശ്വസംഗീതത്തെ നേരിട്ടനുഭവിക്കാനും അതിൽ ലയിച്ചുചേരാനും ബഷീറിനു ഭാഗ്യമുണ്ടായി. ഇങ്ങനെ ഗദ്യത്തെ ഗാനമാക്കി മാറ്റുന്ന കലാവൈഭവം അക്ഷരഗന്ധർവൻ എന്ന വിശേഷാൽ പദവിയിൽ അദ്ദേഹത്തെ അവരോധിക്കുന്നു. ബഷീർ നിർമിച്ച, കാൽപനികതയുടെ സുഗന്ധം വഹിക്കുന്ന ഭാഷയിൽപോലും അഗാധമായ സംഗീതവിസ്മയങ്ങൾ ഞാൻ അനുഭവിക്കുന്നുണ്ട്.
രക്തിരാഗങ്ങളുടെ പേരുകൾ ഉദ്ധരിക്കുന്നതോ സംഗീതരചനകളിൾനിന്നുള്ള വരികൾ ഉദാഹരിക്കുന്നതോ സാഹിത്യ രചനകളിൽ സുസ്വരങ്ങൾ ഉതിർക്കുകയില്ല. മറിച്ചു വിശ്വസിക്കുന്ന എഴുത്തുകൾ ധാരാളമായി അച്ചടിച്ചു വരുന്നുണ്ട്. എന്നാൽ, ബഷീർകൃതികൾ മുകളിൽ സൂചിപ്പിച്ച ഗണത്തിൽ വരുന്നതല്ല. അദ്ദേഹം പ്രകടിപ്പിച്ച ആന്തരികവ്യക്തിത്വത്തിലും ബാഹ്യവ്യക്തിത്വത്തിലും സംഗീതവുമായുള്ള സൗഹാർദം അത്രയും ആഴത്തിൽ വേരുപടർത്തിയിരുന്നു. അതിനാൽ മാങ്കോസ്റ്റൈനും സുലൈമാനിയുംപോലെ ഗ്രാമഫോണും ബഷീറിനെ നിർമിക്കുന്ന പ്രധാന ബിംബമായി മാറി. ക്യാരിയറിൽ ഗ്രാമഫോണുമായി സൈക്കിൾ സവാരിചെയ്യുന്ന ബഷീറിയൻ ചിത്രം, ക്യാരിക്കേച്ചർ എന്നതിലുപരി ഒരു ജീവചരിത്രസൂചനയാണ്. പാട്ടിൽ പൂർണമായും ലയിച്ചുകൊണ്ട് ചാരുകസാലയിൽ ചാഞ്ഞുകിടക്കുന്ന ബഷീറിനെ നേരിട്ടുകാണാനും മനസിൽ കൊത്തിയ കൽപനയെ പൂർത്തീകരിക്കാനും ഒരവസരം എനിക്കും ലഭിച്ചിരുന്നല്ലോ. വളരെ ചെറിയ സംഭാഷണത്തിനിടയിൽ അദ്ദേഹം ഉദ്ധരിച്ച സംഗീതജ്ഞരിൽ ചിലരെങ്കിലും അന്നാളുകളിൽ കേൾവിയിൽ വന്നു കയറിയിരുന്നില്ല. എന്നിലെ സംഗീതബോധം അവരെയും കൂട്ടിച്ചേർത്തു നിർമിച്ചതായിരിക്കെ. ഈ എളിയ വാക്കുകൾ അതിനു പകരം കൊടുക്കുന്ന ഗുരുദക്ഷിണയായി സ്വയം പരിണമിച്ചു കൊള്ളട്ടെ.
(ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രഫസറുമാണ് ലേഖകൻ)
Content summary: Remembering Vaikom Muhammad Basheer on His 29th death anniversary