ഓറഞ്ച് നിറമിഷ്ടമുള്ള ഫ്രാൻസിസ് ബേക്കൺ, മോണലീസ ഇഷ്ടമില്ലാത്ത ഫ്രാൻസിസ് ബേക്കൺ

Mail This Article
പ്രിയ സുഹൃത്തേ,
താങ്കളുടെ മറുപടിക്കത്ത് പ്രതീക്ഷിച്ചു. തിരക്കുകൊണ്ടാവാം വൈകുന്നതെന്ന് വിശ്വസിക്കുന്നു. കത്ത് എഴുതുവാൻ എനിക്കുള്ള ഒരേയൊരു സുഹൃത്ത് താങ്കളായതുകൊണ്ട് ഞാനതിൽ മുടക്കം വരുത്തില്ല.

മിഷേൽ ആർഷിംബോ ഫ്രാൻസിസ് ബേക്കണുമായി നടത്തിയ സംഭാഷണത്തിൽ നിന്നും നമുക്ക് രണ്ടു പേർക്കും പൊതുവായി പങ്കിടാനാവുന്ന ചിലതു മാത്രമാണ് ഈ കത്തിൽ സൂചിപ്പിക്കുന്നത്. വ്യത്യസ്ത വിഷയങ്ങളിൽ നടന്ന വർത്തമാനത്തിൽ നിന്നും അടർത്തിയെടുത്തവ എന്നു പറയുന്നതാവും ഉചിതം. ഫ്രാൻസിസ് ബേക്കൺ അയർലണ്ടിലാണ് ജനിച്ചത്. ബ്രിട്ടീഷുകാരനായ അച്ഛൻ. ഓസ്ട്രേലിയൻ വംശജയായ അമ്മ. അയർലണ്ടിലും ലണ്ടനിലുമായി മാറി മാറി ജീവിച്ച കുട്ടിക്കാലം. പെയിന്ററാവണമെന്നായിരുന്നു കുട്ടിക്കാലം മുതൽക്കേയുള്ള ആഗ്രഹം. എത്ര വിചിത്രമായ തോന്നലെന്ന് അച്ഛന് അത്ഭുതമായി. ഈ ആഗ്രഹത്തിനൊപ്പം നിൽക്കുന്നതിൽ മാതാപിതാക്കൾക്ക് താത്പര്യമില്ലായിരുന്നു. മക്കളെ അച്ഛനമ്മമാർ സാമ്പത്തികമായി സഹായിക്കണമെന്ന ഉടമ്പടിയൊന്നും അക്കാലത്ത് അയർലണ്ടിലുണ്ടായിരുന്നില്ല. പതിനാറ് വയസ് തികഞ്ഞപ്പോൾ മുതൽ മൂന്ന് പൗണ്ട് വീതം അമ്മ നൽകി. ആ പണം അന്നത്തെ ചുറ്റുപാടിൽ ജീവിക്കുവാൻ മതിയാവുമായിരുന്നു. അന്നൊന്നും ജീവിതം പെയിന്റിംഗിനായി സമർപ്പിക്കുമെന്നൊന്നും ഉറപ്പില്ലായിരുന്നു. അയർലണ്ടിൽ നിന്നും ലണ്ടനിലേക്കും ബർലിനിലേക്കും കൗമാരകാലത്ത് തന്നെ യാത്ര ചെയ്തു. കുറച്ചു നാൾ പാരീസിൽ തങ്ങി. തിരിച്ച് ലണ്ടനിലേക്ക് മടങ്ങി. അക്കാലത്ത് അലങ്കാരപ്പണികൾ ചെയ്തു. പാചകക്കാരനായി ജോലി ചെയ്തു. ആ കാലത്താണ് പിക്കാസോയുടെ ഒരു എക്സിബിഷൻ കാണുന്നത്. ആ എക്സിബിഷൻ കണ്ടതോടെ ഫ്രാൻസിസ് ബേക്കൺ പെയിന്ററായി ജീവിക്കുവാനുള്ള തീരുമാനമെടുത്തു. അന്ന് ചെയ്തു കൊണ്ടിരുന്ന ജോലികളുടെ വിരസതകളിൽ നിന്നും രക്ഷപെട്ട് പൂർണസമയ ചിത്രകാരനാവുന്നതിൽ സാമ്പത്തികമായ സഹായം അത്യാവശ്യമായിരുന്നു. എറിക് ഹാൾ എന്ന വ്യക്തിയാണ് പതിനഞ്ച് വർഷത്തോളം സാമ്പത്തിക പിന്തുണ നൽകിയത്.
ഫ്രാൻസിസ് ബേക്കൺ ചിത്രരചന പഠിച്ചിട്ടില്ല. നിങ്ങൾ കാണൂ എന്നാണ് ബേക്കൺ പറയുക. നോട്ടത്തിലൂടെ അറിയുക എന്ന രീതി. പ്രശസ്തരായ മറ്റ് ചിത്രകാരന്മാർ തങ്ങളുടെ പൂർവികരുടെ രചനകളെ പകർത്തുന്നത് പാഠ്യസമ്പ്രദായമായി കണ്ടിരുന്നു. ബേക്കൺ ആ വഴി സ്വീകരിച്ചില്ല.ഔദ്യോഗിക പഠനസമ്പ്രദായങ്ങളോട് മമതയും കുറവായിരുന്നു.
പിക്കാസോയെക്കുറിച്ച് ബേക്കൺ: "ഞാനദ്ദേഹത്തിന്റെ ആരാധകനാണ്.അദ്ദേഹമെന്നെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ജീനിയസ്സാണ് പിക്കാസ്സോ. ഒരു സ്പോഞ്ച് പോലെ പിക്കാസോ എല്ലാം വലിച്ചെടുക്കും. സ്വാധീനം എന്ന് പറയുമ്പോൾ ഈ പ്രതിഭാസത്തെയാണ് ഞാൻ ഉദ്ദേശിച്ചത്". പിൽക്കാലത്ത് എന്തും വലിച്ചെടുക്കുവാൻ കഴിയുന്നവിധം ബേക്കൺ മാറിയത് ഈ അനുഭവത്തിൽ നിന്നാണ്.
പിക്കാസോയെ സ്വീകരിക്കുമ്പോഴും വിമർശനാത്മകമായി കാണുന്നതിലും നിരാകരിക്കുന്നതിലും ബേക്കൺ മടി കാട്ടുന്നില്ല. ക്യൂബിസ്റ്റ് ചിത്രങ്ങളെ 'ഡെക്കറേറ്റീവ്' എന്നാണ് പരിഹസിക്കുന്നത്. 'ഗെർണീക്ക'യും ഇഷ്ടമല്ല. ആളുകൾ ഉന്മാദത്തോടെ ആ പെയിൻറിംഗിനെക്കുറിച്ച് സംസാരിക്കുന്നുണ്ടാവാം അതാവട്ടെ ബേക്കണിൽ ഒരു തരത്തിലുമുള്ള ഇഷ്ടത്തിന്റെ മർദ്ദമേൽപ്പിച്ചിട്ടില്ല. ചരിത്രസംഭവമെന്ന നിലയിലുള്ള പ്രാധാന്യമൊഴിച്ചാൽ പിക്കാസോയുടെ മികച്ച രചനയായി ബേക്കൺ അത് കരുതുന്നുമില്ല. 1926 - 1932 നും ഇടയിലാണ് പിക്കാസോയുടെ മികച്ച വർക്കുകൾ ഉണ്ടായിട്ടുള്ളതെന്നാണ് വിശ്വസിക്കുന്നത്.
മാസ്റ്റേഴ്സ് എന്ന് നമ്മൾ വിശേപ്പിക്കുന്നവരെ ബേക്കൺ എങ്ങനെ കാണുന്നു എന്നറിയുന്നതിൽ താങ്കൾക്കും ചെറിയൊരു കൗതുകമുണ്ടാകും എന്ന് കരുതട്ടെ.
റെംബ്രാന്റ്: ജീവിതാന്ത്യകാലത്തെ സെൽഫ് പോർട്രെയിറ്റുകൾ അസാധ്യം
വാൻഗോഗ്: അപാരം! സമാനതകളില്ല
ആൻഡി വാർഹോൾ: ബുദ്ധിമാനായ മനുഷ്യൻ.തള്ളിപ്പറയാനാവില്ല. (ആൻഡി വാർഹോളിനെ ന്യൂയോർക്കിൽ വെച്ചാണ് ബേക്കൺ കാണുന്നത്. പോപ് ആർട്ടിൽ നിന്നും തനിക്കെന്തെക്കയോ സ്വീകരിക്കുവാനുണ്ടെന്ന് ബേക്കണ് ബോധ്യമായി.വാർഹോളിന്റെ സിനിമകൾ അത്ര ഇഷ്ടമായിരുന്നില്ല.)

ഇനി ചില സൗഹൃദങ്ങളെക്കുറിച്ച് എഴുതാം. നമുക്ക് രണ്ടു പേർക്കും പ്രിയപ്പെട്ട ജെക്കോമെറ്റിയെക്കുറിച്ചും ലൂസിയൻ ഫ്രോയ്ഡിനെക്കുറിച്ചുമാണ് എന്ന് ആദ്യമേ പറയട്ടെ. ഒരു എക്സിബിഷനിൽ പങ്കെടുക്കുവാനായാണ് ജെക്കോമെറ്റി ലണ്ടനിലെത്തിയത്. ഫ്രാൻസിസ് ബേക്കൺ താമസിക്കുന്നതിനടുത്തായിരുന്നു ജേക്കോമറ്റിയുടെ ഹോട്ടൽ. കണ്ടുമുട്ടിയ രാത്രി മുഴുവൻ നിർത്താതെ രണ്ടുപേരും സംസാരിച്ചു .ആ സമയം ബേക്കണിന്റെ ഒരു സുഹൃത്തും എത്തി.അയാളുടെ ആകാരസുഭഗതയിൽ വിസ്മയിക്കപ്പെട്ട ജെക്കോമറ്റി ആ മനുഷ്യനെ ഫ്രാൻസിലേക്ക് ക്ഷണിച്ചു. അയാളുടെ പോർട്രെയിറ്റ് ചെയ്യുന്നതിലുള്ള ജെക്കോമറ്റിയുടെ താത്പര്യം മനസിലാക്കിയ ബേക്കൺ സുഹൃത്തിനോട് അങ്ങനെ ചെയ്യൂ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചുവെങ്കിലും അത് നടന്നില്ല. തടസ്സമായത് ഇരുവർക്കുമിടയിലെ ഭാഷാ പ്രശ്നമായിരുന്നു. ജെക്കോമറ്റിയ്ക്ക് ഫ്രഞ്ച് അല്ലാതെ ഒരു ഇംഗ്ലീഷ് വാക്കുപോലും അറിയില്ല. വന്ന സുഹൃത്തിനാവട്ടെ അറിയുന്ന ഏക ഭാഷ ഇംഗ്ലീഷും!
ജെക്കോമറ്റിയുടെ ശിൽപ്പങ്ങളേക്കാൾ ഫ്രാൻസിസ് ബേക്കൺ ഇഷ്ടപ്പെടുന്നത് പെൻസിലിലും ചാർക്കോളിലും വരച്ച പോർട്രയിറ്റുകളാണ്. "ആളുകൾ എന്തുകൊണ്ടോ ഇത് അഭിനന്ദിക്കാൻ മറന്നു പോവുന്നു. ജെക്കോമറ്റിയുടെ സർറിയൽ കാലത്തിലെ ശിൽപ്പങ്ങളോ, പ്രശ്സതങ്ങളായതോ അല്ല ഇഷ്ടം. ജെക്കോമറ്റിയുടെ പല ശിൽപ്പങ്ങളേക്കാളും പ്രാധാന്യമർഹിക്കുന്നവയാണ് പിക്കാസോയുടേത്. ഞാൻ തെരഞ്ഞെടുക്കുകയെങ്കിൽ അത് ഡ്രോയിംഗുകളായിരിക്കും." ഇങ്ങനെയാണ് അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഓർമ ബേക്കൺ അവസാനിപ്പിക്കുന്നത്.
സിഗ്മണ്ട് ഫ്രോയിഡിന്റെ ചെറുമകൻ എന്ന വിശേഷണത്തോടെ ലൂസിയൻ ഫ്രോയിഡിനെക്കുറിച്ച് പറഞ്ഞ് തുടങ്ങുന്നത് മോശമാവില്ല എന്ന് കരുതട്ടെ. ബേക്കൺ ലൂസിയൻ ഫ്രോയിഡിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ താങ്കൾക്കായി മൊഴിമാറ്റുകയാണ്: "ലൂസിയൻ ഫ്രോയ്ഡിന്റെ പോർട്രെയിറ്റുകൾ എനിക്ക് ഇഷ്ടമാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഇനി ഒരിക്കലും ഞങ്ങൾ കണ്ടുമുട്ടില്ല. സങ്കടകരമാണതെന്നറിയാം പക്ഷേ, അതങ്ങനെയാണ്. ഇന്ന് ഞങ്ങൾക്കിടയിൽ പഴയ അടുപ്പം ഇല്ല. എന്റെ ഒരു പോർട്രയിറ്റ് ചെയ്തിട്ടുണ്ട്. അതൊരു ചെറിയ ചിത്രമാണ്. ജർമനിയിൽ വെച്ച് നടന്ന എക്സിബിഷനിൽ ആരോ അത് മോഷ്ടിച്ചു."
ഇത് കേൾക്കുമ്പോൾ ചോദ്യകർത്താവായ മിഷേൽ അത്ഭുതപ്പെട്ട് ചോദിക്കുന്നുണ്ട്, താങ്കളുടെ പോർട്രയിറ്റ് മറ്റൊരാളുടെ വീട്ടിൽ! അതാണ് പ്രശസ്തിയുടെ അനന്തരഫലം! രസകരമായാണ് ബേക്കൺ മറുപടി നൽകുന്നത്, അങ്ങനെ വേണമെങ്കിൽ പറയാം. ഞങ്ങളിലാരുടെ പ്രശസ്തി! ആർക്കറിയാം!

സൗഹൃദത്തിന്റെ ഊഷ്മളതയിൽ നിന്നും അത് മെല്ലെ വറ്റിത്തീരുന്ന അവസ്ഥയെക്കുറിച്ച് താങ്കളും ചിന്തിച്ചിട്ടുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. ഫ്രാൻസിസ് ബേക്കൺ ആ അവസ്ഥയെക്കുറിച്ച് പറയുന്നതൊന്ന് കേൾക്കൂ: നിങ്ങൾ പ്രായമാകുംതോറും നിങ്ങൾ കണ്ടുമുട്ടുന്നവരുടെ എണ്ണം കുറയും. വളരെക്കുറച്ച് മനുഷ്യരിൽ മാത്രമായിരിക്കും നിങ്ങൾക്ക് താത്പര്യം തോന്നുക. ഈ പ്രായത്തിൽ പുതിയ സൗഹൃദമൊക്കെ വലിയ ബുദ്ധിമുട്ടാണ്. എന്റെ പല സുഹത്തുക്കളും മരിച്ചിരിക്കുന്നു.ഇപ്പോഴല്ലേ പണ്ടേ തന്നെ അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനല്ല."
ബേക്കണിൽ ഏകനായ ഒരു മനുഷ്യനുണ്ട്. ജോലിയിൽ വ്യാപൃതനായിരിക്കുമ്പോൾ ഒരാളെപ്പോലും കാണുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സ്റ്റുഡിയോയിലെ ബെല്ല് പ്രവർത്തനരഹിതമായിരുന്നത്. ജോലി സമയം എങ്ങനെയാണ് ബേക്കൺ ക്രമപ്പെടുത്തിയിരുന്നത് എന്നറിയേണ്ടേ? രാവിലെ നേരത്തെ എണീക്കും. പതിനൊന്ന് വരെ, ചിലപ്പോൾ ഉച്ചവരെ ജോലി ചെയ്യും. പിന്നെ ചുറ്റി നടക്കും. പബ്ബിൽ സുഹത്തുക്കൾക്കൊപ്പം പോകും. കാണാൻ വരുന്നവർ അവിടെ വെച്ച് കാണും. തന്നേപ്പോലുള്ള മനുഷ്യർ ഈ ബാറുകളിലുണ്ടാവും. അവരോടൊപ്പം തീനും കുടിയും സ്നേഹം പങ്കിടലും. സുഹൃത്തുക്കളല്ല അവർ പരിചയക്കാർ മാത്രം. മദ്യപിച്ച് ജോലി ചെയ്യാറില്ല.
ഫ്രാൻസിസ് ബേക്കണിന് ഇഷ്ടപ്പെട്ട ചലച്ചിത്ര സംവിധായകരുടേയും എഴുത്തുകാരുടേയും ഒരു പട്ടിക തയ്യാറാക്കിയാൽ അത് ഇവ്വിധമായിരിക്കും:
ഐസൻസ്റ്റീൻ: സിനിമ മഹത്തായ കലയാണ്.ബാറ്റിൽഷിപ് പൊട്ടംകിൻ എന്നെ സ്വാധീനിച്ചിട്ടുണ്ട്. വല്ലാതെ ഉലച്ചു കളഞ്ഞ ദൃശ്യമാണ് ഒഡേസ പടവുകളിലൂടെയുള്ള ആ കുട്ടിയുടെ വീഴ്ച.
ഗൊദാർദ്: മൗലികതയുള്ള സംവിധായകൻ.നൈസർഗികതയും ബുദ്ധിപരതയും.
ഷേക്സ്പിയർ : ഇംഗ്ലീഷാണ് മാതൃഭാഷ . ഫ്രഞ്ചിലെ എഴുത്തുകാരെ വായിക്കുമെങ്കിലും എപ്പോഴും ഷേക്സ്പിയറിലേക്ക് മടങ്ങിയെത്തുന്നു.
പ്രൂസ്ത്: ഇംഗ്ലീഷിലാണ് വായിച്ചത്.മനുഷ്യസ്വഭാവത്തെ പ്രത്യേകിച്ച് അസൂയയെ വിശകലനം ചെയ്യുന്നതിലെ മിടുക്ക് അത്ഭുതപ്പെടുത്തും.

ബേക്കണിന്റെ സ്റ്റുഡിയോയിൽ കണ്ട ഫോട്ടോഗ്രാഫുകളെ കുറിച്ച് മിഷേൽ ചോദിക്കുന്നുണ്ട്. ഫോട്ടോഗ്രാഫുകളോടുള്ള ബേക്കണിന്റെ ഏകതാത്പര്യം അതൊരു രേഖയാണെന്നുള്ളത് മാത്രമാണ്. നിങ്ങളുടെ വർക്കുകളിൽ ഫോട്ടോഗ്രഫി ഉപയോഗിക്കാറുണ്ടല്ലോ എന്ന് മിഷേൽ അനുബന്ധമായി ചോദിക്കുമ്പോൾ, അത് അങ്ങനെയല്ല. ആളുകൾ അങ്ങനെ ചിന്തിക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നും അത് സത്യമല്ല എന്നുമാണ് മറുപടി.പെയിൻറിംഗുകളിൽ ഫോട്ടോഗ്രാഫുകൾ ഉപയോഗിക്കുന്നത് ആദ്യം സമ്മതിച്ചവരിൽ ഒരാൾ താനായതു കൊണ്ടാണ് ആളുകൾകൾ ഞാൻ നിരന്തരം അങ്ങനെ ചെയ്യുന്നു എന്ന് വിശ്വസിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതൊരു മോഡൽ പോലയല്ല. ഒരു ഫോട്ടോഗ്രാഫ് അടിസ്ഥാനപരമായി എന്തെങ്കിലും ചിത്രീകരിക്കുന്നതിനുള്ള മാർഗമാണ്. ഇപ്പോൾ എന്റെ ഈ സ്റ്റുഡിയോ തന്നെ നോക്കൂ എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം അത് കൂടുതൽ വ്യക്തമാക്കുന്നതിപ്രകാരമാണ്, "നോക്കൂ, ഫോട്ടോഗ്രാഫുകൾ തറയിൽ ചിതറിക്കിടക്കുന്നു, എല്ലാം കേടുവന്നത്.ഈ രേഖകൾ വെച്ച് ജോലി ചെയ്യുവാൻ എനിക്ക് എളുപ്പമാണ്. ഈ ഫോട്ടോഗ്രാഫുകൾ ചില ആകാരഘടനകൾ, ചില വിശാദാംശങ്ങൾക്ക് സഹായകരമാണ് അത്രമാത്രം.ഒരു ഉപകരണമെന്ന നിലയിലാണ് ഞാനിത് ഉപയോഗിക്കുന്നത്."
ഫ്രാൻസിസ് ബേക്കണിന് ഇഷ്ടമില്ലാത്തവയുടെ ഒരു ചുരുക്കപ്പട്ടിക കൂടി എഴുതാം.
● സാൽവദോർ ദാലിയെ എനിക്കിഷ്ടമല്ല. സർറിയൽ പെയിൻറിംഗുകളും ഇഷ്ടമല്ല.
● ഡാവിഞ്ചിയുടെ മൊണാലിസ ഇഷ്ടമല്ല. ലളിതമായി പറഞ്ഞാൽ അത് ബോറിംഗ് ആണ്. അതിൽ കൂടുതൽ അത് ബോറാവുന്നത് എന്തുകൊണ്ടെന്നാൽ അത് അത്ര പ്രശസ്തമാണ് എന്നുള്ളതു കൊണ്ടുകൂടിയാണ്.
● അമൂർത്തരചനകളെന്നാൽ ഒരു എളുപ്പവഴിയാണ്. എന്നെ ഒരിക്കലുമത് തൃപ്തിപ്പെടുത്തിയിട്ടില്ല.
● ലാൻഡ്സ്കേപ്പുകളെ പൊതുവേ ഇഷ്ടമല്ല.
സ്വന്തം രചനകളെക്കുറിച്ച് സംസാരിക്കുന്നതിൽ ഫ്രാൻസിസ് ബേക്കണിലെ വിമുഖത ഈ സംഭാഷണത്തിൽ പ്രകടമാണ്. ഇഷ്ടനിറം ഓറഞ്ചാണന്നും സ്വന്തം സ്റ്റുഡിയോയിൽ ഇരുന്ന് ജോലി ചെയ്യുന്നതിലെ സ്വാസ്ഥ്യം മറ്റൊരിടത്തും കിട്ടില്ലന്നുമൊക്കെ പറയുന്നതല്ലാതെ ആത്മരതിയിലേക്ക് വഴുതുന്നൊരു വാക്കുപോലും ഉച്ചരിക്കപ്പെട്ടിട്ടില്ല എന്നത് അതിശയകരമാണ്. ഈ ചോദ്യവും ഉത്തരവും അതിനുള്ള തെളിവാണ്.
ചോദ്യം: നിങ്ങൾ എങ്ങനെ സ്വയം നിർവ്വചിക്കും ?

ഉത്തരം: എനിക്കിഷ്ടമില്ലാത്തതെന്തോക്കയോ അതുവെച്ച്.
ശരീരവും മാംസവും നിറങ്ങളും കൂടിച്ചേരുന്ന ഒരു ഫ്രാൻസിസ് ബേക്കൺ പെയിൻറിംഗ് എത്ര പേർക്ക് സ്വീകരിക്കാനാവുമെന്ന് സംശയമാണ്. കാഴ്ചയിൽ ഒട്ടുമേ ലാളിത്യമില്ല. ബേക്കൺ ചിത്രങ്ങൾ ഹിംസാത്മകമെന്ന് പലരും എഴുതിയിട്ടുമുണ്ട്. എഴുത്തുകാരനായ പ്രൂസ്തിനെയും ബേക്കണിനേയും ചിലർ താരതമ്യപ്പെടുത്താറുണ്ട്. പ്രൂസ്തിന്റേയും ബേക്കൺന്റേയും രചനാലോകങ്ങളിലെ സാമ്യങ്ങളിൽ പ്രധാനം രണ്ടുപേരും ആഖ്യാനത്തിലെ അമൂർത്തതയെ പാടെ നിഷേധിച്ചു എന്നതാണ്. അതുമാത്രമല്ല, 'ശരീരത്തിന്റെ സഹായത്തോടെ എഴുതപ്പെട്ട സത്യങ്ങൾ' എന്ന പ്രൂസ്ത് വാചകം ബേക്കൺ പെയിൻറിംഗുകളോട് ചേർത്ത് വെക്കുവാനും കഴിയും.
1987 ലാണ് മിഷേൽ ആദ്യമായി ഫ്രാൻസിസ് ബേക്കണെ കാണുന്നത്. അവർ തമ്മിൽ ഫ്രഞ്ചിലാണ് സംസാരിച്ചത്. ഈ സംഭാഷണം റെക്കോഡ് ചെയ്തത് 1991 ഒക്ടോബറിനും 1992 ഏപ്രിലിനുമിടയ്ക്കാണ്. സ്റ്റുഡിയോയിൽ, തെരുവിൽ, ബാറിൽ വ്യത്യസ്ത ഇടങ്ങളായിരുന്നു ഈ വർത്തമാനങ്ങൾക്ക് പശ്ചാത്തലമായത്. സംഭാഷണത്തിനിടയിൽ അപൂർവ്വമായി മാത്രമാണ് അദ്ദേഹം ഇംഗ്ലീഷ് ഉപയോഗിച്ചത്.1992 ഏപ്രിൽ 28-ന് മാഡ്രിഡിൽ വെച്ച് ഫ്രാൻസിസ് ബേക്കൺ അന്തരിച്ചു.
വിട്ടുപോയ വലിയൊരു ഭാഗം ഈ പുസ്തകത്തിലുള്ളത് പൂരിപ്പിക്കപ്പെടുക താങ്കളുടെ വായനയിലൂടെയായിരിക്കും. വൈകാതെ താങ്കളതു ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.
സ്നേഹപൂർവ്വം
UiR
Content Highlights: Francis Bacon paintings | Francis Bacon art | Francis Bacon interests | Francis Bacon passions | Unni R book column | Book Bum Column