ഈ കവിതയുടെ ബാക്കി ഭാഗം ഇന്നു രാത്രി ഇരുട്ടിലിരുന്ന് വായിക്കുക: റൂമിയുടെ ആശാൻ
Mail This Article
രാത്രിയിൽ ഉണർന്ന് ഷംസിനോടുള്ള സ്നേഹം താങ്ങാനാവാതെ തല കറങ്ങി വീഴുന്നതിനെക്കുറിച്ച് റൂമി എഴുതിയിട്ടുണ്ട്. പോകുന്നതൊക്കെയും മടങ്ങിവരും. എന്നാൽ, പരസ്പരം വിട്ടുപോവാത്തവർ പോകുന്നുമില്ല. വരുന്നുമില്ല. അവർ ഒരുമിച്ചുതന്നെയെന്നതിന് വേറെ സാക്ഷ്യങ്ങളും വേണ്ട. വീഴുകയും വീഴ്ചയിൽ വീണ്ടും ചിറകുകൾ നൽകുകയും ചെയ്യുന്ന സ്നേഹം. സൗഹൃദം. പ്രണയം. ഏഴു നൂറ്റാണ്ടുകൾക്കു ശേഷവും റൂമി ലോകത്തിന്റെ പ്രിയപ്പെട്ട കവിയാകുന്നതിന്റെ കാരണവും ഇതു തന്നെയാണ്. ഇതേ പ്രണയം. മാനത്തു നിന്ന് അടരുന്ന മഴ മുഴുവൻ കടലിൽ പതിച്ചെന്നിരിക്കും. എന്നാൽ പ്രണയമില്ലെങ്കിൽ അതിലൊരു കണിക പോലും മുത്തായി മാറുകയില്ല.
മണ്ണിൽ അലിഞ്ഞുപോകുന്ന മഴത്തുള്ളികളെ എന്നും നിലനിൽക്കുന്ന മുത്തുകളാക്കുന്ന പ്രണയം. റൂമിക്ക് ഷംസിനോടുള്ളത്. കവിതയോടുള്ളത്. ഭാഷയോടുള്ളത്. കാലാതീതമായ മനസ്സിനോടുള്ളത്. ഏകാന്തതയ്ക്ക് ഇന്നും റൂമിയേക്കാൾ മികച്ച ഔഷധമില്ല. വിരഹത്തിന്റെ അടുപ്പിൽ അടുക്കാൻ ആ കവിതകളോളം മികച്ച വിറകുകളുമില്ല.
നളിനി എഴുതുമ്പോഴും എഴുതിക്കഴിഞ്ഞ ശേഷവും കുമാരനാശാൻ ആശങ്കയിലായിരുന്നു. താൻ എഴുതിയ സ്നേഹത്തിന്റെ കഥ ലോകം സ്വീകരിക്കുമോ എന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. പരിചയമില്ലാത്ത സ്നേഹത്തെക്കുറിച്ചാണ് എഴുതിയത്. ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള ബന്ധത്തെക്കുറിച്ചാണെഴുതിയത്.
നളിനിയെ, തന്റെ മാനസപുത്രിയെ വായനക്കാർ അവഗണിക്കുന്നത് ആശാന് സഹിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, വരാനിരിക്കുന്ന കാലം ആ പ്രണയത്തെ, ‘പാവനാംഗിയുടെ പരിശുദ്ധ സൗഹൃദത്തെ’ ഏറ്റെടുക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. പ്രത്യേക ‘സ്നേഹം’ തോന്നിയ കവിത നേരേ വായനക്കാർക്കു നൽകാതെ അവതാരിക ഉൾപ്പെടുത്താൻ അദ്ദേഹം തയാറായി. പിന്തുണയാണ് അദ്ദേഹം ആഗ്രഹിച്ചത്. എ.ആർ. രാജരാജവർമ്മയിൽ നിന്ന്. ഹ്രസ്വമായ അവതാരികയിൽ നളിനി അല്ലെങ്കിൽ ഒരു സ്നേഹം അസാധാരണമാണെന്നും പുതിയൊരു കാവ്യപ്രസ്ഥാനത്തിന്റെ ഉദയം കുറിക്കുന്നെന്നും അദ്ദേഹം എഴുതി. ആശാൻ ആ വാക്കുകൾക്ക് മുഖവുരയിൽ തന്നെ നന്ദി പറയുന്നുണ്ട്; പിന്നീട് ആ സൗഹൃദത്തെ കവിതയിലൂടെയും അനശ്വരമാക്കി.
നളിനിയുടെ മറ്റൊരു പേരാണ് ഒരു സ്നേഹം. നളിനി എന്ന വ്യക്തിയുടെ മാത്രമല്ല, ആ കഥാപാത്രം ഉൾക്കൊള്ളുന്ന വൈകാരിക പ്രപഞ്ചച്ചത്തിന്റെ കൂടി മറുവാക്ക്. കാലം എത്രയോ കഴിഞ്ഞു. എന്റെ ഏകധനമങ്ങ് എന്ന് വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും തെളിയിച്ച് ഒരു ജീവിതം ഹോമിച്ച വേറെ എത്ര കാമുകിമാരെ മലയാളത്തിനു ലഭിച്ചിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും മരണം പോലും പ്രണയത്തിന്റെ വഴിയിൽ നിന്ന് നളിനിയെ പിന്തിരിപ്പിക്കുന്നില്ല. സ്വന്തം വീടും നാടും ഉപേക്ഷിക്കാൻ മടിക്കുന്നില്ല. സ്നേഹം എന്ന ഒരൊറ്റ ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കുന്നുമില്ല. കാമുക സ്പർശം എന്ന മോക്ഷപദം തേടിയുള്ള യാത്രയ്ക്കിടെ നഷ്ടപ്പെടുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല.
തനിക്ക് നേടാനുള്ളതെന്തെന്നും ആരെന്നും നളിനിക്ക് അറിയാമായിരുന്നു. എന്നാൽ, നളിനിയുടെ കാമുകൻ ഒരാളെയല്ല, ലോകത്തെ മുഴുവനാണ് സ്നേഹിച്ചത്. ഒരാളെ മാത്രമായി കാണാനുള്ള കണ്ണ് അദ്ദേഹത്തിന് ഇല്ലായിരുന്നു. ലോകത്തെ മുഴുവൻ അറിയാൻ ശ്രമിച്ചിട്ടും ആ ഒരാളുടെ മനസ്സ് അദ്ദേഹം മനസ്സിലാക്കിയുമില്ല.
ചിന്ത നൊന്തുഴറി യാത്ര ചെയ്യുമോ
ഹന്ത ഭീരു യതിയെത്തടുക്കുമോ ?
സ്വന്തസൗഹൃദനയങ്ങളോർത്തുഴ–
ന്നെന്തു ചെയ്യുമവൾ ? ഹാ നടന്നവൻ.
ആരെ തേടി വന്നുവോ അവൻ നടന്നുമറയുമ്പോൾ ഒറ്റയ്ക്കു നിൽക്കുന്നത് നളിനി മാത്രമല്ല, സൗഹൃദവും സ്നേഹവും കൂടിയാണ്. സ്നേഹത്തെയും പ്രണയത്തെയും കുറിച്ചു പറയുമ്പോൾ സൗഹൃദമെന്ന വാക്ക് ഒന്നിലധികം തവണ, ഒന്നിലധികം കൃതികളിൽ ആശാൻ ഉപയോഗിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിൽ ഈ ‘സൗഹൃദ പ്രണയം’ ആദ്യം അവതരിപ്പിച്ചതും റൂമിയാണ്. ടാഗോറും മലയളത്തിൽ എഴുത്തച്ഛനും ജനനാനന്തര സൗഹൃദത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.
ഒരു മനസ്സിനെക്കുറിച്ചുപോലും മനസ്സിലാക്കാത്ത വ്യക്തി ലോകത്തെ മനസ്സിലാക്കുന്നതെങ്ങനെയെന്ന് ആശാൻ ചോദിച്ചിട്ടില്ല. അങ്ങനെയൊരു ചോദ്യം ആർക്കെങ്കിലും തോന്നുമോ എന്ന് ആശങ്കപ്പെട്ടില്ല. എല്ലാ ചോദ്യങ്ങൾക്കും ഇടം കൊടുത്താണ് അദ്ദേഹം നളിനിക്ക് ദിവാകര സ്പർശവും മോക്ഷവും കൊടുത്തത്. അത് മോക്ഷപ്രാപ്തിയോ രക്തസാക്ഷിത്വമോ അതോ ആലംബമറ്റ അവസാനമോ എന്നും ആശാൻ വിശദീകരിച്ചിട്ടില്ല. അത്തരം വിശദീകരങ്ങൾക്ക് വഴങ്ങുന്നതുമല്ല നളിനിയുടെ ജീവിതം അഥവാ നളിനകാന്തി.
റൂമി അനശ്വരനായതിന്റെ കാരണം തേടിപ്പോകുന്നവർക്കു വഴി കാണിക്കുന്നുണ്ട് സ്നേഹവും സൗഹൃദവും. നൂറ്റാണ്ടിന്റെ വേർപാടിനുശേഷം ആശാനെ തിരയുമ്പോഴും തെളിയുന്നത് അതേ സ്നേഹവും സൗഹൃദവും തന്നെയാണ്.
പ്രണയമില്ലെങ്കിൽ ആരാധനയെല്ലാം ബാധ്യതയാവും. നൃത്തമെല്ലാം വെറും പ്രവൃത്തിയാവും. സംഗീതമെല്ലാം വെറും ശബ്ദങ്ങൾ മാത്രമാവും.
മരണം വന്ന്
അത് കവർന്നെടുക്കും.
നീ പോയ് മറയും.
ഭൂമിക്കൊരു കാമുകനെ നഷ്ടമാവും.
മുള്ളുകൾക്കിടയിൽ കളകൾ മാത്രം വളരും.
എനിക്കിത്രയേ പറയാനുള്ളൂ.
ഈ കവിതയുടെ ബാക്കിഭാഗം
ഇന്നുരാത്രി
ഇരുട്ടിലിരുന്ന് വായിക്കുക...