ADVERTISEMENT

സുകുമാർ അഴീക്കോട്‌ - തത്ത്വമസി സാംസ്കാരിക അക്കാദമിയുടെ ഈ വർഷത്തെ ആത്മകഥ വിഭാഗത്തിലെ സാഹിത്യ പുരസ്കാരം മനോ ജേക്കബിന്റെ ‘ഒരു പിരിയൻ ഗോവണി’ എന്ന പുസ്തകത്തിന്. മേയ് 12 നു മലപ്പുറത്തു നടക്കുന്ന 'തത്ത്വമസി' സാഹിത്യോത്സവത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ജസ്റ്റിസ്‌ കെമാൽ പാഷ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, അജിത് കൊളാടി, കെ.എൻ.എ. ഖാദർ, ടി. ജി. വിജയകുമാർ തുടങ്ങി സാംസ്കാരിക - സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിദഗ്ധ അംഗങ്ങളും തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ 12 പേരടങ്ങുന്ന അഡ്മിൻ പാനലും ചേർന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ജീവിതത്തിൽ പലതരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരിയുടെ ആത്മകഥയാണ് അതിഗംഭീര ഭാഷയോടെ വായനക്കാരിലേക്ക് എത്തിക്കുന്നത്. സങ്കടക്കടലിൽ പെട്ടുപോയ മനുഷ്യരുടെ ആത്മനൊമ്പരങ്ങളെ ചരിത്രത്തിന്റെയും ആത്മീയതയുടെയും ചവിട്ടുപടികളിലൂടെ കയറി സ്വപ്നങ്ങളുടെയും മായക്കാഴ്ചകളുടെയും കരവലയത്തിൽനിന്നും മോചിപ്പിച്ച് അപ്പോക്കാലിപ്സ് എന്ന വിസ്മയത്തിലേക്ക് കൊണ്ടുപോകുന്ന പുസ്തകമാണ് ‘ഒരു പിരിയൻ ഗോവണി’. കാലങ്ങളിൽ ഒളിപ്പിക്കപ്പെട്ട ആ വിസ്മയത്തെത്തേടി വിഹ്വലതകളിൽനിന്നും സ്വച്ഛതയിലേക്കുള്ള ആരോഹണയാത്രയാണ് മനോ ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. നാഷണൽ ബുക്സ്റ്റാൾ ആണ് വിതരണം.

ഇന്ത്യൻ വ്യോമസേനയിൽ കമാൻഡറായിരുന്ന ഇടിക്കുള തോമസിന്റെ മകളാണ് മനോ. കാശ്മീരിൽ ജനനം. കൗമാരക്കാലം ആലപ്പുഴയിലെ കല്ലിശ്ശേരിയിൽ. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽനിന്നും ഊർജ്ജതന്ത്രത്തിൽ ബിരുദവും കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റിയിൽനിന്ന് ആക്ചൂറിയൽ സയൻസിൽ ബിരുദാനന്തരബിരുദവും നേടി. ഇപ്പോൾ കണക്റ്റിക്കട്ട് ഗവർണേഴ്സ് കാപ്പിറ്റോളിൽ പ്രിൻസിപ്പൽ അനലിസ്റ്റായി ജോലിചെയ്യുന്നു. സഭാചരിത്രഗ്രന്ഥം, ചെറുകഥകൾ, കവിതകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെഡറൽ ഡിപ്പാർട്ട്മെന്റ് (റിട്ട) ഉദ്യോഗസ്ഥൻ കുരുവിള ജേക്കബ് ആണ് ഭർത്താവ്. മക്കൾ: ആര്യ, അയന. ഇരുവരും യുഎസിൽ മെഡിസിൻ വിദ്യാർഥികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com