‘മാതൃഭഗൻ’ നോവലുമായി ബന്ധപ്പെട്ട വിവാദം; ആദ്യമായി തുറന്നു സംസാരിച്ച് പെരുമാൾ മുരുകൻ
Mail This Article
'മാതൃഭഗൻ' നോവലിന്റെ സമയം വന്ന വിവാദത്തെ കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ച് പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകൻ. മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ കലാസാഹിത്യോത്സവത്തിന്റെ 'പെരുമാൾ മുരുകൻസ് ഡെത്ത് ആൻഡ് റെസറക്‌ഷൻ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൻ സുന്ദരമാണ് ചർച്ച നയിച്ചത്. 'മാതൃഭഗൻ' നോവലിന്റെ സമയം വന്ന വിവാദത്തെ കുറിച്ച് മനസു തുറക്കാൻ കേരളം തിരഞ്ഞെടുക്കാൻ കാരണം കേരളത്തിൽ നിന്നു ലഭിച്ച പിന്തുണയെന്നും പെരുമാൾ മുരുകൻ വ്യക്തമാക്കി.
'കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യം കൂടുതലാണ്. വിവാദസമയം ലോകത്തിന്റെ പല ഭാഗത്തു നിന്ന് പിന്തുണ ലഭിച്ചെങ്കിലും കേരളത്തിൽ നിന്ന് വളരെ വലിയ അനുഭവമാണുണ്ടായത്. ഇവിടെ ലഭിക്കുന്ന ആദരവാണ് ഈ വിഷയം സംസാരിക്കാൻ ഇടയാക്കിയത്. എന്റെ മാതൃഭഗൻ എന്ന നോവൽ പുറത്തിറങ്ങിയ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എന്റെ ഗ്രാമത്തിലുള്ള ഒരാളെ തന്നെ മാതൃകയായി രൂപപ്പെടുത്തിയ നോവൽ പ്രശ്നത്തിലാകുമെന്ന് കരുതിരുന്നില്ല. ആർ എസ് എസും ഹിന്ദു മുന്നണിയുമാണ് വിവാദം സൃഷ്ടിച്ചത്. അതിനായി അവർ പ്രാദേശിക ജാതി സംഘങ്ങളെ കൂട്ടു പിടിച്ചു. അത് ദേശീയ തലത്തിലേക്ക് വളർത്തിയെടുത്തു. ഈ തരത്തിൽ വിവാദം വളരുമെന്ന് വിചാരിച്ചില്ല.'
'35 പ്രദേശിക ജാതിസംഘടനകളെയാണ് ഇതിനായി അവർ ഉപയോഗിച്ചത്. പുസ്തകം വായിച്ച് അതിലെ പ്രശ്നമുണ്ടാക്കാൻ സാധിക്കുന്ന ഭാഗങ്ങൾ തപ്പിയെടുത്ത് പ്രശ്നമുണ്ടാക്കിയ ആർ എസ് എസും ഹിന്ദു മുന്നണിയും മെല്ലെ പ്രദേശിക ജാതിസംഘടനകളെ മുന്നിൽ നിർത്തിയശേഷം മെല്ലെ ഉൾവലിഞ്ഞു.' പെരുമാൾ മുരുകൻ കൂട്ടിച്ചേർത്തു.
'രാഷ്ട്രീയ പാർട്ടികൾ വിവാദസമയം ഒപ്പം നിൽക്കുമെങ്കിലും കൃത്യമായ നിലപാട് വെളിപ്പെടുത്തില്ലെന്നും അഭിപ്രായം തുറന്നു പറഞ്ഞാൽ വോട്ട് ബാങ്കിനെ ബാധിക്കുമോ എന്നാണ് പാർട്ടികൾ ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അപ്പോഴും ഈ വിവാദം ഒരു ക്രമസമാധാനപ്രശ്നമായിട്ടെ പാർട്ടികൾ കണ്ടുള്ളൂ. അതിനെ ആളിക്കത്തിക്കാനൊന്നും ശ്രമിച്ചില്ലെന്നു മാത്രമല്ല കാലങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും അതെക്കുറിച്ച് സ്റ്റാലിനടക്കമുള്ള നേതാക്കൾ പരാമര്‍ശിക്കുകയുമുണ്ടായി. ആ കാലത്ത് ഈ പ്രശ്നത്തെ നേരിടുവാൻ സഹായിച്ചത് ജി. ആർ. സ്വാമിനാഥനാണ്. അന്ന് അഭിഭാഷകനായിരുന്ന അദ്ദേഹം ആർ എസ് എസ് അനുഭാവിയായിരുന്നിട്ടും ഞാൻ മനപ്പൂർവ്വം ആരെയും വേദനിപ്പിക്കുവാൻ ഒന്നും എഴുതിട്ടില്ല എന്ന ബോധ്യം വന്നതോടെ എനിക്കൊപ്പം നിന്ന് ആ പ്രശ്നം പരിഹരിച്ചു. എടുത്തു പറയേണ്ടത് കോടതിയുടെ വിധിയാണ്. അതോടെയാണ് രണ്ടു വർഷത്തിനുശേഷം വീണ്ടും എഴുതി തുടങ്ങിയത്,' പെരുമാള്‍ മുരുകൻ പറഞ്ഞു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/