ADVERTISEMENT

ചിന്തകൾകൊണ്ടു തുറക്കാവുന്ന ജാലകങ്ങൾ 

നിർമാണരംഗത്തെ വികസനചിന്ത ചർച്ച ചെയ്യേണ്ടത് ഇൻഫ്രാസ്ട്രക്ചറൽ എക്സ്പേർട്സ് ആണ്, നേതാക്കന്മാരല്ല. പരിപൂർണ അധികാരം നൽകി ഇത്തരം മികവിന്റെ ആൾത്തിളക്കങ്ങളെ ഉപയോഗപ്പെടുത്താനുള്ള മനസ്സൊരുക്കം നമ്മുടെ സർക്കാരിനുണ്ടാവണം. 

നമ്മുടെ സംസ്ഥാനത്ത് ഒരു പ്ലാനിങ് ബോർഡ് ഉണ്ട്. ആസൂത്രണ ബോർഡ് എന്നു മലയാളത്തിൽ വിളിക്കുന്ന ആ കൂട്ടായ്മയിൽ ഇ. ശ്രീധരനും അംഗമായിരുന്നു. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം 2016ൽ അദ്ദേഹം പിൻവാങ്ങുകയായിരുന്നു. ‘അംഗമായിരുന്ന കാലത്തും യോഗങ്ങളുള്ളപ്പോൾ വിളിക്കും. അവിടെ പോയി ഒപ്പിട്ടു മടങ്ങും. അല്ലാതെ എന്റെ വികസന സ്വപ്നങ്ങൾക്കോ ചിന്തകൾക്കോ ഒന്നു ചിറകു കുടയാനുള്ള അവസരംപോലും കിട്ടിയിരുന്നില്ല. മികവുള്ള ഒട്ടേറെപ്പേർ ആസൂത്രണ ബോർഡിലുണ്ടെങ്കിലും അവരെയൊന്നും കൃത്യതയോടെ ഉപയോഗപ്പെടുത്താൻ മെനക്കെടുന്നില്ല. അത്തരമൊരു സംവിധാനവും സമീപനവുമല്ല നമുക്കുള്ളത്.  കൃത്യമായ ആസൂത്രണം (പ്ലാനിങ്) ഒരു കാര്യത്തിലും അവിടെ നടക്കുന്നില്ല. കടമയും കൃത്യനിർവഹണ ചുമതലയും ആർക്കും വേർതിരിച്ചു നൽകിയിട്ടില്ല. അവരിപ്പോൾ വെറും ഗുമസ്തന്മാരാണ്,’ ഇ. ശ്രീധരൻ പറഞ്ഞു.  

ക്ലർക്കുമാർ ചെയ്യേണ്ട ജോലി ആസൂത്രണ ബോർഡ് അംഗങ്ങൾ ചെയ്യരുത്. അതിനായി ഒരു പ്ലാനിങ് ഡിപ്പാർട്മെന്റ് വേണം. മുപ്പതോളം വരുന്ന ജീവനക്കാരടങ്ങുന്ന ഓഫിസ് സംവിധാനം മതി. എല്ലാ കാര്യത്തിലും അവഗാഹമുള്ള ആളാവണം ചെയർമാൻ. ആസൂത്രണ സമിതി എന്നാൽ ആൾക്കൂട്ടമാവരുത്. നാലഞ്ചു പേർ മാത്രം അടങ്ങുന്ന സമിതിയിൽ എല്ലാവരും വിദഗ്ധരാവണം. പല മേഖലകളിലും വൈദഗ്ധ്യം നേടിയവരാകണം ആ സമിതിയുടെ കരുത്ത്. അടുത്ത 30 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടും സങ്കൽപവും എന്തുവേണമെന്ന ചിന്തയും ഈ ബോർഡംഗങ്ങൾ ചേർന്നു രൂപപ്പെടുത്തിയെടുക്കണം. കുറ്റമറ്റ വിശകലനങ്ങൾക്കു ശേഷമാവണം രൂപരേഖ തയാറാക്കേണ്ടത്. റോഡുകൾ, ഗതാഗത സംവിധാനം, ജലവിനിയോഗവും ശുദ്ധജല വിതരണവും റെയിൽ‌വേ, ജലപാതാ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, ധനകാര്യം, വൈദ്യുതി തുടങ്ങി വിവിധങ്ങളായ അടിസ്ഥാന വിഷയങ്ങളിൽ ഉൾക്കാഴ്ചയോടെ വിലയിരുത്തിയ വികസന സങ്കൽപമാവണം രൂപരേഖയിൽ എഴുതപ്പെടേണ്ടത്. വിരമിച്ചവരെ തിരുകിക്കയറ്റാനുള്ള ഇടമാക്കി ആസൂത്രണ സമിതിയെ മാറ്റരുത്. 

INDIA-TRANSPORT-METRO-SREEDHARAN
E. Sreedharan. Photo Credit: Prakash Singh / AFP Photo

സർക്കാർ ഉദ്യോഗസ്ഥരെ ആസൂത്രണ ബോർഡിൽ അംഗങ്ങളാക്കേണ്ടതില്ല. നമ്മുടെ സംസ്ഥാനത്ത് എല്ലായിടത്തും സർക്കാർ ഉദ്യോഗസ്ഥരാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. നിലവിൽ ആസൂത്രണ ബോർഡിൽ എല്ലാ ഗവ.സെക്രട്ടറിമാരും അംഗങ്ങളാണ്. അങ്ങനെയാണ് അതൊരു ആൾക്കൂട്ടമായി മാറിയത്. ഓരോ വിഷയങ്ങളിലും പഠനം നടത്തുമ്പോൾ ആ വിഭാഗത്തിലെ ഏറ്റവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനോട് അഭിപ്രായം ആരായാം. അപാകതകളുണ്ടോ എന്നന്വേഷിക്കാം. ഓരോ വിഷയങ്ങളിലും ആസൂത്രണ രേഖകൾ (പ്ലാനിങ് ഡോക്യുമെന്റ്) രൂപപ്പെടുത്താൻ സാധിക്കണം. ഓരോ വിഭാഗത്തിലും മൂന്നും ആറും മാസങ്ങൾക്കുള്ളിൽ ഇത്തരം രേഖകൾ പിറവികൊള്ളണം. പറ്റുന്നതു മാത്രം പ്ലാൻ ചെയ്യണം. എന്തൊക്കെ ചെയ്യാനാവും? ഇതിനായുള്ള അസംസ്കൃതവസ്തുക്കൾ (റിസോഴ്സ്) എവിടെനിന്നു കിട്ടും? എന്നൊക്കെയുള്ള ചിന്തകളും ചർച്ചകളും രൂപപ്പെട്ടുവരണം. ഇങ്ങനെയുള്ള പ്രവർത്തന സമീപനമാകണം ആസൂത്രണ സമിതിക്കുണ്ടാവേണ്ടത്. എന്നാൽ കേരളത്തിൽ ഇതല്ല നടക്കുന്നതെന്നറിയുന്നതു വേദനയാണെന്ന് ശ്രീധരൻ ആശങ്കപ്പെടുന്നു. അദ്ദേഹം ആസൂത്രണ ബോർഡിൽ അംഗമായിരുന്ന കാലത്ത് റോഡ് അപകടങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് ഒരു റിപ്പോർട്ട് സമർ‍പ്പിച്ചിരുന്നു. റോഡപകടങ്ങളുടെ വലിയ വർധന ആശങ്കപ്പെടുത്തുന്നതാണെന്നറിയിച്ച് ‘റോഡുകളും റോഡ് സുരക്ഷയും’ എന്ന പേരിൽ സമർപ്പിച്ച ആ റിപ്പോർട്ടിലെ കാര്യങ്ങൾ പകുതിയെങ്കിലും നടപ്പാക്കാൻ ആത്മാർഥത കാണിച്ചിരുന്നുവെങ്കിൽ  അപകടങ്ങൾ വീണ്ടും ഇത്രമേൽ വർധിക്കില്ലായിരുന്നു, ശ്രീധരൻ പറഞ്ഞു.  

‘നമ്മുടെ സംസ്ഥാനത്തു പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെട്ടിരുന്നെങ്കിൽ ആളുകൾ സ്വകാര്യ വാഹനങ്ങൾ ഇത്രയേറെ വാങ്ങിക്കൂട്ടില്ലായിരുന്നു എന്നാണെനിക്കു തോന്നുന്നത്. പൊന്നാനിയിൽനിന്നു കൊച്ചിയിലേക്ക് എ സി സംവിധാനമുള്ള ബസ് ഉണ്ടെങ്കിൽ കാറിലുള്ള യാത്ര ഞാൻ ഒഴിവാക്കിയേനെ. നമ്മുടെ സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടാൻ ആലോചന നടക്കണം,’ ശ്രീധരൻ കൂട്ടിച്ചേർത്തു. അതിവിപുലമായ സാങ്കേതിക വിദഗ്ധരുടെ (ടെക്നോക്രാറ്റ്സ്) ശൃംഖല തന്നെയുണ്ട് നമ്മുടെ നാട്ടിലെന്ന് ഇ. ശ്രീധരൻ എപ്പോഴും പറയും. അക്കാര്യത്തിൽ അദ്ദേഹത്തിനു വലിയ അഭിമാനവും തോന്നാറുണ്ട്.  മികച്ച ശാസ്ത്രകാരന്മാർ നമുക്കുണ്ട്. ഭാവനാശാലികളായ പ്രതിഭകൾ നമുക്കിടയിലുണ്ട്. അവരെയെല്ലാമാണ് ഇത്തരം സമിതികളിൽ ഉപയോഗപ്പെടുത്തേണ്ടത്.  

e-sreedharan-oru-asaadhaarana-jeevitham-book-cover

രാഷ്ട്രീയക്കാരെ ഇത്തരം സമിതികളിൽ തിരുകിക്കയറ്റുന്നതിനെതിരെ അദ്ദേഹം ഒച്ചവയ്ക്കുന്നു. നിർമാണരംഗത്തെ വികസന ചിന്ത ചർച്ച ചെയ്യേണ്ടത് ഇൻഫ്രാസ്ട്രക്ചറൽ എക്സ്പേർട്സ് ആണ്, നേതാക്കന്മാരല്ല. പരിപൂർണ അധികാരം നൽകി ഇത്തരം മികവിന്റെ ആൾത്തിളക്കങ്ങളെ ഉപയോഗപ്പെടുത്താനുള്ള മനസ്സൊരുക്കം നമ്മുടെ സർക്കാരിനുണ്ടാവണം. പദ്ധതികൾ തീർച്ചപ്പെടുത്തുന്നതിനു മുൻപ് പൊതുജനത്തിനു മുന്നിൽ ഒരു തുറന്ന ചർച്ചയ്ക്കായി സമർപ്പിക്കണം. അവിടെ ഉരുത്തിരിയുന്ന ആശയങ്ങൾ രൂപരേഖയെ തിരുത്തുകയോ മികച്ചതാക്കുകയോ ചെയ്യും. അപ്പോൾ സമ്മർദങ്ങൾക്കു വേണ്ടി പിന്നീടുണ്ടാകുന്ന തിരുത്തലുകൾ ഒഴിവാക്കാം. ഇങ്ങനെ തയാറാക്കുന്ന രൂപരേഖ അംഗീകരിക്കപ്പെട്ടാൽ അത് അന്തിമമായ വികസനരേഖയായിരിക്കും. അപ്പോൾ ആർക്കും എപ്പോഴും ആശ്രയിക്കാവുന്ന പരിപാവനത അതിനു കൈവരും. രാഷ്ട്രീയ സമ്മർദങ്ങൾക്കു മുന്നിൽ ഒരക്ഷരംപോലും തിരുത്തൽ വരുത്താൻ പറ്റാത്ത വിധം മൂല്യവത്തായ ആവിഷ്കാരസ്വാതന്ത്ര്യം അണിയറക്കാർക്കു കിട്ടണമെന്നു ചുരുക്കം.  

e-sreedharan-oru-asaadhaarana-jeevitham-manorama-books

ഓരോ വികസനരേഖകളും ആ പദ്ധതിയുടെ ജാതകമായിരിക്കും. എന്നു തുടങ്ങി എപ്പോൾ തീരുമെന്നും എത്ര ചെലവു വരുമെന്നുമെല്ലാം അതെങ്ങനെ വേണം ചെലവഴിക്കാൻ എന്നൊക്കെ ആ ജാതകവിധിയിൽ വായിക്കാം.  ബാഹ്യ ഇടപെടലില്ലാതെ, വിദഗ്ധരുടെ സഹായത്തോടെ, അർപ്പണബോധമുള്ള ഒരു സംഘം ജോലിക്കാർക്കൊപ്പം കെട്ടിപ്പൊക്കാവുന്ന വികസന സാധ്യതകളേ നമ്മുടെ നാട്ടിലുള്ളൂ. ‘സത്യനിഷ്ഠയുടെ നേർരേഖയിലൂടെ ഇത്തരം വികസന നീക്കങ്ങൾ കൊണ്ടുപോകാനുള്ള ആർജവം അധികാരികൾക്കുണ്ടായാൽ കേരളത്തിന്റെ നല്ല നാളെകളെക്കുറിച്ച് ആശങ്കയേ വേണ്ടെന്നാണെന്റെ പക്ഷം. ഈ വിധമുള്ള ഒരു വികസന സംസ്കാരവും കാഴ്ചപ്പാടും  കേരളത്തിൽ സാധ്യമാകുന്ന കാലമാണെന്റെ എക്കാലത്തെയും മോഹം.’ ശ്രീധരൻ ഇത്രയും പറഞ്ഞപ്പോൾ കേന്ദ്രത്തിന്റെ നിതി ആയോഗിനെക്കുറിച്ചും ചർച്ച നീണ്ടു.  

കേന്ദ്ര ആസൂത്രണ സമിതിയായ നിതി ആയോഗിൽ മുഴുവൻ സമയ അംഗങ്ങളാണുള്ളത്. അതിൽ വൈദഗ്ധ്യം നേടിയവരാണധികവും. അതുപോലൊരെണ്ണം നമ്മുടെ കേരളത്തിലും വേണം. ഇത്തരം സമിതികളിൽ ഐഎഎസുകാരെ ചെയർമാനാക്കുന്ന ശീലം ഉപേക്ഷിക്കണം, അദ്ദേഹം പറഞ്ഞു. ഇവിടെയാണു ഡിഎംആർസിയുടെ (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) വികസന സമീപനത്തെ ശ്രീധരൻ ഉദാഹരിക്കുന്നത്. ഡിഎംആർസിയുടെ സമീപനം മാതൃകാപരവും പഠനവിധേയമാക്കേണ്ടതുമാണ്. കോൺട്രാക്ടർമാരുമായുള്ള ധാരണ (ഡീൽ)  പോലും ഡിഎംആർസിയുടേതു കണ്ടുപഠിക്കണമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.  

‘കേരളത്തിൽ റോഡുകളുടെയും പാലങ്ങളുടെയുമെല്ലാം നിർമാണം ആർബിഡിസികെയുടെ (റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള)  കീഴിലാണു നടക്കുന്നത്. ലോകം മുന്നോട്ടു കുതിക്കുമ്പോൾ പിന്നാക്കം പോകുന്ന പ്രവർത്തനഭാവം അവരിൽ വല്ലാതങ്ങ് അലിഞ്ഞു ചേർന്നിട്ടുണ്ടോ എന്നു സംശയം തോന്നും. അവർക്കിപ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിൽ ആധികാരികത കുറഞ്ഞിരിക്കുന്നു. നമ്മുടെ ആവശ്യത്തിന്റെ തോതനുസരിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കാൻ പാടുപെടുന്നതുപോലെ. ആർബിഡിസികെയുടെ തലപ്പത്ത് ഒരിക്കലും ഒരു സാങ്കേതിക വിദഗ്ധൻ (ടെക്നിക്കൽ എക്സ്പർട്ട്) ഉണ്ടാകാറില്ല.  ഉണ്ടായിട്ടുമില്ല. ഉദ്യോഗസ്ഥരുടെ വീതംവയ്പുകൾക്കിടയിൽ ആരൊക്കെയോ അതിന്റെ തലപ്പത്തെത്തിച്ചേരുകയാണ്.  

സിമന്റിന്റെയും മണലിന്റെയും ഭാവവ്യതിയാനങ്ങൾപോലും തിരിച്ചറിയാനാകാത്ത ഒരാൾക്ക് എങ്ങനെയാണ് വലിയ നിർമാണ സംരംഭങ്ങളുടെ തീരുമാനങ്ങളെടുക്കാനാവുക?  പാലാരിവട്ടം പാലത്തിന്റെ ഡിസൈനിലും ആവിഷ്കാരത്തിലുമെല്ലാം പിഴവുകളുണ്ടായിരുന്നു. പക്ഷേ, അതു പിഴവാണെന്നു തിരിച്ചറിയാൻ തലപ്പത്ത് ഒരാളു വേണ്ടേ.  ഡിസൈനിങ്ങും ആസൂത്രണവുമെല്ലാം കരാറടിസ്ഥാനത്തിൽ വീതംവച്ചു കൊടുക്കുന്നതോടെ തീരുന്നതാകരുത് ആർബിഡിസികെയുടെയും ഉദ്യോഗസ്ഥരുടെയും നിർവഹണച്ചുമതല. അങ്ങനെ ചെയ്തതിൽ വന്ന പിഴവിന്റെ ദൃഷ്ടാന്തമാണു പാലാരിവട്ടം പാലം തകർന്നപ്പോൾ തെളിയിക്കപ്പെട്ടത്. കാര്യക്ഷമതയും കാൽപനികതയും ആവോളമുള്ള സ്ഥാപനങ്ങളിലാവണം ഏതു നിർമാണത്തിന്റെയും ഡിസൈൻ രൂപപ്പെടേണ്ടത്.’  ഡിഎംആർസി ഏറ്റെടുക്കുന്ന ഏതു പ്രവൃത്തിയുടെയും ഡിസൈൻ ഇങ്ങനെ രൂപപ്പെടുത്തുന്നതാണ്. ഡിഎംആർസിക്ക് അതിവിപുലവും കഴിവുറ്റതുമായ ഇൻഫ്രാസ്ട്രക്ചറൽ ഡിസൈനർമാരുടെ പിന്തുണയുണ്ട്.  

ഒരു പാലമാണെങ്കിൽ അതിന്റെ ആശയധാരണയിൽ തീരുമാനമായാൽ, പുറത്താണു ഡിസൈൻ നിർമാണത്തിന് ഏൽപിക്കുന്നതെങ്കിലും മൂന്നു തലങ്ങളിലായി ഡിസൈൻ പുനഃപരിശോധന ഉറപ്പാണ്. ഡിസൈൻ രൂപകൽപന ചെയ്തവർ തന്നെ ഒരിക്കൽകൂടി പരിശോധിച്ച് പിഴവുകൾ ഇല്ലായെന്ന് ഉറപ്പുവരുത്തലാണ് ആദ്യഘട്ടം.  ഏറ്റവും കാര്യക്ഷമതയും കൃത്യനിഷ്ഠയുമുള്ള ഒരു ടീമിനെ വീണ്ടും സൂക്ഷ്മമായി പരിശോധിക്കാൻ ഏൽപ്പിക്കലാണു രണ്ടാം ഘട്ടം.  റിട്ടയേർഡ് ഐഐടി പ്രഫസറായിരുന്ന ഡോ.അരവിന്ദന്റെ കൊച്ചിയിലുള്ള ശ്രീഗിരി കൺസൽറ്റന്റ്സ് ആണു കേരളത്തിൽ ഡിഎംആർസിയുടെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഡോ.അരവിന്ദൻ ഈയിടെയാണു മരിച്ചത്. ഡിഎംആർസിയിലെ മിടുക്കരായ ഒരു സംഘം ഉദ്യോഗസ്ഥർ അതിസൂക്ഷ്മമായി പരിശോധിച്ചു വിലയിരുത്തലാണു മൂന്നാം ഘട്ടം. ഇതിനു പുറമെ വലിയ പ്രോജക്ടുകൾ ഇ. ശ്രീധരൻ  തന്നെ നേരിട്ടു പുനഃപരിശോധിക്കാറുമുണ്ട്.  

e-sreedharan-oru-asaadhaarana-jeevitham-profile-photo-004
E. Sreedharan. Photo Credit: Josekutty Panackal / Manorama

‘ഡിസൈൻ ഫിലോസഫി കണ്ടാലറിയാം ആ പ്രോജക്ടിന്റെ നിലവാരവും നിലനിൽപ്പും. കൊച്ചിയിലെ സൗത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള മെട്രോ കാൻഡിലീവർ മേൽപാലം മികച്ച ഉദാഹരണമാണ്. ഡിഎംആർസി നൽകിയ ആശയത്തിൽ ഡൽഹിയിലെ ടാൻഡം ഡിസൈനേഴ്സ് ആണു ഡിസൈനും പ്രോജക്ടും തയാറാക്കിയത്. മൂന്നു ഘട്ട പരിശോധനയ്ക്കു ശേഷം ഡിസൈനിൽ പറഞ്ഞ സ്റ്റീൽ ഗർഡറുകൾ മാറ്റി കോൺക്രീറ്റ് ഗർഡറുകൾ ഉപയോഗിക്കാൻ ഡിഎംആർസി തീരുമാനമെടുക്കുകയായിരുന്നു. ഈ പ്രോജക്ട് ഡിസൈൻ മുംബൈയിലെ ഒരു സംഘവും ചെന്നൈ ഐഐടിയിലെ സംഘവും പരിശോധിച്ച ശേഷമാണു ഡിഎംആർസി അന്തിമമാക്കിയത്. ഞാനൊരു ഡിസൈൻ എൻജിനീയർ ആണ്. ഒരു ഡിസൈൻ കണ്ടാലറിയാം അതിന്റെ മികവും പിഴവും’  

ഇ. ശ്രീധരൻ
ഒരു അസാധാരണ ജിവിതം

ഷജിൽ കുമാർ
വരകൾ : ഇ. പി. ഉണ്ണി
വില : 190 രൂപ
മനോരമ ബുക്സ്

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com