ADVERTISEMENT

ചെറിയ ഒരു കാറ്റുവീശാൻ തുടങ്ങി. മങ്ങിയ നിലാവിലും തടാകവും പരിസരവും വ്യക്തമാണ്. നേരത്തേ കണ്ട ഫ്ലെമിംഗോ പക്ഷികളുടെ ശബ്ദം ദൂരെ വെള്ളത്തിനു മേലേ വീണ്ടും കേട്ടു. തണുപ്പു വീഴുന്നുണ്ട്. ഞാൻ കസേര മടക്കി വച്ച് കാറിൽ നിന്നൊരു കുപ്പി വെള്ളവും ഒരു സ്വെറ്ററും എടുത്തു രണ്ടാം നിലയിലെ എന്റെ വിശാലമായ കിടപ്പുമുറിയിലേക്കു പോയി. കഴിക്കാൻ കൈയിൽ ബിസ്കറ്റാതെ ഒന്നും ഇല്ല. രണ്ട് ബിസ്കറ്റും തിന്ന് കുറച്ചു വെളളവും കുടിച്ച് സ്ലീപ്പിങ് ബാഗിൽ കയറി കിടന്നയുടനെ ഉറങ്ങിപ്പോയി. ഒരു സ്വെറ്ററിനും കനം കുറഞ്ഞ സ്ലീപിങ് ബാഗിനും തടയാൻ കഴിയുന്നതിലും കുടുതൽ തണുപ്പുണ്ടായിരുന്നു രാത്രിയിൽ. വെളുപ്പിനു രണ്ടു രണ്ടര മണിയോടെ തുടങ്ങിയ കാറ്റായിരുന്നു പ്രധാന വില്ലൻ. ഈ സമയത്തു താഴെയിറങ്ങിപ്പോയി കാറിൽ നിന്നു ഒരു പുതപ്പു കൂടി എടുക്കാനുള്ള മടി കൊണ്ട് ഞാനാ തണുപ്പു സഹിച്ച് ചുരുണ്ടു കൂടി വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. ഫ്ലെമിംഗോ പക്ഷികൾ ഇപ്പോൾ കൂടുതൽ അടുത്തു വന്നതു പോലെ തോന്നി. അവരുടെ വിളികളും ചിറകടി ശബ്ദങ്ങളും വെള്ളത്തിലെ അനക്കങ്ങളും ഇപ്പോൾ കൂടുതൽ വ്യക്തമായി കേൾക്കാം. എന്റെ വാച്ചിൽ സമയം മൂന്നരയായി. നിലാവു വീണ്ടും മങ്ങിയിരിക്കുന്നു. 

nagnarum-narabhojikalum-by-cinematographer-venu-book-cover-manorama-books

 

പാതിയുറക്കത്തിൽ വീണ്ടും ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. ഇത്തവണ മനുഷ്യരാണ്. നേരെ താഴെ നിന്നാണു ശബ്ദം കേൾക്കുന്നത് എന്നെനിക്ക് തോന്നി. ഞാൻ പതുക്കെ ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റു പുറത്തേക്കു നോക്കി. റോഡിൽ ഒരു ബൈക്കിരിപ്പുണ്ട്. വീണ്ടും സംസാരം കേട്ടു. ആരോ പടി കയറി വരുന്നതുപോലെയും തോന്നി. എന്നാൽ ഉടനെ തന്നെ സംസാരവും കാലൊച്ചയും നിലച്ചു. എന്താണിത് എന്നു മനസ്സിലാകാതെ ഞാൻ അനങ്ങാതെ നിന്നു. താഴെ എന്റെ കാർ പാർക്കു ചെയ്തിരിക്കുന്നത് കുറച്ചു മാറി മറവിലാണെങ്കിലും മുറ്റത്തേക്കു കയറി വരുന്ന ഒരാൾക്ക് അതു കണ്ണിൽ പെടാതിരിക്കാൻ സാധ്യതയില്ല. ഇവിടെ ആളുണ്ടെന്നു മനസ്സിലാക്കി അന്വേഷിക്കാൻ വന്നവരാണ് എങ്കിൽ അതിനവർ തിരഞ്ഞെടുത്ത സമയം തികച്ചും അസാധാരണമാണ്. 

 

താഴെ ആരോ ഒരു തീപ്പെട്ടി ഉരച്ചു. രാത്രി മീൻപിടിത്തക്കാർ വിശ്രമിക്കാൻ വരുന്ന കാര്യം ഞാനോർത്തു. വീണ്ടും കാലൊച്ച കേട്ടു. ഇപ്പോഴവർ റോഡിൽ വച്ചിരിക്കുന്ന ബൈക്കിനടുത്തേക്കു നടക്കുകയാണ്. എനിക്കവരെ കാണാം. വെള്ള ഉടുപ്പിട്ട ഒരാളും കൂടെ ഒരു ചെറുപ്പക്കാരനുമാണ്. ഇവർ വലക്കാരല്ലെന്നു വ്യക്തം. എന്തോ ധൃതിയിൽ പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവർ ഇടതുഭാഗത്തേക്ക് ഓടിച്ചു പോയി. ഇപ്പോൾ സമയം നാലരയായി. ഞാൻ വീണ്ടും പോയി കിടന്നു. അപ്പോൾ വീണ്ടും ബൈക്കിന്റെ ശബ്ദം കേട്ടു. ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ ദൂരെ നിന്ന് ഒരു ബൈക്ക് വരുന്നുണ്ട്. ബൈക്ക് റോഡിൽ വന്നു നിന്നു. 

 

ഒരു ചെറിയ പയ്യനാണ് ഓടിക്കുന്നത്. പിന്നിലിരുന്ന ഒരു സ്ത്രീ ഇറങ്ങി. പയ്യൻ ബൈക്കിൽ തന്നെ ഇരുന്നു. അധികം വൈകാതെ വേണാട് നിന്നുള്ള ആദ്യത്തെ ബസ് വന്നു. ആ സ്ത്രീ അതിൽ കയറിപ്പോയി. പയ്യൻ തിരിച്ചു ഗ്രാമത്തിലേക്കും പോയി. പെട്ടെന്ന് എല്ലാം ശാന്തമായി. അല്ലെങ്കിൽ എനിക്കങ്ങനെ തോന്നി. ആ സമയത്ത് ആദ്യം വന്ന ബൈക്ക് വീണ്ടും വന്നു. ഇത്തവണ അവർ വഴിയിൽത്തന്നെ നിന്നു. ഇടയ്ക്കിടെ വെള്ള ഉടുപ്പിട്ടയാൾ എന്റെ കാർ കിടക്കുന്ന ഭാഗത്തേക്കും ഞാൻ മറഞ്ഞു നിൽക്കുന്ന ഭാഗത്തേക്കും മാറി മാറി നോക്കുന്നതും കണ്ടു. ഞാൻ ഇരുട്ടിൽ അനങ്ങാതെ നിന്നു. ഇങ്ങനെയുള്ള ഒളിച്ചുകളികൾ ചിലപ്പോൾ അനാവശ്യമായ സംശയങ്ങൾക്കും അക്രമത്തിനും വരെ കാരണമാകാറുണ്ട്. പോരാത്തതിന് ഞാനിവിടെ അനുവാദമില്ലാതെ കടന്ന് കയറിയ ആളുമാണ്. ആരാണെന്ന് അന്വേഷിച്ച് അവരിേങ്ങാട്ടു വരുന്നതിനു മുൻപ് ഇവിടെയൊരാളുണ്ടെന്ന വിവരം ആദ്യം അങ്ങോട്ട് പറയുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. ഞാനെന്റെ ടോർച്ചെടുത്ത് അവർ നിൽക്കുന്ന ഭാഗത്തേക്ക് തെളിച്ച് ഹലോ എന്ന് ഉച്ചത്തിൽ പറഞ്ഞു. രണ്ടു പേരും ഞെട്ടിത്തിരിഞ്ഞ് നോക്കി. 

 

ഞാൻ ‘ഇങ്കെ ഇക്കടെ’ എന്നൊക്കെ പറഞ്ഞു വീണ്ടും ടോർച്ച് മിന്നിച്ചു. ആരാണെന്നു ചോദിച്ച് ഒരാൾ മുന്നോട്ടു വന്നു. ഞാൻ സംശയിച്ചതുപോലെ എന്റെ സാന്നിധ്യത്തെപ്പറ്റി അവർക്കു യാതൊരു ധാരണയുമില്ലായിരുന്നു എന്ന് വ്യക്തം. ദർഗ കാണാൻ വന്നതാണെന്നും വൈകിപ്പോയതുകൊണ്ട് രാത്രി ഇവിടെ കിടന്നതാണെന്നും ഞാൻ പറഞ്ഞു. നിങ്ങൾ ചെയ്തത് ശരിയായില്ല എന്നയാൾ പറഞ്ഞു. ഇത് റൊമ്പ കെട്ട എടം ആണെന്നും ഉടനെ തന്നെ സ്ഥലം വിടണം എന്നും എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞങ്ങൾ നാട്ടുകാർ വേണം ഉത്തരം പറയാൻ എന്നുമൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. എന്തായാലും നേരം വെളുക്കട്ടെ എന്നു ഞാനും പറഞ്ഞു. അവർ തമ്മിൽ എന്തോ അടക്കം പറഞ്ഞിട്ട് അയാൾ കുറച്ചു കൂടെ മുന്നോട്ടു വന്ന്, ഇപ്പോൾ പോയ ബസിൽ ഒരു ‘ലേഡീസ്’ കയറുന്നത് കണ്ടോ എന്നു ചോദിച്ചു. കണ്ടില്ല എന്ന് ഞാൻ കള്ളം പറഞ്ഞു. അതിൽ തൃപ്തനാവാതെ ശീഘ്രം ഇങ്ക നിന്നു പോയിടുങ്കെ എന്ന് ആജ്ഞാപിച്ച് അവർ പോയി. 

 

ആകാശത്ത് ആദ്യ വെളിച്ചം കണ്ടപ്പോൾ ഫ്ലെമിംഗോ പക്ഷികളുടെ ചിറകടിയും വിളിയും വീണ്ടും കേട്ടു. ഇപ്പോഴവർ കൂടുതൽ ദൂരത്തേക്കു മാറിപ്പോയിരിക്കുന്നു. എനിക്കും ഇവിടെ നിന്നു പോകാനുള്ള സമയമാകുന്നു. സാധനങ്ങളൊക്കെ തിരിച്ചു കാറിൽ എടുത്തു വച്ച് തയാറായപ്പോൾ ചെറിയ വെളിച്ചം വീണു തുടങ്ങി. മങ്ങിയ വെളിച്ചത്തിൽ ചിറയുടെ ഇരുഭാഗത്തും വെളുത്ത നിറത്തിൽ കാണുന്നത് ആകാശത്തേക്ക് ആവിയായിപ്പോയ വെള്ളം ഭൂമിക്കു സൂക്ഷിക്കാൻ കൊടുത്തിട്ടു പോയ ഉപ്പാണ്. അടുത്ത മഴയ്ക്ക് അവരതു  തിരികെ വാങ്ങിക്കൊള്ളും. മൂടിക്കെട്ടി നിൽക്കുന്ന ചതുപ്പിനപ്പുറം നിറം മങ്ങിയ സൂര്യൻ കണ്ണു തിരുമ്മി എഴുന്നേറ്റു വന്നു. ചിറ കടന്നു ഞാൻ ടാർ റോഡിലെത്തി ഫോറസ്റ്റ് ഓഫിസും കടന്ന് ഇടത്തേക്കു തിരിഞ്ഞു. കുറച്ചു പോയപ്പോൾ ഒരു വശത്ത് നിരവധി വർണക്കൊക്കുകളും പെലിക്കൻ പക്ഷികളും ഒരുമിച്ചു സംഘമായി വെള്ളത്തിൽ തീറ്റ തേടുന്നതു കണ്ടു. പെലിക്കൻ പക്ഷികളിൽ ചിലതു പൂർണ വളർച്ച എത്താത്തവരായിരുന്നു. താമസിയാതെതന്നെ അവസാനത്തെ അതിഥിയും പുലിക്കട്ട് വിട്ടു പോകും. തെക്കൻ നിലങ്ങളിൽ നിന്നുയരാൻ തുടങ്ങിയിരിക്കുന്ന ഉഷ്ണവായുവിൽ ചിറക് ചവിട്ടി കൂട്ടമായി അവർ പറന്നു പൊങ്ങുമ്പോൾ, ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും സുഗമമായ ആകാശപാതയുടെ രേഖാചിത്രം-വിശ്രമകേന്ദ്രങ്ങളും കാറ്റിന്റെ ഗതിയും കാലാവസ്ഥയും സഹിതം – അവരുടെയുള്ളിൽ അവരറിയാതെ തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കും.

നഗ്നരും നരഭോജികളും - വേണു

വില 390

പേജ് 320

‘നഗ്നരും നരഭോജികളും’ പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Cinematographer Venu's Nagnarum Narabhojikalum Book published by Manorama Books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com