‘നമുക്ക് വേണ്ടി ആത്മാർഥമായി നിലകൊള്ളാൻ നമുക്ക് മാത്രമേ സാധിക്കു...’
Mail This Article
മനോരമ ബുക്സ് എന്റെ തൂലിക സാഹിത്യക്കൂട്ടായ്മയുമായി ചേർന്നു നടന്നത്തിയ ചെറുകഥാ മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ കഥയാണ് കണ്ണൻ സജു എഴുതിയ വാസുകി. കൊച്ചി യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോണിക്സ് എൻജിനീയറിങും ഫിലിം ഡയറക്ഷൻ ഡിപ്ലോമയും കഴിഞ്ഞ കണ്ണൻ ഇപ്പോൾ മുവാറ്റുപുഴയിൽ പ്രമുഖ ഓൺലൈൻ ടീമിന്റെ ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുന്നു.
വാസുകി (കഥ)
അടി വയറ്റിൽ ചവിട്ടു കൊണ്ട അവൾ തെറിച്ചു നിലത്തേക്ക് വീണു.. നാൽപതിനു മേൽ പ്രായം വരുന്ന മെലിഞ്ഞൊട്ടിയ ശരീരവും പഴഞ്ചൻ സാരിയും അവളെ ഒരു തമിഴ് സ്ത്രീയെ പോലെ തോന്നിപ്പിക്കുന്നുണ്ടായിരുന്നു. നിലത്തൂടെ കുറച്ചൂടി നിരങ്ങി പോയി സോഫയിൽ ഇടിച്ചു വാസുകി കിടന്നു. ശക്തമായ വേദനയാൽ ചുരുണ്ടു കൂടി ഇരു കൈകൾ കൊണ്ടു വയർ പൊത്തി പിടിച്ചു കിടന്ന അവളുടെ അരികിലേക്ക് ഭീമൻ രഘുവിനെ പോലെ തോന്നിപ്പിക്കുന്ന സിഐ ഷമീർ വീണ്ടും മർദിക്കാനായി അടുത്തതും
‘‘എന്റെ പൊന്നു സാറേ മതി.. ഇനി തല്ലിയാ കൊലപാതകത്തിന് ഞങ്ങൾ ഉത്തരം പറയേണ്ടി വരും.. പ്ലീസ്’’
പിന്നിൽ നിന്നുമുള്ള വനിതാ പൊലീസിന്റെ വാക്കുകൾ കേട്ടു ഷമീർ കോപം ചുരുട്ടി ഉള്ളം കയ്യിൽ ഒതുക്കി.
‘‘നിന്റെ മുറിയിൽ നിന്റെ ബാഗിൽ നിന്നുമാ ഞങ്ങക്കിതു കിട്ടീത്.. മര്യാദക്ക് പറഞ്ഞോ.. നീ ഇത് കട്ടത് കണ്ടതിനല്ലേ ആ പാവം സ്ത്രീയെ കൊന്നത്?’’
വാസുകിയുടെ മുറിയിൽ നിന്നും എടുത്ത സ്വർണ്ണമാലയും തൂക്കി കാണിച്ചു കൊണ്ടു ഷമീർ അലറി..
ആ വീട്ടിലെ ബാക്കിയുള്ളവർ, മരിച്ചു പോയ സാറാമ്മ ടീച്ചറിന്റെ ഭർത്താവ് ജോസഫ്, മകൻ ആൽവിൻ, മകൾ അനീറ്റ, അനിയൻ സാജു, സാജുവിന്റെ ഭാര്യ ലെന, മകൾ അന്ന എന്നിവർ വിറയാർന്ന മുഖത്തോടെ ആ രംഗം നോക്കി നിന്നു.
‘‘സർ.. ഞാൻ ആരെയും കൊന്നിട്ടില്ല സർ..’’ വാസുകി കരഞ്ഞു കൊണ്ടു കൈ കൂപ്പി നിലത്തു കിടന്നുകൊണ്ട് പറഞ്ഞു.
ഷമീർ കോപം കയറി അതിക്രമങ്ങൾ എന്തെങ്കിലും കാണിക്കും മുന്നേ വനിതാ പൊലീസിൽ ഒരുവൾ കുടവയറും കുലുക്കി മുന്നോട്ടു വന്നു ‘‘നീ പറയില്ല അല്ലേടി’’ ആ പൊലീസ് ഉദ്യോസ്ഥ അവളുടെ കൈ വിരലുകൾ ബൂട്ട് കൊണ്ടു ചവിട്ടി അരച്ചു....
‘‘സർ... ആ സ്ത്രീ അങ്ങനൊന്നും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല... സാറയെ അവൾക്കു വലിയ കാര്യമായിരുന്നു ’’
ജോസഫിന്റെ വാക്കുകൾ കേട്ടു പൊലീസുകാരും മറ്റു കുടുംബാംഗങ്ങളും അയാളെ തുറിച്ചു നോക്കി...
‘‘തനിക്കു അത്രയ്ക്ക് ഉറപ്പാണോ ഇവളിതു ചെയ്യില്ലെന്ന്?’’ തന്റെ അഴഞ്ഞു പോകുന്ന പാന്റ് വലിച്ചു കയറ്റി ഇട്ടുകൊണ്ട് ഷമീർ അയാൾക്ക് നേരെ തിരിഞ്ഞു
‘‘വാസുകി ഒരിക്കലും മോഷ്ടിക്കില്ല എന്ന് ഞാൻ പറയില്ല... പക്ഷേ അവൾക്കൊരിക്കലും സാറയെ കൊല്ലാൻ കഴിയില്ല.. അതെനിക്കുറപ്പാണ്.’’ പാതി നരച്ച താടിയിൽ തിരുമ്മിക്കൊണ്ട് അയ്യാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു.
‘‘അങ്ങനെ തോന്നാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണം? ’’
‘‘വാസുകി ഇതിനു മുൻപ് നിന്നിരുന്നത് ലോയർ വിശ്വനാഥന്റെ വീട്ടിൽ ആയിരുന്നു. അവിടെ വെച്ചാണ് സാറാ അവളെ പരിചയപ്പെടുന്നതും കൂടുതൽ അവളെ കുറിച്ച് അറിയുന്നതും. പിന്നീട് വിശ്വനാഥൻ മരിച്ചപ്പോ സാറാ തന്നെയാണ് അവളെ ഇങ്ങോട് കൊണ്ടു വന്നത്. ഇഷ്ടമുള്ള ഭക്ഷണം, അതും പലപ്പോഴും ഒരു ടേബിളിൽ ഒരുമിച്ചിരുന്നാണ് വാസുകിയും സാറയും കഴിക്കുന്നത് കാണാറ്..അവൾക്കു തോന്നുമ്പോ തോന്നുമ്പോ വാസുകിക്ക് ആവശ്യത്തിന് പണവും കൊടുക്കുമായിരുന്നു. അങ്ങനെ സ്ഥിരമായ ഉള്ള ഒരു ഉറവിടം വാസുകി ആയിട്ട് കേവലം ഒരു മാലക്ക് വേണ്ടി ഇല്ലാതാക്കി കളയും എന്ന് ഞാൻ കരുതുന്നില്ല.’’
ഷമീർ തിരിഞ്ഞു നിലത്തു കിടക്കുന്ന അവളെ ഒന്ന് നോക്കി... അവൾ സോഫയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു.. മർദനങ്ങളുടെ ആഘാതത്തിൽ എപ്പോഴോ അറിയാതെ ഒഴിച്ച് പോയ മൂത്രം അവളുടെ അടിപ്പാവാടയിൽ നിന്നും നിലത്തേക്ക് ഇറ്റ് വീണു. സാജുവും ആൽവിനും മറ്റും അവളെ അറപ്പോടെ നോക്കി...
‘‘ജോസഫ്.. സാഹചര്യ തെളിവുകൾ വാസുകിക്ക് എതിരാണ്.. മാത്രമല്ല ഈ മാല എങ്ങനെ അവളുടെ ബാഗിൽ വന്നെന്നും അവൾക്കറിയില്ല.. അത് തന്നെ ഒരു ദുരൂഹത അല്ലേ.. വാസുകിയെ ഞങ്ങൾക്ക് കൊണ്ടു പോയേ മതിയാവു’’
വാസുകി ദയനീയതയോടെ ജോസഫിനെ നോക്കി... ‘‘നിന്നെ ഒരിക്കലും ഞാൻ വിട്ടു കൊടുക്കില്ല’’ എന്ന് ജോസഫ് അവളോട് പറയാത പറയുന്നത് പോലെ അവൾക്കു തോന്നി..
‘‘അവരു കൊണ്ടു പോണേ കൊണ്ടു പോട്ടെ... കണ്ട വേലക്കാരികൾക്ക് വേണ്ടി സംസാരിക്കാൻ അപ്പക്കെന്താ ഇത്ര ദണ്ണം?’’ അനീറ്റ ജോസഫിനോട് കലിയോടെ ചോദിച്ചു.
‘‘മോൾക്കിവളെ സംശയം ഉണ്ടോ? ’’ ഷമീർ ഏറ്റു പിടിച്ചു
‘‘എനിക്ക് നല്ല സംശയം ഉണ്ട്.. ഇവള് വന്നേ പിന്നാ എന്റ മമ്മ എന്നോട് മിണ്ടാതെ ആയേ.. എപ്പോ നോക്കിയാലും ഇവളെ മതി.. ഒരു ദിവസം ഞാൻ കണ്ടതാ മമ്മ ഇവൾക്ക് ചൊറു വാരി കൊടുക്കുന്നത് ’’ അത് പറയുമ്പോൾ അനീറ്റ മുഷ്ടി ചുരുട്ടുന്നത് ഷമീർ ശ്രദ്ധിച്ചു...
‘‘ ചേച്ചിക്ക് മാത്രല്ല ചേട്ടനും അവളോട് നല്ല താല്പര്യം ആയിരുന്നു’’ സാജു ജോസഫിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു നിർത്തി...
‘‘ആയിരുന്നു എന്നല്ല.. ഇപ്പോഴും ആണല്ലോ.. അതല്ലേ അവളെ സംരക്ഷിക്കാൻ തിടുക്കം കാണിക്കുന്നേ ’’ അനീറ്റ വീണ്ടും ശക്തമായി എതിർപ്പുകൾ അറിയിച്ചു. ആൽവിനും അന്നയും പരസ്പരം നോക്കി..
‘‘എന്താ ജോസഫ്? ഇവര് പറയുന്നതിലു വല്ല കാര്യവും ഉണ്ടോ? ’’ ഷമീർ അല്പം കൗതുകത്തോടെ ചോദിച്ചു.
‘‘സാറാ എഴുത്തിന്റെ ലോകത്തു കയറിയാൽ പിന്നെ ഞാൻ ഒറ്റക്കാണ്.. കുറച്ചെങ്കിലും സംസാരിക്കാൻ തുടങ്ങിയത് വാസുകി വന്നതിൽ പിന്നെ ആയിരുന്നു. എനിക്കവൾ മകളെ പോലെ ആണ്... പ്രായം കൊണ്ട് അല്ലെങ്കിലും മനസ്സുകൊണ്ട്... ബാക്കി ഓക്കെ കാണുന്നവരുടെ കണ്ണുകൾ അനുസരിച്ചിരിക്കും ’’
വാസുകി ഒരു നിമിഷം കണ്ണുകൾ അടച്ചു. അമ്മയെ ഓർത്തു.
‘‘ഈ ലോകം ഇങ്ങനെയാണ്... വെളിച്ചത്തിൽ ഒന്നും ഇരുട്ടിൽ മറ്റൊന്നും. ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്ത് വരുന്നത് രാത്രിയുടെ അന്ധകാരങ്ങളിലും ചുറ്റുമുള്ള മതിൽ കെട്ടുകളുടെ മാരകളിലുമാണ്. സ്നേഹം കൊണ്ടു അന്ധയാവരുത്... കണ്ണു തുറന്നു നോക്കണം. കൂടെ കൂടുന്നവരുടെ വാക്കും പ്രവർത്തിയും ഒരുപോലെ ആണോ എന്ന് നോക്കണം. പെണ്ണായതുകൊണ്ട് ഒന്നുകൂടി ഇരുത്തി നോക്കണം. ആരും നമുക്ക് സൗജന്യമായി ഒന്നും ചെയ്തു തരില്ല. ജീവിതം ഒരു കൊടുക്കൽ വാങ്ങലാണ്. ഒരിക്കൽ സഹായം സ്വീകരിക്കുന്നതോടെ നമ്മൾ അവർക്കു കടപ്പെടും. വരുന്നവരുടെ ഉദ്ദേശം ശരീരമായിരിക്കാം, മനസ്സായിരിക്കാം മറ്റെന്തുമായിരിക്കാം. ഒന്നിന് വേണ്ടി ഒന്നും പണയം വെക്കരുത്. കാണുക കേൾക്കുക നിരീക്ഷിക്കുക ശേഷം വിലയിരുത്തുക ഒടുവിൽ തീരുമാനം എടുക്കുക. നമുക്ക് വേണ്ടി നൂറു ശതമാനം ആത്മാർഥതയോടെ പൊരുതാൻ ഈ ലോകത്തു നമ്മൾ മാത്രമേ ഉണ്ടാവൂ... മനസ്സിന്റെ തേരിൽ, കയ്യിൽ നിരീക്ഷണ ബുദ്ധിയുടെ വില്ലുമായി ലോകത്തിലെ ഏറ്റവും വലിയ യോദ്ധാവയ കർണ്ണനെ പോലെ നാല് ദിക്കിലേക്കും ഒരേ സമയം ശരം തൊടുക്കുക.’’ വാസുകി കണ്ണുകൾ തുറന്നു.
‘‘സർ എനിക്കൊരു പത്തു മിനിറ്റ് സമയം തരുമോ? ഇത് ചെയ്തതാരാണെന്നു ഞാൻ തെളിയിക്കാം’’
ചുറ്റും കൂട്ട ചിരി വിടർന്നു... ജോസഫ് മാത്രം ചിരിച്ചില്ല .
‘‘നീ ആരെടി അഗാതാ ക്രിസ്തിയോ ? ഏഹ്... കുറച്ചു നാൾ സാറ മാഡത്തിന്റെ കൂടെ വീട്ടു ജോലിക്കു നിന്നെന്നു കരുതി... ഏഹ്’’ ഷമീർ ചിരി നിർത്താതെ ചോദിച്ചു.
‘‘സർ, പ്ലീസ്... ഒരു പത്തു മിനിട്ട് എനിക്ക് തരണം ’’
‘‘ശരി... ഞാൻ തരാം... ’’
എല്ലാവരും അത്ഭുദത്തോടെ അയാളെ നോക്കി...
‘‘സർ എന്തൊക്കയാ ഈ പറയുന്നേ... അവൾക്കു പ്രാന്താണ്..’’ വനിതാ പൊലീസ് ഇടയ്ക്കു കയറി... അയാൾ മിണ്ടാതിരിക്കാൻ കൈകൊണ്ടു സന്ദേശം നൽകി.
വാസുകി സാറ ബാൽക്കണിയിൽ നിന്നും വീണു കിടന്നതിനെ ഫോട്ടോസ് വാസുകി ടേബിളിൽ നിരത്തി വെച്ചു.. നിലത്തേക്ക് വീണു ചോര ഒലിച്ച് ഒടിഞ്ഞു ചതഞ്ഞു കിടക്കുന്ന ആ ശരീരം അവളിൽ വേദന ഉണ്ടാക്കി... അവൾ വീണ്ടും കണ്ണുകൾ അടച്ചു... വിശ്വനാഥൻ വക്കീൽ തന്റെ അടച്ചിട്ട മുറിയിൽ സ്വയം കേസുകൾ വാദിക്കുമായിരുന്നത് അവൾ ഓർത്തു. ഒരേ സമയം അയാൾ വാദി ഭാഗം വക്കീലും അതെ സമയം തന്നെ പ്രതിഭാഗം വക്കീലും ആയി നിന്നു മാറി മാറി വാദിക്കും. അപ്പോൾ കേസിനു വേണ്ട ഫയലുകൾ എടുത്തു കൊടുക്കുന്നത് വാസുകിയുടെ ജോലി ആയിരുന്നു എന്ന് അവൾ ഓർമിച്ചു. അനായാസം അവളിൽ വിശ്വനാഥൻ പരകായ പ്രവേശം നടത്തിയ പോലെ വാസുകി മനസിനെ കേന്ദ്രീകരിച്ചു.
വീണു കിടക്കുന്ന സാറാ... ശരീരത്തിലെ മുറിവുകൾ.. വികൃതമായ മുഖം.. കല്ലുകൾ തുളച്ചു കയറിയ മാറിടം.. മഴ വെള്ളത്തിൽ പരന്നു കിടന്ന ചോര.
അവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു ബാൽക്കണിയിലേക്കു നോക്കി... ബാൽക്കണിയിൽ നിന്നും താഴേക്കു നോക്കി.. വീണു കിടന്നിരുന്ന സാറയുടെ ദൃശ്യം ഒരിക്കൽ കൂടി മനസ്സിലോർത്തു.
വീണു കിടന്ന യജമാനത്തിയുടെ പരിസരങ്ങളിൽ കണ്ണട ഇല്ലായിരുന്നു. അതില്ലാതെ ഉറങ്ങുമ്പോൾ അല്ലാതെ ഒരിക്കൽ പോലും അവരെ താൻ കണ്ടിട്ടില്ലെന്നു വാസുകി ഉറപ്പ് വരുത്തി. അവളുടെ കണ്ണുകൾ മരിച്ചു കിടന്ന സാറയുടെ വസ്ത്രങ്ങളിൽ ഉടനീളം സഞ്ചരിച്ചു.
അരയുടെ മുൻഭാഗത്തു വരഞ്ഞു കീറിയത് പോലുള്ള ചെറിയ പാടിൽ എത്തിയതും അവൾ കണ്ണുകൾ ഞെട്ടലോടെ തുറന്നു. ബാൽക്കണിയിലെ കൈവരികൾ അതി സൂക്ഷ്മമായി പരിശോധിച്ചു. അതിൽ തുരുമ്പോ കമ്പികൾ പൊങ്ങി നിക്കുന്നതായോ ഇല്ല എന്ന് അവൾ ഉറപ്പ് വരുത്തി.
ശേഷം വീണ്ടും കണ്ണുകൾ അടച്ചു. ഷമീർ മരണത്തെ പറ്റി വിവരിച്ചത് അവൾ ഓർത്തെടുത്തു ‘‘ഉദ്ദേശം വെളുപ്പിന് അഞ്ചരയോടെ ആണ് എന്തോ നിലത്തു വീഴുന്ന ശബ്ദം കേട്ട് അന്ന ഞെട്ടി ഉണരുന്നതും മറ്റുള്ളവരെ വിളിച്ചുണർത്തി ബോഡി കാണിക്കാൻ കൊണ്ടു പോവുന്നതും. രാത്രി നല്ല മഴ പെയ്തിരുന്നതിനാൽ ചോര നല്ല പോലെ കെട്ടി കിടന്നിരുന്ന ചെറിയ മഴ വെള്ളക്കെട്ടിൽ പരന്നു കിടന്നിരുന്നു. ഉടനെ സാജു പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് അര മണിക്കൂറിനുള്ളിൽ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു.സാറയുടെ മൂക്കിൽ വിരൽ വെച്ചു പരിശോധിച്ച മെഡിക്കൽ വിദ്യാർഥിനി ആയ മകൾ അനീറ്റ തന്നെയാണ് സാറയുടെ മരണം ഉറപ്പ് വരുത്തിയതും ഹോസ്‌പിറ്റലിൽ പൊലീസ് വന്നിട്ട് കൊണ്ടു പോയാൽ മതിയെന്നു പറഞ്ഞതും. ’’
അവൾ കണ്ണുകൾ തുറന്നു.
‘‘ വൈഡ് അങ്കിൾ ഫോട്ടോസ് എടുത്തിരൊന്നോ? അതോ? ’’
‘‘ എടുത്തിരുന്നു ’’
‘‘ എനിക്ക് കാണാൻ കഴിയുമോ? ’’
ഷമീർ വനിതാ പോലീസിനെ നോക്കി... ‘‘ഇയ്യാൾക്ക് പ്രാന്താണോ ഇവളുടെ വാക്ക് കേൾക്കാൻ’’ എന്ന മട്ടിൽ അവൾ ഫോട്ടോസ് എടുത്തു വാസുകിക്ക് നൽകി. ഫോട്ടോയിൽ മാറി മാറി നോക്കിയ വാസുകിയുടെ മുഖത്ത് വന്ന മാറ്റം മറ്റുള്ളവരെ അതിശയിപ്പിച്ചു.
‘‘സർ വിരോധം ഇല്ലെങ്കിൽ എനിക്കൊരാളോട് ഒരു ചോദ്യം ചോദിക്കണം. ഒരേ ഒരു ചോദ്യം’’
ഷമീർ സാമ്മതം മൂളി. വാസുകി ജോസഫിനെ നോക്കി.. ശേഷം അനീറ്റയെയും...
‘‘സർ, എന്ത് തോന്നിവാസമാണിത്...? ഞങ്ങളുടെ വീട്ടിലെ വേലക്കാരിയെ കൊണ്ടു ഞങ്ങളെ ചോദ്യം ചെയ്യിപ്പിക്കാൻ പോവുന്നോ? സാറിനു പണി അറിയില്ലെങ്കിൽ പറ നല്ല പൊലീസുകാരെ ഞങ്ങൾക്കറിയാം ’’ ആൽവിൻ നിന്നു വിറക്കാൻ തുടങ്ങി.
‘‘ ഡാ ചെറുക്കാ.. അടങ്ങി ഇരിടാ... അതിനു നീ എന്തിനാ കിടന്നു തുള്ളുന്നെ. നീ ചോദിക്ക്... രെക്ഷപെടാൻ നിനക്കുള്ള അവസാന അവസരം അല്ലേ.. ’’ അയാൾ വാച്ചിലേക്കു നോക്കി ‘‘ഇനി 42 സെക്കന്റ് സമയം കൂടി ബാക്കി ഉണ്ട്.’’
‘‘അന്ന ഒച്ച കേട്ടു പുറത്തുറങ്ങി നോക്കിയപ്പോ അല്ലേ മാഡം വീണു കിടക്കുന്നതു കണ്ടത്?’’
അന്ന ഭയത്തോടെ എല്ലാവരെയും നോക്കി.
‘‘ആണോ അന്ന?’’ ഷമീർ ചോദിച്ചു..
‘‘അതെ’’
വാസുകി ഷമീറിനെ നോക്കി... അയാൾ അവളുടെ കയ്യിൽ നിന്നും ഫോട്ടോകൾ വാങ്ങി സൂക്ഷ്മതയോടെ നോക്കി... ഞെട്ടലോടെ അയാൾ അത് തിരിച്ചറിഞ്ഞു.
‘‘ആം സോറി വാസുകി.. നിങ്ങളോടു എനിക്ക് വളരെ മോശമായി പെരുമാറേണ്ടി വന്നതിൽ നല്ല വിഷമം ഉണ്ട്..’’
‘‘സാരമില്ല സർ... ഒരിക്കൽ കൂടി എനിക്കെന്നിൽ വിശ്വസിക്കാൻ ഒരവസരം കിട്ടിയല്ലോ ’’
‘‘സർ നിങ്ങളെന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്?’’ അക്ഷണമയോടെ അന്നയുടെ പപ്പ സാജു ചോദിച്ചു.
‘‘ പറയാം.. ഈ ഫോട്ടോസ് കണ്ടോ ? ഇത് സാറ മാഡം മരിച്ചു കിടന്നതിന്റെ ടോപ്പ് വ്യൂ ആണ്.’’
എല്ലാവരും ഒന്ന് കൂടി അടുത്തു നിന്നു ഫോട്ടോയിലേക്കു സൂക്ഷിച്ചു നോക്കി. ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.. ആൽവിന്റെ മുഖത്തു നിറഞ്ഞ വേവലാതി ഷമീർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അനീറ്റ അവനെ നോക്കുന്നത് ജോസഫും ശ്രദ്ധിച്ചു.
‘‘സർ ഞങ്ങക്കൊന്നും മനസ്സിലാവുന്നില്ല!’’
ഷമീർ പുഞ്ചിരിയോടെ ഫോട്ടോ താഴ്ത്തി...
‘‘അന്ന പറഞ്ഞത് പോലെ ശബ്ദം കേട്ട് അവൾ പോയി നോക്കിയ ശേഷം തിരിച്ചു വന്നിട്ടാണ് നിങ്ങളെ വിളിച്ചിരുന്നത് എങ്കിൽ, ദാ ഇതുപോലെ നിങ്ങൾ നടന്നു വന്നപ്പോ മുൻപിലെ ചെളിയിൽ നിന്നും സൈഡിലെ സ്ലാമ്പിലൂടെ നടന്നപ്പോ ഉള്ളത് പോലെ ഉള്ള പാടുകൾ തിരിച്ചു നടന്നപ്പോഴും കണ്ടേനെ.. ഇവിടെ നിങ്ങൾ വന്നതിന്റെയും ഓരോരുത്തരായി ചുറ്റും നടന്നതിന്റെയും സൈഡിലെ വശങ്ങളിലേക്കായി മാറിയതിന്റെയും പാടുകൾ ഉണ്ട്.. പക്ഷേ ഒരാൾ പോലും തിരിച്ചു നടന്നിട്ടില്ല!.’’
അന്ന നിന്നു വിറക്കാൻ തുടങ്ങി....
‘‘പറയു അന്നാ... ഈ ബാൽക്കണിയിൽ നിന്നു നോക്കിയാൽ പോലും ആ സമയത്തു താഴെ കിടക്കുന്ന ആളെ മറ്റൊരു വെളിച്ചത്തിന്റെ സഹായം ഇല്ലാതെ കാണാൻ പറ്റില്ലെന്നിരിക്കെ വീണത് മാഡം ആണെന്ന് അന്ന എങ്ങനെ അറിഞ്ഞു?’’
അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ നിന്നു വിറക്കാൻ തുടങ്ങി...
‘‘പറയുന്നോ.. അതോ പറയിപ്പിക്കണോ? ’’
‘‘പറയാം... ’’
ഷമീർ അവൾക്കു പറയാനുള്ളത് കേൾക്കാൻ തയാറായി സോഫയിൽ ഇരുന്നു
‘‘ഒച്ച കേട്ടു ഞാൻ ഓടി ചെല്ലുമ്പോൾ...’’ അവൾ പേടിക്കുന്നത് പോലെ ഷമീറിന് തോന്നി
‘‘ധൈര്യമായി പറഞ്ഞോളൂ... ആരും തന്നെ ഒന്നും ചെയ്യില്ല.. ’’ അയാൾ ധൈര്യം നൽകി
‘‘പപ്പ കയ്യിൽ മാലയുമായി ഓടി വരുന്നത് കണ്ടു... എന്നെ കണ്ട പപ്പ ഭയത്തോടെ അബദ്ധം പറ്റി എന്ന് പറഞ്ഞു കരഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് വാതിൽ തുറന്നിട്ടോ ഞാൻ മറ്റുള്ളവരെ വിളിച്ചോളാം എന്ന്’’
‘‘പപ്പ മാഡത്തെ തള്ളി ഇടുന്നത് അന്ന കണ്ടോ?’’
‘‘ഇല്ല.. പിടി വലി ഉണ്ടായപ്പോ അബദ്ധം പറ്റിയതാണെന്നു പപ്പ തന്നാ പറഞ്ഞത്..’’
‘‘ ഉം.. അപ്പൊ മരിച്ചെന്നു ഉറപ്പ് വരുത്താതെ മറ്റുള്ളവരെ വിളിച്ചാൽ മാഡം പറഞ്ഞാലോ എന്ന പേടി നിങ്ങൾക്ക് തോന്നിയില്ലേ? ’’
അന്ന ഉത്തരം ഇല്ലാതെ നിന്നു....
ശമീർ സാജുവിനെ നോക്കി ‘‘മാല മോഷ്ടിക്കാൻ മാത്രം എന്തായിരുന്നു സാജു പണത്തിനു ഇത്ര ആവശ്യം? ’’
അയാൾ ഒന്നും മിണ്ടാത നിന്നു....
‘‘ഇനി ശരിക്കും ഉള്ള കഥ പറയു അന്ന’’ ഷമീർ അവളെ നോക്കി പറഞ്ഞു
അന്ന ഭയത്തോടെ ആൽവിനെ നോക്കി
‘‘അന്ന സാധാരണ എത്ര മണിക്കാ എണീക്കാറ്?’’
‘‘ അത്... ’’
‘‘ പറ കൊച്ചെ..’’
‘‘ ഒമ്പതു മണി’’
‘‘പിന്നെന്തേ അന്ന് മാത്രം നേരത്തെ എണീക്കാൻ?’’
‘‘ആൽവിൻ ചേട്ടായി പറഞ്ഞിട്ട് ’’
‘‘എന്തിന്?’’
‘‘ഞങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ ഷിപ്പ് ഉണ്ടായിരുന്നു.. ഇടയ്ക്ക് എല്ലാവരും ഉണരും മുന്നേ ഇതുപോലെ.. ’’
‘‘എന്നിട്ട്?’’
‘‘എന്തോ ഒച്ച കേട്ടു തിരിഞ്ഞു നോക്കുമ്പോ വല്യ മമ്മ പുറത്ത് നിക്കുന്നു.. വല്യമ്മയും ചേട്ടായിയും തമ്മിൽ വാക്ക് തർക്കമായി... പിന്നെ ചേട്ടായി...’’
‘‘എന്നിട്ടൊരു കുടുംബം മുഴുവൻ ഒരുമിച്ചു സംരക്ഷിക്കാൻ ശ്രമം അല്ലേ?’’ ഷമീർ അലറി
‘‘എനിക്കൊന്നും അറിയില്ലായിരുന്നു..’’ കരഞ്ഞുകൊണ്ട് ജോസഫ് ഇരുന്നു..
‘‘ആരാ മാല എടുത്തു വാസുകിയുടെ ബാഗിൽ വെച്ചത്? ’’
‘‘ഞാനാ’’ സാജു ഏറ്റു പറഞ്ഞു... ‘‘കുടുംബത്തിന്റെ മാനം രക്ഷിക്കാൻ ചെയ്തതാ ’’
‘‘എന്തായാലും കൊള്ളാം... ബാക്കി നമുക്കു സ്റ്റേഷനിൽ ചെന്നിട്ടു സംസാരിക്കാം’’
വാസുകിക്ക് നേരെ തിരിഞ്ഞു ‘‘നന്ദി വാസുകി... ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് ഞങ്ങക്കും... തെളിവുകൾ എല്ലാം ശേഖരിച്ചു ഇവരെ ഞാൻ നിയമത്തിനു മുന്നിൽ നിർത്തും’’
വാസുകി ഒന്ന് ചിരിക്കാൻ ശ്രമിച്ചു...കണ്ണുകൾ അടച്ചു... അമ്മയുടെ വാക്കുകൾ ഓർത്തു ‘‘നമുക്ക് വേണ്ടി ആത്മാർത്ഥമായി നിലകൊള്ളാൻ നമുക്ക് മാത്രമേ സാധിക്കു വാസുകി.’’
Content Summary: Vasuki, Malayalam short story written by Kannan Saju