കടമെടുത്ത ജീവിതം – ഇന്ദ്രജിത്ത് ആർ. എഴുതിയ കവിത

Mail This Article
തൻ മുഖം വൈകാരികതയ്ക്ക് കടം നൽകാതെ
കഴുത്തറ്റം വെള്ളത്തിൽ മാനത്തുകണ്ണിപോലും
ആട്ടിയകറ്റിയ പായൽക്കൂനയായ് അവൻ ഒഴുകി നീങ്ങി,
പിന്നാലെ കൂടെ പിറക്കാത്ത, കാലം
കൂടെപ്പിറപ്പാക്കിയ കാലി കീശയും കൂടി,
വറ്റിയ തൊണ്ടയിലേക്ക് ആർത്തിയോടെ
ഇരച്ചു കയറിയത് ഉപ്പ് വെള്ളം മാത്രം
ഞൊടിയിടയിൽ ഒഴുക്കിന്റെ പ്രസന്നത മരിച്ചു
പകരം ജനിച്ചത് ഭീകരമായ ഒരു വിറയലാണ്
ശേഷം ദയയില്ലാത്ത കൊടുങ്കാറ്റിനുള്ളിൽ
അഭയം പ്രാപിച്ച തടിവഞ്ചി പോൽ സദാ
എടുത്തെറിയപ്പെട്ടുകൊണ്ടിരുന്നു
ആണ്ടുകൾ നീണ്ട പാച്ചിൽ അന്ത്യത്തിലേക്കടുക്കുന്നു
എന്ന മിഥ്യാബോധം ഉള്ളിൽ ചെറു-
തണ്ടായ് മുളച്ചപ്പോൾ അവനറിവുണ്ടായില്ല
അകപ്പെട്ടത് ഒരിക്കലും അടങ്ങാത്ത ചുഴിയിലാണെന്ന്
കടമെന്ന പടു ചുഴിയിൽ ഒന്ന് ഉയരാൻ
കൈകൾ പൊക്കിയാലും തിരികെ ദുർവ്വിധിയുടെ
തമോ ഗർത്തത്തിലേക്ക് കയർകെട്ടി മുറുക്കി
ചുഴറ്റിയെറിയുന്ന നരക ചുഴി,
ഇനി ആ കയറിൽ കഴുത്ത് കുരുങ്ങി പിടഞ്ഞാലും അമ്പരപ്പില്ല !
എത്ര എത്ര മൃതദേഹങ്ങൾ വിഴുങ്ങിയാലും വിശപ്പണയാതെ
ചുഴിയുടെ വായ നെടുകെ പിളർന്നു നിൽക്കും
അടുത്ത ഹതഭാഗ്യനെ വിഴുങ്ങാൻ സഹതാപമറ്റ ജന്തുവായി
ഉമിനീർ ധാരയൊഴുക്കി കാത്തിരിക്കും...