പടിയിറങ്ങിപ്പോകണം – ശ്രീപദം എഴുതിയ കവിത

Mail This Article
പടിയിറങ്ങിപ്പോകണം
ഇനിയൊരു തിരിച്ചുപോക്കില്ലാതെ,
കണ്ണും മനസ്സും തുളുമ്പിയെന്റെ
സങ്കടവും കടലെടുത്തു പോയ്..
സൂര്യൻ വേർപ്പെട്ട പകലുപോലെ
ന്നുള്ളവും കൂരിരുൾ മൂടിക്കഴിഞ്ഞു,
ജീവിതച്ചുമടേറ്റി
ഞാനേറെ തളർന്നുപോയ്,
ഇല്ല! ഒരത്താണിയെൻ
ഭാരം ചുമക്കുവാൻ..
ഏതേതോ ശാഖികളിലെ
തണലും കവർന്നു ഞാൻ,
ഏതേതോ അരുവികളുടെ
കുളിരും കവർന്നൂ,
ഈ വഴിയേ പോയൊരു
കാറ്റിൻ മർമ്മരങ്ങളും
ഏതോ വസന്തത്തിൻ സുഗന്ധവും
എന്റേതെന്ന് നിനച്ചു കവർന്നു ഞാൻ.
ഈ പാതയോരവും തളിർക്കും ശാഖികളും
അരുവിതൻ കളഗാനവും എന്റേതല്ല.
ഇത്രമേലെന്നാത്മാവിലിഴുകിച്ചേർന്നിട്ടും
നീ, ഒഴുകിയകന്നതെന്തേ..
അത്രമേലെന്നകതാരിലൊട്ടിച്ചേർന്നിട്ടും
നീയുമടർന്നു ചിതറിപ്പോയോ..
ഏതോ കാടും
കാട്ടിൽ പൂക്കും സുഗന്ധവും
നിൻ മനമുലക്കുവാൻ പോന്നതായോ..
നിന്നെക്കുറിച്ചോർക്കുമ്പോൾ പിടയുമെൻ
ഹൃദയത്തെ ഞാനീ വേള നിശ്ചലമാക്കിടട്ടെ.
നിന്നിൽ ബന്ധിച്ചൊരെന്ന
ന്തരാത്മാവിനെ കെട്ടഴിച്ചു പറത്തിടട്ടെ..
നിൻ കാലൊച്ച കാതോർത്തിരിക്കുമീ
കാതുകൾ ഞാനും കൊട്ടിയടച്ചിടട്ടെ,
നിന്നെക്കാണാനായ്
തിളങ്ങുമെൻ കണ്ണിണയിലോ
കാണാമിനിയൊരു പിടി ചാരം മാത്രം.
നേരമായ്, കാലമായ്,
കാലതീരത്തിന്നടുത്തെത്തി,
ഇറക്കിടട്ടെ, എൻ പൂക്കാതെ
പോയ കിനാക്കളും,
ഒരു വേലിയേറ്റത്താൽ
തുടുത്ത മോഹങ്ങളും,
ഇനിയൊരു തീരമില്ല കാണുവാൻ
പോയിടട്ടെ, ഞാനെന്റെ
അന്ത്യ നാളിലേക്കായിനി
യാത്ര ചോദിച്ചിടട്ടെ...